സെപ്തംബര്‍ 27: വിശുദ്ധ വിന്‍സെന്റ് ഡി പോള്‍


പിറനീസു പര്‍വ്വതത്തിനു സമീപം പൂയി എന്ന ഒരു ഗ്രാമ പ്രദേശത്തു വില്യം ഓഫ് പോളിന്റെയും ബെര്‍ട്രാന്റായുടെയും ആറു മക്കളിലൊരാളാണു വിന്‍സെന്റ് ഡി പോള്‍. സാമാന്യം നല്ല വിദ്യാഭ്യാസത്തിനുശേഷം വിന്‍സെന്റ് 1600-ല്‍ വൈദികനായി. ‘ദൈവവര പ്രസാദത്താലല്ലെങ്കില്‍ ഞാന്‍ ആരോടും പടവെട്ടുന്ന ഒരു പ്രകൃതി ആയിത്തീരുമായിരുന്നു’ എന്നാണു വിന്‍സെന്റുതന്നെ പറഞ്ഞിട്ടുള്ളത്. ദൈവശാസ്ത്രവും ആദ്ധ്യാത്മിക ശാസ്ത്രവും അദ്ദേഹം അഭ്യസിച്ചിരുന്നു. എന്നാല്‍ വിശുദ്ധ കുരിശിന്റെ വിജ്ഞാനമായ എളിമ, ക്ഷമ, ശാന്തത, ഉപവി എന്നിവയെ സംബന്ധിച്ച് അദ്ദേഹത്തിന് അന്ന് അനുഭവജ്ഞാനമില്ലായിരുന്നു.

1605-ല്‍ വിശുദ്ധന്‍ മാര്‍സെയിലേക്കു പോകുംവഴി ആഫ്രിക്കന്‍ കടല്‍ക്കള്ളന്മാര്‍ അദ്ദേഹം യാത്ര ചെയ്തിരുന്ന കപ്പല്‍ കൊള്ള ചെയ്തു വിന്‍സെന്റിനെ ഒരു മീന്‍പിടിത്തക്കാരന് അടിമയായി വിറ്റു. വിന്‍സെന്റിനു മീന്‍പിടിത്തത്തിനുള്ള വാസന ഇല്ലാഞ്ഞതിനാല്‍ അയാള്‍ അദ്ദേഹത്തെ ഒരു മുഹമ്മദീയ രസതന്ത്രജ്ഞനു വിറ്റു. ഒരു വര്‍ഷം അദ്ദേഹത്തോടുകൂടെ താമസിച്ചു. ഇസ്ലാം മതം ആശ്‌ളേഷിച്ചാല്‍ സ്വത്തും സ്വാതന്ത്ര്യവും നല്കാമെന്ന് അയാള്‍ വാഗ്ദാനം ചെയ്തു. 1606 ആഗസ്റ്റില്‍ അയാള്‍ മരിച്ചു. അവകാശി മതത്യാഗിയായ ഒരു ക്രിസ്ത്യാനിക്കു വിന്‍സെന്റിനെ വിററു. വിന്‍സെന്റ് അയാളെ മാനസാന്തരപ്പെടുത്തി. 1607 ജൂണ്‍ 28-ാം തീയതി മാര്‍സേയില്‍ അദ്ദേഹത്തോടൊപ്പമെത്തി ഫ്രാന്‍സിലെ തടവുകാരുടെ ചാപ്‌ളന്‍ ജനറലായി.

1616-ല്‍ ഫാ. വിന്‍സെന്റ് പ്രസംഗിച്ച ഒരു ധ്യാനത്തില്‍ നിന്നു ചില കര്‍ഷകര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കുമ്പസാരങ്ങള്‍ അദ്ദേഹത്തിന്റെ അറിവില്‍പ്പെട്ടു. അന്നു ഗോണ്ടി പ്രഭ്വിയുടെ ജ്ഞാന പിതാവായിരുന്നു ഫാ. വിന്‍സെന്റ്. ധ്യാനത്തിന്റെ വിവരങ്ങള്‍ പ്രഭ്വി ഗ്രഹിച്ചപ്പോള്‍ അത്തരം ധ്യാനങ്ങള്‍ കൂടുതല്‍ നടത്താന്‍ പ്രഭ്വി പ്രോത്സാഹനം നല്കിക്കൊണ്ടിരുന്നു. അങ്ങനെ 1626-ല്‍ മിഷന്‍ കോണ്‍ഗ്രഗേഷന്‍ രൂപവല്‍കൃതമായി. വിന്‍സെന്‍ഷ്യന്‍സ് എന്ന് അവര്‍ അറിയപ്പെടുന്നു. വൃദ്ധരോടും ദരിദ്രരോടും അനാഥരോടും പരിത്യക്തരായ സമസ്തരോടും അദ്ദേഹത്തിന്റെ ഉപവി പ്രഖ്യാതമാണ്.

ഒരിക്കല്‍ താന്‍ ഒരു നിധി വഹിച്ചുകൊണ്ടു പോകയാണെന്നു കരുതി കവര്‍ച്ചക്കാര്‍ അദ്ദേഹത്തിന്റെ പക്കല്‍ പാഞ്ഞു ചെന്നു. വിറയ്ക്കുന്ന ഒരു ചോരക്കുഞ്ഞിനെയാണ് അവര്‍ കണ്ടത്. കവര്‍ച്ചക്കാര്‍ അദ്ദേഹത്തിന്റെ പാദത്തിങ്കല്‍ വീണു മാപ്പ് അപേക്ഷിച്ചു. ഫാ. വിന്‍സെന്റ് ദരിദ്രരുടെ സഹായകന്‍ മാത്രമായിരുന്നില്ല; മനോഗുണപ്രവൃത്തികള്‍ ചെയ്യാന്‍ ധനികരെ അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്നു. ഓരോ ഇടവകയിലും ദരിദ്രരേയും രോഗികളേയും സഹായിക്കാന്‍ സംഘങ്ങള്‍ സ്ഥാപിച്ചു. വിശുദ്ധ ളൂയി ദെ മാരില്ലാക്കിന്റെ സഹായത്തോടു കൂടി ഈ സംഘങ്ങള്‍ അദ്ദേഹം ഉപവിയുടെ സഹോദരീസഭയാക്കി. അവരുടെ വിശ്രമസങ്കേതം രോഗമുറിയും കപ്പേള ഇടവകപ്പള്ളിയും ആവൃതി തെരുവീഥിയുമാണ്. തന്റെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കു പണം പിരിക്കാന്‍ സമ്പന്നസ്ത്രീകളുടെ ഒരു സംഘടനയുണ്ടാക്കി.

1660-ല്‍ സമാധാനപൂര്‍വ്വം ഈ മനുഷ്യസ്‌നേഹി അന്തരിച്ചു. പതിമൂന്നാം ലെയോന്‍ മാര്‍പ്പാപ്പാ അദ്ദേഹത്തെ എല്ലാ സ്‌നേഹപ്രവര്‍ത്തനങ്ങളുടേയും മധ്യസ്ഥനായി നിയമിച്ചു. അവയില്‍ പ്രധാനമായത് 1833-ല്‍ ഫ്രെഡറിക്കു ഓസാനം സഥാപിച്ച വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി തന്നെ.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version