മാര്‍ ആന്‍ഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐ പ്രസിഡന്റ്

കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷനായി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക മെത്രാന്മാരുടെ യോഗത്തിലാണ് തീരുമാനം. ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ആന്റണിസാമിയും ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയിലെ മൂന്ന് റീത്തുകളിലും ഉള്‍പ്പെട്ട മെത്രാന്മാരുടെ കൂട്ടായ്മയാണ് ‘കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. സഭയും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടന്നു. രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നേട്ടങ്ങളോടും വെല്ലുവിളികളോടുമുള്ള സഭയുടെ പ്രതികരണം’ എന്നതായിരുന്നു 365-ാമത് ജനറല്‍ ബോഡി യോഗത്തിന്റെ പ്രമേയം.

മണിപ്പൂര്‍: ജൂലൈ രണ്ട് പ്രാര്‍ത്ഥനയ്ക്കും സമാധാനത്തിനുമുള്ള ദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി

കോഴിക്കോട്: അക്രമങ്ങളും അസ്ഥിരതയും നടമാടുന്ന മണിപ്പൂരിലെ സ്ഥിതിവിശേഷങ്ങളില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അതീവ ദുഃഖം രേഖപ്പെടുത്തി. മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്കായി പ്രാര്‍ത്ഥനയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ദിനമായി 2023 ജൂലൈ രണ്ട് (ഞായറാഴ്ച) ആചരിക്കാന്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനിച്ചു. അര്‍ത്ഥവത്തായി രാജ്യത്തുടനീളം പ്രസ്തുത ദിനം ആചരിക്കുന്നതിന് ഇടവകകളും സ്ഥാപനങ്ങളും സന്യസ്ത സമൂഹങ്ങളും സന്നദ്ധരാകണമെന്ന് സമിതി ആഹ്വാനം ചെയ്തു.

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് പുറത്തിറക്കിയ സര്‍ക്കുലറില്‍ മണിപ്പൂര്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടല്‍ നടത്താനുതകുന്ന ഏതാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഞായറാഴ്ചകളിലെ കാറോസൂസാ പ്രാര്‍ത്ഥനകളില്‍ സവിശേഷ നിയോഗമായി മണിപ്പൂരിലെ സമാധാനവും സുസ്വരതയും ഉള്‍പ്പെടുത്തണം. സാധിക്കുമെങ്കില്‍, മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി ഇടവകാ ദേവാലയങ്ങളില്‍ ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കണം.

മണിപ്പൂരിലെ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ സൂചകമായി മെഴുകുതിരി കത്തിച്ചുപിടിച്ചുകൊണ്ടുള്ള പ്രദക്ഷിണമോ സമാധാന റാലിയോ നടത്തി സഹാനുഭൂതിയും ആത്മാവിലുള്ള കൂട്ടായ്മയും പ്രകടമാകണം.

വിവിധ സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ എന്‍ജിഒ കള്‍ തുടങ്ങിയവയെ, ഈ പ്രശ്‌നത്തിലുള്ള തങ്ങളുടെ കടുത്ത ആശങ്കകള്‍ അറിയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് കത്തുകള്‍ എഴുതാന്‍ പ്രേരിപ്പിക്കണം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ അവിടെ പാലിക്കപ്പെടുന്നില്ല എന്ന കാര്യം അവയില്‍ സവിശേഷമാം വിധം പ്രതിപാദിക്കണം.

സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാധാന പ്രതിജ്ഞയെടുക്കാനുള്ള അവസരമൊരുക്കണം.

കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി വരുന്നവരെ, പ്രത്യേകിച്ച് മണിപ്പൂരില്‍നിന്നുള്ളവരെ ഹൃദ്യമായ കരുതലോടും സന്മനസോടുംകൂടി സ്വീകരിക്കാന്‍ തയ്യാറാകണം. അവിടെനിന്നുള്ള വിദ്യാര്‍ത്ഥികളെയും മറ്റു മനുഷ്യരെയും ഉദാരമനസ്ഥിതിയോടെ കത്തോലിക്കാ സഭയുടെ ഹോസ്റ്റലുകളിലും സ്ഥാപനങ്ങളിലും പാര്‍പ്പിക്കാന്‍ കഴിവതും അവസരമൊരുക്കണം.

ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തന, സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ കുടിയിറക്കപ്പെട്ടവരും മണിപ്പൂര്‍, മിസോറാം, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമായ 14,000 ല്‍പ്പരം ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ഇരയാക്കപ്പെട്ടവരുടെ പുനരധിവാസം, സമുദായനന്തര സൗഹൃദവും സമാധാനവും പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ ദീര്‍ഘകാല പദ്ധതികളുമായാണ് കാരിത്താസ് ഇന്ത്യ മുന്നോട്ടുവന്നിട്ടുള്ളത്. സമാധാനപരമായ സഹവര്‍ത്തിത്വവും പരസ്പര വിശ്വാസവും ഉറപ്പാക്കുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version