ഫാ. മാത്യു ഓണയാത്തന്‍കുഴി അന്തരിച്ചു

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മാത്യു ഓണയാത്തന്‍കുഴി (92) അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതസംസ്‌കാരം ബുധനാഴ്ച (31-07-2024) രാവിലെ 9.30-ന് കാഞ്ഞിരപ്പള്ളി പഴയിടത്തുള്ള ചെറിയാന്‍ ഓണയാത്തന്‍കുഴിയുടെ ഭവനത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം രാവിലെ 10-ന് പഴയിടം സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍.

ഇന്ന് (29-07-2024) വൈകിട്ട് നാലര മുതല്‍ നാളെ (30-07-2024) രാവിലെ 11 -വരെ മേരിക്കുന്ന് പിഎംഒസിയില്‍ പൊതുദര്‍ശനം. നാളെ രാവിലെ 9-ന് പിഎംഒസിയില്‍ വിശുദ്ധ കുര്‍ബാന ക്രമീകരിച്ചിട്ടുണ്ട്.

വിടപറഞ്ഞത് ജനകീയ പുരോഹിതന്‍

ആദ്യകാല കുടിയേറ്റ ജനതയുടെ വേദനകള്‍ കണ്ടറിയുകയും നേരിട്ട് അനുഭവിക്കുകയും ചെയ്ത് അവരിലൊരാളായാണ് ഫാ. മാത്യു ഓണയാത്തന്‍കുഴി ജീവിച്ചത്. മലബാറിലെ പതിനഞ്ചോളം ഇടവകകളില്‍ അദ്ദേഹം വികാരിയായിരുന്നു. സേവനം ചെയ്ത ഇടവകകളിലെല്ലാം വിശ്വാസികളുടെ പ്രശ്നങ്ങള്‍ പഠിച്ച് ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ അദ്ദേഹം കെണ്ടത്തിയിരുന്നു. ഭിന്നിച്ചു നില്‍ക്കുന്നവരെ ഒന്നിപ്പിച്ചും ശ്രമദാനത്തിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും അദ്ദേഹം വിശ്വാസികളുടെ ഹൃദയത്തില്‍ ഇടം നേടി. വിശ്വാസ സമൂഹം സ്നേഹപൂര്‍വം ജനകീയ പുരോഹിതനെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

1932 ഒക്ടോബര്‍ 17-ന് കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം ഇടവകയില്‍ ഓണയാത്തന്‍കുഴി വര്‍ക്കി ജോസഫ്-ഏലി ഉണ്ണിച്ചെറിയത് ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമനായാണ് ജനനം. അഞ്ചു വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. പാല സെന്റ് തോമസ് കോളജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ് പാസായി. തലശേരി രൂപതയ്ക്കുവേണ്ടി പാലായിലെ കുമ്മണ്ണൂര്‍ മൈനര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായി ചേര്‍ന്നു. ആലുവ സെന്റ് ജോസഫ്സ് മേജര്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി.

പഠന കാലത്ത് നിരന്തര വെല്ലുവളികള്‍ അദ്ദേഹത്തിനു നേരിടേണ്ടിവന്നിരുന്നു. സെമിനാരി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ടിബി ബാധിച്ച് ഒരു വേള പഠനം തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായി. ഒരു വര്‍ഷത്തിനുശേഷം ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പഠനം തുടര്‍ന്നു. വൈദികനായ ശേഷം പത്തില്‍ അധികം ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്.

1964 മാര്‍ച്ച് പതിമൂന്നിന് തലശേരി രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്. പെരുവണ്ണാമൂഴി ഇടവക വികാരിയായും കുളത്തുവയല്‍ ഇടവക അസി. വികാരിയുമായി ആദ്യ നിയമനം.

1964-ല്‍ ഇടവകയായി ഉയര്‍ത്തപ്പെട്ട പെരുവണ്ണാമൂഴിയില്‍ ഇല്ലായ്മകളുടെ നടുവിലേക്കാണ് ഫാ. മാത്യു ഓണയാത്തന്‍കുഴി ആദ്യവികാരിയായി എത്തുന്നത്. അന്ന് വൈദിക മന്ദിരമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. വിശ്വാസികള്‍ തലച്ചുമടായി കല്ലും മണലും കൊണ്ടുവന്ന് വൈദിക മന്ദിരമുണ്ടാക്കാന്‍ കൂട്ടായ്മ ഒരുക്കി. ഇതിനുനേതൃത്വം നല്‍കിയത് അച്ചനായിരുന്നു.

പല ഇടവകകളിലും അദ്ദേഹം വീടുകള്‍ നിര്‍മിച്ചുനല്‍കി പാവപ്പെട്ടവരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി. പെരുവണ്ണാമൂഴി അണക്കെട്ട് നിര്‍മിക്കാന്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ കിടപ്പാടവും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു മുന്നില്‍നിന്നു പ്രവര്‍ത്തിച്ചത് അച്ചനായിരുന്നു.

തലശേരി അതിരൂപതയിലെ പൈസക്കരി, ചെറുപുഴ, നെല്ലിക്കാംപൊയില്‍, വിമലശേരി, വെള്ളരിക്കുണ്ട്, താമരശേരി രൂപതയിലെ പന്തല്ലൂര്‍, കാളികാവ്, ഈരൂട്, തേക്കുംകുറ്റി, പശുക്കടവ്, കാറ്റുള്ളമല, കക്കയം, കട്ടിപ്പാറ എന്നീ ഇടവകകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നെല്ലിക്കാംപൊയില്‍ വികാരിയായിരിക്കെ ക്ഷീര കര്‍ഷക സഹകരണ സംഘം ആരംഭിക്കാന്‍ നേതൃത്വം നല്‍കി. പശുക്കടവ് ഇടവകയില്‍ 82 പുതിയ കല്ലറകള്‍ പണിതു. പ്രദേശത്ത് കൊക്കോകൃഷി പ്രോത്സാഹിപ്പിച്ചു. കൊക്കോ വില്‍പ്പനയ്ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കി.

കട്ടിപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപിച്ചത് ഫാ. മാത്യു ഓണയാത്തന്‍കുഴിയുടെ നേതൃത്വത്തിലാണ്. പുന്നക്കല്‍ ഇടവകയില്‍ പതിനാലുമുറി ഷോപ്പിംഗ് കോംപ്ലക്സും നിര്‍മിച്ചു. കാളികാവ് വികാരിയായിരിക്കെയാണ് വൈദിക മന്ദിരം പണിയിച്ചത്. സമീപ പ്രദേശമായ അടക്കാകുണ്ടില്‍ കുരിശുപള്ളിയും പള്ളിമുറിയും പണിതു.

ഈരൂടില്‍ സേവനം ചെയ്യവേ ഇടവകയ്ക്ക് കൈനടി കുടുംബം നല്‍കിയ ഇരുപതേക്കര്‍ സ്ഥലത്ത് റബ്ബര്‍, കമുക്, തെങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികള്‍ ആരംഭിക്കുന്നതിനു നേതൃത്വം നല്‍കി. കക്കയത്ത് സണ്‍ഡേ സ്‌കൂള്‍ കെട്ടിം പണിയിച്ചു.

എണ്‍പതാം വയസില്‍ കട്ടിപ്പാറ ഇടവകയില്‍ നിന്നു വിരമിച്ച ശേഷം കോഴിക്കോട് മേരിക്കുന്നുള്ള ഗുഡ്‌ഷെപ്പേഡ് പ്രീസ്റ്റ്‌ഹോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. വിശ്രമജീവിതകാലത്ത് ‘മായാത്ത മഷിത്തുള്ളികള്‍’, ‘ചിന്താരത്‌നങ്ങള്‍’ എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഫാ. ഓണയാത്തന്‍കുഴിയുടെ സേവനകാലം

പെരുവണ്ണാമൂഴി (1964-1967), കുളത്തുവയല്‍ (1964), പൈസക്കരി (1967-1970), ചെറുപുഴ (1970-1971), നെല്ലിക്കാംപൊയില്‍ (1971-1975), വിമലശ്ശേരി (1975-1977), വെള്ളരിക്കുണ്ട് (1977-1979), പന്തല്ലൂര്‍ (1979-1981), കാളികാവ് (1981-1984), അടയ്ക്കാക്കുണ്ട് (1981-1984), ഈരൂട് (1984-1989), തേക്കുംകുറ്റി (1989-1994), പശുക്കടവ് (1994-1998), വിളക്കാംതോട് (1998-2001), കാറ്റുള്ളമല (2001-2004), കക്കയം (2004-2007), കട്ടിപ്പാറ (2007-2012).

മാര്‍ മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിച്ചു

താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 30ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മേരി മാതാ കത്തീഡ്രലില്‍ നടന്നു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. താമരശ്ശേരി ഫൊറോന വികാരി ഫാ. മാത്യു പുളിമൂട്ടില്‍, കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ മാര്‍ മങ്കുഴിക്കരി അനുസ്മരണ സന്ദേശം നല്‍കി. മങ്കുഴിക്കരി പിതാവിന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണെന്നും പ്രസംഗകലയിലൂടെ നാനാജാതി മതസ്ഥരിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം പകരാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നും ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ അനുസ്മരിച്ചു.

ശ്രാദ്ധ ശുശ്രൂഷകള്‍ നടത്തി. രൂപതാ വൈദികരും സന്യസ്തരും അല്‍മായ പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുത്തു.

