നീറ്റ് യുജി കേരളത്തില്‍ ഒന്നാം റാങ്ക് ആര്യക്ക്:അല്‍ഫോന്‍സാ സ്‌കൂളിന് അഭിമാന നിമിഷം

താമരശ്ശേരി: നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാതലത്തില്‍ ഇരുപത്തി മൂന്നാം റാങ്കും നേടി അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്‍. എസ്. ആര്യ നാടിന്റെ അഭിമാന താരമായി. അഖിലേന്ത്യാതലത്തില്‍ പെണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനമാണ് ആര്യയ്ക്ക്. 720ല്‍ 711 മാര്‍ക്കാണ് ആര്യ നേടിയത്. പൊലീസ് ഉദ്യോഗസ്ഥനായ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ് ആര്യ.

റാങ്ക്‌നേട്ടം കൈവരിച്ചതിനു പിന്നാലെ ദൈവത്തിനും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും നന്ദി അര്‍പ്പിക്കുകയാണെന്ന് ആര്യ പറഞ്ഞു. ”ഒന്നു മുതല്‍ 12 വരെ അല്‍ഫോന്‍സാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്. എന്റെ വിജയത്തിലും രൂപീകരണത്തിലും അല്‍ഫോന്‍സ സ്‌കൂള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അത് വാക്കിലൂടെ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. സ്‌കൂളിലെ എല്ലാവരുടെയും പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ടായിരുന്നു. സാധാരണ കുടുംബമാണ് എന്റേത്. പക്ഷെ, അല്‍ഫോന്‍സ സ്‌കൂളില്‍ എനിക്ക് ലഭിച്ച സൗകര്യങ്ങള്‍ വളരെയേറെയാണ്. ഇവിടെ പഠിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു. മത്സര പരീക്ഷയ്ക്ക് ഒരുങ്ങുമ്പോള്‍ അടിത്തറ ശക്തമാകണം, ആശയങ്ങള്‍ വ്യക്തതയോടെ മനസിലാക്കണം. അത് അല്‍ഫോന്‍സ സ്‌കൂളിലെ പഠനത്തിലൂടെ എനിക്ക് സാധിച്ചു.” – ആര്‍. എസ്. ആര്യ പറഞ്ഞു.

ആര്‍. എസ്. ആര്യയെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിനന്ദിച്ചു. ദൈവവിശ്വാസത്തിലും കഠിനാദ്ധ്വാനത്തിലും അടിയുറച്ചു നേടിയ തിളക്കമാര്‍ന്ന വിജയം പുതുതലമുറയ്ക്ക് പ്രചോദനമാകട്ടെയെന്ന് ബിഷപ് ആശംസിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജില്‍സണ്‍ തയ്യില്‍ ആര്യയെ അഭിനന്ദിച്ചു. സ്‌കൂളില്‍ പഠിക്കുകയെന്നത് കുട്ടികള്‍ക്ക് അഭിമാനമാണ്. പക്ഷെ, ചില കുട്ടികളെ പഠിപ്പിക്കുകയെന്നത് അധ്യാപകരായ ഞങ്ങള്‍ക്ക് അഭിമാനമാണ്. ഒരു പക്ഷേ, ടീച്ചര്‍മാര്‍ ക്ലാസ് എടുക്കുന്നതിന് മുമ്പു തന്നെ വിഷയത്തെക്കുറിച്ച് കുട്ടിക്ക് അറിവുണ്ടാകും. എങ്കിലും അധ്യാപകരോടുള്ള വിധേയത്വത്തോടെ പഠിക്കുന്നതിനുള്ള മനസാണ് കുട്ടിയെ വളര്‍ച്ചയിലേക്ക് നയിക്കുന്നത് – അദ്ദേഹം പറഞ്ഞു.

കൃത്യമായ പ്ലാനിങ്ങോടെയുള്ള പഠനമാണ് ആര്യയെ മികച്ച റാങ്ക് എന്ന വലിയ നേട്ടത്തിലേക്ക് നയിച്ചതെന്ന് പ്രിന്‍സിപ്പല്‍ കെ. വി. സെബാസ്റ്റിയന്‍ പറഞ്ഞു.

താമരശ്ശേരി രൂപതയുടെ അല്‍ഫോന്‍സാ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് താമരശ്ശേരി കൊരങ്ങാടുള്ള അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

Exit mobile version