മൃഗങ്ങളെക്കൊണ്ടുള്ള ഏറെ വിശേഷണ പദങ്ങള്‍ ഭാഷയിലുണ്ട്. മൃഗീയ കൊലപാതകം, മൃഗീയ വാസന, മൃഗീയ മര്‍ദ്ദനം… അങ്ങനെ പലതും തരംപോലെ പ്രയോഗിക്കുന്നു.
എന്നാല്‍ മനുഷ്യന്റെ ചെയ്തികള്‍ വച്ചു നോക്കിയാല്‍ മൃഗങ്ങള്‍ ഈ വിശേഷണങ്ങള്‍ക്ക് പലപ്പോഴും ഒട്ടും ഇണങ്ങുന്നില്ലെന്നു മനസിലാകും.
സ്വന്തം വിശ്വാസത്തില്‍ പെടുന്നവരല്ലെന്ന ഏക കാരണത്താല്‍ സിറിയയിലും ലിബിയയിലും ഇറാക്കിലുമെല്ലാം മനുഷ്യരെ കഴുത്തറുത്തും വെടിവച്ചും കൊല്ലുന്നു. മാരക ബോംബുകള്‍ വര്‍ഷിച്ച് കൂട്ടക്കുരുതി നടത്തുന്നു. മനുഷ്യ വര്‍ഗമുണ്ടായ കാലം മുതല്‍ ഇത്തരം കുരുതികള്‍ നടക്കുന്നതായി എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഭക്ഷണത്തിനു വേണ്ടി മാത്രമാണ് മാംസഭുക്കുകളായ മൃഗങ്ങള്‍ മറ്റൊരു മൃഗത്തെ കൊല്ലുന്നത്. അതിനായി കൂര്‍ത്ത പല്ലുകളും നഖങ്ങളുമെല്ലാം സ്രഷ്ടാവ് നല്‍കിയിരിക്കുന്നു. വിശപ്പടങ്ങിക്കഴിഞ്ഞാല്‍ അവ ശാന്തമായി കിടക്കും. മാനുകള്‍ അടുത്തു കൂടി പോയാല്‍ പോലും പിന്നീട് കടുവ അനങ്ങില്ല. മനുഷ്യനെപ്പോലെ നാളത്തേക്കുള്ള ഭക്ഷണമിരിക്കട്ടെ എന്നു കരുതി ഒരു മാനിനെക്കൂടി കൊന്നിടില്ല.
മനുഷ്യന്‍ വര്‍ഷങ്ങളിലേക്കും പല തലമുറകള്‍ക്കു വേണ്ടിയും ഭക്ഷണ സാധനങ്ങളും ധനവും കുന്നുകൂട്ടി വയ്ക്കും. വിശക്കുന്നവന്റെ അല്‍പ്പാഹാരം കൂടി സമ്പന്നരും സമ്പന്ന രാഷ്ട്രങ്ങളും കൂടി തട്ടിപ്പറിക്കും. അതിനായി ദരിദ്ര രാജ്യത്തെ കരാറുകളില്‍ കുടുക്കിയിടും.
തേനീച്ചകളും ഉറുമ്പുകളും ക്ഷാമ കാലത്തേക്ക് ഭക്ഷണം കരുതി വയ്ക്കും. എന്നാല്‍ അത് ഒരു സീസണിലേക്ക് മാത്രം.
ഇറച്ചിക്കടകളോ, സൂപ്പര്‍ മാര്‍ക്കറ്റുകളോ ഇല്ലാത്തതിനാല്‍ മൃഗങ്ങള്‍ക്കും പറവകള്‍ക്കും എന്നും അന്നം തേടിയേ പറ്റൂ.
ഒരു ദിവസം ഭക്ഷണം കിട്ടിയില്ലെങ്കിലും ഈ മിണ്ടാപ്രാണികള്‍ ശാന്തരായി കിടക്കും. എന്നാല്‍ വയര്‍ നിറഞ്ഞിരിക്കുമ്പോഴും ഒരു നേരം ചായ മുടങ്ങിയാല്‍ മനുഷ്യന് വെപ്രാളമാണ്.
രോഗാവസ്ഥയില്‍ മൃഗം ഭക്ഷണം വെടിയും. അത് രോഗശമനത്തിനു സഹായകമാണ്. രോഗത്തെ ശാന്തമായി അവ സ്വീകരിക്കുന്നതു കാണാം.
എന്നാല്‍ വിശേഷ ബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യന് പ്രപഞ്ച സത്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മടിയാണ്. മരണവും രോഗവും തങ്ങളുടെ വരുതിയിലല്ലെന്ന് അറിയാം. എങ്കിലും ആവശ്യത്തിലേറെ ഉല്‍ക്കണ്ഠപ്പെടും.
