ഒരാഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിനു ശേഷം ഫ്രാന്‍സിസ് പാപ്പ പുഞ്ചിരിച്ചുകൊണ്ട് വത്തിക്കാനിലേക്ക് മടങ്ങി. ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി ജൂണ്‍ ഏഴിനാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പാപ്പയെ പ്രവേശിപ്പിച്ചത്.
ഡിസ്ചാര്‍ജിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് തമാശകള്‍ പറഞ്ഞും തന്നെ കാണാനായി തടിച്ചുകൂടിയവരെ അഭിവാദ്യം ചെയ്തുമാണ് പാപ്പ മടങ്ങിയത്. ഇപ്പോള്‍ എന്തു തോന്നുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ”ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു” എന്ന മറുപടിയാണ് തമാശ രൂപേണ പാപ്പ പറഞ്ഞത്.
പാപ്പയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വിനിമയ കാര്യാലയ ഡയറക്ടര്‍ മത്തേയോ ബ്രൂണി അറിയിച്ചു. ”ശസ്ത്രക്രിയയില്‍ സങ്കീര്‍ണതകളൊന്നുമുണ്ടായിരുന്നില്ല. ആരോഗ്യത്തില്‍ കാര്യമായ പുരോഗതി കാണിക്കുന്നുണ്ട്. പാപ്പയ്ക്ക് ഉടന്‍ തന്നെ അനുദിന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം.” അദ്ദേഹം പറഞ്ഞു.
വത്തിക്കാനിലേക്കുള്ള യാത്രാ മധ്യേ റോമിലെ മരിയന്‍ ബസിലിക്കയായ മരിയ മേജറിലെ സാലൂസ് പോപ്പുളി റൊമാനിയുടെ രൂപത്തിനു മുന്നില്‍ പാപ്പ പ്രാര്‍ത്ഥനാ നിരതനായി. റോമന്‍ ജനതയുടെ സംരക്ഷക എന്നറിയപ്പെടുന്ന മാതാവിന്റെ രൂപമാണ് സാലൂസ് പോപ്പുളി റൊമാനി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ശ്വാസനാള രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം വത്തിക്കാനിലേക്ക് മടങ്ങുമ്പോഴും രണ്ടു വര്‍ഷം മുമ്പ് വന്‍കുടലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വത്തിക്കാനിലേക്ക് മടങ്ങുമ്പോഴും ഫ്രാന്‍സിസ് പാപ്പ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു.
വരും ദിവസങ്ങളില്‍ പാപ്പാ നയിക്കുന്ന ത്രികാല പ്രാര്‍ത്ഥനയും മറ്റ് കൂടികാഴ്ചകളുമുണ്ടായിരിക്കുമെങ്കിലും മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച ജൂണ്‍ 21 വരെ റദ്ദാക്കിയിട്ടുണ്ട്. ലോക യുവജന ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 2 മുതല്‍ 6 വരെ പോര്‍ച്ചുഗലിലേക്കും ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ മംഗോളിയയിലേക്കും ഫ്രാന്‍സിസ് പാപ്പാ അപ്പോസ്‌തോലിക യാത്രകള്‍ നടത്താനിരിക്കുകയാണ്.
ഗ്രീസില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. ഗ്രീസിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷോയ്ക്ക് പാപ്പ ഇതു സംബന്ധിച്ച അനുശോചന സന്ദേശം അയച്ചു. ദുരന്തത്തില്‍ മരണമടഞ്ഞ കുടിയേറ്റക്കാര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും ഈ ദുരന്തത്തില്‍ ആഘാതമേറ്റ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പാപ്പ കുറിച്ചു.