Site icon Malabar Vision Online

ആദിമ സഭയുടെ ചൈതന്യത്തില്‍ മുന്നേറുവാന്‍ കുടുംബക്കൂട്ടായ്മകള്‍ സജീവമാക്കണം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍


കോഴിക്കോട്: ഒരു ഹൃദയവും ഒരാത്മാവുമായി ആദിമ സഭയുടെ ചൈതന്യത്തില്‍ മുന്നേറുകയെന്നതാണ് കുടുംബക്കൂട്ടായ്മകളിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന കുടുംബക്കൂട്ടായ്മ രൂപതാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
”ആദിമ സഭയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കാന്‍ നമുക്ക് കടമയുണ്ട്. സ്‌നഹം ശക്തമാകുമ്പോള്‍ മാത്രമേ പങ്കുവയ്ക്കാന്‍ കഴിയൂ. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ ആദിമ സഭയുടെ ചൈതന്യത്തിലേക്ക് നമുക്ക് വളരാന്‍ കഴിയും. കുടുംബക്കൂട്ടായ്മകള്‍ കൃത്യമായി സംഘടിപ്പിക്കുവാന്‍ നേതൃത്വത്തിലുള്ളവര്‍ ശ്രദ്ധിക്കണം. തിരക്കുകള്‍ മാറ്റി വച്ച് കുടുംബത്തിലെ ഓരോ അംഗങ്ങളും കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോഴാണ് കുടുംബക്കൂട്ടായ്മകള്‍ സജീവമാകുന്നത്. ഓരോ കുടുംബത്തെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍കൂടിയുള്ള അവസരമാണ് കുടുംബക്കൂട്ടായ്മകള്‍” – ബിഷപ് പറഞ്ഞു.

രാവിലെ ‘സഭയുടെ അജപാലന ദൗത്യത്തില്‍ അല്മായരുടെ പങ്ക്’ എന്ന വിഷയം അടിസ്ഥാനമാക്കി പിഎംഒസി ഡയറക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ക്ലാസ്സ് നയിച്ചു. കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ റവ. ഡോ. മാത്യു കുളത്തിങ്കല്‍, രൂപതാ പ്രസിഡന്റ് തോമസ് വലിയപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫൊറോന അടിസ്ഥാനത്തില്‍ നടത്തിയ ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഫാ. നിഖില്‍ പുത്തന്‍വീട്ടില്‍ മോഡറേറ്ററായിരുന്നു. വിവിധ യൂണിറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി. വരും വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്തു.


Exit mobile version