പുല്ലൂരാംപാറ: താരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ 101 ദിനരാത്രങ്ങള്‍ നീളുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ജൂലൈ 19 ന് ആരംഭിക്കും. ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് ഈ വര്‍ഷത്തെ നിയോഗം. 24 മണിക്കൂറും ജപമാലയും ദിവ്യകാരുണ്യ ആരാധനയുമുണ്ടാകും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പുലര്‍ച്ചെ മൂന്നിനും വൈകുന്നേരം മൂന്നിനും കരുണക്കൊന്തയും കുരിശിന്റെ വഴിയും. എല്ലാ ദിവസവും പകല്‍ സമയങ്ങളില്‍ വിശുദ്ധ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
എല്ലാ വര്‍ഷവും നടത്തിവരുന്ന അഖണ്ഡ ജപമാലയിലും ദിവ്യകാരുണ്യ ആരാധനയിലും വിവിധ ജില്ലകളില്‍ നിന്നായി നിരവധി വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. പൊതുവായ നിയോഗങ്ങളോടൊപ്പം വ്യക്തിപരമായ നിയോഗങ്ങളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. ആരാധനയ്ക്ക് ആവശ്യമായ എണ്ണ, മെഴുകുതിരി, കുന്തിരിക്കം എന്നിവ നേര്‍ച്ചയായി സമര്‍പ്പിക്കാനുള്ള സൗകര്യവുമുണ്ട്.