മനീക്കിയന്‍ പാഷണ്ടതയില്‍ അമര്‍ന്ന് അശുദ്ധ പാപങ്ങളില്‍ മുഴുകി വിവാഹം കഴിക്കാതെ തന്നെ ഈശ്വരദത്തന്‍ എന്ന കുട്ടിയുടെ പിതാവായിത്തീര്‍ന്ന അഗസ്‌ററിന്റെ മനസ്സിനെ അമ്മ മോനിക്ക പുണ്യവതിയുടെ പ്രാര്‍ത്ഥനകളും വിശുദ്ധ അംബ്രോസിന്റെ പ്രസംഗങ്ങളും പൗലോസിന്റെ ലേഖനങ്ങളും കൂടി 33-ാമത്തെ വയസ്സില്‍ ക്രിസ്തുമതത്തിലേക്കും 36-ാമത്തെ വയസ്സില്‍ പൗരോഹിത്യത്തിലേക്കും 41-ാമത്തെ വയസ്സില്‍ മെത്രാന്‍ സ്ഥാനത്തേക്കും ആനയിച്ച കഥ ആരുടെ ഹൃദയത്തെയാണ് തരളിതമാക്കാതിരിക്കുക? പാപിയായ ഈ ബുദ്ധി രാക്ഷസന്‍ ഒരുദ്യാനത്തിലിരുന്ന് ഇങ്ങനെ ചിന്തിച്ചു: ”എത്ര നാളാണ് കര്‍ത്താവേ, എത്ര നാളാണ് ഇങ്ങനെ കഴിയുക? .. നാളെ, നാളെ എന്തുകൊണ്ട് ഇപ്പോള്‍ത്തന്നെ ആയിക്കൂടാ?” അപ്പോള്‍ ഒരു ശിശുവിന്റെ സ്വരം കേട്ടു: ‘ ‘എടുത്തു വായിക്കുക.” അടുത്തിരുന്ന ശ്ലീഹായുടെ ലേഖനം തുറന്നിടത്തു വായിച്ചു: ”അശ്ലീലഭാഷണങ്ങളും മദ്യപാനവും ശയനമോഹവും വിഷയേച്ഛയും അസൂയയും വെടിഞ്ഞു പകല്‍ സമയത്തെന്ന പോലെ വ്യാപരിക്കാം. നമ്മുടെ കര്‍ത്താവീശോമിശിഹായെ ധരിക്കുവിന്‍” (റോമ 13: 1314). 387ലെ ഉയിര്‍പ്പ് തിരുനാള്‍ ദിവസം അഗുസ്‌ററിനും മകന്‍ ഈശ്വരദത്തനും സ്‌നേഹിതന്‍ അലീപ്പിയൂസും വിശുദ്ധ അംബ്രോസിന്റെ കരങ്ങളില്‍നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു.
391-ല്‍ അഗസ്‌ററിന്‍ വൈദികനായി. 396-ല്‍ ഹിപ്പോയിലെ മെത്രാനായി. ആത്മകഥനത്തിനു പുറമേ, ഈശ്വരനഗരം, പരിശുദ്ധത്രിത്വം മുതലായ വലുതും ചെറുതുമായ 103 പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതിനാല്‍ അഗസ്‌ററിന്‍ ദൈവശാസ്ത്രജ്ഞന്മാരുടെ ദൈവശാസ്ത്രജ്ഞനും വേദപാരംഗതന്മാരുടെ വേദപാരംഗതനുമാണ്. മനീക്കെയിസം, ഡൊണാറ്റിസം, പെലാജിയനിസം എന്നീ പാഷണ്ഡതകളെ അദ്ദേഹം വിജയപൂര്‍വ്വം എതിര്‍ത്തു.
ഗ്രന്ഥങ്ങളേക്കാള്‍ മെച്ചം അദ്ദേഹത്തിന്റെ ജീവിതംതന്നെയാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ പൊസീഡിയസു പ്രസ്താവിച്ചിരിക്കുന്നു. അതെ, അഗസ്‌ററിന്‍ വിശുദ്ധരില്‍ വച്ച് വിജ്ഞനും വിജ്ഞരില്‍വച്ച് വിശുദ്ധനുമാണ്.