പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ ധ്യാന കേന്ദ്രത്തില്‍ ഇരുപത്തിമൂന്നാമത് അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാല സമര്‍പ്പണവും നടന്നു.
രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സിലര്‍ ഫാ. ചെറിയാന്‍ പൊങ്ങന്‍ പാറ, പുല്ലൂരാംപാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, കോടഞ്ചേരി സെന്റ് മേരീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഒക്ടോബര്‍ 27 വരെ നീളുന്ന 101 ദിനങ്ങളിലെ ഇടമുറിയാത്ത ജപമാല പ്രാര്‍ത്ഥനയുടെ നിയോഗം ലോകസമാധാനവും കുടുംബ വിശുദ്ധീകരണവുമാണ്.
23 വര്‍ഷം പിന്നിടുന്ന അഖണ്ഡ ജപമാലയില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ചകളില്‍ ഒഴികെ രാവിലെ ആറിനും, ഉച്ചയ്ക്ക് 12നും, വൈകുന്നേരം ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അഖണ്ഡ ജപമാല ദിനങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് ബഥാനിയ ഡയറക്ടര്‍ ഫാ. ബിനു പുളിക്കല്‍ അറിയിച്ചു. ഇന്നു നടന്ന അഖണ്ഡ ജപമാല ആരംഭത്തിന് ഫാ. ബിനു പുളിക്കല്‍. ഫാ. ജോസ് പൂവണ്ണിക്കുന്നേല്‍, ഫാ. ജെസ്‌വിന്‍ തുറവയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.