ബുര്‍ക്കിന ഫാസോ: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പുരോഹിതന്‍

ബുര്‍ക്കിന ഫാസോയുടെ കിഴക്ക് ഭാഗത്തുള്ള ഫാദ എന്‍ ഗൗര്‍മ രൂപതയിലെ പിയേല, സാറ്റെംഗ ഇടവകകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും ഏറെ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തതോടെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് പുരോഹിതന്‍.

‘ആക്രമണങ്ങള്‍ പെരുകുകയാണ്. നിങ്ങളുടെ തീവ്രമായ പ്രാര്‍ത്ഥന ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇരകള്‍ക്കും അതിജീവിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക,’ ഫാദ എന്‍ ഗൗര്‍മ രൂപതയിലെ ഒരു വൈദികന്‍ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന അന്താരാഷ്ട്ര പൊന്തിഫിക്കല്‍ ഫൗണ്ടേഷനോട് പറഞ്ഞു.

ഇരകള്‍ക്കുവേണ്ടിയും സമാധാനത്തിനുവേണ്ടിയും പ്രാര്‍ഥിക്കാന്‍ വൈദികന്‍ ആഹ്വാനം ചെയ്തു. ‘രാജ്യത്തിനും മാലി, നൈജര്‍ എന്നിവയുള്‍പ്പെടെ എല്ലാ ദിവസവും കൊലപാതക ആക്രമണങ്ങളാല്‍ ആക്രമിക്കപ്പെടുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഉക്രെയ്ന്‍, ഇസ്രായേല്‍, ലെബനന്‍ തുടങ്ങിയ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്കും സമാധാനം തിരികെ ലഭിക്കാന്‍ കര്‍ത്താവിനോട് അപേക്ഷിക്കാം. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പ്രാര്‍ത്ഥന നമ്മെ നയിക്കട്ടെ: കര്‍ത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കേണമേ. വിദ്വേഷമുള്ളിടത്ത് ഞാന്‍ സ്നേഹം കൊണ്ടുവരട്ടെ.’ അദ്ദേഹം പറഞ്ഞു.

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോ ആഗോള ഭീകരവാദ സൂചികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്.

ഭാരതത്തില്‍ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന് ഗുരുതര ഭീഷണിയെന്ന് റിപ്പോര്‍ട്ട്

മതപരിവര്‍ത്തന വിരുദ്ധ നിയമമടക്കം ബിജെപി സര്‍ക്കാര്‍ പാസാക്കിയ ചില നിയമങ്ങള്‍ രാജ്യത്ത് ക്രൈസ്തവ മതസ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാകുന്നുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ (USCIRF) റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും ക്രൈസ്തവര്‍ക്ക് ഭീഷണിയാകുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കു നേരെ നൂറ്റിഅറുപതിലധികം ആക്രമണങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ്സിഐആര്‍എഫ് പറയുന്നു.

1998ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് (IRFA) പ്രകാരം സൃഷ്ടിക്കപ്പെട്ട ഒരു സ്വതന്ത്ര, ഉഭയകക്ഷി യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് ഏജന്‍സിയാണ് USCIRF. ഏജന്‍സി നേരിട്ടും വിശ്വസനീയമായ ആഭ്യന്തര, അന്തര്‍ദേശീയ മാധ്യമങ്ങളെ ആശ്രയിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

ഭാരതത്തിലെ ക്രിസ്ത്യാനികള്‍ അക്രമത്തിന്റെയും മതപരമായ വിവേചനത്തിന്റെയും ശത്രുതാപരമായ ഭീഷണികളാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുഎസ് ഗവണ്‍മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) ഭാരതത്തെ ചേര്‍ക്കണമെന്ന് സംഘടന ശുപാര്‍ശ ചെയ്യുന്നുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ, ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 161 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതില്‍ 47 എണ്ണം ഛത്തീസ്ഗഢിലാണ് സംഭവിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ സംഭവങ്ങളില്‍ വ്യക്തികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കെതിരായ ആക്രമണങ്ങളും ഉള്‍പ്പെടുന്നുണ്ട്. ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ എന്ന തെറ്റായ ആരോപണങ്ങളെ തുടര്‍ന്നാണ് ആക്രമണങ്ങളില്‍ ഏറെയും. രാജ്യത്തു പൊതുപ്രാര്‍ത്ഥനയ്ക്ക് പലയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ആസാമില്‍, സര്‍ക്കാര്‍ അധികാരികള്‍ കഴിഞ്ഞ വര്‍ഷത്തിലുടനീളം ക്രൈസ്തവരെ ആവര്‍ത്തിച്ച് ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആഗോള തലത്തില്‍ ക്രൈസ്തവര്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.