കഷ്ടപ്പാടുകളും വേദനകളും മനുഷ്യനെ പക്വതപ്പെടുത്തും, ശരിയായ വളര്‍ച്ചയിലേക്കു നയിക്കും. ‘ഞാന്‍ നിന്നെ ശുദ്ധീകരിച്ചു, എന്നാല്‍, വെള്ളി പോലെയല്ല. കഷ്ടതയുടെ ചൂളയില്‍ നിന്നെ ഞാന്‍ ശോധന ചെയ്തു’ (ഏശയ്യ 48:10)
വേദനയ്ക്ക് രണ്ടു തലമുണ്ട്. ഒന്ന് ശാരീരികം. അത് കേന്ദ്ര നാഡീ വ്യവസ്ഥ വഴി ശരീരമൊട്ടാകെ പരക്കും. മുറിവുകളും അസുഖങ്ങളും നല്‍കുന്ന ശാരീരിക അസ്വസ്ഥതകളാണിത്.
രണ്ട് മാനസികം. ഓരോ വ്യക്തിയും വേദനയ്ക്കു കൊടുക്കുന്ന അര്‍ത്ഥതലമാണിത്. ഇത് ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും.
വേദനയില്‍ നിന്ന് ഒളിച്ചോടാനാവില്ല. അതിനെ അതായിത്തന്നെ സ്വീകരിക്കുക. ഇവിടെയാണ് വിശ്വാസവും പ്രാര്‍ത്ഥനയും താങ്ങായി എത്തുന്നത്. ചോര വിയര്‍ക്കുന്ന ഗദ്‌സമന്‍ അനുഭവത്തിനു ശേഷം ‘അവിടുത്തെ ഹിതം പോലെയാവട്ടെ’ എന്ന് പറയാന്‍ കഴിയുന്നവന് പിന്നീടുള്ള കുരിശാരോഹണത്തില്‍ ദൈവകരം കൂടെയുണ്ടാകും. ഞാന്‍ നല്ല ജീവിതം നയിച്ചതല്ലേ? എന്തുകൊണ്ട് എനിക്ക് ഈ അവസ്ഥ വന്നു? സഹിക്കുന്നവര്‍ ഈ ചോദ്യങ്ങളും ഉയര്‍ത്തും. സഹനങ്ങള്‍ പലപ്പോഴും തിന്മയെ നശിപ്പിക്കാനാണ്. കേടായ പല്ലു പറിക്കുന്ന ദന്ത ഡോക്ടറും ഹൃദയ വാല്‍വുകള്‍ ശരിയാക്കുന്ന ഡോക്ടറും താല്‍ക്കാലികമായി വേദന ഉണ്ടാക്കുന്നവരാണ്.
റോഡരികില്‍ കിടന്ന മാര്‍ബിള്‍ കട്ടയില്‍ നിന്ന് മൈക്കിള്‍ ആഞ്ചലോ ദാവീദിന്റെ മനോഹരമായ ശില്‍പ്പമുണ്ടാക്കി. ഇന്ത്യയില്‍ കലാകാരന്മാര്‍ കരിങ്കല്ലില്‍ നിന്ന് ദേവീദേവന്മാരുടെ രൂപങ്ങളുണ്ടാക്കി. ശില്‍പ്പമൊഴിച്ച് ബാക്കി അനാവശ്യമായ പാറക്കഷ്ണങ്ങള്‍ ഉളി കൊണ്ട് ചെത്തി ഒഴിവാക്കുന്നുവെന്നാണ് ശില്‍പ്പികള്‍ പറയുക. അങ്ങനെ പാഴായിക്കിടന്ന ഒരു ശില ദേവനായി മാറുന്നു. വേദനകളും തകര്‍ച്ചകളും ഇതുപോലെ അനാവശ്യമായ പലതും ചെത്തിമാറ്റാന്‍ ഉദ്ദേശിച്ചുള്ളതാണ്.
അത് ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കാനാവാം. ദുര്‍വ്യയം ഒഴിവാക്കണമെന്ന് സൂചിപ്പിക്കാനാവാം. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കണമെന്ന സത്യം മനസിലെത്തിക്കാനാവാം.
എന്നാല്‍ മനുഷ്യന് ദുഃഖത്തിന്റെ കാരണം മറ്റുള്ളവരില്‍ ആരോപിക്കാനാണ് താല്‍പര്യം. സമയദോഷം, കൂടോത്രം അങ്ങനെ പലതും കാരണങ്ങളാകും.
പിറവിക്കുരുടനെ കണ്ടപ്പോള്‍ ശിഷ്യന്മാര്‍ ഉന്നയിച്ച ചോദ്യത്തിലും ഈ സംശയമുണ്ട്. ‘ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്. ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ?’
അതിനുള്ള യേശുവിന്റെ മറുപടി: ‘ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല, പ്രത്യുത ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്’ (യോഹന്നാല്‍ 9:3)
ദൈവത്തിന്റെ പ്രവൃത്തികളില്‍ വിശ്വസിക്കുന്നവര്‍ക്ക് അനാവശ്യ ഉല്‍ക്കണ്ഠ എന്തിന്?