കേരള പിഎസ്സി നടത്തുന്ന പരീക്ഷകളില്‍ കെഎഎസ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച പോസ്റ്റുകളിലേക്കുള്ള പരീക്ഷയാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന പരീക്ഷയുടെ വിജ്ഞാപനം ഡിസംബറില്‍ പുറത്തു വിടുമെന്ന് കേരള പിഎസ്സി അറിയിച്ചു. ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പരീക്ഷാ ഘടന
പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ. നൂറു മാര്‍ക്ക് ചോദ്യങ്ങളുള്ള പ്രിലിംസ് പരീക്ഷ 2025 മാര്‍ച്ച് മാസത്തില്‍ നടക്കും. അതിനുശേഷം നൂറു മാര്‍ക്കിന്റെ രണ്ട് പേപ്പറുകള്‍ അടങ്ങിയ മുഖ്യ പരീക്ഷ ജൂണില്‍ നടത്താനാണ് സാധ്യത. മൂന്നാംഘട്ടമായി ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ത്ഥികളെ സെലക്ട് ചെയ്യും. സെക്രട്ടറിയേറ്റ് ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഭാവിയില്‍ ഉന്നത തസ്തികയില്‍ പ്രവര്‍ത്തിക്കേണ്ടവരായതിനാലാണ് ഇത്തരമൊരു പരിഷ്‌കാരം നടപ്പാക്കുന്നത്.
തുറന്നിടുന്നത് വന്‍ സാധ്യതകള്‍
കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ജോലി വഴി സംസ്ഥാനത്തെ തന്ത്രപ്രധാനമായ പോസ്റ്റുകളിലേക്ക് എത്തിപ്പെടാന്‍ ഉദ്യോഗാര്‍ത്ഥിക്ക് സാധിക്കും. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പോസ്റ്റില്‍ സര്‍വീസ് ആരംഭിക്കുന്ന വ്യക്തി കുറഞ്ഞ സമയത്തിനുള്ളില്‍ സെക്ഷന്‍ ഓഫീസറായി പ്രമോഷന്‍ ലഭിക്കും. പിന്നീട് അണ്ടര്‍ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി പോസ്റ്റുകളിലേക്ക് ജോലിക്കയറ്റം ലഭിക്കാം. ഏറെ നാളത്തെ സര്‍വീസ് ഉള്ളവര്‍ക്ക് ഐഎഎസ് കോണ്‍ഫര്‍ ചെയ്യാറുണ്ട്.
തയ്യാറാക്കിയത്: സുബിന്‍ മാത്യു കൂനംതടത്തില്‍