കുടുംബകൂട്ടായ്മ വാര്‍ഷികസമ്മേളനം നടത്തി

താമരശ്ശേരി രൂപത കുടുംബകൂട്ടായ്മ വാര്‍ഷികസമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സഭയിലും സമൂഹത്തിലും സമുദ്ധാരണം സാധ്യമാക്കുവാന്‍ ഒരുമനസ്സോടെ അക്ഷീണം പ്രയത്നിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.

മേരിക്കുന്ന് പിഎംഒസിയില്‍ നടത്തിയ സമ്മേളനത്തില്‍ സീറോമലബാര്‍ കുടുംബകൂട്ടായ്മ പ്രസിഡന്റ് ഡോ. ലോറന്‍സ് തൈക്കാട്ടില്‍ ആധുനിക ലോകത്തില്‍ കുടുംബകൂട്ടായ്മകളുടെ പ്രസക്തിയെക്കുറിച്ച് ക്ലാസ് എടുത്തു.

കുടുംബകൂട്ടായ്മ രൂപതാ ഡയറക്ടര്‍ ഡോ. ബിനു മാത്യു കുളത്തിങ്കല്‍, കുടുംബകൂട്ടായ്മ രൂപതാ പ്രസിഡന്റ് തോമസ് വലിയപറമ്പില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

കഴിഞ്ഞവര്‍ഷം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കുടുംബ യൂണിറ്റുകള്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അടുത്ത വര്‍ഷം കുടുംബകൂട്ടായ്മകളില്‍ നടപ്പിലാക്കേണ്ട വിവിധ കര്‍മ്മപദ്ധതികള്‍ക്ക് സമ്മേളനം രൂപം കൊടുത്തു.

തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ താമരശ്ശേരി രൂപതയിലെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റ്

ഈ വര്‍ഷത്തെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റുകളെ പ്രഖ്യാപിച്ചു. തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റിനെ രൂപതാതലത്തിലെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റായി തെരഞ്ഞെടുത്തു. മാങ്കാവ് സെന്റ് ആന്റണീസ് രണ്ടും തോട്ടുമുക്കം സെന്റ് മേരീസ് മൂന്നും സ്ഥാനങ്ങള്‍ നേടി.

എ പ്ലസ് ഗ്രേഡ് നേടിയ യൂണിറ്റുകള്‍: തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍, തിരുവമ്പാടി ജോണ്‍ ബ്രിട്ടോ, തിരുവമ്പാടി സെന്റ് ഡാമിയേന്‍, വേനപ്പാറ സെന്റ് തോമസ്, താമരശ്ശേരി സെന്റ് തെരേസാസ് വൃന്ദാവന്‍, നൂറാംതോട് സെന്റ് സെബാസ്റ്റിയന്‍, പുതുപ്പാടി ഫിലിപ്പിനേരി, തോട്ടുമുക്കം സെന്റ് മേരീസ്, തോട്ടുമുക്കം ജോണ്‍ പോള്‍, തോട്ടുമുക്കം സെന്റ് എവുപ്രാസ്യ, തെയ്യപ്പാറ സെന്റ് ജോസഫ്, മാങ്കാവ് സെന്റ് ആന്റണീസ്, മാങ്കാവ് സെന്റ് ജോസഫ്, കൂരാച്ചുണ്ട് സെന്റ് സാവിയോ, കൂരാച്ചുണ്ട് സെന്റ് അല്‍ഫോന്‍സ, കക്കയം സെന്റ് ചാവറ കുര്യാക്കോസ് II, ചക്കിട്ടപാറ സെന്റ് വിയാനി, വിലങ്ങാട് അല്‍ഫോന്‍സ ഭവന്‍, മരിയഗിരി (വാളൂക്ക്) സെന്റ് ബെനഡിക്ട്.

”മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബക്കൂട്ടായ്മ യൂണിറ്റുകളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് നടത്തുന്നത്. രൂപതാതലത്തില്‍ ചേര്‍ന്ന കുടുംബക്കൂട്ടായ്മ വാര്‍ഷിക വിലയിരുത്തല്‍ സമ്മേളനത്തില്‍ വിദഗ്ധ സമിതിയാണ് വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച യൂണിറ്റുകളെ തെരഞ്ഞെടുത്തത്.” -കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ ഫാ. ബിനു കുളത്തിങ്കല്‍ പറഞ്ഞു.

