സമൂഹതിന്മകള്‍ക്കെതിരെ നിരന്തരപോരാട്ടം

ആഗസ്റ്റ് 17, ഫാ. ചാണ്ടി കുരിശുംമൂട്ടിലിന്റെ ചരമ വാര്‍ഷിക ദിനം

നാട്ടിലെ ധര്‍മ്മസമരങ്ങളുടെ സമാനതകളില്ലാത്ത മുന്നണി പോരാളിയായിരുന്നു കുരിശുംമൂട്ടില്‍ ചാണ്ടിയച്ചന്‍. ജാതി-മത രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്കതീതമായി നാടിന്റെ നന്മക്കായി കൈയ്യും മെയ്യും മറന്നു പോരാടുന്ന അടങ്ങാത്ത ആവേശത്തിന്റെ അമരത്തണയുന്ന ഗാന്ധിയന്‍. സമരങ്ങളുടെ ഉറ്റ പ്രണയിതാവ്. ലഹരി വിരുദ്ധ സമരങ്ങളുടെ പതാക വാഹകനും സാമൂഹ്യ നീതിയുടെ അണയാത്ത അഗ്‌നിയുമായിരുന്നു അദ്ദേഹം. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്, കെസിബിസി മദ്യവിരുദ്ധ സമിതി താമരശേരി രൂപത ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്ത ചാണ്ടിയച്ചന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഖദറിന്റെ കാവിളോഹയണിഞ്ഞ് പ്രകൃതി ചികിത്സയുമായി, നഗ്നപാദനായി കഴിഞ്ഞ ചാണ്ടിയച്ചന്‍ സ്വന്തമായി കൃഷിചെയ്തു പച്ചക്കറികള്‍ സ്വയം പാകം ചെയ്താണ് കഴിച്ചിരുന്നത്. ഹിമാലയത്തിലെ ആശ്രമത്തില്‍ കുറേക്കാലം ധ്യാന ജീവിതവും നയിച്ചു. ഒരു ജന്മം മുഴുവന്‍ ലഹരി വിരുദ്ധ പോരാളിയും പൊതുസമൂഹത്തില്‍ നീതിയുടെ കാവലാളായും സ്വയം സമര്‍പ്പിക്കപ്പെട്ട ചാണ്ടിയച്ചനു നല്‍കിയ വിടവാങ്ങല്‍ ശുശ്രുഷയില്‍ റെമീജിയോസ് പിതാവ് ചാണ്ടിയച്ചനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: സത്യമായും ചാണ്ടിയച്ചനൊരു വിശുദ്ധനായിരുന്നു.

കുടിയേറ്റകര്‍ഷക കുടുംബമായ കുരിശുംമൂട്ടില്‍ ചാണ്ടി-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1953-ല്‍ ജനനം. 1981-ല്‍ വൈദികനായി. തലശേരി രൂപതയിലെ ചെറുപുഴ, പൈസക്കരി എന്നീ ഇടവകളില്‍ അസിസ്റ്റന്റ് വികാരിയായും, താമരശേരി രൂപതയില്‍ കുപ്പായക്കോട്, തോട്ടുമുക്കം, നൂറാംതോട്, പന്തല്ലൂര്‍, കരിയാത്തുംപാറ, വാലില്ലാപ്പുഴ, കുളിരാമുട്ടി, കക്കാടംപൊയില്‍, തേക്കുംകുറ്റി എന്നീ ഇടവകളില്‍ വികാരിയായും സേവനം ചെയ്തു.

മദ്യത്തിന്റെ മാരകപിടിയിലകപ്പെട്ട് നശിച്ചുകൊണ്ടിരിക്കുന്ന നിരവധി കുടുംബങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തെ നേരിട്ടറിഞ്ഞ ചാണ്ടിയച്ചന്‍ മദ്യവിപത്തിനെതിരെ സന്ധിയില്ലാത്ത സമരമാണ് ജീവിതാവസാനം നടത്തിയത്.

യേശുവിന്റെ സഹനജീവിതം പൂര്‍ണമായും അനുകരിക്കാനാഗ്രഹിച്ച ഈ പുരോഹിതന്‍ ഭൗതിക ലോകത്തിന്റെ ആഡംബരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ കഴിവതും ശ്രദ്ധിച്ചിരുന്നു. വേഷത്തിലും, ഭക്ഷണത്തിലും, നടപ്പിലും, എടുപ്പിലും അദ്ദേഹം അസാമാന്യ ലാളിത്യം സ്വീകരിച്ചു.

