വന്യമൃഗങ്ങള്‍ മൂലം കൃഷി നാശമുണ്ടായാല്‍ ഉടന്‍തന്നെ അക്ഷയ സെന്റര്‍ മുഖേനയോ e ditsrict മുഖേന ഓണ്‍ലൈനായോ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം തന്നെ DFO-ക്ക് വെള്ളക്കടലാസില്‍ എഴുതി തയാറാക്കിയ പരാതി കൊടുക്കുക. പകര്‍പ്പുകള്‍ റേഞ്ച് ഓഫീസര്‍, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് Acknowledgement card സഹിതം രജിസ്‌ട്രേഡ് പോസ്റ്റായി അയക്കുക.
കൃഷിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടിയുള്ള അനുബന്ധ സൗകര്യങ്ങള്‍ (ജലസേചന സൗകര്യങ്ങള്‍, മതില്‍, വേലി) തുടങ്ങിയവ കൃഷിനാശം ആയി സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ അവയെ സംബന്ധിച്ചു പ്രത്യേക പരാതി കൊടുക്കേണ്ടതുണ്ട്. വന്യമൃഗം മൂലം നാശം ഉണ്ടായി എന്ന് പറയുന്നതിന് പകരം ഏത് വന്യമൃഗം എന്ന് വ്യക്തമായി വിവരിക്കാന്‍ ശ്രദ്ധിക്കുക. ഇവിടെയും ലഭ്യമായ തെളിവുകള്‍ ശേഖരിച്ചു സൂക്ഷിക്കുക.
ജലസേചനസൗകര്യം, സംരക്ഷണ മതില്‍, വാഹനം, കെട്ടിടം, വളര്‍ത്തുമൃഗങ്ങള്‍ മുതലായ ഏതുതരം നാശമോ നഷ്ടമോ സംഭവിച്ചാലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി കൊടുക്കാവുന്നതാണ്. എന്നാല്‍, ഇവ നഷ്ടം സംഭവിച്ച വ്യക്തിയുടെ അവകാശത്തിലും അനുഭവത്തിലും ഉണ്ടായിരുന്നതായി തെളിവ് ആവശ്യമാണ്. കൂടാതെ മുന്‍പ് സൂചിപ്പിച്ചതു പോലെ അക്രമം നടത്തിയ വന്യമൃഗം ഏതെന്ന് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ശ്രദ്ധിക്കുക.
കൃഷിനഷ്ടത്തെ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ശ്രമിക്കണം. ഉദാഹരണത്തിന് റബ്ബര്‍ കൃഷി ആണെങ്കില്‍ റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും അതു പോലെ, ഓരോ കൃഷിയും സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ഇത് സാധ്യമാകാത്ത സാഹചര്യങ്ങളില്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരോ വിളകളെ സംബന്ധിച്ച് പരിജ്ഞാനമുള്ളവരോ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയാലും മതിയാകുന്നതാണ്. സാധിക്കുന്നിടത്തോളം സംഭവിച്ച നഷ്ടം വ്യക്തമായി കാണാവുന്നരീതിയില്‍ പ്രദേശത്തെ ഫോട്ടോഗ്രാഫറെ കൊണ്ട് ആവശ്യമായ ഫോട്ടോകള്‍ എടുപ്പിച്ചു ബില്‍ സഹിതം സൂക്ഷിച്ചുവയ്ക്കണം.
നഷ്ടം സംഭവിച്ച കാര്യങ്ങള്‍ സംബന്ധിച്ച് അധികാരികളില്‍ നിന്നും പരിഹാരം ഉണ്ടാകാതെ വരുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിനായി നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഈ സമയത്ത് മുന്‍പ് ശേഖരിച്ച തെളിവുകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടാകുന്നതാണ്. നഷ്ടപരിഹാരം അനുവദിച്ച് കിട്ടുന്നതിന് മതിയായ തെളിവുകള്‍ അനിവാര്യമാണ്. തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിമാത്രമാണ് നഷ്ടപരിഹാരം നിജപ്പെടുത്തുന്നത്. തെളിവായി ഹാജരാക്കേണ്ട എല്ലാ രേഖകളും മറക്കാതെ സൂക്ഷിച്ചു വെക്കേണ്ടതാണ്.