ബിജെപി എംഎല്‍എയുടെ വിദ്വേഷ പ്രസംഗം; 130 കിലോമീറ്റര്‍ മനുഷ്യ ചങ്ങല തീര്‍ത്ത് ക്രൈസ്തവര്‍

ഛത്തീസ്ഗഡിലെ ബിജെപി എംഎല്‍എ റെയ്മുനി ഭഗത്ത് യേശുക്രിസ്തുവിനെയും ക്രൈസ്തവരെയും ആക്ഷേപിച്ചതില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവര്‍ ജഷ്പൂര്‍ ജില്ലയില്‍ 130 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മനുഷ്യച്ചങ്ങല തീര്‍ത്തു.

പഥല്‍ഗാവ് മുതല്‍ ലോഡം വരെ കത്‌നി-ഗുംല ഹൈവേയിലൂടെ സമാധാനപരമായി കൈകോര്‍തായിരുന്നു മനുഷ്യ ചങ്ങല തീര്‍ത്തത്.

സെപ്തംബര്‍ ഒന്നിന് ദേക്നി ഗ്രാമത്തിലെ പരിപാടിയിലായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. ജംഷഡ്പൂരില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യാജരേഖ ചമച്ചാണ് മതപരിവര്‍ത്തനം നടന്നിരുന്നതെന്നും ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് റെയ്മുനി നടത്തിയത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധി പേര്‍ റെയ്മുനിക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു.

‘റെയ്മുനിയുടെ പരാമര്‍ശത്തില്‍ വലിയ അമര്‍ഷമുണ്ട്. പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ല. ഞങ്ങള്‍ മനുഷ്യച്ചങ്ങല നടത്തി സമാധാനപരമായി പ്രതിഷേധിച്ചു. എന്നാല്‍ എംഎല്‍എയ്ക്കെതിരെ പോലീസ് നടപടിയെടുക്കാത്തത് തുടര്‍ന്നാല്‍ റോഡ് ഉപരോധം പോലുള്ള നടപടികളിലേക്ക് കടക്കും.’ ക്രിസ്ത്യന്‍ ആദിവാസി മഹാസഭ നേതാവ് അനില്‍ കുമാര്‍ കിസ്പോട്ട പറഞ്ഞു.

മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തവര്‍ തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന് തെളിയിക്കാന്‍ സാധുവായ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണമെന്നായിരുന്നു റെയ്മുനി ഇതിനോടു പ്രതികരിച്ചത്. ഛത്തീസ്ഗഡില്‍ നിലവില്‍ ബിജെപി സര്‍ക്കാരാണ് ഭരണത്തില്‍. ജസ്പൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് റേമുനി.

പൊലീസ് നടപടി ഇനിയും വൈകിയാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് ക്രിസ്ത്യന്‍ ആദിവാസി മഹാസഭ വ്യക്തമാക്കി.

യേശുക്രിസ്തുവിനെയും ക്രൈസ്തവരെയും ആക്ഷേപിച്ച ഛത്തീസ്ഗഡിലെ ബിജെപി എംഎല്‍എ റെയ്മുനി ഭഗത്ത്

യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ‘വിശുദ്ധനാടുകളുടെ കാവല്‍ക്കാരന്‍’

അര്‍ത്ഥമില്ലാത്ത യുദ്ധങ്ങളുടെ ഇരകളായി മാറേണ്ടിവരുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ച്, ‘വിശുദ്ധനാടുകളുടെ കാവല്‍ക്കാരന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സഭാപ്രസ്ഥാനത്തിന്റെ വികാരി ഫാ. ഇബ്രാഹിം ഫാല്‍ത്താസ്. ഇറാന്‍ കഴിഞ്ഞ ദിവസം ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.