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3001 രൂപ, 2001 രൂപ, 1001 രൂപ ക്യാഷ് അവാര്‍ഡും യൂണിറ്റിലെ ഓരോ കുടുംബത്തിനുമുള്ള സമ്മാനങ്ങളടങ്ങിയ ബോക്‌സുമാണ് സമ്മാനം. എ പ്ലസ് യൂണിറ്റുകള്‍ക്ക് 500 രൂപയും യൂണിറ്റിലെ ഓരോ കുടുംബത്തിനുമുള്ള സമ്മാനങ്ങളടങ്ങിയ ബോക്‌സും സമ്മാനമായി നല്‍കും.

ജെറിയാട്രിക് കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

താമരശ്ശേരി രൂപത റൂബി ജൂബിലിയുടെ ഭാഗമായി ജെറിയാട്രിക് കെയര്‍ (മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രവര്‍ത്തന പദ്ധതി) ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്നവര്‍ക്ക് സന്തോഷം നല്‍കുകയെന്നത് അവര്‍ക്ക് നമ്മള്‍ നല്‍കുന്ന ഔദാര്യമല്ലെന്നും അത് അവരുടെ അവകാശമാണെന്നും ബിഷപ് ഓര്‍മിപ്പിച്ചു. ”ദൈവത്തിന്റെ കരുണ നമ്മിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്നവരെ അനുഭാവപൂര്‍ണമായി പരിഗണിക്കണം. അവര്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. പരിശുദ്ധാത്മാവിനാല്‍ നിറയുമ്പോള്‍ അത് സാധ്യമാകും.” – ബിഷപ് പറഞ്ഞു.

മുതിര്‍ന്ന പൗരന്മാരുടെ മാനസികവും ശാരീരികവും ആത്മീയവുമായ കാര്യങ്ങളില്‍ ഇടവകകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഇടവകകളില്‍ പകല്‍ വീടുകള്‍ ആരംഭിക്കുവാനുമുള്ള പദ്ധതിക്ക് സമ്മേളനത്തില്‍ തുടക്കമായി.

ലിവിങ് ലൈഫ് ട്രസ്റ്റ് ടീം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ക്കായി പകല്‍ വീട് അടക്കമുള്ള സേവനം ഒരുക്കുന്ന കല്ലാനോട് സെന്റ് മേരീസ് പള്ളിയിലെ പ്രതിനിധികളായ സിസ്റ്റര്‍ ഷീല, നിമ്മി പൊതിട്ടേല്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

റൂബി ജൂബിലി പ്രവര്‍ത്തനങ്ങളുടെ രൂപതാതല കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര, ജെറിയാട്രിക് കെയര്‍ പ്രവര്‍ത്തനങ്ങളുടെ രൂപതാതല കോ-ഓഡിനേറ്റര്‍ മാത്യു കുളത്തിങ്കല്‍, കുടുംബക്കൂട്ടായ്മ രൂപതാ പ്രസിഡന്റ് തോമസ് വലിയപറമ്പില്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് രൂപതാ സെക്രട്ടറി മാത്യു തേരകം, വിന്‍സെന്റ് ഡീ പോള്‍ രൂപതാ പ്രസിഡന്റ് തോമസ് പുലിക്കോട്ടില്‍, ഡാര്‍ലിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഇടവകകളില്‍ നിന്നായി 250ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