താമരശേരി രൂപതയ്ക്ക് അടിത്തറയിട്ട പിതാവ്

1994 ജൂണ്‍ 11 ശനി. ആര്‍ത്തലച്ച് മഴ പെയ്തുകൊണ്ടേയിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് ഉണര്‍ന്ന അറുപത്തിയഞ്ചുകാരനായ ബിഷപ് ആറുമണിയോടെ പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കി ധ്യാനനിരതനായി. ഏഴുമണിയോടെ ബലിയര്‍പ്പണത്തിന് ചാപ്പലില്‍ വന്നു. ഗാംഭീര്യമുള്ള ശബ്ദം ശ്രുതിതാഴ്ത്തി ഒരു കവിത ചൊല്ലുന്ന ലാഘവത്തോടെ, കുര്‍ബാന ക്രമത്തിന്റെ പേജുകള്‍ മറിച്ചുകൊണ്ട്, പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു. കുര്‍ബാന മധ്യേയുള്ള ബൈബിള്‍ വായന മത്തായി 10, 16-25 ആയിരുന്നു.

ബലിയര്‍പ്പണം പൂര്‍ത്തിയാക്കി പത്രങ്ങള്‍ ഓടിച്ചു നോക്കി സഹപ്രവര്‍ത്തകര്‍ക്കും അതിഥികള്‍ക്കുമൊപ്പം പ്രഭാത ഭക്ഷണത്തിന് പോയി.

8.30ന് ഔദ്യോഗിക യാത്രയ്ക്കുള്ള വാഹനം തയ്യാറായതായി ഡ്രൈവര്‍ അറിയിച്ചു. തുടര്‍ന്ന് 8.45ന് കൂരാച്ചുണ്ടിലേക്ക്. ഞെഴുകുംകാട്ടില്‍ കുര്യന്റെ പുതിയ വീടു വെഞ്ചരിപ്പിനുള്ള യാത്രയായിരുന്നു അത്.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയും മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയും

ആദ്യകാല കുടിയേറ്റക്കാരനായ ഞെഴുകുംകാട്ടില്‍ കുര്യന്റെ പുതിയ ഭവനത്തിന്റെ ആശീര്‍വാദപ്രാര്‍ത്ഥന 9.30ന് തന്നെ തുടങ്ങി. വെഞ്ചരിപ്പിനുശേഷം ഒരു അപ്പവും കറിയും ചായയും അല്‍പ്പം മധുരപലഹാരവും കഴിച്ച് കുറച്ചു സമയം വീട്ടുകാരുമായി കുശലം പറഞ്ഞ ശേഷം അവിടെ നിന്നു തിരിച്ചു.

കൂരാച്ചുണ്ടില്‍ അന്ന് ഒരാള്‍ മരിച്ചിട്ടുണ്ടായിരുന്നു. ചിലമ്പില്‍ കുട്ടിയുടെ ഭാര്യ. വഴിയ്ക്ക് ആ വീട്ടില്‍ കയറി അവരെ ആശ്വസിപ്പിക്കുകയും മരിച്ച ആളിനു വേണ്ടി ഒപ്പീസു ചൊല്ലുകയും ചെയ്തു.

താമരശ്ശേരി രൂപതാ ഓഫീസ് വെഞ്ചരിപ്പു വേളയില്‍ കര്‍ദ്ദിനാള്‍ ലൂര്‍ദ്ദ് സാമിയോടൊപ്പം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി

11.30ന് രൂപതാകേന്ദ്രത്തില്‍ തിരിച്ചെത്തിയ ബിഷപ്പിനെ കാണാന്‍ ഏതാനും സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. അവരില്‍ പലരേയും കാണുകയും സംസാരിക്കുകയും ചെയ്തു. 12.30ന് ‘കര്‍ത്താവിന്റെ മാലാഖ’ പ്രാര്‍ത്ഥന ചൊല്ലി സഹപ്രവര്‍ത്തകരുമൊത്ത് ഉച്ചഭക്ഷണത്തിനിരുന്നു. പതിവിലും ലഘുവായിരുന്നു അന്നത്തെ ഉച്ചഭക്ഷണം. ഭക്ഷണ സമയം മുഴുവനും മത്സ്യം പിടിക്കുന്ന വിവിധ രീതികള്‍ വര്‍ണിച്ച് കൂടയുണ്ടായിരുന്നവരെ ബിഷപ് രസിപ്പിച്ചു. ചിരകാല സുഹൃത്തായിരുന്ന ഫാ. സെബാസ്റ്റ്യന്‍ തുരുത്തേലുമായി കുരിശുമല ആശ്രമം സന്ദര്‍ശിച്ചതും മറ്റു വിനോദയാത്രകളും ബിഷപ് പങ്കുവച്ചു. രൂപതാ വൈദികരുമൊന്നിച്ച് നടത്തിയ വിനോദയാത്രയെക്കുറിച്ചും പറഞ്ഞു.

ഉച്ചഭക്ഷണത്തിനുശേഷം ഒന്നരയോടെ മുറ്റത്തു നടക്കുവാന്‍ തുടങ്ങി. തോട്ടത്തിലെ ചെടികളുടെ സംവിധാനങ്ങളെക്കുറിച്ച് വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സിസ് ആറുപറയിലുമായി സംസാരിച്ചുകൊണ്ടുള്ള നടത്തം അവസാനിച്ചത് അല്‍ഫോന്‍സാ ഭവനിലായിരുന്നു. അതായിരുന്നു ബിഷപ്പിന്റെ ആദ്യത്തെ താമസസ്ഥലവും രൂപതയുടെ ആസ്ഥാനവും. അവിടെ നടക്കുന്ന റിപ്പയറിങ് പണികളും മറ്റും കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി രണ്ടരയോടെ സ്വന്തം മുറിയിലേക്ക് നടന്നു. പെട്ടെന്ന് മഴ ചാറി. തലയില്‍ തൂവാലയിട്ട് ഓടിയാണ് ബിഷപ് രൂപതാഭവനില്‍ എത്തിയത്. ഒരു പക്ഷെ, ഇതായിരിക്കാം വരാനിരുന്ന വലിയ സംഭവത്തിന് തിരികൊളുത്തിയത്.

ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി

കാത്തിരുന്ന സന്ദര്‍ശകരെ കണ്ട ശേഷം മുറിയിലെത്തിയ ബിഷപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. ചെറിയ തലകറക്കവും വയറ്റില്‍ അസ്വസ്ഥതയും കൈകള്‍ക്ക് വേദനയും. മൂന്നരയായപ്പോള്‍ ചാന്‍സലര്‍ ഫാ. ജോസഫ് കീലത്തിനെ വിളിപ്പിച്ചു. തൊട്ടടുത്തുള്ള ചാവറ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ വിളിക്കുവാനും വേനപ്പാറ ഓര്‍ഫനേജില്‍ കുട്ടികളെ സന്ദര്‍ശിക്കുവാന്‍ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദു ചെയ്യുവാനും ബിഷപ് ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കകം സന്ദേശം പോയി. ചാവറ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മേരി റോസും സഹായിയും ഉടന്‍ പാഞ്ഞെത്തി. സമയം മൂന്നേമുക്കാലിനോടടുത്തു. ആദ്യ പരിശോധനയില്‍ ബിഷപ്പിന്റെ രക്ത സമ്മര്‍ദ്ദം പതിവില്ലാത്തവിധം ഉയരുന്നതായി മനസിലാക്കിയ ഡോക്ടര്‍ ആശുപത്രിയിലേക്കോടി മരുന്നുമായി തിരിച്ചെത്തി. കൂടുതല്‍ പരിശോധനയും ഇ.സി.ജി നോക്കലും ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനിടെ സഹപ്രവര്‍ത്തകനായ ഫാ. പോള്‍ കളപ്പുരയോട് കുമ്പസാരമെന്ന കൂദാശ ആവശ്യപ്പെടുന്നു. തൊട്ടടുത്ത ഗസ്റ്റ് റൂമില്‍ പ്രവേശിച്ച് കുമ്പസാരം നടത്തി. ഡോക്ടര്‍ കൊണ്ടുവന്ന മരുന്നു കഴിച്ച് കിടക്കയില്‍ വിശ്രമിച്ചു.

നാലരയോടെ ഡോ. ബേബി ജോസഫ് രൂപതാഭവനില്‍ എത്തി. പരിശോധനയ്ക്കു ശേഷം സ്വന്തം കാറില്‍ ചാവറ ആശുപത്രരിയിലേക്ക് ബിഷപ്പിനെ കൊണ്ടുപോകുന്നു. സഹപ്രവര്‍ത്തകരായ വൈദികര്‍ ബിഷപ്പിനെ അനുഗമിച്ചു. വൈകിട്ട് അഞ്ചുമണിയോടെ ബിഷപ്പിന് ഹൃദയാഘാതത്തിന്റെ ഗുരുതരമായ ലക്ഷണങ്ങളാണെന്ന് ഇ.സി.ജി. പരിശോധനയില്‍ നിന്നു വ്യക്തമായി. സംസാരം പോലും അരുതെന്ന് ഡോക്ടര്‍മാരുടെ വിലക്ക്. യാത്ര അപകടകരമായതിനാല്‍ ആശുപത്രിയില്‍ തന്നെ തുടര്‍ ചികിത്സ മതിയെന്ന് തീരുമാനമായി. ചികിത്സാ നടപടികള്‍ അതിവേഗം തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മരുന്നിനായുള്ള ഓട്ടം. ഒരു മണിക്കൂറിനുള്ളില്‍ കൈനടി ജോസ് മരുന്നുമായി എത്തുന്നു. ചികിത്സ തുടരുന്നു.

മണിക്കൂറുകളോളം മാറി നിന്ന മഴ വീണ്ടും ശക്തിയായി പെയ്യാന്‍ തുടങ്ങി. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയില്‍ നിന്നു ഡോ. ആഗസ്തിയും ചികിത്സാ ഉപകരണങ്ങളുമായി എത്തിയിരുന്നു.

