താമരശ്ശേരി രൂപതയിലെ ഈരൂടില്‍ സ്ഥാപിതമായ സെന്റ് ജോസഫ് ക്ലോയിസ്റ്റഡ് മൊണാസ്ട്രിയുടെ വെഞ്ചരിപ്പും ദേവാലയ പ്രതിഷ്ഠയും നാളെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. മിണ്ടാമഠമെന്ന് പൊതുവെ അറിയപ്പെടുന്ന നിഷ്പാദുക കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ (Order of Discalced Carmelite Nuns) മലബാറിലെ ആദ്യ ശാഖാ ഭവനമാണിത്.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ക്ഷണപ്രകാരമാണ് നിഷ്പാദുക കര്‍മ്മലീത്താ സന്യാസിനി സമൂഹം താമരശ്ശേരി രൂപതയില്‍ ശാഖാ ഭവനം സ്ഥാപിച്ചത്. ‘പ്രാര്‍ത്ഥന ജീവിതവ്രതമാക്കിയ സന്യാസിനി സമൂഹമാണ് ലോകമെങ്ങും ശാഖകളുള്ള ക്ലോയിസ്റ്റേര്‍ഡ് കാര്‍മ്മല്‍ സിസ്റ്റേഴ്സ്. മലബാറിലെ ശാഖാ ഭവനം താമരശ്ശേരി രൂപതയില്‍ ആരംഭിക്കുന്നു എന്നത് സന്തോഷം നല്‍കുന്നു. ഈ സഹോദരിമാരുടെ പ്രാര്‍ത്ഥനകള്‍ താമരശ്ശേരി രൂപതയ്ക്കും സഭയ്ക്കും വലിയ മുതല്‍ക്കൂട്ടാകും.” – ബിഷപ് പറഞ്ഞു.
മേയ് ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് വിശ്വാസ സമൂഹം കോടഞ്ചേരി ഫൊറോന ദേവാലയത്തില്‍ നിന്നു പ്രദക്ഷിണമായി സെന്റ് ജോസഫ് ക്ലോയിസ്റ്റേഡ് മൊണാസ്ട്രിയിലേക്കെത്തും. 2.30-ന് മൊണാസ്ട്രി അങ്കണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനു സ്വീകരണം നല്‍കും. മൂന്നിന് വെഞ്ചരിപ്പും ദേവാലയ പ്രതിഷ്ഠാ കര്‍മ്മങ്ങളും ആരംഭിക്കും.
102 രാജ്യങ്ങളില്‍ 830 മഠങ്ങളിലായി 12,000-ത്തോളം സന്യാസിനികള്‍ നിഷ്പാദുക കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ്. കേരളത്തിലെ ആദ്യത്തെ ക്ലോയിസ്റ്റേഡ് കോണ്‍വെന്റ് ആരംഭിക്കുന്നത് 1933-ല്‍ കോട്ടയം വിജയപുരം രൂപതയിലാണ്. സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മിണ്ടാമഠം 2009-ല്‍ മലയാറ്റൂരില്‍ സ്ഥാപിതമായി.
2019-ല്‍ കക്കാടംപൊയിലില്‍ ക്രിസ്തുദാസി സന്യാസിനി സമൂഹം താല്‍കാലികമായി വിട്ടുനല്‍കിയ കെട്ടിടത്തിലാണ് നിഷ്പാദുക കര്‍മ്മലീത്താ സന്യാസിനികള്‍ താമരശ്ശേരി രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഒസിഡി സഭയുടെ മലബാര്‍ പ്രൊവിന്‍സിന്റെ ഉടമസ്ഥതയില്‍ ഈരൂടില്‍ സൗജന്യമായി നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലത്താണ് പുതിയ മൊണാസ്ട്രി നിര്‍മിച്ചിരിക്കുന്നത്.