ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യന്‍ രാജാവായ എഥെല്‍ ബെര്‍ട്ടിന്റെ മകന്‍ ഈഡ്ബാഡിന്റെ മകളാണ് ഈന്‍സുവിഡാ. ബാല്യം മുതല്‍ക്കേ രാജ്ഞിയുടെ ആനന്ദം പ്രാര്‍ത്ഥനയും ദൈവ സ്‌നേഹവുമായിരുന്നു. തന്നിമിത്തം രാജ്ഞി ലോകത്തിന്റെ വ്യര്‍ത്ഥതകളേയും ആനന്ദങ്ങളേയും നിന്ദിച്ചുപോന്നിരുന്നു. വൈവാഹിക ജീവിതം തന്റെ പ്രാര്‍ത്ഥനാജീവിതത്തിനു തടസ്സമാകുമെന്നു കരുതി എല്ലാ വിവാഹാലോചനകളും അവള്‍ തള്ളിക്കളയുകയാണ് ചെയ്തത്. അവസാനം പിതാവിന്റെ അനുവാദത്തോടുകൂടെ അവള്‍ കെന്റില്‍ ഒരു മഠം ആരംഭിച്ചു. പരിശുദ്ധമായ ഏകാന്തവും ജീവിതനൈര്‍മ്മല്യവും പ്രാര്‍ത്ഥനയും എളിമയും രാജ്ഞിയുടെ ജീവിതത്തെ വിശുദ്ധമാക്കി.
രാജകീയ ആഡംബരങ്ങളുടെ ഇടയ്ക്ക് ഏഴാം ശതാബ്ദത്തില്‍ ഒരു രാജ്ഞി ഇത്രമാത്രം തീക്ഷ്ണത പ്രദര്‍ശിപ്പിച്ചുവെങ്കില്‍ ഇത്രയും ആദ്ധ്യാത്മിക വിദ്യാഭ്യാസമുള്ള നമ്മുടെ ആദ്ധ്യാത്മിക വിരസതയ്ക്ക് എന്ത് നീതീകരണമാണുള്ളത്. ധനവും പ്രൗഢിയും വിശുദ്ധിക്കു വിഘാതമാകണമെന്നില്ല.