ഏഴു മണിക്ക് വൈദ്യുതി നിലച്ചു. കറന്റു കട്ടിന്റെ സമയമായിരുന്നു. നിമിഷങ്ങള്‍ക്കകം എമര്‍ജന്‍സി വൈദ്യുതി ലൈന്‍ പ്രവര്‍ത്തന സജ്ജമായി. ഏകദേശം ഏഴരയോടെ ഹൃദയമിടിപ്പ് ക്രമരഹിതമാകുന്നതായി ബിഷപ്പിന്റെ പരാതി. ഉടനെ ഛര്‍ദ്ദിയും തുടങ്ങി. പടിപടിയായി ബിഷപ്പിന്റെ നില മോശമായിക്കൊണ്ടിരുന്നു. രോഗം മൂര്‍ദ്ധന്യത്തിലെത്തി.

ശ്വാസതടസം നേരിട്ടപ്പോള്‍ ഓക്‌സിജന്‍ കൊടുത്തു. അടുത്തുണ്ടായിരുന്ന മോണ്‍ ഫ്രാന്‍സിസ് ആറുപറയിലും ഫാ. ജോസഫ് കീലത്തും ലേഖകനും അവസാനാശീര്‍വാദവും രോഗീലേപനവും നല്‍കി. നിമിഷങ്ങള്‍ക്കകം അദ്ദേഹം അന്ത്യശാസം വലിച്ചു. സമയം 7.45. ആ പുണ്യ ജീവിതം അവസാനിച്ചു. ആ ഓട്ടം പൂര്‍ത്തിയായി. അവസാന നിമിഷം വരെ താഴ്ന്ന സ്വരത്തില്‍ ‘ഈശോ… ഈശോ…’എന്നു അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു. ദൈവത്തിന്റെ അനന്തവും അജ്ഞാതവുമായ പദ്ധതികള്‍ക്കു മുമ്പില്‍ നിസഹായരായി പകച്ചു നിന്ന ഡോക്ടര്‍മാര്‍ താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ മരണം സ്ഥിരീകരിച്ചു. പുറത്ത് മഴ ചന്നം പിന്നം പെയ്തുകൊണ്ടിരുന്നു.

ഉപവി പ്രവര്‍ത്തനങ്ങളുടെ ഉപാസകന്‍

ഒക്ടോബര്‍ 7: ഫാ. മാണി കണ്ടനാട്ട് അനുസ്മരണ ദിനം

പ്രക്ഷുബ്ദ അന്തരീക്ഷങ്ങളെ ശാന്തതകൊണ്ട് കീഴടക്കിയ സൗമ്യശീലനായിരുന്നു ഫാ. മാണി കണ്ടനാട്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാനിധ്യവും വേറിട്ട ശബ്ദവുമായിരുന്നു അദ്ദേഹം. ആരോരുമില്ലാതെ, ആളും അര്‍ത്ഥവുമില്ലാതെ, മാറാ രോഗങ്ങളും തീരാദുഃഖങ്ങളുമായി സര്‍ക്കാര്‍ ആശുപത്രി തിണ്ണകളില്‍ കഴിയുന്ന നിരാലംബരായ രോഗികള്‍ക്ക് ഔഷധമായും അന്നമായും വസ്ത്രമായും അഭയമായും ക്രൈസ്തവ സാക്ഷ്യമേകുവാന്‍ മാണിയച്ചനിലൂടെ അനേകര്‍ക്ക് പ്രചോദനവും പരിശീലനവും ലഭിച്ചു.

ക്രിസ്തുജയന്തി മഹാജൂബിലി വര്‍ഷത്തില്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ അന്നവും ഔഷധവുമില്ലാതെ നിരാലംബരായ രോഗികള്‍ക്ക് തന്റെ അലവന്‍സ് ഉപയോഗിച്ച് തുടങ്ങിയ അന്നദാന ശുശ്രൂഷ പിന്നീട് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി ഏറ്റെടുത്തു എന്നതും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് സാന്ത്വനമേകുന്ന ബൃഹദ് ശുശ്രൂഷയായി അത് മാറിയെന്നതും ചരിത്രം.

വിശക്കുന്നവന്റെ മുഖത്ത് നിഴലിക്കുന്ന ദൈന്യത അദ്ദേഹത്തെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. പൗരോഹിത്യ ശുശ്രൂഷയില്‍ ഉപവിയുടെ ഉപാസകനും മുന്നണിപ്പോരാളിയുമായിരുന്നു മാണിയച്ചന്‍. താതന്റെ നിത്യമായ ഭവനത്തിലേക്കുള്ള മടക്കയാത്രയ്ക്ക് ആവശ്യമായ സുകൃതങ്ങളുടെ വലിയ സമ്പാദ്യം സ്വരുക്കൂട്ടുവാന്‍ ഈ ലോക ജീവിതത്തിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു.

രണ്ട് പതിറ്റാണ്ടിലധികം നീളുന്ന വൈദിക വിദ്യാര്‍ത്ഥികളുടെ ഗുരു എന്ന പദവിയില്‍ ഭൗതിക വിജ്ഞാനത്തെ അതിശയിപ്പിക്കുന്ന ആത്മജ്ഞാനം മാണിയച്ചന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സുകൃതസമ്പന്നമായ ഗുരുകൃപയുടെ വറ്റാത്ത ഉറവയാണ് അദ്ദേഹം. ജീവിതത്തിലെ വന്‍ പ്രതിസന്ധികളെ നിര്‍മ്മലമായ പുഞ്ചിരികൊണ്ട് കീഴടക്കുവാന്‍ മാണിയച്ചനു കഴിഞ്ഞു.

പാലായിലെ നെല്ലിയാനിയില്‍ കണ്ടനാട്ട് ചാണ്ടിയുടെയും റോസമ്മയുടെയും ഏഴു മക്കളില്‍ രണ്ടാമനായി 1942 ഡിസംബര്‍ 12ന് ജനനം. സെമിനാരി പഠനത്തിനു ശേഷം തലശേരി രൂപതയ്ക്കായി 1969 ഡിസംബര്‍ 20ന് പൗരോഹിത്യം സ്വീകരിച്ചു.
തലശേരി രൂപതയിലെ ആലക്കോട് അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് ഈരൂട്, രയരോം, മാവൂര്‍, വിളക്കാംതോട്, ഉരുപ്പുംകുറ്റി, കരുവാരകുണ്ട്, പാതിരിക്കോട്, വാലില്ലാപുഴ, ചമല്‍, കുപ്പായക്കോട് എന്നീ ഇടവകകളില്‍ വികാരിയായി.

ഇംഗ്ലീഷിലും മലയാളത്തിലും ബിരുദാനന്തര ബിരുദം നേടി. 1988 മുതല്‍ 21 വര്‍ഷം താമരശേരി മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലകനായി. ന്യായാധിപന്റെ നീതിബോധവും അമ്മയുടെ ആര്‍ദ്രതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ സമ്മേളിച്ചിരുന്നു.

76 വര്‍ഷത്തെ ലോക ജീവിതത്തില്‍ സുന്ദരമായ പൗരോഹിത്യ ജീവിതത്തിന്റെ 48 വര്‍ഷങ്ങളില്‍ താമരശേരി രൂപതയിലെ അനേകം വൈദികരുടെ ഗുരുഭൂതനായി.

വേദനിക്കുന്നവന്‍ നിലവിളിക്കുന്നതിന് മുമ്പു തന്നെ അവന്റെ നേരെ കരുണയുടെ കരങ്ങള്‍ നീട്ടണമെന്നത് അദ്ദേഹത്തിന് വളരെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു. പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ഒരു വ്യക്തിയെ സഹായിക്കാതെ കടന്നു പോകുന്നത് അച്ചന് തീര്‍ത്തും അപരിചിതമായിരുന്നു. നിസഹായതയോടു കൂടിയുള്ള ഒരു നേട്ടമല്ല അവന് സഹായമായി നിന്നുകൊടുക്കുക എന്നതായിരുന്നു രീതി. തന്റെ സഹായം സ്വീകരിക്കുന്നവര്‍ ദൈവം നേരിട്ടു നല്‍കിയ ഒരു നിധിപോലെ മാത്രമെ അതിനെ വരവു വെയ്ക്കാവൂ എന്ന നിര്‍ബന്ധവുമുണ്ടായിരുന്നു.

അരോരുമറിയാത്ത ദാനം അനശ്വരമാണെന്നും കര്‍തൃസന്നിധിയില്‍ ഏറെ ശ്രേഷ്ഠമാണെന്നും അച്ചന്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചിരുന്നു. കൈയില്‍ വരുന്നതൊക്കെയും സ്വന്തം കീശയില്‍ വീഴാതെ അവ വരുന്ന വഴിക്കുതന്നെ ആവശ്യക്കാരില്‍ അതിവേഗമെത്തിക്കാന്‍ അച്ചന്‍ അതീവ ശ്രദ്ധാലുവായിരുന്നു. താന്‍ നല്‍കുന്ന ധനസഹായം അനുദിന ചെലവുകള്‍ക്ക് അതീതമായി അത്യാപത്തിനെ നേരിടാനുള്ള നിധിയായിട്ടാണ് അച്ചന്‍ നല്‍കിയിരുന്നത്. നല്‍കുന്നതിലുള്ള ആത്മസുഖത്തേക്കാള്‍ സ്വീകരിക്കുന്നവന്റെ ആത്മാഭിമാനത്തിന് കാവലാളാകുകയെന്നതായിരുന്നു അച്ചന്റെ ഉപവി പ്രവര്‍ത്തനങ്ങളുടെ ആത്മചൈതന്യം.

പ്രേഷിതരംഗത്തെ കരുണാര്‍ദ്രതാരം

ഒക്ടോബര്‍ 4: ഫാ. ജെയിംസ് മുണ്ടക്കല്‍ അനുസ്മരണ ദിനം

ദിവ്യകാരുണ്യത്തിന്റെ വലിയ ഉപാസകനായ ഫാ. ജെയിംസ് മുണ്ടക്കല്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ ജീവിതം കരുണാമയന്റെ പാദങ്ങളിലര്‍പ്പിച്ച സമാനതകളില്ലാത്ത പുരോഹിതനായിരുന്നു. നാലര പതിറ്റാണ്ടുകള്‍ നീ പൗരോഹിത്യ വഴിത്താരയില്‍ മനസില്‍ പതിഞ്ഞതൊക്കെയും പാവങ്ങളുടെ മുഖമായിരുന്നു. അനാഥരോടും അഗതികളോടുമുള്ള പക്ഷംചേരല്‍ ദൈവത്തോടു തന്നെയുള്ള പക്ഷംചേരലായി അദ്ദേഹം കരുതി.

പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി ഏറെ തീക്ഷ്ണമായിരുന്നു ഫാ. ജെയിംസ് മുണ്ടക്കലിന്. അച്ചന്‍ ജനിച്ചതും മരിച്ചതും ജപമാല മാസമായ ഒക്‌ടോബറിലാണെന്നത് മറ്റൊരു കൗതുകം. ദിവസവും പലവുരു ജപമാല ചൊല്ലിയിരുന്ന അച്ചന് മാതാവ് ദര്‍ശനം നല്‍കിയ സ്ഥലങ്ങളോടും വ്യക്തികളോടും പ്രത്യേക മമതയും വണക്കവും ഉണ്ടായിരുന്നു.

മുണ്ടക്കല്‍ വര്‍ക്കി-ത്രേസ്യ ദമ്പതികളുടെ ഏഴു മക്കളിലൊരുവനായി 1943 ഒക്‌ടോബര്‍ 12-ന് തിരുവമ്പാടിയില്‍ ജനിച്ച ജെയിംസ് അച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം തിരുവമ്പാടിയില്‍ തന്നെയായിരുന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ സെമിനാരി പഠനം. 1968 ഡിസംബര്‍ 21-ന് തലശേരി രൂപതാധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.

നിരാലംബരായവര്‍ക്ക് ആലംബമാവുകയെന്നത് അച്ചന്‍ തന്റെ ജീവിതത്തിന്റെ വലിയ നിയോഗമായി കരുതി. രൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആധ്യാത്മിക ഉപദേഷ്ടാവായി ദീര്‍ഘകാലം സേവനം ചെയ്തു.

രൂപതയുടെ അനാഥാലയത്തിന്റെ ചുമതലയും അച്ചന്‍ വഹിച്ചിട്ടുണ്ട്. അവിടെ പഠിച്ച മക്കള്‍ക്ക് തുടര്‍ വിഭ്യാഭ്യാസം നല്‍കുക, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കു പറഞ്ഞയയ്ക്കുക തുടങ്ങിയവയൊക്കെ അച്ചന് ഏറെ ആത്മസംതൃപ്തിയേകുന്ന സുകൃതങ്ങളായിരുന്നു.

പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന കുടിയേറ്റ ജനതയുടെ സ്വപ്‌നത്തെക്കാള്‍ ഒരു പടികൂടി മുമ്പിലായിരുന്നു മുണ്ടക്കലച്ചന്റെ പ്രയത്‌നങ്ങള്‍. സ്‌കൂള്‍ നിര്‍മാണത്തിലുള്ള മികവു മാത്രമല്ല, കുട്ടികളുടെ അച്ചടക്കത്തിലും സമഗ്രവ്യക്തിത്വ വളര്‍ച്ചയിലും അച്ചന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ചെമ്പനോട, വിലങ്ങാട്, കൂടരഞ്ഞി, വേനപ്പാറ, പുല്ലൂരാംപാറ, മരിയാപുരം, കല്ലാനോട് എന്നീ സ്‌കൂളുകളെ ഏറെ മികവുറ്റതാക്കി തീര്‍ക്കുവാന്‍ അച്ചന്റെ വ്യക്തിപരമായ ശ്രമങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്.

ദേവാലയ സംഗീതത്തെ വളരെ ഗൗരവത്തില്‍ അച്ചന്‍ ശ്രദ്ധിച്ചിരുന്നു. നല്ലൊരു ഗായകനായിരുന്നെങ്കിലും പള്ളിയിലെ ഗായകസംഘത്തെ മികവുറ്റതാക്കി വളര്‍ത്തിക്കൊണ്ടു വരുന്നതിലാണ് അച്ചന്‍ കാര്യമായി ശ്രദ്ധിച്ചിരുന്നത്. യൗവന കാലത്ത് ഹാര്‍മോണിയവും തബലയും വലിയ ഹരമായിരുന്നു. അവയും അച്ചന്‍ അനായാസം കൈകാര്യം ചെയ്തിരുന്നു.

തിരക്കുകള്‍ക്കിടയിലും അള്‍ത്താരയുടെ തണലില്‍ ആത്മനാഥനോടൊത്ത് മണിക്കൂറുകള്‍ തങ്ങളുടെ വല്യച്ചന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നത് മുണ്ടക്കലച്ചന്റെ ശിഷ്യഗണങ്ങള്‍ക്കെല്ലാം അറിവുള്ളതാണ്.

മുണ്ടക്കലച്ചന്റെ വചന പ്രഘോഷണങ്ങള്‍ ഹൃദയസ്പര്‍ശിയാണ്. സുദീര്‍ഘമായ വചന ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷമേ അച്ചന്‍ വചനം പങ്കുവയ്ക്കാറുള്ളു. ഞായറാഴ്ചകളിലടക്കം പങ്കുവച്ച വചനത്തിന്റെ ലിഖിത രൂപം അച്ചന്‍ എന്നും കൈവശം സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. പ്രാര്‍ത്ഥനയോടെ പദ്ധതികളാവിഷ്‌കരിക്കുകയെന്നതായിരുന്നു അച്ചന്റെ ജീവിത രീതി.

അന്നം മുടങ്ങിയാലും യാമപ്രാര്‍ത്ഥന മുടങ്ങുകയെന്നത് അച്ചന് അചിന്ത്യമായിരുന്നു. പ്രാര്‍ത്ഥനയാലും നിഷ്ഠയാലും ക്രമപ്പെടുത്തിയ ജീവിതശൈലി ജീവിതത്തില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍ അച്ചന് ശക്തി പകര്‍ന്നു. താമരശേരി രൂപതയുടെ ചാന്‍സലറായി 1987 – 90 വരെ മങ്കുഴിക്കരി പിതാവിന്റെ മനസിനിണങ്ങിയ ശുശ്രൂഷകനാകാന്‍ കഴിഞ്ഞത് അച്ചന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതി.

താമരശേരി രൂപതയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപതയുടെ സമ്പൂര്‍ണ ചരിത്രഗ്രന്ഥമായ സ്മരണിക ‘കുടിയേറ്റത്തിന്റെ രജത പാതയില്‍’ എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്തിരുന്ന് ആ സദുദ്യമത്തെ അതിന്റെ സകല സൗന്ദര്യത്തോടും കൂടി ആവിഷ്‌കരിച്ചു.

മുണ്ടക്കലച്ചന്‍ ചിത്രകലാ വിദഗ്ധന്‍ കൂടിയായിരുന്നു. അള്‍ത്താര രൂപകല്‍പന ചെയ്യുക, അള്‍ത്താരയിലെ ചിത്രപ്പണികള്‍, പെയിന്റിങ്, ഡ്രോയിങ് തുടങ്ങിയ ജോലികള്‍ അച്ചന്‍ സേവനം ചെയ്ത മിക്ക ഇടവകകളിലും അതിമനോഹരമായി ചെയ്തിട്ടുണ്ട്. വേനപ്പാറയിലെ പഴയ ദേവാലയത്തിന്റെ അള്‍ത്താര രൂപകല്‍പന ചെയ്ത് നവീകരിച്ചത് മുണ്ടക്കലച്ചനായിരുന്നു.

മരിയാപുരം ഫൊറോന പള്ളി, ചെമ്പനോടയിലെ പഴയ പള്ളി, പുതുപ്പാടി പള്ളി എന്നിവിടങ്ങളിലെ അള്‍ത്താരകള്‍ മുണ്ടക്കലച്ചന്റെ കരവിരുതും കൈ അടയാളവും പതിഞ്ഞവയാണ്. കരിക്കോട്ടക്കരി, മൈലെള്ളാംപാറ, ചക്കിട്ടപാറ എന്നിവിടങ്ങളിലും അച്ചന്‍ വികാരിയായിരുന്നു. തന്റെ ഇടവക ജീവിതത്തിലെ അവസാന നാളുകള്‍ 2009 മുതല്‍ 2014 വരെ പുതുപ്പാടിയിലായിരുന്നു.

2014 ഫെബ്രുവരി രണ്ടിന് പുതുപ്പാടിയില്‍ നിന്നു റിട്ടയര്‍ ചെയ്ത് മേരിക്കുന്ന് പ്രീസ്റ്റ് ഹോമിലേക്ക് താമസം മാറുമ്പോള്‍ ഗുരുതര രോഗങ്ങളാല്‍ തീര്‍ത്തും അവശനായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ഒക്‌ടോബര്‍ നാലിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ഓര്‍മവച്ച നാള്‍ മുതല്‍ ഓര്‍മവെടിയും നാള്‍വരെയും സമ്പൂര്‍ണമായും ക്രിസ്തുവിന്റെ വിശ്വസ്ഥ ദാസനും ധീര പ്രേക്ഷിതനുമായിരുന്നു മുണ്ടക്കലച്ചന്‍.

