മതപരിവര്‍ത്തന വിരുദ്ധ നിയമമടക്കം ബിജെപി സര്‍ക്കാര്‍ പാസാക്കിയ ചില നിയമങ്ങള്‍ രാജ്യത്ത് ക്രൈസ്തവ മതസ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാകുന്നുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ (USCIRF) റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും ക്രൈസ്തവര്‍ക്ക് ഭീഷണിയാകുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കു നേരെ നൂറ്റിഅറുപതിലധികം ആക്രമണങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ്സിഐആര്‍എഫ് പറയുന്നു.
1998ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് (IRFA) പ്രകാരം സൃഷ്ടിക്കപ്പെട്ട ഒരു സ്വതന്ത്ര, ഉഭയകക്ഷി യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് ഏജന്‍സിയാണ് USCIRF. ഏജന്‍സി നേരിട്ടും വിശ്വസനീയമായ ആഭ്യന്തര, അന്തര്‍ദേശീയ മാധ്യമങ്ങളെ ആശ്രയിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
ഭാരതത്തിലെ ക്രിസ്ത്യാനികള്‍ അക്രമത്തിന്റെയും മതപരമായ വിവേചനത്തിന്റെയും ശത്രുതാപരമായ ഭീഷണികളാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുഎസ് ഗവണ്‍മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) ഭാരതത്തെ ചേര്‍ക്കണമെന്ന് സംഘടന ശുപാര്‍ശ ചെയ്യുന്നുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ, ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 161 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതില്‍ 47 എണ്ണം ഛത്തീസ്ഗഢിലാണ് സംഭവിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ സംഭവങ്ങളില്‍ വ്യക്തികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കെതിരായ ആക്രമണങ്ങളും ഉള്‍പ്പെടുന്നുണ്ട്. ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ എന്ന തെറ്റായ ആരോപണങ്ങളെ തുടര്‍ന്നാണ് ആക്രമണങ്ങളില്‍ ഏറെയും. രാജ്യത്തു പൊതുപ്രാര്‍ത്ഥനയ്ക്ക് പലയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ആസാമില്‍, സര്‍ക്കാര്‍ അധികാരികള്‍ കഴിഞ്ഞ വര്‍ഷത്തിലുടനീളം ക്രൈസ്തവരെ ആവര്‍ത്തിച്ച് ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആഗോള തലത്തില്‍ ക്രൈസ്തവര്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.