ചാണ്ടിയച്ചന്‍ അവസാന നാളുകള്‍ ചെലവഴിച്ചത് കക്കാടംപൊയിലിലെ തോട്ടപ്പള്ളിയെന്ന സ്ഥലത്ത് ‘സ്ലീവാ ജ്യോതിഭവന്‍’ എന്ന് അദ്ദേഹം പേരുവിളിച്ച ലിറ്റില്‍ ഫ്‌ളവര്‍ കുരിശുപള്ളിയുടെ വികാരിയായിട്ടാണ്. അവിടെ അദ്ദേഹം ലോകതാല്‍പര്യങ്ങളും വെടിഞ്ഞ് താപസനായി സഹന ജീവിതം നയിക്കുകയായിരുന്നു. ചാണ്ടിയച്ചന്റെ 37 വര്‍ഷത്തെ വൈദിക ജീവിതം അനീതിക്കും, സാമൂഹ്യതിന്മകള്‍ക്കെതിരെയുമുള്ള പോരാട്ടമായിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച മദ്യവിരുദ്ധ സമരം കുടിയേറ്റ കര്‍ഷകരുടെ പിതാവായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയോടൊപ്പം മദ്യവര്‍ജന പോരാട്ടമായി വളര്‍ന്ന് പ്രഫ. എം. പി. മന്മഥന്റെ നേതൃത്വത്തിലുള്ള മദ്യ നിരോധനസമിതിയിലൂടെ പൂര്‍ണത നേടി. സംസ്ഥാനത്താകെ ശ്രദ്ധയാകര്‍ഷിച്ച 1989 ലെ ചാരായ ലേലം തടഞ്ഞുകൊണ്ട് കോഴിക്കോട് കലക്ടറേറ്റില്‍ നടത്തിയ ഉജ്ജ്വല സമരവും അറസ്റ്റും, ജയില്‍ വാസവും കുരിശുപള്ളി മദ്യഷാപ്പിനെതിരെ 68 ദിവസം നീണ്ടുനിന്ന സഹന സമരവും ജയിലിലെ നിരാഹാര സത്യാഗ്രഹവും, പേരാമ്പ്രയിലെ ബാര്‍ സമരവും, നൂറാംതോട്ടിലെ കള്ള് ഷാപ്പ് സമരവും ചാണ്ടിയച്ചന്റെ മദ്യവിരുദ്ധ പോരാട്ടങ്ങളില്‍ ചിലത് മാത്രം.

തോട്ടപ്പള്ളിയിലെ താപസ ജീവിതം പുരോഹിത സമൂഹത്തിന് പുതിയ മാതൃകയാകുന്നതായിരുന്നു! ദരിദ്രരോട് പക്ഷം ചേരുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. ആശ്രമത്തിനു ചുറ്റും താമസിച്ചിരുന്ന പാവപ്പെട്ടകുടുംബങ്ങളുടെ ദാരിദ്രത്തില്‍ പങ്കു ചേര്‍ന്നും കഴിയുന്ന രീതിയിലുമെല്ലാം അവരെ സഹായിച്ചുകൊണ്ടുമുള്ളതായിരുന്നു.

നാടിന്റെ നാനാഭാഗത്തുനിന്നും ചാണ്ടിയച്ചനെ കാണുവാനും പ്രാര്‍ത്ഥനകള്‍ തേടാനും, അനുഗ്രഹങ്ങള്‍ സ്വീകരിക്കാനും
ജനങ്ങള്‍ തോട്ടപ്പള്ളിയില്‍ എത്തിക്കൊണ്ടിരുന്നു. വലിയ നോമ്പാചരണത്തില്‍ 50 ദിവസവും നടത്തുന്ന പീഡാസഹന കുരിശിന്റെ വഴി ചാണ്ടിയച്ചന്റെ വിശുദ്ധ ജീവിതത്തിന്റെ അംഗീകാരമായിരുന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലടക്കമുള്ള നിരവധി വിശിഷ്ഠ വ്യക്തികള്‍ ചാണ്ടിയച്ചനോടൊപ്പം കുരിശിന്റെ വഴിയിലൂടെ യാത്ര നടത്തിയിട്ടുണ്ട്. തികഞ്ഞ ഗാന്ധിയനായ ചാണ്ടിയച്ചന്‍ അഹിംസയുടെ പ്രചാരകനായി പൂര്‍ണ്ണ സസ്യഭുക്കായി മാറി.

2018 ആഗസ്റ്റ് 12-ന് ദൈവജനത്തിനായി ബലിയര്‍പ്പിച്ച ചാണ്ടിയച്ചന്‍ ചൂടുപനിയെത്തുടര്‍ന്ന് വിളക്കാംതോട്ടിലുള്ള സഹോദരന്റെ ഭവനത്തില്‍ എത്തി. 17-ന് താമരശേരി ചാവറ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലുമണിയോടെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചത് സഹപാഠിയും മാനന്തവാടി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പൊരുന്നേടമായിരുന്നു. ചരമ സന്ദേശത്തില്‍ ചാണ്ടിയച്ചന്റെ ജീവിതം സമൂഹത്തിലെ നേതൃനിരയിലുള്ളവര്‍ക്ക് മാതൃകയാണെന്ന് അനുസ്മരിച്ചു. ചാണ്ടിയച്ചനെ ദൈവം വിശുദ്ധരുടെ ഗണത്തിലേക്കു ചേര്‍ക്കുമെന്നും അങ്ങനെ നമുക്കായ് സ്വര്‍ഗത്തില്‍ ഒരു മധ്യസ്ഥന്‍ ജനിച്ചിരിക്കുന്നുവെന്നും ബിഷപ് അന്ന് പറഞ്ഞു.

Exit mobile version