ഇറാന്റെ ആക്രമണത്തിനെതിരെ ഇസ്രയേലിന്റെ പ്രത്യാക്രമണമുണ്ടായാല്‍ ഇനിയും ഇത്തരം ഭീകരസംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് തങ്ങള്‍ ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ ഒന്നാം തീയതി വൈകുന്നേരം നടന്ന അക്രമണങ്ങളെക്കുറിച്ച് പ്രതിപാദിച്ച ഫാ. ഫാല്‍ത്താസ്, അന്നേദിവസം വൈകുന്നേരം അഞ്ചിനുതന്നെ, അടുത്തദിവസം സ്‌കൂളുകള്‍ തുറക്കരുതെന്ന് തങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി. വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാളിനുള്ള ഒരുക്കത്തിന്റെ ഭാഗമായി, വൈകുന്നേരം ഏഴിന് ‘ദിവ്യ രക്ഷകന്റെ’ നാമധേയത്തിലുള്ള ദേവാലയത്തിലായിരിക്കുമ്പോഴാണ് ശക്തമായ അക്രമണത്തിന്റെയും സ്ഫോടനങ്ങളുടെയും ശബ്ദം തങ്ങള്‍ കേള്‍ക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഇറാന്‍ കഴിഞ്ഞ ദിവസം ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തെക്കുറിച്ച് വത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ്, സംഭവത്തിന്റെ ഭീകരതയെക്കുറിച്ചും, അതുളവാക്കുന്ന പരിഭ്രാന്തിയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയത്.

ദേവാലയത്തില്‍നിന്ന് പുറത്തിറങ്ങിയ തങ്ങള്‍, ജെറുസലേമിന് തെക്കുള്ള ഇസ്രായേല്‍ മിലിട്ടറി ബേസ്‌മെന്റ് ലക്ഷ്യമാക്കി പറക്കുന്ന മിസൈലുകള്‍ കണ്ടുവെന്നും, ഇസ്രയേലിന്റെ അയണ്‍ ഡോം എന്ന മിസൈല്‍ പ്രതിരോധസംവിധാനം അവയില്‍ പലതിനെയും തകര്‍ത്തുവെന്നും ഫാ. ഫാല്‍ത്താസ് അറിയിച്ചു.

പത്തുവര്‍ഷം ഐഎസ് തടവിലായിരുന്ന പെണ്‍കുട്ടിയെ മോചിപ്പിച്ചു

ഇറാഖില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി യുവതി ഫൗസിയ സിഡോയെ ഇസ്രയേലും അമേരിക്കയും ഇറാഖും ഉള്‍പ്പെട്ട രഹസ്യ ഓപ്പറേഷനിലൂടെ ഗാസയില്‍ നിന്ന് മോചിപ്പിച്ചു.

11 വയസ്സുള്ളപ്പോള്ളാണ് ഫൗസിയ സിഡോ ഐഎസ് പിടിയിലാകുന്നത്. ഇറാക്കിലെ വീട്ടില്‍ വച്ച് തീവ്രവാദികള്‍ അവളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അന്ന് നടന്ന ആക്രമണത്തില്‍ ഏകദേശം ആക്രമണത്തില്‍ 5,000-ത്തിലധികം യസീദിയ വംശജര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. 2014-ല്‍ നടന്ന ഈ സംഭവത്തെ വംശഹത്യ എന്നാണ് ഐക്യരാഷ്ട്ര സംഘടന വിശേഷിപ്പിച്ചത്. തടവിലാക്കപ്പെട്ട ഫൗസിയയെ തീവ്രവാദികള്‍ വിറ്റ് ഗാസയിലേക്ക് കടത്തുകയായിരുന്നു. അവളെ വിലയ്ക്കു വാങ്ങിയ വ്യക്തി അടുത്തിടെ കൊല്ലപ്പെട്ടതോടെയാണ് ഫൗസിയയുടെ മോചനത്തിന് വഴിയൊരുങ്ങിയത്.

നാലു മാസത്തെ പരിശ്രമത്തിനൊടുവിലാണ് ഫൗസിയ മോചിതയായത്. ഇറാഖി ഉദ്യോഗസ്ഥര്‍ ഫൗസിയയുടെ വിവരങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും അവര്‍ ഇസ്രായേലിന്റെ സഹായത്തോടെ ഗാസയില്‍ നിന്ന് അവളെ പുറത്തുകടക്കക്കാന്‍ സഹായിക്കുകയും ചെയ്തു. ഇറാഖും ഇസ്രയേലും തമ്മില്‍ നയതന്ത്ര ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്.

