ഗ്രബിയേല്‍ ദൈവദൂതന്‍ മംഗളസന്ദേശാനുസാരം കന്യകാമറിയത്തിന്റെ സഹോദരി എലിസബത്തില്‍ നിന്ന് സനാപക യോഹന്നാന്‍ ജനിച്ചു. ജനനത്തിനു മുമ്പുതന്നെ കന്യകാമറിയത്തിന്റെ അനുഗൃഹീതമായ സന്ദര്‍ശനം വഴി ഉല്‍ഭവപാപത്തില്‍ നിന്ന് യോഹന്നാന് മോചനം സിദ്ധിച്ചു. ഈശോ നസറത്തിലും സ്‌നാപകയോഹന്നാന്‍ 110 കിലോമീററര്‍ അകലെ മലനാടിലും വളര്‍ന്നു. രക്ഷകനായ ഈശോയെ സ്വീകരിക്കുന്നതിന് ജനങ്ങളെ ഒരുക്കാനായി സ്‌നാപകന്‍ മരുഭൂമിയില്‍ പ്രായശ്ചിത്തവും തപസ്സുമായി ജീവിച്ചു. കര്‍ത്താവിന്റെ വഴികള്‍ ഒരുക്കുക, അവിടുത്തെ ഉള്‍വഴികള്‍ ഒരുക്കുക എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്ന സ്വരമാണ് താനെന്നത്രേ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. പ്രായശ്ചിത്തത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ടിരിക്കേ ജോര്‍ദാനില്‍വച്ച് യേശുക്രിസ്തുവിനെ ജഞാനസ്‌നാനപ്പെടുത്തുകയും തന്റെ ശിഷ്യന്മാര്‍ക്ക് ഈശോയെ പരിചയപ്പെടുത്തുകയും ചെയ്തു.
അങ്ങനെയിരിക്കേ ഗലീലിയെ ടെട്രാക്കായ ഹേറോദേസ് തന്റെ സഹോദരന്‍ – ഫിലിപ്പിന്റെ ഭാര്യ ഹെറോദ്യയെക്കൂടി സ്വന്തം ഭാര്യയായി താമസിപ്പിച്ചു. അത് ശരിയല്ലെന്ന് ഹെറോദേസിനെ ശാസിച്ചതിന് പ്രതികാരമായി യോഹന്നാനെ കാരാഗൃഹത്തിലടച്ചു. ഹേറോദേസിന്റെ ജന്മദിനോത്സവത്തില്‍ ഉദ്യോഗസ്ഥ പ്രമുഖന്മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും അദ്ദേഹം ഒരു വിരുന്നു നല്കി. പ്രസ്തുത വിരുന്നില്‍ സുന്ദരമായി നൃത്തം ചെയ്ത സലോമിയോട് ഹേറോദേസ് എന്തു ചോദിച്ചാലും നല്കാമെന്ന് ഒരു വാഗ്ദാനം ചെയ്കയുണ്ടായി. അമ്മ ഹേറോദ്യയുടെ ഉപദേശപ്രകാരം സലോമി ചോദിച്ചത് സ്‌നാപകന്റെ ശിരസ്സാണ്. ഒരു പടയാളി കാരാഗൃഹത്തില്‍ ചെന്ന് സ്‌നാപകന്റെ തലവെട്ടി ഒരു താലത്തില്‍ വച്ച് സലോമിക്കു കൊടുത്തു (മര്‍ക്കോ 6: 17-29).