പൂക്കിപറമ്പ് അപകടത്തില്‍ പൊലിഞ്ഞ ജീസസ് യൂത്തുകാരുടെ സ്മരണയില്‍ കോഴിക്കോട് സോണ്‍

ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറം പൂക്കിപറമ്പ് ബസ് അപകടത്തില്‍ പൊലിഞ്ഞ അഞ്ച് ജീസസ് യൂത്ത് പ്രവര്‍ത്തകരെ കോഴിക്കോട് സോണ്‍ അനുസ്മരിച്ചു. ഓര്‍മ്മ ദിനത്തില്‍ നടന്ന ദിവ്യബലിയിലും സെമിത്തേരി സന്ദര്‍ശനത്തിലും ജീസസ് യൂത്ത് അംഗങ്ങള്‍ പങ്കെടുത്തു. മരിച്ചവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളോടൊപ്പം ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ‘വണ്‍ ഇയര്‍ കമ്മിറ്റ്‌മെന്റ് -2001 മിഷന്‍’ എന്ന പേരില്‍ ഒരു വര്‍ഷം നീളുന്ന കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുവാന്‍ സോണല്‍ ടീം തീരുമാനിച്ചു.

2001-ലാണ് നാടിനെ കണ്ണുനീരിലാഴ്ത്തിയ പൂക്കിപറമ്പില്‍ ബസ് അപകടം നടന്നത്. ബസിലുണ്ടായിരുന്ന ജീസസ് യൂത്ത് സജീവപ്രവര്‍ത്തകരായ റോയി ചുവപ്പുങ്കല്‍, രജനി കാവില്‍പുരയിടം, ഷിജി കറുത്തപാറയ്ക്കല്‍, ബിന്ദു വഴീക്കടവത്ത്, റീന പാലറ എന്നിവരാണ് അന്ന് അപകടത്തില്‍ മരിച്ചത്. ഔട്ട് റീച്ച് മിനിസ്ട്രിയുടെ ഭാഗമായി ഇടുക്കി രാജപുരത്ത് സുവിശേഷ പ്രഘോഷണം കഴിഞ്ഞ് തിരികെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. അമിത വേഗതയില്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് കാറിലിടിച്ച് മറിയുകയും തുടര്‍ന്ന് കത്തുകയുമായിരുന്നു. അപകടത്തില്‍ ബസിലുണ്ടായിരുന്ന 44 പേര്‍ വെന്തുമരിച്ചു.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പ്രയാണം

ബാംഗ്ലൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ 2023 ഒക്ടോബര്‍ 21 മുതല്‍ 24 വരെ നടക്കുന്ന ജീസസ് യൂത്ത് നാഷണല്‍ കോണ്‍ഫറന്‍സിനുവേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ ഭാഗമായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പ്രയാണം ആരംഭിച്ചു. തിരുശേഷിപ്പുമായി ഇന്ത്യ ഉടനീളം സഞ്ചരിക്കും. ജാഗോ യാത്ര എന്ന പേര് നല്‍കിയിരിക്കുന്ന തിരുശേഷിപ്പ് പ്രയാണത്തിന്റെ ആറാം ഘട്ടം താമരശ്ശേരി രൂപതയുടെ ഭാഗമായ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ പ്രയാണം പൂര്‍ത്തിയാക്കി.

പാലക്കാട് രൂപതയിലെ പെരുമ്പടാരി (മണ്ണാര്‍ക്കാട്) ഹോളി സ്പിരറ്റ് ഫൊറോനാ ദൈവാലയത്തില്‍ നിന്നാണ് കോഴിക്കോട് സോണ്‍ തിരുശേഷിപ്പ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് താമരശ്ശേരി, കോഴിക്കോട് രൂപതകളില്‍ പ്രയാണം നടത്തി. പ്രയാണത്തിന്റെ ഭാഗമായി താമരശ്ശേരി, കോഴിക്കോട് ബിഷപ്‌സ് ഹൗസുകളിലും തിരുശേഷിപ്പ് എത്തിച്ചു.

താമരശ്ശേരി രൂപതയിലൂടെ നടന്ന തിരുശേഷിപ്പ് പ്രയാണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഇതിനോടകം നാനൂറ് കിലോമീറ്ററുകള്‍ താണ്ടിയ തിരുശേഷിപ്പ് പ്രയാണം മാനന്തവാടി രൂപതയിലേക്ക് പ്രവേശിച്ചു. ചാത്തന്‍കോട്ടുനട സെന്റ് മേരീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി സോണിന് തിരുശേഷിപ്പ് കൈമാറി.

Exit mobile version