വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ ഗോവയിലെ മുന്‍ ആര്‍എസ്എസ് തലവന്‍ സുഭാഷ് വെലിംഗ്കര്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന പരാമര്‍ശമാണ് വിവാദമായത്. വെലിംഗ്കറിനെതിരെ ഞായറാഴ്ച ദക്ഷിണ ഗോവയില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. അതേസമയം വിശ്വാസികള്‍ സംയമനം പാലിക്കണമെന്ന് ഗോവ അതിരൂപത നേതൃത്വം അറിയിച്ചു.
സുഭാഷ് വെലിംഗ്കറുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസും ബിജെപിയും സാമുദായിക സൗഹാര്‍ദം തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഗോയഞ്ചോ സായ്ബ് (ഗോവയുടെ സംരക്ഷകന്‍) ആയി കണക്കാക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ മുന്‍ ആര്‍എസ്എസ് മേധാവി വേദനിപ്പിക്കുന്ന പരാമര്‍ശം നടത്തുന്നത് ഇതാദ്യമല്ലെന്ന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് ഗിരീഷ് ചോദങ്കര്‍ പറഞ്ഞു. ‘ഭരണകക്ഷിയായ ബിജെപി ഗോവക്കാരെ ധ്രുവീകരിക്കാന്‍ ശ്രമിക്കുകയാണ്. മതേതരത്വം ഗോവക്കാരുടെ രക്തത്തിലുണ്ടെന്ന് അവര്‍ തിരിച്ചറിയണം. ബിജെപി അവരുടെ രാഷ്ട്രീയ അജണ്ടയ്ക്കായി മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിടുന്നു’ – അദ്ദേഹം പറഞ്ഞു.
ഗോവയിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്ത് ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമിത് പലേക്കര്‍ പറഞ്ഞു. പ്രതിഷേധത്തില്‍ ബിജെപി എംഎല്‍എമാര്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. തൃണമുല്‍ കോണ്‍ഗ്രസ് കോ-കണ്‍വീനര്‍ സമില്‍ വോള്‍വോയ്കറും പ്രതിഷേധത്തില്‍ പങ്കെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനു വെലിംഗ്കറിനെതിരേ ബിക്കോളിം പോലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇംഗ്ലണ്ടിലെ പ്രവാസി സമൂഹവും വെലിങ്കറുടെ പ്രസ്താവനയ്ക്കെതിരെ രോഷം പ്രകടിപ്പിച്ച് തെരുവിലിറങ്ങി. കത്തോലിക്കാ വികാരം വ്രണപ്പെടുത്തിയതിന് അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഗോവക്കാര്‍ സ്വിന്‍ഡണില്‍ പ്രതിഷേധിച്ചു. ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ ഗോവക്കാര്‍ ലണ്ടനിലെ വെംബ്ലി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനു സമീപം പ്രതിഷേധം സംഘടിപ്പിച്ചു.
ഓള്‍ഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയിലാണ് വിശുദ്ധന്റെ അക്ഷയ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. പത്തു വര്‍ഷത്തിലൊരിക്കല്‍ വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുദര്‍ശനത്തിനുവയ്ക്കും. ഈ വര്‍ഷം നവംബര്‍ 21 മുതല്‍ 2025 ജനുവരി അഞ്ചു വരെ വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുദര്‍ശനത്തിനു വയ്ക്കും.
ഛത്തീസ്ഗഡിലെ ബിജെപി എംഎല്‍എ റെയ്മുനി ഭഗത്ത് യേശുക്രിസ്തുവിനെയും ക്രൈസ്തവരെയും ആക്ഷേപിച്ചത് വന്‍ വിവാദമായിരുന്നു.