ആത്മബന്ധങ്ങളുടെ തോഴന്‍

സെപ്റ്റംബര്‍ 30: ഫാ. ജോണ്‍ മണലില്‍ അനുസ്മരണ ദിനം

ഷിമോഗ കുടിയൊഴിപ്പിക്കലിന്റെ ബാക്കിപത്രമായി കുടിയിറക്കപ്പെട്ട മുള്ളൂര്‍ കുടുംബത്തിലെ ജോസഫ് എന്ന കുട്ടി ഹൈസ്‌കൂള്‍ പഠനത്തിനായി എത്തിപ്പെട്ടത് വേനപ്പാറ ബാലഭവനിലാണ്. അക്കാലത്താണ് കാലിന് ഗുരുതരപരിക്കുമായി ഫാ. ജോണ്‍ മണലില്‍ വേനപ്പാറയില്‍ വിശ്രമത്തിന് എത്തിയത്. ഇരുവരും അന്നു പരിചയപ്പെട്ടു. അന്ന് തുടങ്ങിയ സൗഹൃദം നാലു തലമുറകള്‍ കടന്ന് ജോണച്ചന്റെ മരണം വരെ തുടര്‍ന്നു.

ജീവിതത്തിലെ പ്രധാന സംഭവങ്ങളിലെല്ലാം ഇരുവരും പരസ്പരം പങ്കുകൊണ്ട് സൗഹൃദം ശക്തിപ്പെടുത്തി. ജോസഫിന്റെ വിവാഹം നടത്തിക്കൊടുത്തതും മക്കളുടെയും പേരക്കിടാങ്ങളുടെയും വിവിധ കൂദാശകള്‍ പരികര്‍മ്മം ചെയ്തതും ജോണച്ചന്‍ തന്നെയായിരുന്നു. ഇതായിരുന്നു ഫാ. ജോണ്‍ മണലിലിന്റെ സൗഹൃദ ശൈലി. കൂട്ടായി വരുന്നവനെ കൂടോടെ ജീവനുതുല്യം മരണം വരെയും സ്‌നേഹിക്കുമായിരുന്നു അദ്ദേഹം.

പാവങ്ങളെ സൗഹൃദംകൊണ്ട് ധന്യമാക്കുക എന്നത് അച്ചന് ഏറെ ഹരമായിരുന്നു. ജോണച്ചന്‍ പയ്യനാട് പള്ളിയില്‍ വികാരിയായിരിക്കവേ ഒരിക്കല്‍ അച്ചന്റെ ജ്യേഷ്ഠന്‍ നാട്ടില്‍ നിന്നും ജോണച്ചനെ സന്ദര്‍ശിക്കുവാന്‍ എത്തി. നട്ടുച്ച സമയത്ത് അവര്‍ അങ്ങനെ സംസാരിച്ചിരിക്കെ ഭിക്ഷ യാചിച്ച് ഒരു മനുഷ്യന്‍ അവിടെയെത്തി. ഒരു നേരത്തെ ഭക്ഷണത്തിനുള്ള പൈസയാണ് ധര്‍മ്മം തേടി വന്നവന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവനെ അച്ചന്റെയും ജ്യേഷ്ഠന്റെയും ഒപ്പമിരുത്തി അവര്‍ക്കായി തയ്യാറാക്കിയ ഭക്ഷണം പകുത്തുനല്‍കി ആ യാചകനെ അമ്പരപ്പിച്ചു.

പടത്തുകടവില്‍ വികാരിയായിരിക്കവേ ജന്മംകൊണ്ട് ഹൈന്ദവനും ജീവിതംകൊണ്ട് ക്രിസ്ത്യാനിയുമായ വിജയന്‍ പതിവായി ജോണച്ചനെ കാണാന്‍ എത്തുമായിരുന്നു. വിജയന്‍ ശാലോം ശുശ്രൂഷകളിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഏറെ ആകൃഷ്ടനും കൂടെക്കൂടെ നവീകരണ ധ്യാനങ്ങളില്‍ പങ്കെടുക്കുന്ന വ്യക്തിയുമാണ്. അഭിഷിക്തനെ കണ്ട് ആത്മീയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക എന്നത് ജീവിതത്തില്‍ ഏറെ ധന്യത ലഭിക്കുന്ന കാര്യമായി വിജയന്‍ കരുതിയിരുന്നു. ജോണച്ചന്റെ ഒഴിവുവേളകള്‍ കണ്ടെത്തി മണിക്കൂറുകളോളം ഈശ്വരചിന്തയില്‍ ലയിക്കുവാന്‍ വിജയന്‍ ഏറെ ശ്രദ്ധാലുവായിരുന്നു. ഈ ആത്മീയ സംഭാഷണങ്ങള്‍ തന്റെ വിശ്വാസജീവിത പാതയില്‍ തിരുപാഥേയം പോലെയാണു വിജയന്‍ സ്വീകരിച്ചിരുന്നത്. അങ്ങിനെ നശ്വരമായ വിശപ്പിനേക്കാള്‍ വലുതാണ് ആത്മീയ വിശപ്പ് എന്ന് കണ്ടറിഞ്ഞവരാണ് അച്ചനും വിജയനും. പിന്നീട് അച്ചന്‍ സ്ഥലം മാറിയിട്ടും വിജയന്റെ മനസ്സില്‍ ആ സൗഹൃദം മായാതെ നിലകൊണ്ടു.

ജോണച്ചന്‍ കുപ്പായക്കോട് വികാരിയായിരിക്കവേ ഒരു പള്ളിത്തിരുനാള്‍ വേളയില്‍ സംഭവിച്ച ഒരു കുഞ്ഞുകാര്യം കൂടി കുറിക്കുകയാണ്: പ്രധാന തിരുനാള്‍ ദിനത്തില്‍ രൂപതാധ്യക്ഷന്‍ ദിവ്യബലി അര്‍പ്പിക്കുന്ന വേളയില്‍ പിതാവിന് കുടിക്കാനായി ഒരു ഗ്ലാസ് ചൂടുവെള്ളം സങ്കീര്‍ത്തിക്ക് സമീപത്തു ദേവാലയ ശുശ്രൂഷി വച്ചിരുന്നു. അമ്മവീട്ടില്‍ പെരുന്നാള്‍ കൂടുവാന്‍ കൊതിയോടെ വന്ന ഒരു കുഞ്ഞ് ദാഹംകൊണ്ട് അലമുറയിട്ടു. പെട്ടെന്ന് കുഞ്ഞിന്റെ അപ്പന്‍ അവിടെയിരുന്ന ചൂടുവെള്ളം കുഞ്ഞിനു കുടിക്കാന്‍ നല്‍കി. ഇത് കണ്ട ചിലര്‍ അവര്‍ക്ക് സമീപത്തേക്ക് വന്നു. ഭാര്യയുടെ ഇടവകയില്‍ വച്ച് അപമാനിതനാകുമെന്ന് ആ കുഞ്ഞിന്റെ അപ്പന് തോന്നി. സ്തബ്ധനായി നില്‍ക്കുന്ന കുഞ്ഞിന്റെ അപ്പന്റെ സമീപത്തേക്ക് വികാരിയായ ജോണച്ചനെത്തി ശാന്തമായി പറഞ്ഞു: ”കുഞ്ഞിന്റെ വായ് പൊള്ളാതെ നോക്കണേ.”

അതോടെ രംഗം ശാന്തമായി. വലിയൊരു അപമാനത്തിന്റെ വക്കില്‍ നിന്ന് വികാരിയച്ചന്റെ സമയോചിതവും സ്‌നേഹനിര്‍ഭരവുമായ ഇടപെടലിലൂടെ അപ്പനും കുഞ്ഞും രക്ഷപ്പെട്ടു. ഇന്നും ഭാര്യയുടെ ഇടവകയില്‍ വരുമ്പോഴെല്ലാം അദ്ദേഹം ഓര്‍ക്കും വലിയ മനസ്സുള്ള ആ വികാരിയച്ചനെ.

ഒരിക്കല്‍ കണ്ടുമുട്ടിയാല്‍ ആര്‍ക്കും ഒരിക്കലും മറക്കുവാന്‍ കഴിയാത്ത വിധം അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയും സ്വാധീനിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു ജോണച്ചന്റേത്.

ചങ്ങനാശേരി അതിരൂപതയില്‍ കുട്ടനാട്ടിലെ മുട്ടാര്‍ ഇടവകയില്‍ മണലില്‍ ദേവസ്യ – ക്ലാരമ്മ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനായി 1943 ജൂണ്‍ ഒന്നിന് ജനിച്ചു. മുട്ടാറില്‍ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1959 ല്‍ പാലാ രൂപതയുടെ ഗുഡ് ഷെപ്പേഡ് സെമിനാരിയില്‍ തലശ്ശേരി രൂപതയ്ക്കുവേണ്ടി വൈദിക വിദ്യാര്‍ത്ഥിയായി. തുടര്‍ന്ന് തലശ്ശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരി, ആലുവ പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. 1968 ഡിസംബര്‍ 20ന് ആലുവ സെമിനാരിയില്‍ വച്ച് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. കുട്ടനാട്ടിലെ മുട്ടാര്‍ ഇടവകയില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് മിഷന്‍ സ്വപ്‌നങ്ങളോടെ മലബാറിലേക്ക് വണ്ടി കയറി. മാനന്തവാടി രൂപതയിലെ മണിമൂളി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി ആദ്യനിയമനം. അതോടൊപ്പം സ്റ്റേഷന്‍ പള്ളിയായിരുന്ന പാലാങ്കരയുടെ ചുമതലയും ജോണച്ചനായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പാലാങ്കരയുടെ വികാരിയായി. വികസനം എത്താത്ത ദേശമായിരുന്നു പാലാങ്കര. കാളവണ്ടി ആയിരുന്നു അവിടുത്തെ പ്രധാന വാഹനം. വിശ്വാസികള്‍ സാധാരണക്കാരായ കര്‍ഷകര്‍. കപ്പയാണ് പ്രധാന കൃഷി. പള്ളിമുറി ഇല്ലാതിരുന്നതിനാല്‍ സങ്കീര്‍ത്തിയിലായിരുന്നു അച്ചന്റെ താമസം. ഒരിക്കല്‍ അവിടുത്തെ സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ക്കായി ഒരു ടൂര്‍ സംഘടിപ്പിച്ചു. 1973 ഏപ്രില്‍ ഒന്നിന് അധ്യാപകര്‍ക്കൊപ്പം മൈസൂരിലേക്ക് യാത്ര പുറപ്പെട്ടു. മൈസൂര്‍ എത്താന്‍ ഏതാനും കിലോമീറ്റര്‍ മാത്രം ശേഷിക്കേ നിയന്ത്രണംവിട്ട ജീപ്പ് മരത്തിലിടിച്ചു മറിഞ്ഞു. ജീപ്പില്‍ ഉണ്ടായിരുന്നവര്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പക്ഷേ ജോണച്ചന്റെ വലതുകാല്‍ മുട്ടിനുതാഴെ ഒടിഞ്ഞു തൂങ്ങി. വേദനകൊണ്ട് പുളഞ്ഞ അച്ചനെ നാട്ടുകാര്‍ മൈസൂര്‍ കൃഷ്ണരാജേന്ദ്ര ആശുപത്രിയിലെത്തിച്ചു. രൂപതാ കേന്ദ്രത്തില്‍നിന്ന് സഹായത്തിനായി ജോസഫ് കാപ്പിലച്ചനെ വള്ളോപ്പിള്ളി പിതാവ് മൈസൂരിലേക്ക് അയച്ചു. നാലു ദിവസങ്ങള്‍ക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി അച്ചനെ മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഒന്നരവര്‍ഷം വേനപ്പാറ ബാലഭവനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

