പാറോപ്പടി: കെസിവൈഎം യുവജന ദിനാഘോഷവും തിരുശേഷിപ്പ് പ്രയാണ സമാപനവും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് രൂപതയുടെ ശക്തിയെന്നും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന ശക്തവും ഊര്‍ജ്ജസ്വലവുമായ പ്രസ്ഥാനമാണ് താമരശ്ശേരി രൂപതാ കെസിവൈഎം എന്നും ബിഷപ് പറഞ്ഞു.
”ആഴമായ ആത്മീയ അടിത്തറ ഉണ്ടെങ്കില്‍ മാത്രമേ യുവജന പ്രസ്ഥാനങ്ങള്‍ക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കൂ. സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം യുവജനങ്ങള്‍. സുവിശേഷമായി തീരും എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണം.” ബിഷപ് കൂട്ടിച്ചേര്‍ത്തു. താമരശ്ശേരി രൂപതാ കെസിവൈഎമ്മിന് ചടുലമായ നേതൃത്വം നല്‍കുന്ന ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയിലിനെ ബിഷപ് അനുമോദിച്ചു.
കെസിവൈഎം രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷനായിരുന്നു. കെസിവൈഎം എസ്എംവൈഎം ജനറല്‍ സെക്രട്ടറി ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയില്‍ ആമുഖപ്രഭാഷണം നടത്തി.
കെസിവൈഎം മുഖപത്രം യുവദര്‍ശനം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയ്ക്കു നല്‍കി ബിഷപ് പ്രകാശനം ചെയ്തു. നാട് എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കുന്നത് യുവജനങ്ങളാണെന്നും കരുണയുടെ ഹൃദയമുള്ളവരാകണം യുവജനങ്ങളെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ”നന്നാവാനും ചീത്തയാവാനും ഒട്ടേറെ അവസരമുള്ള കാലമാണിത്. അവസരങ്ങളെ നല്ലതിന് വേണ്ടി ഉപയോഗപ്പെടുത്തണം. മാരക വിപത്തായ മയക്കുമരുന്നിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കണം. കര്‍മ്മം ചെയ്തുകൊണ്ടിരുന്നാല്‍ പ്രതിഫലം ദൈവം തരും.” അദ്ദേഹം പറഞ്ഞു.
അമല്‍ ജ്യോതി വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിന് സൈബര്‍ ആക്രമണം നേരിടേണ്ടിവന്ന അലോഹ മരിയ ബെന്നി വിശിഷ്ടാതിഥിയായിരുന്നു. ”പ്രതിസന്ധി ഘട്ടങ്ങളില്‍ ചങ്കുറപ്പോടെ സഭയോടൊപ്പം നില്‍ക്കാന്‍ കഴിയണം. സഭയെ കുറ്റം പറയുന്നവരോടൊപ്പം കൂടാതെ കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമനസോടെ പഠിക്കാന്‍ ശ്രമിക്കണം. ഉള്ളിലുള്ള വിശ്വാസത്തിന്റെ തീ അണയാതെ കാക്കാന്‍ കൃത്യമായ ബോധ്യത്തോടെയുള്ള വിശ്വാസത്തിലേക്ക് വളരണം. ഏതു പ്രതിസന്ധി ഘട്ടത്തിലും ഒറ്റയ്ക്കല്ല, ഒപ്പം ക്രിസ്തു ഉണ്ടെന്നുള്ള കാര്യം ഓര്‍ക്കണം.” അലോഹ പറഞ്ഞു.
പാറോപ്പടി ഫൊറോന വികാരി ഫാ. ജോസഫ് കളരിക്കല്‍, ഫാ. ആല്‍ബിന്‍ സ്രാമ്പിക്കല്‍, സിസ്റ്റര്‍ റൊസീന്‍ എസ്എബിഎസ്, ജസ്റ്റിന്‍ സൈമണ്‍, വിശാഖ് തോമസ്, അരുണ്‍ ജോഷി, ബെന്‍ ജോസഫ്, ആഷ്‌ലി തെരേസ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പേഴ്‌സണാലിറ്റി ട്രെയ്‌നര്‍ ആന്റണി ജോയ് ക്ലാസ് നയിച്ചു. തിരുശേഷിപ്പ് പ്രയാണ സ്വീകരണശേഷം നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.