ചോദ്യം: ഒരു കത്തോലിക്കനും ഒരു ഹിന്ദു മതവിശ്വാസിയും ഹൈന്ദവാചാരപ്രകാരം വിവാഹം നടത്തുമ്പോള്‍ മനഃസമ്മതം കത്തോലിക്കാ പള്ളിയില്‍ വച്ച് നടത്തുന്നത് നിയമാനുസൃതമാണോ?
ഈ ചോദ്യത്തിന്റെ ഉത്തരം, നിയമാനുസൃതമല്ല എന്നതാണ്. എന്നാല്‍ ഈ സാഹചര്യത്തെ പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ ഒരു കത്തോലിക്കാ വിശ്വാസിയും മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള സഭാ നിയമം അറിഞ്ഞിരിക്കണം. സഭയുടെ നിയമപ്രകാരം മാമ്മോദീസ സ്വീകരിക്കാത്ത വ്യക്തിയുമായി കത്തോലിക്കാ വിശ്വാസി വിവാഹ ബന്ധത്തിലേര്‍പ്പെടുവാന്‍ പാടില്ല. (CCEO പ്രൗരസ്ത്യ കാനന്‍ നിയമം-} c.803 §1, CIC {ലത്തീന്‍ കാനന്‍ നിയമം) c.1086}. പൗരസ്ത്യ പാശ്ചാത്യ സഭകളിലും വധുവരന്മാരുടെ മതവ്യത്യാസം (disparity of cult) വിവാഹത്തെ അസാധുവാക്കുന്ന ഒരു തടസ്സമായിട്ടാണ് (impediment) കണക്കാക്കുന്നത്. സത്യവിശ്വാസം നഷ്ടപ്പെടുത്താതിരിക്കാനും സന്താനങ്ങളെ സത്യവിശ്വാസത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് തടസ്സമായേക്കാവുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം നിലകൊള്ളുന്നത്. എന്നാല്‍ തക്ക സഭാധികാരികള്‍ക്ക് മതവ്യത്യാസം എന്ന വിവാഹ തടസ്സത്തില്‍ നിന്ന് ഒഴിവ് (dispensation) നല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഈ ഒഴിവ് സഭാധികാരികളില്‍ നിന്ന് (ഉദാ. രൂപതാദ്ധ്യക്ഷന്‍) ലഭിച്ചാല്‍, ഇത്തരം വിവാഹം പള്ളിയില്‍ വച്ച് നടത്താവുന്നതാണ്.
ഒഴിവ് ലഭിക്കണമെങ്കില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ പാലിച്ചിരിക്കണം. കത്തോലിക്കാ കക്ഷി തന്റെ വിശ്വാസത്തെ സംരക്ഷിച്ച് ജീവിക്കുമെന്ന് ഉറപ്പു നല്‍കുകയും, വിവാഹത്തില്‍ നിന്ന് ഉണ്ടാകുന്ന മക്കളെ കത്തോലിക്കാ സഭയില്‍ മാമ്മോദീസയും ശിക്ഷണവും നല്‍കി വളര്‍ത്തുന്നതിന് തന്റെ കഴിവിനനുസരിച്ച് പരിശ്രമിക്കുമെന്ന് ആത്മാര്‍ത്ഥമായി രൂപതാദ്ധ്യക്ഷനു മുമ്പില്‍ വാഗ്ദാനം ചെയ്യുകയും ചെയ്യണം. കത്തോലിക്കാ കക്ഷി ചെയ്യുന്ന ഈ വാഗ്ദാനങ്ങളെക്കുറിച്ച് അക്രൈസ്തവ കക്ഷി യഥാസമയം അറിയുകയും അതിനെക്കുറിച്ച് വ്യക്തമായ ധാരണയുെണ്ടന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. വിവാഹത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളെയും ഗുണങ്ങളെയും കുറിച്ച് രണ്ട് കക്ഷികളും അറിയുകയും അതിനനുസരിച്ച് വിവാഹബന്ധത്തിലേര്‍പ്പെടാന്‍ സമ്മതം അറിയിക്കുകയും വേണം. ഇപ്രകാരമുള്ള ഉറപ്പിന്മേലാണ് വിവാഹം പള്ളിയില്‍ വച്ച് നടത്തുന്നത്. ഇങ്ങനെ നടത്തുന്ന വിവാഹം ഒരു കൂദാശയല്ല. മാമ്മോദീസ സ്വീകരിക്കാത്ത കക്ഷി മാമ്മോദീസ പിന്നീട് സ്വീകരിച്ചാല്‍ ആ നിമിഷത്തില്‍ ഈ വിവാഹത്തിന് കൗദാശിക സ്വഭാവം കൈവരുന്നതാണ്. ഇപ്രകാരം അനുവാദത്തോടെ വിവാഹം നടത്തുമ്പോള്‍ കത്തോലിക്കാ കക്ഷിക്കു തുടര്‍ന്നും കൂദാശകള്‍ സ്വീകരിച്ച് സഭാ ജീവിതം പൂര്‍ണ്ണമായി തുടരാവുന്നതാണ്.
ഒരു കത്തോലിക്കാ വിശ്വാസിക്ക് യാതൊരു കാരണവശാലും മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയെ ആ മതത്തിന്റെ വിവാഹ കര്‍മ്മം ഉപയോഗിച്ച് വിവാഹം കഴിക്കാന്‍ സഭാനിയമം അനുവദിക്കുന്നില്ല. അതിന് ഒഴിവു ലഭിക്കുന്നതുമല്ല. അതിനാല്‍, ഒരു കത്തോലിക്കാ വിശ്വാസി ഹൈന്ദവാചാര പ്രകാരം നടത്തുന്ന വിവാഹവുമായി സഭയ്ക്ക് യാതൊരു ബന്ധവുമില്ല. അതുകൊണ്ട് ഒത്തുകല്യാണം പള്ളിയില്‍ വച്ച് നടത്തുന്നത് അനുവദനീയമല്ല. സഭാനിയമം അനുശാസിക്കുന്നതിനെതിരായി വിവാഹം കഴിക്കുന്ന കത്തോലിക്കാ കക്ഷിക്ക് കത്തോലിക്കാസഭയില്‍ കൂദാശകള്‍ സ്വീകരിക്കുന്നതിന് ഈ വിവാഹത്തോടെ വിലക്ക് നിലവില്‍ വരുന്നതുമാണ്.