ലെബനനില്‍ അഭയ കേന്ദ്രമായി പള്ളികള്‍

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രണം കടുപ്പിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി അഭയ കേന്ദ്രമൊരുക്കുകയാണ് ലെബനനിലെ പള്ളികള്‍. ഇസ്രായേല്‍ ആക്രമണം സാധാരണക്കാരെയും ബാധിക്കുന്നുണ്ടെന്ന് ലെബനനിലെ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാരിയെല്ലെ ബൂട്രോസ് പറഞ്ഞു. ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതു മുതല്‍ പലായനം ചെയ്ത ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രാദേശിക സഭാ സംഘടനകളുമായി ചേര്‍ന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സഹായമൊരുക്കുന്നുണ്ട്.

‘ആളുകള്‍ ഇപ്പോള്‍ പള്ളി ഹാളുകളിലാണ് താമസിക്കുന്നത്. അവര്‍ക്ക് ഭക്ഷണവും മറ്റും ആവശ്യമുണ്ട്. യുദ്ധം അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.’ – ബുട്രോസ് പറഞ്ഞു.

നിലവിലെ സംഘര്‍ഷം ലെബനനില്‍ നിന്നുള്ള ക്രിസ്ത്യന്‍ കുടിയേറ്റത്തെ ത്വരിതപ്പെടുത്തുമെന്നും അതോടെ രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ വീണ്ടും കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡ്രോണുകള്‍ ഉപയോഗിച്ച് കന്യാമറിയത്തിന്റെ ചിത്രം: വിസ്മയമായി ബാഴ്‌സലോണയിലെ മില്ലേനിയം ജൂബിലി ആഘോഷം

സ്‌പെയ്‌നിലെ ബാഴ്‌സലോണയ്ക്കു സമീപം മൊണ്‍സെറാറ്റില്‍ സ്ഥിതി ചെയ്യുന്ന സാന്താ മരിയ ആശ്രമത്തിന്റെ മില്ലേനിയം ജൂബിലി ആഘോഷത്തില്‍ ശ്രദ്ധേയമായത് ഡ്രോണുകള്‍കൊണ്ട് ആകാശത്തു തീര്‍ത്ത കന്യകാ മറിയത്തിന്റെ ചിത്രമായിരുന്നു. 200ഡ്രോണുകള്‍ ഉപയോഗിച്ചാണ് ദൃശ്യ വിസ്മയം ഒരുക്കിയത്.

ആശ്രമത്തിന്റെ സംസ്‌ക്കാരം, ചരിത്രം എന്നിവ ഉള്‍ക്കൊള്ളുന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡ്രോണ്‍ഷോയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

1025-ല്‍ സ്ഥാപിതമായ ആശ്രമം 14-ാം നൂറ്റാണ്ടു മുതല്‍ തീര്‍ത്ഥാടന കേന്ദ്രമായിരുന്നു. ആശ്രമത്തിനു സമീപത്ത് ബസലിക്ക നിര്‍മിച്ചത് 1811-ലാണ്. 1811-ല്‍ നെപ്പോളിയന്റെ സ്‌പെയിന്‍ അധിനിവേശ വേളയില്‍ നെപ്പോളിയന്റെ സൈന്യം ആശ്രമം കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 1844-വരെ ആശ്രമം പൂട്ടികിടന്നു.

ദൈവദാസന്‍ മൊയ്‌സെസ് വാഴ്ത്തപ്പെട്ട പദവിയില്‍

അമലോത്ഭവ മറിയത്തിന്റെ ഉപവിയുടെ പ്രേഷിതര്‍ എന്ന സന്ന്യാസസമൂഹത്തിന്റെ സ്ഥാപകനും മെക്‌സിക്കോ സ്വദേശിയുമായ ദൈവദാസന്‍ മൊയ്‌സെസ് ലീറ സെറഫീന്‍ വാഴ്ത്തപ്പെട്ട പദവിയില്‍. ഫ്രാന്‍സിസ് പാപ്പയെ പ്രതിനിധീകരിച്ച് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊ, മെക്‌സിക്കൊ നഗര അതിരൂപതയിലെ ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ ദിവ്യബലി മധ്യേയായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

