Site icon Malabar Vision Online

വിലങ്ങാട് മേഖലയില്‍ ‘ലൂമിന’ സംഘടിപ്പിച്ചു


വിലങ്ങാട്: പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന യുവജനങ്ങളെ യേശുവില്‍ നവീകരിച്ച് ലോകത്തിന്റെ പ്രകാശമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ താമരശ്ശേരി രൂപതാ മതബോധന കേന്ദ്രം ഫൊറോന തലത്തില്‍ നടത്തുന്ന ‘ലൂമിന’ വിലങ്ങാട് മേഖലയില്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. ഒരു കരം യേശുവിന്റെ കരത്തോട് ചേര്‍ത്തു പിടിച്ചു വേണം ജീവിതയാത്രയില്‍ മുന്നോട്ടു പോകേണ്ടതെന്ന് ഫ്രാന്‍സിസ് പാപ്പയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘ഞാനാണ് ജീവന്റെ അപ്പം’ (യോഹ. 6:48) എന്ന മതബോധന പ്രമേയത്തെ അടിസ്ഥാനമാക്കി രൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലിലും എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി ടോമി പെരുവിലങ്ങാടും ക്ലാസുകള്‍ നയിച്ചു.

ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 84 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നൂബിന്‍ ജോസഫ്, ബര്‍ണാഡ് ജോസ് എന്നിവര്‍ സംഗീത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മതബോധന മേഖലാ പ്രസിഡന്റ് റോയി ജോസഫ് കരിനാട്ട് പ്രസംഗിച്ചു.


Exit mobile version