അഖണ്ഡജപമാല സമര്‍പ്പണത്തിന് തുടക്കമായി

താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡജപമാല സമര്‍പ്പണവും ആരംഭിച്ചു. ഇന്ന് രാവിലെ 9.30ന് ഗാനശുശ്രൂഷയോടെ 101 ദിവസങ്ങള്‍ നീളുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും തുടക്കമായി. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു വചന സന്ദേശം നല്‍കി.

24 മണിക്കൂറും ആരാധനയും ഞായറൊഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12-നും വൈകിട്ട് ഏഴിനും ദിവ്യബലിയുമുണ്ടായിരിക്കും. ഉച്ചയ്ക്ക് 12-നുള്ള ദിവ്യബലിയോടനുബന്ധിച്ച് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമുാകും. എല്ലാ ദിവസവും കുമ്പസാരത്തിനും കൗണ്‍സലിങ്ങിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും പുലര്‍ച്ചെ മൂന്ന് മണിക്കും കുരിശിന്റെ വഴിയും കരുണക്കൊന്തയും നടത്തും. ഒക്ടോബര്‍ 26-ന് സമാപിക്കും.

‘അര്‍പ്പിതം’ വൈദിക, സന്യസ്ത സംഗമം ഏപ്രില്‍ 17ന്

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വൈദിക, സന്യസ്ത സംഗമം ‘അര്‍പ്പിതം 2024’ ഏപ്രില്‍ 17-ന് ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരും പങ്കെടുക്കും.

വൈദിക, സന്യസ്ത സംഗമം അപൂര്‍വമായി ലഭിക്കുന്ന അവസരമാണെന്നും കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു.

ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു

താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 101 ദിവസങ്ങളായി തുടര്‍ന്ന അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം ഉപകരിക്കുമെന്നും ലോകസമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടണമെന്നും ബിഷപ് പറഞ്ഞു. രൂപതാ വികാരി ജനറല്‍ മോണ്‍. ജോയിസ് വയലില്‍, ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, ഫാ. രാജേഷ് പള്ളിക്കാവയലില്‍, ഫാ. ജേക്കബ് അരീത്തറ, ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, ഫാ. ആന്റോ ജോണ്‍ മൂലയില്‍, ഫാ. അന്വേഷ് പാലക്കീല്‍, ഫാ. ജിനു മംഗലാമഠത്തില്‍, ഫാ. ജോസഫ് പുത്തന്‍പുര, ഫാ. നിര്‍മ്മല്‍ പുലയന്‍പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ജപമാല സമര്‍പ്പണത്തോടനുബന്ധിച്ച് ദിവ്യകാരുണ്യ ആരാധനയും തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.

ലോക സമാധാനം, കുടുംബ വിശുദ്ധീകരണം എന്നീ നിയോഗങ്ങളോടെയാണ് ഇത്തവണ അഖണ്ഡ ജപമാല സമര്‍പ്പിച്ചത്. സമാപന ദിനത്തില്‍ വിവിധ ഇടവകകളില്‍ നിന്നായി നിരവധി പേര്‍ പങ്കുചേര്‍ന്നു. സമാപന ശുശ്രൂഷകള്‍ക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുളിക്കല്‍, അസി. ഡയറക്ടര്‍ ഫാ. ജെസ്വിന്‍ തുറവയ്ക്കല്‍, ഫാ. ജോസ് പൂവന്നിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബഥാനിയായില്‍ അഖണ്ഡജപമാല സമര്‍പ്പണം ആരംഭിച്ചു

പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ ധ്യാന കേന്ദ്രത്തില്‍ ഇരുപത്തിമൂന്നാമത് അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാല സമര്‍പ്പണവും നടന്നു.

രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സിലര്‍ ഫാ. ചെറിയാന്‍ പൊങ്ങന്‍ പാറ, പുല്ലൂരാംപാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, കോടഞ്ചേരി സെന്റ് മേരീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഒക്ടോബര്‍ 27 വരെ നീളുന്ന 101 ദിനങ്ങളിലെ ഇടമുറിയാത്ത ജപമാല പ്രാര്‍ത്ഥനയുടെ നിയോഗം ലോകസമാധാനവും കുടുംബ വിശുദ്ധീകരണവുമാണ്.

23 വര്‍ഷം പിന്നിടുന്ന അഖണ്ഡ ജപമാലയില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ചകളില്‍ ഒഴികെ രാവിലെ ആറിനും, ഉച്ചയ്ക്ക് 12നും, വൈകുന്നേരം ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അഖണ്ഡ ജപമാല ദിനങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് ബഥാനിയ ഡയറക്ടര്‍ ഫാ. ബിനു പുളിക്കല്‍ അറിയിച്ചു. ഇന്നു നടന്ന അഖണ്ഡ ജപമാല ആരംഭത്തിന് ഫാ. ബിനു പുളിക്കല്‍. ഫാ. ജോസ് പൂവണ്ണിക്കുന്നേല്‍, ഫാ. ജെസ്‌വിന്‍ തുറവയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version