മെക്‌സിക്കോയിലെ സകാറ്റ്ലാനില്‍ 1893 സെപ്റ്റംബര്‍ 16-നായിരുന്നു മൊയ്‌സെസിന്റെ ജനനം. പരിശുദ്ധാരൂപിയുടെ പ്രേഷിതര്‍ എന്ന സന്ന്യസ്ത സമൂഹത്തില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ചു. തടവുകാരുടെ അജപാലനസേവനത്തില്‍ മുഴുകിയ അദ്ദേഹം 1926-ലെ മതപീഡന വേളയില്‍ അള്‍ത്താര സഹായികളുടെയും മതബോധകരുടെയും സംഘങ്ങള്‍ക്കു രൂപം നല്കുകയും 1934-ല്‍ അമലോത്ഭവ മറിയത്തിന്റെ ഉപവിയുടെ പ്രേഷിതര്‍ എന്ന സന്ന്യാസ സമൂഹം സ്ഥാപിക്കുകയും ചെയ്തു. 1950 ജൂണ്‍ 25-ന് മരണമടഞ്ഞു.

പലരും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മാധ്യസ്ഥ്യം അഭ്യര്‍ത്ഥിക്കുന്നു. ദൈവദാസ പ്രഖ്യാപിക്കുന്നതിന് വഴിയൊരുക്കിയ അത്ഭുതം ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ദമ്പതികളാണ്. ഗര്‍ഭധാരണത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, അവരുടെ കുട്ടി രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മോയിസസിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതിനുശേഷം, ദമ്പതികള്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു, കുട്ടി ഗര്‍ഭാവസ്ഥയെ അതിജീവിച്ച് ആരോഗ്യവാനായി ജനിച്ചു.

”എന്റെ ദൈവമേ, ഞാന്‍ നല്‍കേണ്ടതിന് എനിക്ക് തരൂ; ഞാന്‍ നിന്നെ സ്‌നേഹിക്കട്ടെ, അങ്ങനെ ഞാന്‍ നിന്നെ സ്‌നേഹിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കും; മറ്റുള്ളവരെ വിശുദ്ധീകരിക്കാന്‍ എനിക്ക് വിശുദ്ധി നല്‍കൂ; ഞാന്‍ നിന്നില്‍ ജീവിക്കട്ടെ, അങ്ങനെ മറ്റുള്ളവരെ നിന്നില്‍ ജീവിക്കാന്‍ പഠിപ്പിക്കാന്‍ എനിക്ക് കഴിയും.”- എന്നത് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനായിയിരുന്നു.

സിംഗപ്പൂരില്‍ പാപ്പയ്ക്കായി കസേര നിര്‍മിച്ചത് ഇന്ത്യന്‍ വംശജന്‍

സിംഗപ്പൂര്‍ സന്ദര്‍ശന വേളയില്‍ മതാന്തര സംവാദങ്ങളില്‍ പങ്കെടുക്കുന്ന പാപ്പയ്ക്ക് ഇരിക്കാനുള്ള കസേര ഒരുക്കിയത് സിംഗപ്പൂരിലെ ഇന്ത്യന്‍വംശജന്‍ ഗോവിന്ദരാജ് മുത്തയ്യ. രണ്ടു കസേരകളാണ് അദ്ദേഹം നിര്‍മിച്ചിരിക്കുന്നത്.

ജൂലൈ അവസാനത്തോടെ സിംഗപ്പൂരിലെ റോമന്‍ കാത്തലിക് അതിരൂപതയില്‍ നിന്നാണ് കസേരകള്‍ നിര്‍മിക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചതെന്നും യന്ത്രങ്ങളുടെ സഹായമില്ലാതെ 100 ശതമാനവും കൈകള്‍കൊണ്ടാണ് കസേരകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ഗോവിന്ദരാജ് പറയുന്നു.

