സീറോമലബാര്‍സഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറിയായി പാലാ രൂപതാംഗമായ ഫാ. തോമസ് (സിറില്‍) തയ്യില്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ഫാ. ചെറിയാന്‍ കറുകപ്പറമ്പില്‍ സേവന കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്. പാലാ രൂപതയിലെ ചോലത്തടം സെന്റ് മേരീസ് ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. തയ്യില്‍ കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനും സുറിയാനി ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിയുമാണ്.
സീറോമലബാര്‍സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായി പാലാ സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയിനിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ടി. സി. തങ്കച്ചന്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ഫാ. ബെര്‍ക്കുമന്‍സ് കുന്നുംപുറം പുതിയ ശുശ്രൂഷയിലേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.
അധ്യാപക പരിശീലന മേഖലയില്‍ 24 വര്‍ഷമായി സേവനം ചെയ്യുന്ന ഡോ. തങ്കച്ചന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
സീറോമലബാര്‍ സഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ ചെയര്‍മാനും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ കണ്‍വീനറുമായ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങള്‍ നടത്തിയത്.