Site icon Malabar Vision Online

ഒക്ടോബര്‍ 13: വിശുദ്ധ എഡ്വേര്‍ഡ് രാജാവ്


എഥെല്‍ഡ് രണ്ടാമന്റെ മകനാണ് ഇംഗ്ലീഷുചരിത്രത്തില്‍ നാം കാണുന്ന എഡ്വേര്‍ഡ് കണ്‍ഫെസ്സര്‍. നോര്‍മന്റി പ്രഭുവിന്റെ കൊട്ടാരത്തിലാണ് വിദ്യാഭ്യാസം നടത്തിയതെങ്കിലും കൊട്ടാരത്തിലെ വഷളത്തരങ്ങളൊന്നും ഈ യുവാവിനെ സ്പര്‍ശിച്ചില്ല. പ്രശാന്തവും മധുരവുമായിരുന്നു സ്വഭാവം. വിനയം മുഖത്തും സംഭാഷണത്തിലും പ്രകാശിച്ചിരുന്നു. ബാല്യം മുതല്‍ക്കേ രാജകുമാരനു വിശുദ്ധ കുര്‍ബാന കാണുന്നതിലും പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിലും അതീവതാല്പര്യം ഉണ്ടായിരുന്നു.

നാല്പതാമത്തെ വയസ്സില്‍ അപ്രതീക്ഷിതമായി എഡ്‌വേര്‍ഡ് ഇംഗ്ലണ്ടിലെ രാജാവായി. ആരുടെയെങ്കിലും ഒരു തുള്ളി രക്തം ചിന്തി ആ സ്ഥാനം ലഭിക്കാന്‍ താന്‍ ഇച്ഛിക്കുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. അങ്ങനെതന്നെ സംഭവിച്ചു. സിംഹാസനത്തില്‍ രാജാവിന്റെ വിനയവും ശാന്തതയും വാനവസദൃശമായ വിശുദ്ധിയും നവ്യമായ തേജസ്സോടെ വിരാ ജിച്ചു. പ്രഭുക്കന്മാരെ തൃപ്തിപ്പെടുത്താന്‍ ഒരു പ്രഭുകുമാരിയായ എഡ്ഗീതയെ വിവാഹം കഴിച്ചു. എന്നാല്‍ രണ്ടുപേരും കന്യാത്വത്തിനു ഭംഗം വരാതെ ആജീവനാന്തം തുടര്‍ന്നു.

ധനം അദ്ദേഹത്തെ വശീകരിച്ചിരുന്നില്ല. ഒരു ഭൃത്യന്‍ ഭണ്ഡാരത്തില്‍നിന്നു മോഷ്ടിക്കുന്നതു മൂന്നു പ്രാവശ്യം അദ്ദേഹം കണ്ടു. എന്നാല്‍ അയാളെ സ്വതന്ത്രനാക്കി വിട്ടതേയുള്ളൂ. തന്നെക്കാള്‍ സ്വര്‍ണ്ണത്തിനു കൂടുതല്‍ ആവശ്യം അവനാണന്നത്രേ രാജാവ് പറഞ്ഞത്.

കൊട്ടാരത്തിന്റെ പടിക്കല്‍ രാജാവു പലപ്പോഴും നിന്ന് അവിടെയെത്തിച്ചേരുന്ന ഭിക്ഷുക്കളോടും കുഷ്ഠരോഗികളോടും അദ്ദേഹം സംസാരിക്കുക പതിവായിരുന്നു. ചിലപ്പോള്‍ രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തുകയും ചെയ്തിരുന്നു.

നീണ്ട യുദ്ധങ്ങള്‍ രാജ്യത്തെ ദാരിദ്ര്യത്തില്‍ അമര്‍ത്തിയിരുന്നുവെങ്കിലും എഡ്വേര്‍ഡിന്റെ വിശുദ്ധിയും തീക്ഷണതയും രാജ്യത്തിന് ഐശ്വര്യം വരുത്തി. 24 കൊല്ലത്തെ അദ്ദേഹത്തിന്റെ ഭരണം അനുസ്യൂതമായ സമാധാനമായിരുന്നു. നശിച്ചുപോയിരുന്ന പള്ളികളെല്ലാം ഉദ്ധരിച്ചു. പുതിയ പള്ളികള്‍ പലതും പണിയിച്ചു. ഒടുവില്‍ പണിയിച്ചതു വെസ്റ്റ്മിനിസ്റ്റര്‍ ആബിയാണ്. നല്ലവനായ എഡ്വേര്‍ഡെന്നാണ് അക്കാലത്തെ ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. ദുര്‍ബ്ബലര്‍ സുരക്ഷിതരായിരുന്നു. 24 വര്‍ഷത്തെ പരിശുദ്ധമായ ഭരണത്തിനു ശേഷം എഡ്‌വേര്‍ഡു കാലം ചെയ്തു.


Exit mobile version