1975 ല്‍ ഈരൂട് വികാരിയായി കര്‍മ്മമണ്ഡലത്തിലേക്ക് തിരിച്ചെത്തി. നഗരകേന്ദ്രമായ താമരശ്ശേരിയില്‍ ഒരു പള്ളി വേണമെന്ന വള്ളോപ്പിള്ളി പിതാവിന്റെ ആഗ്രഹപ്രകാരം 1976 ല്‍ താമരശ്ശേരി ടൗണിനോടനുബന്ധിച്ച് എട്ടു സെന്റ് സ്ഥലം കണ്ടെത്തി പള്ളി സ്ഥാപിച്ചത് ജോണച്ചനായിരുന്നു. ഈരൂട് വികാരി ആയിരിക്കെ തന്നെ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ താമരശ്ശേരിയില്‍ ആരംഭിച്ച പുതിയ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കും അച്ചന്‍ നേതൃത്വം നല്‍കി.

1980 -ല്‍ പയ്യനാട് വികാരിയായി സ്ഥലം മാറി. കൂമന്‍കുളം സ്റ്റേഷന്‍ പള്ളിയുടെ ചാര്‍ജും ജോണച്ചനായിരുന്നു. മഞ്ചേരി ടൗണില്‍ അന്ന് പള്ളിയില്ല. നഗരത്തിലെ വിശ്വാസികളെ സംഘടിപ്പിച്ചു പള്ളി നിര്‍മ്മിക്കുവാന്‍ അച്ചന്‍ തീരുമാനിച്ചു. 1986-ല്‍ തലശ്ശേരി രൂപത വിഭജിച്ച് താമരശ്ശേരി രൂപത നിലവില്‍വന്നു. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പ്രഥമ ബിഷപ്പായി. അതേ വര്‍ഷം നവംബറില്‍ പണികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ മഞ്ചേരി പള്ളി വെഞ്ചരിച്ചു ദിവ്യബലി ആരംഭിച്ചു. 1987- ല്‍ ജോണച്ചന്‍ മഞ്ചേരി ഇടവക വികാരിയായി സ്ഥാനമേറ്റു. സ്റ്റേഷനായ കൂമന്‍കുളത്ത് പള്ളി നിര്‍മ്മിക്കുന്നതിന് അച്ചന്‍ മുന്‍കൈയെടുത്തു. 1988- ഫെബ്രുവരിയില്‍ കൂമന്‍കുളത്ത് പുതിയ പള്ളി നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1990-ല്‍ മരഞ്ചാട്ടി ഇടവക വികാരിയായി സ്ഥലം മാറി. അവിടെയും പള്ളിയും പള്ളിമുറിയും ഉണ്ടായിരുന്നില്ല. സ്‌കൂളിലെ ഒരു ക്ലാസില്‍ ഇടദിവസങ്ങളില്‍ കുര്‍ബാനയര്‍പ്പിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും സ്‌കൂള്‍ ഹാളിലായിരുന്നു ദിവ്യബലി. ഇടവക ജനങ്ങളുടെ സഹകരണത്തോടെ പുതിയ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചു. 1995 ഡിസംബര്‍ 16ന് പുതിയ പള്ളി കൂദാശ ചെയ്തു.

1996 -ല്‍ കട്ടിപ്പാറ വികാരിയായി. രണ്ടായിരത്തില്‍ കുളിരാമുട്ടിയിലേക്ക് സ്ഥലം മാറി. ഒരു വര്‍ഷത്തോളം സേവനം ചെയ്ത ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ വാലില്ലാപ്പുഴയിലേക്ക് സ്ഥലം മാറി. സണ്‍ഡേസ്‌കൂള്‍ ഷെഡ്ഡിന്റെ രണ്ടാം നിലയില്‍ ആയിരുന്നു അന്ന് പള്ളി. പുതിയ പള്ളി നിര്‍മിക്കുന്നതിന് വികാരി അച്ചന്റെ നേതൃത്വത്തില്‍ ഇടവക സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. മേല്‍ക്കൂരയും മുഖവാരവും പണിതീര്‍ത്തു. ഇതിനിടെ ജോണച്ചന് ബൈപ്പാസ് സര്‍ജറി നടത്തേിവന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പള്ളി പണി തീരും മുമ്പേ ചുണ്ടത്തുംപൊയിലിലേക്ക് സ്ഥലം മാറി. തുടര്‍ന്ന് കുപ്പായക്കോട്, പടത്തുകടവ്, കല്ലുരുട്ടി ഇടവകകളിലും വികാരിയായി.

തിരുപ്പട്ടം സ്വീകരിച്ച് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ നേരിടേണ്ടി വന്ന വലിയ അപകടം വലതുകാലിന് ഏല്‍പ്പിച്ച പരിക്ക് ഏറെ ഗൗരവമുള്ളതായിരുന്നു. പിന്നീട് ജീവിതത്തിലുടനീളം അല്പം മുടന്തുള്ള കാലോടുകൂടിയാണ് ജീവിതം മുന്നോട്ടു പോയത് എങ്കിലും അതെല്ലാം വിളിച്ചവനോടുള്ള സ്‌നേഹത്തെപ്രതി യാതൊരു പരാതിയും പരിഭവവും ഇല്ലാതെ സഹിക്കുന്ന ശാന്തപ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

2014 മെയ് 11 മുതല്‍ മേരിക്കുന്ന് ഗുഡ് ഷെപ്പേഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2021 സെപ്റ്റംബര്‍ 15ന് കോവിഡ് ബാധിതനായി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 30 വ്യാഴാഴ്ച രാവിലെ 4.15ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മേരിക്കുന്നിലുള്ള വൈദിക വിശ്രമ മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ജോണച്ചന്‍ അവിടെ വരുന്ന സന്ദര്‍ശകരോട് കുശലം പറയുന്നതിനും പരിചയപ്പെടുന്നതിനും ഏറെ മുന്നിലായിരുന്നു. പ്രീസ്റ്റ് ഹോമിനെ ചടുലമായി നിലനിര്‍ത്തുന്നതില്‍ അച്ചന്‍ വലിയ പങ്കുവഹിച്ചു. ആത്മീയ ജീവിതത്തിലോ അനുദിന ഉത്തരവാദിത്വങ്ങളിലോ ഒരു മുടക്കവും വരുത്താതെയും ആര്‍ക്കും ഒരു ഭാരമാകാതെയും ജീവിക്കുവാന്‍ അച്ചന്‍ പരിശീലിച്ചിരുന്നു. ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, ചാപ്പലില്‍ ഉയര്‍ന്ന സ്വരത്തില്‍ പ്രാര്‍ത്ഥിക്കുന്ന ജോണച്ചന്‍ വൈദിക വിശ്രമ മന്ദിരത്തിന് ശബ്ദവും ഊര്‍ജവും ആയിരുന്നു.

2018-ല്‍ ജോണച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തില്‍ മണലില്‍ കുടുംബം പുറത്തിറക്കിയ ‘സഹനത്തിന്റെ വഴിത്താരയില്‍’ എന്ന പുസ്തകം അച്ചന്റെ ജീവിതകഥ വ്യക്തമാക്കുന്നു.

പലവട്ടം മരണത്തെ മുഖാഭിമുഖംക ജോണച്ചന്‍ കഴിഞ്ഞ ജൂണില്‍ അസുഖബാധിതനായി വെന്റിലേറ്ററിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തി. ഇനി ഞാന്‍ മരണത്തിന് എപ്പോഴും ഒരുങ്ങിയിരിക്കുകയാണന്ന് ജോണച്ചന്‍ പറയുമായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചപ്പോള്‍ തന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് പ്രവേശിച്ചു വെന്ന് തിരിച്ചറിഞ്ഞ അച്ചന്‍ ആത്മീയമായി സമ്പൂര്‍ണ്ണ ഒരുക്കത്തില്‍ രോഗീലേപനം സ്വീകരിച്ചു. താന്‍ അനുഭവിച്ച ദൈവസ്‌നേഹം കലവറയില്ലാതെ പകര്‍ന്നുനല്‍കിയവന്‍, ലാളിത്യം ജീവിതവ്രതമാക്കിയവന്‍, കരുണാമയന്റെ നേര്‍ക്കാഴ്ചയായവന്‍, ക്രിസ്ത്വാനുകരണം പോലെ ധന്യമായ ജീവിതം. സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയില്‍ നമുക്കും പ്രചോദനമാകട്ടെ ആ പാവന ജീവിതം.

കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗി

സെപ്റ്റംബര്‍ 6: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഓര്‍മ്മദിനം. അഭിവന്ദ്യ ചിറ്റിലപ്പിള്ളി പിതാവിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുസ്മരിക്കുന്നു.

കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗിയായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ്. തനിക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുത്ത് ഇടയനില്ലാത്ത ആടുകളുടെ അടുത്തേക്ക് അജപാലനത്തിനായി അയച്ച യേശു, വന്ദ്യ പിതാവിനെ ശുശ്രൂഷക്കായി വിളിച്ച് ഇടയനില്ലാത്തവരുടെ ഇടയനായി നിയോഗിച്ചു. പൗലോസ് ശ്ലീഹായെപ്പോല ‘യേശുക്രിസ്തു എന്നെ സ്വന്തമാക്കി’ എന്ന ആത്മബോധത്തോടെ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് സധൈര്യം കടന്നുചെന്ന് ജീവിതം സുവിശേഷമാക്കിയ വലിയ ഇടയനായിരുന്നു അദ്ദേഹം.

തൃശ്ശൂര്‍ അതിരൂപതയുടെ പ്രഗത്ഭനായ വികാരി ജനറല്‍ എന്ന നിലയില്‍ കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായി അടുത്ത് പരിചയപ്പെടുന്നത് 1991 ല്‍ കാനന്‍ നിയമത്തിലെ തുടര്‍പരിശീലനത്തിനായി മുംബൈയില്‍ എത്തിയപ്പോഴായിരുന്നു. പിന്നീട് താമരശ്ശേരി രൂപതയുടെ മൂന്നാമത്തെ മെത്രാനായി വന്നപ്പോള്‍ രൂപതാഭരണത്തില്‍ അദ്ദേഹത്തോടൊപ്പം 10 വര്‍ഷം രൂപതാ ചാന്‍സലര്‍ എന്ന നിലയില്‍ ചേര്‍ന്നു നടക്കാനും 2010 മുതല്‍ പിതാവിന്റെ മരണംവരെ ആ ആത്മീയ തണലില്‍ ആശ്രയിച്ച് സുകൃതം സ്വന്തമാക്കാനും എനിക്ക് അപൂര്‍വ്വമായ ഭാഗ്യം ദൈവം നല്കി. ഏറ്റവും അടുത്ത് ഇടപഴകിയ വ്യക്തി എന്ന നിലയില്‍ എനിക്ക് നിസ്സംശയം പങ്കുവെക്കാന്‍ കഴിയും, അദ്ദേഹത്തിന്റെ സ്ഥാനം സുവിശേഷ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച വേദസാക്ഷികളുടെ നിരയിലാണ്.

കറതീര്‍ന്ന സഭാസ്നേഹിയായിരുന്നു പിതാവ്. ‘ഇതാ ഞാന്‍ യേശുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനി മേല്‍ ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു’ എന്ന അപ്പസ്തോലന്റെ ആദ്ധ്യാത്മികത അക്ഷരാര്‍ത്ഥത്തില്‍ പിതാവിലും തെളിഞ്ഞു നിന്നിരുന്നു. അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ എന്ന ചൈതന്യത്തിലായിരുന്നു പിതാവിന്റെ പ്രവര്‍ത്തനങ്ങളത്രയും.

അപ്രതീക്ഷിതമായ ദൈവവിളി, ഉപരിപഠനത്തിനായി റോമിലേക്കുള്ള യാത്ര, വടവാതൂര്‍ സെമിനാരിയില്‍ അധ്യാപകനായിരുന്ന കാലഘട്ടം, തൃശ്ശൂര്‍ രൂപതയിലെ സാഹസികമായ ആരംഭകാല പ്രവര്‍ത്തനങ്ങള്‍, സിനഡില്‍ സഭാപിതാക്കന്മാരോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍, സിനഡ് ഭരമേല്പിച്ച ശുശ്രൂഷകള്‍ മുതലായ നിരവധിയായ അനുഭവങ്ങള്‍ എനിക്ക് പരിചിതമാണ്. അഭിവന്ദ്യ പോള്‍ പിതാവിനെ ദൈവം ഏല്പിച്ച ദൗത്യങ്ങളെല്ലാം നൂറുശതമാനം വിജയിപ്പിക്കാന്‍ പിതാവ് അവിശ്രാന്തം പരിശ്രമിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച കാര്യം തന്റെ ശുശ്രൂഷയുടെ വിജയകരമായ ചരിത്രം പങ്കുവെക്കുമ്പോള്‍ ഒരിക്കല്‍പോലും ‘ഞാന്‍’ എന്ന പദം കടന്നു വരാറില്ലായിരുന്നു. ദൈവം എന്നെ ഒരു ഉപകരണമാക്കി, പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായികളെ തന്ന് ദൈവം അനുഗ്രഹിച്ചു എന്നുമാത്രമാണ് ആവര്‍ത്തിച്ചിരുന്നത്. ‘കൃപയുടെ വഴിയില്‍’ എന്ന തന്റെ ആത്മകഥയില്‍ അദ്ദേഹം എഴുതുന്നു- ‘സാര്‍വത്രിക സഭ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളും വ്യക്തിസഭ എടുക്കുന്ന തീരുമാനങ്ങളും എനിക്ക് വ്യക്തിപരമായ ആശയങ്ങളും അഭിപ്രായങ്ങളും ഉെണ്ടങ്കില്‍തന്നെയും പൂര്‍ണ്ണമായി പാലിക്കുവാനും അനുസരിക്കുവാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു.’ കറതീര്‍ന്ന സഭാസ്നേഹിക്കു മാത്രമേ ആത്മാര്‍ത്ഥത നിറഞ്ഞ ഈ വാക്കുകള്‍ കോറിയിടാന്‍ കഴിയൂ.

കെഎസ്ആര്‍ടിസിയും പള്ളിമുറിയും

സെപ്റ്റംബര്‍ 5: ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം ഓര്‍മ്മദിനം

ആനക്കാംപൊയില്‍ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ് കാണുമ്പോള്‍ ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റത്തിന്റെ ഓര്‍മ പഴമക്കാരുടെ മനസില്‍ നിറയും. അദ്ദേഹത്തിന്റെ സൗമനസ്യവും സഹകരണവുമില്ലായിരുന്നെങ്കില്‍ ഈ റൂട്ടില്‍ സ്റ്റേറ്റ്ബസ് വരില്ലായിരുന്നു. അദ്ദേഹം കാണിച്ച സ്‌നേഹത്തിന് പ്രത്യുപകാരമായി ആനക്കാംപൊയില്‍ സര്‍വീസ് കെഎസ്ആര്‍ടിസി കുത്തക റൂട്ടാക്കി. ഇപ്പോള്‍ തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നു. വിവിധ മലയോര കേന്ദ്രങ്ങളിലേക്ക് മാത്രമല്ല വിദൂര ജില്ലകളിലേക്കും ഇവിടെ നിന്ന് സ്റ്റേറ്റ് ബസ് ഓടുന്നു.

മലയോര ജനത യാത്രാ സൗകര്യത്തിന് കൊതിച്ചിരുന്ന 1970കളുടെ മധ്യഘട്ടം. തോട്ടത്തിന്‍കടവില്‍ പാലം വന്നപ്പോഴാണ് തിരുവമ്പാടിയില്‍ ആദ്യമായി ബസ് എത്തുന്നത്. വൈകാതെ പൊടി നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ പുല്ലൂരാംപാറയ്ക്കും ബസ് ഓടിതുടങ്ങി. ഒരു യാത്ര കഴിയുമ്പോള്‍ യാത്രക്കാരും ബസും അത്യാവശ്യമായി കുളിക്കേണ്ട പരുവത്തില്‍ പൊടിമണ്ണില്‍ മൂടിയിരിക്കും.

പുല്ലൂരാംപാറ വരെ എത്തിയ ബസിനെ ആനക്കാംപൊയില്‍ എത്തിക്കാനായി നാട്ടുകാരുടെ പിന്നീടുള്ള ശ്രമം. ചില സ്വകാര്യ ബസുകള്‍ ആനക്കാംപൊയിലിലേക്ക് ഓടിയെങ്കിലും കുത്തനെയുള്ള കയറ്റവും റോഡിന്റെ ദുര്‍ഘടാവസ്ഥയും കാരണം സര്‍വീസ് തുടരാന്‍ താല്‍പ്പര്യം കാണിച്ചില്ല.

ആനക്കാംപൊയില്‍ പള്ളിവികാരിയായിരുന്ന ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം ഈ റൂട്ടില്‍ സര്‍വീസ് നടത്തണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസിയെ സമീപിച്ചു. കയറ്റവും വളവുമുള്ള, ടാറിടാത്ത വഴിയില്‍ കൂടി ഓടാന്‍ പറ്റില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. അച്ചന്‍ വിട്ടില്ല. അധികൃതരുടെ പിന്നാലെ കൂടി. അവസാനം പരീക്ഷണാര്‍ത്ഥം ബസ് ഓടിച്ചു. ബസിന് നല്ലവരുമാനം കിട്ടി. കൂടെ നാട്ടുകാരുടെ നിര്‍ലോഭമായ സഹകരണവും. പക്ഷെ ഡ്രൈവര്‍ക്ക് ഈ റൂട്ടില്‍ ബസ് ഓടിക്കുക അതീവ ക്ലേശകരമായിരുന്നു. മഴപെയ്താല്‍ കയറ്റം കയറാതെ ബസ് ചെളിയില്‍ തെന്നിക്കളിക്കും.

ഉടനെ ആനക്കാംപൊയില്‍ പള്ളിയിലേക്ക് വിവരം കൊടുക്കും. മിനിട്ടുകള്‍ക്കകം അച്ചനും ചേട്ടന്മാരുടെ സംഘവുമെത്തും. ബസിനെ തള്ളി കുന്നുകയറ്റിവിടും.

