ഒക്ടോബര്‍ 16: വിശുദ്ധ ഹെഡ് വിഗ്


കരിന്തിയായിലെ നാടുവാഴിയായ ബെര്‍ട്രോള്‍ഡ് തൃതീയന്റെ മകളാണു ഹെഡ് വിഗ്. അമ്മ ആഗ്‌നെസ്സിന്റെ സന്മാതൃക കുട്ടിയെ വളരെ സ്വാധീനിച്ചു. ലുട്സിങ്കെന്‍ ആശ്രമ ത്തിലായിരുന്നു അവളുടെ വിദ്യാഭ്യാസം. പന്ത്രണ്ടാമത്തെ വയസ്സില്‍ സൈലേഷ്യാ പ്രഭുവായിരുന്ന ഹെന്റിയെ ഹെഡ്വിഗ് വിവാഹം കഴിച്ചു. വിവാഹാനന്തരം ദൈവത്തോടും ഭര്‍ത്താവിനോടും മക്കളോടും കുടുംബത്തോടുമുള്ള ചുമതലകള്‍ യഥോചിതം നിര്‍വ്വഹിച്ചുപോന്നു. ആറു മക്കള്‍ ജനിച്ചശേഷം അവിവാഹിതരെപ്പോലെ ജീവിക്കാന്‍ ഭര്‍ത്താവിനെക്കൊണ്ടു സമ്മതിപ്പിച്ചു. പ്രഭു വിശ്വസ്തതാപൂര്‍വ്വം വാഗ്ദാനം നിറവേറ്റി സ്വര്‍ണ്ണാഭരണങ്ങളോ രാജകീയ വസ്ത്രങ്ങളോ പിന്നീട് അദ്ദേഹം ധരിച്ചിട്ടില്ല.

ട്രെബനിറ്റ്‌സില്‍ ഭര്‍ത്താവിന്റെ സഹായത്തോടെ ആയിരം പേര്‍ക്കു താമസിക്കാവുന്ന ഒരു സിസ്‌റ്റേഴ്‌സ്യന്‍ ആശ്രമം പ്രഭ്വി പണിയിച്ചു. ദരിദ്ര യുവതികളേയും അവിടെ താമസിപ്പിച്ചു വിവാഹത്തിനോ സന്യാസത്തിനോ ഒരുക്കിയിരുന്നു. 16 കൊല്ലം വേണ്ടിവന്നു ആശ്രമപ്പണി തീര്‍ക്കാന്‍.

ഏതൊരു കന്യാസ്ത്രീയുടേയും ജീവിതത്തെ വെല്ലുന്നതായിരുന്നു പ്രഭ്വിയുടെ ജീവിതം. ക്രിസ്തുവിന്റെയും അപ്പസ്‌തോലന്മാരുടേയും ഓര്‍മ്മയ്ക്കായി പതിമൂന്നുപേര്‍ക്കു ദിനം പ്രതി സ്വകരങ്ങള്‍ കൊണ്ടു ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നു. ഭര്‍ത്താവില്‍നിന്നു പിരിഞ്ഞശേഷം ചാരനിറത്തിലുള്ള വിനീത വസ്ത്രമാണ് പ്രഭ്വി ധരിച്ചിരുന്നത് : 40 വര്‍ഷം മാംസം ഭക്ഷിച്ചിട്ടില്ല. ബുധനാഴ്ചയും വെള്ളിയാഴ്ചയും റൊട്ടിയും വെള്ളവും മാത്രമാണു കഴിച്ചിരുന്നത്. ഇടക്കിടയ്ക്ക് ട്രെബ്‌നിറ്റ്സ് ആശ്രമത്തില്‍ പോയി താമസിക്കുമായിരുന്നു. 1241-ല്‍ ടാര്‍ടാഴ്‌സായി നടത്തിയ യുദ്ധത്തില്‍ ഹെന്റി വധിക്കപ്പെട്ടു. പിന്നീടു ഹെഡ്വിഗ് ആശ്രമത്തില്‍ത്തന്നെ താമസമാക്കി. 1243 ഒക്ടോബര്‍ 15-ാം തീയതി പ്രഭ്വി അഥവാ സന്യാസിനി ദിവംഗതയായി. ഒരു കന്യാസ്ത്രീയാകാനുള്ള ആഗ്രഹം ബലി ചെയ്തതു സ്വന്തം വസ്തുവകകള്‍ കൈകാര്യം ചെയ്തു ദരിദ്രരെ സഹായിക്കാനാണ്.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version