കുടുംബകൂട്ടായ്മകളില്‍ ആലപിക്കാന്‍ തീം സോങ്ങ് ഒരുങ്ങി

കുടുംബക്കൂട്ടായ്മകളില്‍ ആലപിക്കുന്നതിനായി താമരശ്ശേരി രൂപത കുടുംബക്കൂട്ടായ്മ തയ്യാറാക്കിയ തീം സോങ്ങ് പുറത്തിറക്കി. ‘കുടുംബകൂട്ടായ്മ ഒരു സ്‌നേഹസഭ’ എന്ന പേരില്‍ Familia Ecclesia എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ആമുഖ സന്ദേശത്തോടെ ആരംഭിക്കുന്ന ഗാനം കുടുംബ കൂട്ടായ്മകളില്‍ പാടാനായി പ്രത്യേകം തയ്യാറാക്കിയതാണ്. ഗാനത്തിന്റെ രചനയും & സംഗീതവും നിര്‍വഹിച്ചത് ഫാ. ജയിംസ് വാളിമലയില്‍ CST. ആലാപനം ഫാ. വിപിന്‍ കുരിശുതറ CMI, സിസ്റ്റര്‍ അനുഷ തോമസ് SH (കോറസ്: സിസ്റ്റര്‍ അമല ജയിംസ് SH, സിസ്റ്റര്‍ മേഴ്സി അലക്‌സ് SH).

‘കുടുംബക്കൂട്ടായ്മയുടെ ഇത്തരത്തിലൊരു ചുവടുവയ്പ്പ് ഇത് ആദ്യമാണ്. കുടുംബങ്ങള്‍ ഒന്ന് ചേരുന്ന എല്ലാ അവസരങ്ങളിലും, പ്രത്യേകിച്ച് കുടുംബക്കൂട്ടായ്മകളിലും ഈ ഗാനം ആലപിക്കാം. ഈ ഗാനം കുടുംബ കൂട്ടായ്മകള്‍ക്ക് കരുത്തേകുമെന്ന കാര്യത്തില്‍ സംശയമില്ല.’ – കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ ഫാ. മാത്യു കുളത്തിങ്കല്‍ പറഞ്ഞു.

ഗാനം കേള്‍ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

ആദിമ സഭയുടെ ചൈതന്യത്തില്‍ മുന്നേറുവാന്‍ കുടുംബക്കൂട്ടായ്മകള്‍ സജീവമാക്കണം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: ഒരു ഹൃദയവും ഒരാത്മാവുമായി ആദിമ സഭയുടെ ചൈതന്യത്തില്‍ മുന്നേറുകയെന്നതാണ് കുടുംബക്കൂട്ടായ്മകളിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന കുടുംബക്കൂട്ടായ്മ രൂപതാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
”ആദിമ സഭയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കാന്‍ നമുക്ക് കടമയുണ്ട്. സ്‌നഹം ശക്തമാകുമ്പോള്‍ മാത്രമേ പങ്കുവയ്ക്കാന്‍ കഴിയൂ. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ ആദിമ സഭയുടെ ചൈതന്യത്തിലേക്ക് നമുക്ക് വളരാന്‍ കഴിയും. കുടുംബക്കൂട്ടായ്മകള്‍ കൃത്യമായി സംഘടിപ്പിക്കുവാന്‍ നേതൃത്വത്തിലുള്ളവര്‍ ശ്രദ്ധിക്കണം. തിരക്കുകള്‍ മാറ്റി വച്ച് കുടുംബത്തിലെ ഓരോ അംഗങ്ങളും കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോഴാണ് കുടുംബക്കൂട്ടായ്മകള്‍ സജീവമാകുന്നത്. ഓരോ കുടുംബത്തെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍കൂടിയുള്ള അവസരമാണ് കുടുംബക്കൂട്ടായ്മകള്‍” – ബിഷപ് പറഞ്ഞു.

രാവിലെ ‘സഭയുടെ അജപാലന ദൗത്യത്തില്‍ അല്മായരുടെ പങ്ക്’ എന്ന വിഷയം അടിസ്ഥാനമാക്കി പിഎംഒസി ഡയറക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ക്ലാസ്സ് നയിച്ചു. കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ റവ. ഡോ. മാത്യു കുളത്തിങ്കല്‍, രൂപതാ പ്രസിഡന്റ് തോമസ് വലിയപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫൊറോന അടിസ്ഥാനത്തില്‍ നടത്തിയ ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഫാ. നിഖില്‍ പുത്തന്‍വീട്ടില്‍ മോഡറേറ്ററായിരുന്നു. വിവിധ യൂണിറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി. വരും വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്തു.

Exit mobile version