ഈശോയുടെ തിരുഹൃദയത്തിന്റെയും മറിയത്തിന്റെ വിമലഹൃദയത്തിന്റെയും ഭക്തിയുടെ പ്രചാരകനും രണ്ടു സന്യാസ സഭകളുടെ സ്ഥാപകനുമായ ജോണ്‍ യൂഡ്‌സ് നോര്‍ മന്റിയില്‍ റീ എന്ന പ്രദേശത്തു 1601 നവംബര്‍ 14-ാം തീയതി ഒരു കര്‍ഷകന്റെ മകനായിട്ടാണ് ജനിച്ചത് .ബാലനായ ജോണിന്റെ സ്‌നേഹവും ക്ഷമയും ദൈവഭക്തിയും അന്യാ ദൃശമായിരുന്നു. 14-ാമത്തെ വയസ്സില്‍ ബാലന്‍ കായേനിലുള്ള ഈശോ സഭക്കാരുടെ കോളേജില്‍ പഠിച്ചു. മാതാപിതാക്കന്മാര്‍ ജോണിനു വിവാഹാലോചനകള്‍ നടത്തിയെങ്കിലും അവന്‍ ഡെബെറൂള്‍ സ്ഥാപിച്ച ഓറ്ററിയില്‍ ചേര്‍ന്നു 1625 ഡിസംബര്‍ 20-ാം തീയതി പുരോഹിതാഭിഷേകം സ്വീകരിച്ചു. 1631-ലെ പ്‌ളേഗില്‍ ത്യാഗപൂര്‍വ്വം ഫാദര്‍ ജോണ്‍ രോഗികളെ ശുശ്രൂഷിക്കുകയുണ്ടായി. 1632 മുതല്‍ ഇടവകകളില്‍ ധ്യാനപ്രസംഗ ങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലി. നിത്യസത്യങ്ങളെപ്പറ്റിയുള്ള പ്രസംഗങ്ങള്‍ ഇദ്ദേഹമാണ് ഫ്രാന്‍സില്‍ ആരംഭിച്ചത്. അവ വമ്പിച്ച വിജയമായിരുന്നു.
വൈദികരുടെ ജീവിതപരിഷ്‌ക്കരണത്തിന് സെമ്മിനാരി ആവശ്യമാണെന്ന് അദ്ദേഹം കണ്ടു. സെമ്മിനാരികള്‍ സ്ഥാപിക്കുവാന്‍ വേണ്ട സ്വാതന്ത്യം ഓററ്ററിയില്‍ ലഭിക്കാഞ്ഞതിനാല്‍ ഫാദര്‍ ജോണ്‍ ഓററ്ററിയില്‍നിന്നു പോന്നു ഈശോയുടേയും മറിയത്തിന്റേയും സഭ എന്ന പേരില്‍ ഒരു പുതിയ സഭ ആരംഭിച്ചു. സെമ്മിനാരികള്‍ സ്ഥാപിച്ചു വൈദിക ജീവിത നവീകരണം സാധിക്കുകയായിരുന്നു പുതിയ സഭയുടെ ലക്ഷ്യം. നോര്‍മന്റിയില്‍ കുറെ സെമ്മിനാരികള്‍ സ്ഥാപിച്ചു; എന്നാല്‍ പലരുടേയും എതിര്‍പ്പുനിമിത്തം തിരുസിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചില്ല.
ഇടവക ധ്യാനങ്ങളുടെ ഇടയ്ക്കു വേശ്യകളുടെ നികൃഷ്ട ജീവിതസ്ഥിതി അദ്ദേഹം മനസ്സിലാക്കി. 1636-ല്‍ അഗതികളായ സ്ത്രീകള്‍ക്ക് ജോണ്‍ യൂഡ്സ് ഒരഭയകേന്ദ്രം തുടങ്ങി. ആദ്യം ചില ഭക്ത സ്ത്രീകള്‍ നടത്തി; പിന്നീട് വിസിറ്റേഷന്‍ സഹോദരിമാരെക്കൊണ്ടു നടത്തിച്ചു. അതും തൃപ്തികരമല്ലെന്നു കണ്ടു അഭയമാതാവിന്റെ സഹോദരികളുടെ സഭ അദ്ദേഹം ആരംഭിച്ചു. അതില്‍നിന്നാണ് ഗുഡ്‌ഷെപ്പേര്‍ഡ് സഹോദരിമാര്‍ ഉണ്ടായത്. ഈ സഭക്കെതിരായി ജാന്‍സെനിസ്‌ററ്‌സ് പ്രചരിപ്പിച്ച ഏഷണിനിമിത്തം ഫാദര്‍ യൂഡ്‌സിന്റെ കുമ്പസാരാനുവാദവും പ്രസംഗാനുവാദവും കുറേ നാളത്തേക്കു പിന്‍വലിച്ചു. എങ്കിലും 1666-ല്‍ ഈ സഭയ്ക്കു അംഗീകാരം ലഭിച്ചു. അതിനിടയ്ക്ക് പരിശുദ്ധ മാതാവിന്റെ വിസ്മയാവഹമായ ഹൃദയം എന്ന ഗ്രന്ഥം അദ്ദേഹം എഴുതി. ‘ ‘ഈശോയുടേയും മറിയത്തിന്റെയും സ്‌നേഹമുള്ള ഹൃദയമേ, പരിശുദ്ധ ഹൃദയമേ,” എന്ന അപേക്ഷകള്‍ അദ്ദേഹം ആരംഭിച്ചതാണ്. മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാള്‍ 1648 മുതലും ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ 1672 മുതലും അദ്ദേഹം കൊണ്ടാടിത്തുടങ്ങി. 1675-ലാണ് വിശുദ്ധ മാര്‍ഗരറ്റ് അലക്കോക്കിന്റെ കാഴ്ചകളും വെളിപാടുകളും എന്ന് ഓര്‍ക്കുന്നതു നന്നായിരിക്കും.
യൂഡ്സിന്റെ ജീവിതം സഹനപൂര്‍ണ്ണമായിരുന്നു. എന്നാല്‍ ദൈവസ്‌നേഹം സദാ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എരിഞ്ഞുകൊണ്ടിരുന്നു. 79-ാമത്തെ വയസ്സില്‍ 1680 ആഗസ്‌ററ് 19-ാം തീയതി യൂഡ്സ് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.