പുല്ലൂരാംപാറ: മതാധ്യാപകര്‍ പീഠത്തില്‍ തെളിച്ചുവച്ച ദീപമാണെന്നും ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍ നിന്ന് ഒഴുകി ഇറങ്ങുന്ന തിരുരക്തത്തിന്റെ അമൂല്യമായ ശക്തി ഹൃദയത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചവരാണ് അവരെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനയില്‍ അഭിപ്രായപ്പെട്ടു. ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടന്ന രൂപതാ മതാധ്യാപക സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരമായ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. മതബോധന ക്ലാസുകളില്‍ നിന്ന് ലഭിക്കുന്ന പരിശീലനത്തോടൊപ്പം വീടുകളില്‍ നിന്നും തുടര്‍ പരിശീലനം ലഭിക്കേണ്ടത് ആവശ്യമാണ്. അതിനായി മാതാപിതാക്കളെ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ഈ വര്‍ഷം ക്രമീകരിക്കും. അമ്മമാരാണ് വിശ്വാസ കൈമാറ്റത്തിന്റെ ചാലക ശക്തി. അതുകൊണ്ടുതന്നെ കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ അമ്മമാര്‍ മുന്‍കൈ എടുക്കണം. തെറ്റുകളില്‍ വീഴാതിരിക്കാന്‍ സുവിശേഷം പഠിക്കണം. വിശുദ്ധ കുര്‍ബാനയാണ് ഏറ്റവും വലിയ ശക്തി സ്രോതസ്സ്. വിശുദ്ധ കുര്‍ബാനയെക്കുറിച്ച് പഠിക്കാന്‍ സമയം കണ്ടെത്തണം – ബിഷപ് കൂട്ടിച്ചേര്‍ത്തു.
അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. കേരള സഭ ഇനിയും വളരാനും വീണ്ടും പൂക്കാലമുണ്ടാകാനും മതാധ്യാപകരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കേരള സഭയിലെ വസന്തത്തെയാണ് ഇന്ന് രാജ്യം ഭരിക്കുന്നവര്‍ ഭയപ്പെടുന്നത്. ഏത് രാജ്യത്തു പോയാലും ഈശോയെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലേക്ക് കുട്ടികളെ വളര്‍ത്തുവാന്‍ മതാധ്യാപകര്‍ക്കാകണം. ക്രിസ്തുവിനെ അവരുടെ ഹൃദയത്തിലേക്ക് നിരന്തരം പമ്പു ചെയ്യുവാന്‍ സാധിക്കണം – അഡ്വ. ജസ്റ്റിന്‍ പറഞ്ഞു. രാവിലെ നടന്ന ക്ലാസുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായി കൗദാശിക ജീവിതത്തിലേക്ക് കുട്ടികളെ നയിക്കുകയെന്നതാണ് ഈ വര്‍ഷത്തെ പ്രമേയമെന്ന് മതബോധന രൂപതാ ഡയറക്ടര്‍ ഫാ. രാജേഷ് പള്ളിക്കാവയലില്‍ പറഞ്ഞു. ഇന്നത്തെ മാതാപിതാക്കള്‍ വളരെ ആശങ്കയിലാണെന്നും യേശുവിനെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണമെന്നും ബഥാനിയ ഡയറക്ടര്‍ ഫാ. ബിനു പുളിക്കല്‍ ചൂണ്ടിക്കാട്ടി.
എം. ജെ. അബ്രാഹാം മണലോടി, ഷിബു മാത്യു എടാട്ട് എന്നിവര്‍ പ്രസംഗിച്ചു. മതബോധന ഗാനത്തിന്റെ വീഡിയോ റിലീസ് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ചലച്ചിത്ര പിന്നണി ഗായിക നിയ ചാര്‍ലി ഗാനം ആലപിച്ചു. അബ്രഹാം ജെയ്സന്‍ വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചു. വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മുടങ്ങാതെ വേദപാഠ ക്ലാസുകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു.