ഇന്നത്തെ മൊബൈലിന്റെ സ്ഥാനത്ത് പണ്ട് പുരുഷന്മാരുടെ കൈകളില്‍ സിഗരറ്റോ, ബീഡിയോ ആയിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളില്‍ കൈയ്യില്‍ എരിയുന്ന സിഗരറ്റോ, ബീഡിയോ ഇല്ലാതെ നായകനെ കാണുക വിരളം. വില്ലനാണെങ്കില്‍ പകരം പുകയുന്ന ചുരുട്ടോ, പൈപ്പോ ആയിരിക്കും.
പുകയ്ക്കാത്തവര്‍ നല്ല മുറുക്കുകാരായിരുന്നു. കാരണവന്മാരും കാര്‍ന്നോത്തിമാരും മുറുക്കില്‍ ഒപ്പത്തിനൊപ്പം നിന്നു. അതിന്റെ സാക്ഷ്യപത്രമാണ് വീടുകളില്‍ ഉണ്ടായിരുന്ന മുറുക്കാന്‍ ചെല്ലം.
അന്ന് സിഗരറ്റ് പുകച്ചുകൊണ്ട് ക്ലാസ് എടുക്കുന്ന കോളജ് അധ്യാപകരും ഉണ്ടായിരുന്നു. അതൊന്നും ദുര്‍മാതൃകയോ അച്ചടക്ക ലംഘനമോ ആയി കരുതാതിരുന്നത് ഇന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതകരമായി തോന്നുന്നു.
സ്‌പോഞ്ച് പോലുള്ള ശ്വാസകോശം പിഴിഞ്ഞ് സിഗരറ്റ് കറ ഗ്ലാസില്‍ ശേഖരിക്കുന്ന സിനിമാ തിയറ്ററിലെ പരസ്യവും പുകയില കൂട്ടി മുറുക്കി കവിളില്‍ കാന്‍സര്‍ പുണ്ണ് ബാധിച്ച ചിത്രവുമെല്ലാം പ്രചരിപ്പിച്ചപ്പോള്‍ പുകവലി കുറഞ്ഞു. പുരുഷ ലക്ഷണമായി കരുതിയിരുന്ന പുകവലി അതോടെ അവലക്ഷണമായി തരംതാണു.
ആരോഗ്യത്തിന് ഹാനികരമെന്ന് ലേബല്‍ ഒട്ടിച്ചു വരുന്ന മദ്യം സേവിക്കാന്‍ പശ്ചാത്തല സൗകര്യം ഒരുക്കണമെന്ന ബദ്ധപ്പാട് ഉണ്ടെങ്കില്‍ രാസലഹരി കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പം. അതിനാല്‍ അവനാണിപ്പോള്‍ അരങ്ങ് തകര്‍ക്കുന്നത്.
അതിദ്രുതം പരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും അരാജകത്വവും അക്രമവും വളര്‍ത്തുന്ന രാഷ്ട്രീയ അന്തരീക്ഷവുമാണ് കേരളത്തില്‍ മയക്കു മരുന്ന് അതിവേഗം പടരാന്‍ ഇടം നല്‍കുന്നത്. ലോകത്തില്‍ എവിടേയുമുള്ള ഉപഭോഗ വസ്തുക്കള്‍ക്കൊപ്പം മാരക ലഹരികളും എളുപ്പം ലഭിക്കുന്നു.
രാഷ്ട്രീയ അതിപ്രസരത്തിനൊപ്പം അഴിമതിയും പെരുകുന്നു. കാര്‍ഷിക – വ്യവസായ മേഖലകളിലെ തകര്‍ച്ചയും തൊഴിലില്ലായ്മയുമെല്ലാം ചേരുമ്പോള്‍ സമൂഹത്തിന്റെ ഗുണനിലവാരം തകരുന്നു. അക്രമങ്ങള്‍ നിത്യസംഭവങ്ങളാകുമ്പോള്‍ ജനങ്ങളുടെ ശുഭാപ്തി വിശ്വാസം കെട്ടുപോകുന്നു. ലഹരിയില്‍ വെളിവുകെടുമ്പോള്‍ കൊലപാതകങ്ങളും പെരുകും.
മനുഷ്യനെ സാമൂഹിക ജീവിയായി പരുവപ്പെടുത്തിയിരുന്ന കുടുംബക്കളരികളുടെ സ്ഥാനം ചുറ്റുപാടുകളും മറ്റു കൂട്ടായ്മകളും ഏറ്റെടുത്തു. ആര്‍ക്കും ആരെയും ശരിക്കും മനസിലാക്കാന്‍ സാധിക്കാത്ത ഈ അവസ്ഥയില്‍ ഓരോരുത്തരും ഒറ്റയ്ക്ക് എങ്ങനെയെക്കെയോ വളരുന്നു, തളരുന്നു, തകരുന്നു. ഈ ഒറ്റയാന്‍ പൊറുതികളില്‍ ഉന്മാദ വഴികളൊരുക്കി രാസലഹരികള്‍ കാത്തിരിക്കുന്നു.
ഉത്സവങ്ങളും പെരുന്നാളുകളും വിവാഹ വിരുന്നുകളും കൂട്ടായ്മയുടെ, സഹകരണത്തിന്റെ ഹര്‍ഷവേദികളായിരുന്നു. പോയ കാലത്തിന് തിരിച്ചു വരവില്ലല്ലോ. പക്ഷെ, ആ കാലത്തിന്റെ ചില ഗുണവശങ്ങള്‍ ശ്രമിച്ചാല്‍ കൈ എത്തിപ്പിടിക്കാവുന്നതേയുള്ളു.
ലോകത്ത് ഗുണമേന്മയുള്ള ജീവിതം പുലരുന്ന രാജ്യങ്ങളായി കണക്കാക്കുന്നത് ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണ്. അവിടെ പൗരന്മാര്‍ സന്തോഷവും സമാധാനവും അനുഭവിക്കുന്നു. അല്ലലില്ലാതെ സാമൂഹിക ജീവിതം ആസ്വദിക്കുന്നു. എറിത്രിയ, സോമാലിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ് മോശം നാടുകളായി ഗണിക്കപ്പെടുന്നത്. അമേരിക്ക ഗുണമേന്മയുടെ കാര്യത്തില്‍ താഴേക്കു പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സമ്പത്തും സൗകര്യവും കൂടിയതുകൊണ്ട് ആനന്ദം ഉണ്ടാകണമെന്നില്ല. സാമൂഹിക ജീവിയായ മനുഷ്യന്‍ സമൂഹ ജീവിതം തിരിച്ചു പിടിക്കുമ്പോള്‍ മാത്രമേ തളരുമ്പോള്‍ താങ്ങാന്‍ ആളുകള്‍ ഉണ്ടാവൂ.