”പതിനെട്ടാം നൂറ്റാണ്ടിലെ ഫര്‍ണിച്ചറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കസേര നിര്‍മിച്ചിരിക്കുന്നത്. ചര്‍ച്ച് ഓഫ് സെന്റ് അല്‍ഫോന്‍സസ് എന്നും അറിയപ്പെടുന്ന ഇവിടുത്തെ പഴയ നൊവേന പള്ളിയുടെ മുഖവാരത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഒരു കസേര രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മസ്ഥലമായ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ സ്ഥിതി ചെയ്യുന്ന സാന്‍ ജോസ് ഡി ഫ്‌ലോറസ് ബസിലിക്കയുടെ മുഖവാരമാണ് രണ്ടാമത്തെ കസേരയ്ക്ക് പ്രചോദനമായത്. പാപ്പയുടെ കുടുംബനാമമായ ബെര്‍ഗോളിയോയുടെ ആദരസൂചകമായി ബി ആകൃതിയിലുള്ള ആംറെസ്റ്റും ഈ കസേരയില്‍ ഒരുക്കിയിട്ടുണ്ട്.” ഗോവിന്ദരാജ് മുത്തയ്യ പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ ഗോവിന്ദരാജ് അതു സാധിച്ചാല്‍ പാപ്പയ്ക്ക് സമ്മാനിക്കാന്‍ കസേരകളുടെ മിനിയേച്ചര്‍ മാതൃകകയും കരുതിയിട്ടുണ്ട്.

സുഡാന്‍ വംശീയകലാപത്തിലേക്ക്: ഫീദെസ് വാര്‍ത്താ ഏജന്‍സി

സുഡാനില്‍ തുടരുന്ന സായുധസംഘര്‍ഷങ്ങള്‍ വംശീയകലാപമായി മാറുകയാണെന്ന് ഫീദെസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സുഡാന്‍ ദ്രുതകര്‍മ്മസേനയും സുഡാനിലെ വിവിധ സായുധസംഘടനകളും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ വംശീയ കലാപത്തിലേക്ക് വളര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. സുഡാന്‍ ദ്രുതകര്‍മ്മസേന വംശീയ അടിസ്ഥാനത്തില്‍ നിരവധി സാധാരണക്കാരെ കൊലചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മെയ് 10 മുതല്‍ വടക്കന്‍ ദാര്‍ഫുറിന്റെ തലസ്ഥാനമായ എല്‍ ഫാഷിര്‍ പ്രദേശത്ത് സുഡാന്‍ ദ്രുതകര്‍മ്മസേനയും സുഡാനിലെ വിവിധ സായുധസംഘടനകളും തമ്മില്‍ കടുത്ത പോരാട്ടമാണ് തുടരുന്നത്. നിരവധി ആളുകള്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുകയും, നിരവധി വീടുകളും പൊതുമേഖലാസ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്‍ ഫാഷിറില്‍നിന്ന് മെല്ലിറ്റ് നഗരത്തിലേക്ക് പലായാനം ചെയ്യാന്‍ ശ്രമിച്ച ഒന്‍പത് പേരെ സുഡാന്‍ ദ്രുതകര്‍മ്മസേന വംശീയ അടിസ്ഥാനത്തില്‍ വധിച്ചുവെന്നും റിപ്പോട്ടുകളുണ്ട്.

എല്‍ ഫാഷിറില്‍ പ്രദേശവാസികളും, കുടിയൊഴിപ്പിക്കപ്പെട്ടവരുമായ ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ പ്രദേശങ്ങളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി സുഡാന്‍ ദ്രുതകര്‍മ്മസേന നിരവധി തവണ ബോംബാക്രമണവും, ജനനിബിഢപ്രദേശങ്ങളില്‍ കടുത്ത വെടിവയ്പ്പും നടത്തിയതായി ഫീദെസ് റിപ്പോര്‍ട്ടു ചെയ്തു.

ദാര്‍ഫുര്‍ പ്രദേശത്തിന്റെ അഞ്ചില്‍ നാലു സംസ്ഥാനങ്ങളും ഇതിനോടകം സുഡാന്‍ ദ്രുതകര്‍മ്മസേന പിടിച്ചെടുത്തിട്ടുണ്ട്. എല്‍ ഫാഷിര്‍ പിടിച്ചെടുക്കുന്നതോടെ സുഡാനിലെ വിവിധ സായുധസംഘടനകള്‍ അടങ്ങുന്ന സഖ്യത്തിനെതിരെ കൂടുതല്‍ ശക്തമായി പോരാടാനാകുമെന്ന് സുഡാന്‍ ദ്രുതകര്‍മ്മസേന പ്രതീക്ഷിക്കുന്നു.

Exit mobile version