അറേബ്യയില്‍ ജനിക്കുകയും സിറിയയില്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്ത രണ്ടു സഹോദരന്മാരാണു കോസ്‌മോസും ദമിയാനോസും. രണ്ടുപേരും ഭിഷഗ്വരന്മാരായിരുന്നു. ക്രിസ്തീയ ഉപവിയുടെ പ്രചോദനത്തില്‍ പ്രതിഫലം കൂടാതെയാണ് അവര്‍ ചികിത്സിച്ചിരുന്നത്. അതേസമയം നല്ല കൈപ്പുണ്യമുള്ള ഭിഷഗ്വരന്മാരായിരുന്നു. അവര്‍ സിലീസിയായില്‍ എഗ എന്ന സ്ഥലത്താണു താമസിച്ചിരുന്നത്.
ഡിയോക്‌ളീഷ്യന്റെ കാലത്തു പരസ്‌നേഹ സമ്പന്നരായി കാണുന്നവരെയെല്ലാം ക്രിസ്ത്യാനികളാണെന്ന് ഒരു ധാരണ ഉണ്ടായിരുന്നതിനാല്‍ ഇവര്‍ക്കു തങ്ങളുടെ വിശ്വാസം മറച്ചുവയ്ക്കാന്‍ കഴിഞ്ഞില്ല.
തൊഴിലില്‍ക്കൂടെ വേദപ്രചാരവും അവര്‍ നടത്തിയിരുന്നു. തന്നിമിത്തം സിലീസിയായിലെ ഗവര്‍ണര്‍ ലിസിയാസിന്റെ കല്പനപ്രകാരം ഈ ജ്യേഷ്ഠാനുജന്മാര്‍ അറസ്റ്റു ചെയ്യപ്പെടുകയും പലതരത്തിലുള്ള മര്‍ദ്ദനങ്ങള്‍ക്കുശേഷം ശിരച്ഛേദനം ചെയ്യപ്പെടുകയും ചെയ്തു.
ജൂനിയര്‍ തെയോഡോഷ്യസു ചക്രവര്‍ത്തിയുടെ കാലത്ത് ഈ വിശുദ്ധരുടെ ബഹുമാനാര്‍ത്ഥം ഒരു പള്ളി പണിയുകയുണ്ടായി. ഈ വിശുദ്ധരുടെ അവശിഷ്ടം അവരുടെ നാമത്തില്‍ പണി ചെയ്യപ്പെട്ടിരിക്കുന്ന ദൈവാലയത്തില്‍ സ്ഥിതിചെയ്യുന്നു. ലത്തീന്‍ കുര്‍ബാനയുടെ കാനണില്‍ ഇവര്‍ രണ്ടുപേരുടേയും നാമങ്ങള്‍ ആറാം ശതാബ്ദം മുതല്‍ അനുസ്മരിക്കപ്പെട്ടുവന്നിരുന്നു.