ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഷ്യന്‍സി അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം

2022-23 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതി മുഴുവന്‍ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് നേടി വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഷന്‍സി അവാര്‍ഡിന് അപേക്ഷിക്കാം. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരായിരിക്കണം. ഭിന്നശേഷിക്കാരില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഗ്രേഡ് നിബന്ധനയില്ല. കേരള, സിബിഎസ്‌സി, ഐസിഎസ്‌സി തുടങ്ങി വിവിധ ബോര്‍ഡുകളുടെ പരീക്ഷ എഴുതിയ ഭിന്നശേഷിക്കാരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. അപേക്ഷാ ഫോം http://www.hpwc.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, ഭിന്നശേഷിത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാര്‍കാര്‍ഡ് കോപ്പി, യുഡിഐഡി കാര്‍ഡ് കോപ്പി എന്നിവ പിന്‍ ചെയ്യണം.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: കേരളസംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, മാനേജിംഗ് ഡയറക്ടര്‍, പൂജപ്പുര, തിരുവനന്തപുരം – 695012. അപേക്ഷകള്‍ ജൂണ്‍ 30ന് മുമ്പ് ഓഫീസില്‍ ലഭിക്കണം.

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി എം.എല്‍.റ്റി, ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, ബിഎസ്‌സി ഒപ്‌റ്റോമെട്രി, ബി.പി.റ്റി, ബി.എ.എസ്സ് എല്‍.പി., ബി.സി.വി.റ്റി, ബിഎസ്‌സി ഡയാലിസിസ് ടെക്‌നോളജി, ബിഎസ്‌സി പേഴ്‌സണല്‍ തെറാപ്പി, ബിഎസ്‌സി മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്‌നോളജി, ബിഎസ്‌സി ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

http://www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഫീസ് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടക്കാം.

2023 ജൂണ്‍ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. ജനല്‍, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 3. പ്രോസ്‌പെക്ടസ്റ്റ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ബി.എസ്.സി നഴ്‌സിംഗ്, ബി.എ.എസ്സ്.എല്‍.പി. ഒഴികെയുള്ള മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്.

ബി.എ.എസ്സ്.എ.പി. കോഴ്‌സസിന് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ +2 ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്‌സ് കമ്പ്യൂട്ടര്‍ സയന്‍സ് / സ്റ്റാറ്റിസ്റ്റിക്‌സ് / ഇലക്ട്രോണിക്‌സ്, സൈക്കോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ ആയിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാത്തമറ്റിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് സ്റ്റാറ്റിസ്റ്റിക് ഇലക്ട്രോണിക്‌സ് / സൈക്കോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.

അപേക്ഷാര്‍ത്ഥികള്‍ 17 വയസ് പൂര്‍ത്തീകരിച്ചിരിക്കണം. ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിനുള്ള ഉയര്‍ന്ന പ്രായപരിധി 31 വയസ്സാണ്. നിശ്ചിത പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് സര്‍വീസ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല

നീറ്റ് യുജി കേരളത്തില്‍ ഒന്നാം റാങ്ക് ആര്യക്ക്:അല്‍ഫോന്‍സാ സ്‌കൂളിന് അഭിമാന നിമിഷം

താമരശ്ശേരി: നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാതലത്തില്‍ ഇരുപത്തി മൂന്നാം റാങ്കും നേടി അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്‍. എസ്. ആര്യ നാടിന്റെ അഭിമാന താരമായി. അഖിലേന്ത്യാതലത്തില്‍ പെണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനമാണ് ആര്യയ്ക്ക്. 720ല്‍ 711 മാര്‍ക്കാണ് ആര്യ നേടിയത്. പൊലീസ് ഉദ്യോഗസ്ഥനായ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ് ആര്യ.

റാങ്ക്‌നേട്ടം കൈവരിച്ചതിനു പിന്നാലെ ദൈവത്തിനും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും നന്ദി അര്‍പ്പിക്കുകയാണെന്ന് ആര്യ പറഞ്ഞു. ”ഒന്നു മുതല്‍ 12 വരെ അല്‍ഫോന്‍സാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്. എന്റെ വിജയത്തിലും രൂപീകരണത്തിലും അല്‍ഫോന്‍സ സ്‌കൂള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അത് വാക്കിലൂടെ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. സ്‌കൂളിലെ എല്ലാവരുടെയും പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ടായിരുന്നു. സാധാരണ കുടുംബമാണ് എന്റേത്. പക്ഷെ, അല്‍ഫോന്‍സ സ്‌കൂളില്‍ എനിക്ക് ലഭിച്ച സൗകര്യങ്ങള്‍ വളരെയേറെയാണ്. ഇവിടെ പഠിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു. മത്സര പരീക്ഷയ്ക്ക് ഒരുങ്ങുമ്പോള്‍ അടിത്തറ ശക്തമാകണം, ആശയങ്ങള്‍ വ്യക്തതയോടെ മനസിലാക്കണം. അത് അല്‍ഫോന്‍സ സ്‌കൂളിലെ പഠനത്തിലൂടെ എനിക്ക് സാധിച്ചു.” – ആര്‍. എസ്. ആര്യ പറഞ്ഞു.

ആര്‍. എസ്. ആര്യയെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിനന്ദിച്ചു. ദൈവവിശ്വാസത്തിലും കഠിനാദ്ധ്വാനത്തിലും അടിയുറച്ചു നേടിയ തിളക്കമാര്‍ന്ന വിജയം പുതുതലമുറയ്ക്ക് പ്രചോദനമാകട്ടെയെന്ന് ബിഷപ് ആശംസിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജില്‍സണ്‍ തയ്യില്‍ ആര്യയെ അഭിനന്ദിച്ചു. സ്‌കൂളില്‍ പഠിക്കുകയെന്നത് കുട്ടികള്‍ക്ക് അഭിമാനമാണ്. പക്ഷെ, ചില കുട്ടികളെ പഠിപ്പിക്കുകയെന്നത് അധ്യാപകരായ ഞങ്ങള്‍ക്ക് അഭിമാനമാണ്. ഒരു പക്ഷേ, ടീച്ചര്‍മാര്‍ ക്ലാസ് എടുക്കുന്നതിന് മുമ്പു തന്നെ വിഷയത്തെക്കുറിച്ച് കുട്ടിക്ക് അറിവുണ്ടാകും. എങ്കിലും അധ്യാപകരോടുള്ള വിധേയത്വത്തോടെ പഠിക്കുന്നതിനുള്ള മനസാണ് കുട്ടിയെ വളര്‍ച്ചയിലേക്ക് നയിക്കുന്നത് – അദ്ദേഹം പറഞ്ഞു.

കൃത്യമായ പ്ലാനിങ്ങോടെയുള്ള പഠനമാണ് ആര്യയെ മികച്ച റാങ്ക് എന്ന വലിയ നേട്ടത്തിലേക്ക് നയിച്ചതെന്ന് പ്രിന്‍സിപ്പല്‍ കെ. വി. സെബാസ്റ്റിയന്‍ പറഞ്ഞു.

താമരശ്ശേരി രൂപതയുടെ അല്‍ഫോന്‍സാ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് താമരശ്ശേരി കൊരങ്ങാടുള്ള അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

Exit mobile version