രാത്രിയില്‍ ആനക്കാംപൊയിലില്‍ കിടക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ബസ് ജീവനക്കാര്‍ക്ക് സ്റ്റേ ഡ്യൂട്ടി എടുക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. വൈകിട്ട് 7.15നും 8.30നും കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന ബസുകള്‍ ആനക്കാംപൊയിലില്‍ എത്തുമ്പോള്‍ ഹോട്ടലുകള്‍ അടച്ചിരിക്കും. ഭക്ഷണത്തിനു മാത്രമല്ല താമസത്തിനും സൗകര്യമില്ല.

അച്ചന്‍ ഇതിനും പരിഹാരം കണ്ടു. ജീവനക്കാര്‍ക്ക് പള്ളിമുറിയില്‍ കിടക്കാം. അത്താഴവും വിളമ്പിവെച്ചിരിക്കും. മറ്റൊരിടത്തും കിട്ടാത്ത ഈ സൗമനസ്യത്തിനും സ്‌നേഹത്തിനും മുന്നില്‍ കെഎസ്ആര്‍ടിസി കീഴടങ്ങി. ആനക്കാംപൊയിലും കെഎസ്ആര്‍ടിസിയും തമ്മില്‍ അന്നു തുടങ്ങിയ ബന്ധമാണ് ഇപ്പോള്‍ തിരുവമ്പാടി ബസ് സ്റ്റേഷന്‍ വരെ വളര്‍ന്നു നില്‍ക്കുന്നത്.

ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായിക്കൊണ്ടിരുന്ന കാലമായിരുന്നത്. അപ്പോഴെല്ലാം ഈ കൊച്ചുമനുഷ്യന്‍ സ്‌നേഹം കൊണ്ടും വിനയാന്വിതമായ പെരുമാറ്റം കൊണ്ടും ജനങ്ങളെ വിശ്വാസത്തിന്റെ ചരടില്‍ കോര്‍ത്തിണക്കി വികസന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

മണക്കാട്ടുമറ്റം കുര്യാക്കോസ് – ഏലി ദമ്പതികളുടെ മകനായി 1938ല്‍ രാമപുരം കുറിഞ്ഞിയില്‍ ജനിച്ച ഫാ. അഗസ്റ്റിന്‍ 1964ല്‍ വൈദികപട്ടം സ്വീകരിച്ചു. കൊല്ലൂര്‍, പുറവയല്‍, മാട്ടറ, വാഴവറ്റ, പാലാവയല്‍, ആനക്കാംപൊയില്‍, പുഷ്പഗിരി, കല്ലുരുട്ടി, താമരശേരി, പാറോപ്പടി, കട്ടിപ്പാറ തുടങ്ങിയ ഇടവകകളില്‍ വികാരിയായിരുന്നു. 1987 മുതല്‍ 1993 വരെ താമരശേരി രൂപത കോര്‍പ്പറേറ്റ് മാനേജരായി സേവനം അനുഷ്ഠിച്ചു. 2007 സെപ്റ്റംബര്‍ അഞ്ചിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

കഠിനാദ്ധ്വാനം ശീലമാക്കിയ വൈദിക ശ്രേഷ്ഠന്‍

ആഗസ്റ്റ് 19, ഫാ. അലക്‌സ് മണക്കാട്ടുമറ്റം ഓര്‍മ്മദിനം

ആത്മീയപക്വതയാല്‍ ലാളിത്യത്തെ സ്വയംവരിച്ച് കഠിനാധ്വാനം ജീവിതശൈലിയാക്കിയ ഫാ. അലക്‌സ് മണക്കാട്ടുമറ്റം മലബാറിലെ ആദ്യകാല കുടിയേറ്റ ജനതയുടെ കാവല്‍ മാലാഖയും ആത്മമിത്രവുമായ അജപാലകനായിരുന്നു.

കുടിയേറ്റ നാളുകളിലെ ദാരിദ്ര്യവും നിരന്തരമായ പകര്‍ച്ചവ്യാധികളും കൊടും ശൈത്യവും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളും തളര്‍ത്തിയ ജനതയ്ക്ക് ആവേശവും പ്രത്യാശയും പകര്‍ന്നു നല്‍കാന്‍ ഈ ദൈവോപാസകനെ തമ്പുരാന്‍ ഉപയോഗിച്ചതായി പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു.

കൊടുങ്കാടിനോടും മലമ്പനിയോടും ഏറ്റുമുട്ടി വിജയിക്കുകയെന്നത് വലിയ വെല്ലുവിളിയായി സ്വീകരിക്കുവാന്‍ സേവനം ചെയ്ത ഇടവകകളിലെ വിശ്വാസ സമൂഹത്തിനു ഈ കര്‍മ്മധീരന്‍ ശക്തി പകര്‍ന്നു. ചാണ്ടിയച്ചന്‍ എന്നു മറുപേരുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമായിരുന്ന ധീരതയും സാഹസികതയും മലബാറിലെ പൗരോഹിത്യ ശുശ്രൂഷയ്ക്ക് ഏറെ ബലം പകര്‍ന്നു. ദൈവഭയമുള്ളവനു മറ്റാരെയും ഭയപ്പെടാനില്ലെന്ന വചനവും ‘ധീരാത്മാക്കള്‍ക്ക് ഒരു മരണമേ ഉണ്ടാകൂ’ എന്ന തത്വവും ജീവിതശൈലിയാക്കുവാന്‍ ചാണ്ടിയച്ചനു സാധിച്ചു. ദീനത്താല്‍ വലഞ്ഞവന് ഔഷധമാകുവാനും ഭയചകിതന് ആത്മധൈര്യം പകരുവാനും നൈരാശ്യം ബാധിച്ചവന് ദൈവികമായ പ്രത്യാശ പകര്‍ന്നു നല്‍കുവാനും തലശേരിയുടെ കുടിയാന്മല മുതല്‍ താമരശേരിയുടെ കൂമന്‍കുളം വരെ അരനൂറ്റാണ്ടിലധികം നീണ്ട പൗരോഹിത്യ ശുശ്രൂഷകളിലൂടെ അദ്ദേഹത്തിനു സാധിച്ചു. ദൈവാശ്രയ ബോധത്തിന്റെ സമാനതകളില്ലാത്ത ജീവിത ദര്‍ശനങ്ങളുടെ ഉടമയാണ് ചാണ്ടിയച്ചന്‍. സാഹസികന്‍, സംശുദ്ധന്‍, കര്‍മ്മനിരതന്‍, നിര്‍ഭയന്‍, കലാകാരന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ വിശേഷണങ്ങള്‍ക്കുമപ്പുറമാണ് അദ്ദേഹത്തിന്റെ സിദ്ധികള്‍!

മണക്കാട്ടുമറ്റം കുടുംബത്തിലെ കുര്യാക്കോസ് – ഏലി ദമ്പതികളുടെ ഏഴു മക്കളില്‍ ദേവസ്യാച്ചന്‍ എന്നു പേരുള്ള ഒരേയൊരു സഹോദരന്‍ മാത്രമാണ് കുടുംബ ജീവിതം നയിച്ചത്. ബാക്കി ആറു മക്കളും സമര്‍പ്പിതരാണ്. രണ്ടു വൈദികരും നാലു നിസ്റ്റര്‍മാരും. വൈദികരായ രണ്ടു സഹോദരങ്ങളും മലബാര്‍ മിഷനുമായി ഏറെ ത്യാഗനിര്‍ഭരമായ ബലിജീവിതത്തിനുടമകളായി. ചാണ്ടിയച്ചനെന്ന ജ്യേഷ്ഠ പുരോഹിതന്റെ ഉദാത്ത മാതൃക പിന്‍തുടര്‍ന്ന് കുഞ്ഞാഗസ്തിയച്ചനെന്ന അനുജനും മലബാറിന്റെ വളര്‍ച്ചയ്ക്കായി അക്ഷരാര്‍ത്ഥത്തില്‍ നിണമൊഴുക്കിയവനാണ്. ഈ സഹോദര വൈദികര്‍ക്കൊപ്പം തങ്ങളുടെ പെങ്ങളും തിരുഹൃദയ സഹോദരിയുമായ സിസ്റ്റര്‍ ബെനീസി എസ്എച്ചും മലബാറിനെ തങ്ങളുടെ ശുശ്രൂഷാ മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു.

ആലുവ സെമിനാരിയിലെ വൈദിക പഠനത്തിനു ശേഷം കേരളം സന്ദര്‍ശിച്ച പൗരസ്ത്യ തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ യുജിന്‍ ടിസറന്റില്‍ നിന്നു 1953 ഡിസംബര്‍ എട്ടിന് പൗരോഹിത്യം സ്വീകരിച്ചു. പാലാ രുപതയിലെ പ്ലാശനാല്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിക്കുമ്പോള്‍ 1954 ജൂണിലാണ് വള്ളോപ്പിള്ളി പിതാവിന്റെ പ്രത്യേക ക്ഷണപ്രകാരം ചാണ്ടിയച്ചന്‍ തലശേരിയില്‍ എത്തുന്നത്. അക്കാലത്ത് മലബാറിന്റെ കുഗ്രാമങ്ങളില്‍ നിന്നും രൂപതയുടെ സിരാകേന്ദ്രത്തിലേക്ക് നാല്‍പതും അന്‍പതും കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്ത് ബിഷപ്‌സ് ഹൗസില്‍ എത്തിയിരുന്നതൊക്കെ ഇന്ന് പുതുതലമുറ അത്ഭുതത്തോടെ വീക്ഷിക്കുന്നു. തലശേരി അതിരൂപതയില്‍ കുടിയാന്മല, ചെമ്പന്‍തൊട്ടി, കിളിയന്തറ, വെള്ളരിക്കുണ്ട ്, മാനന്തവാടി രൂപതയില്‍ പുല്‍പ്പള്ളി, താമരശേരി രൂപതയില്‍ കുളത്തുവയല്‍, വിലങ്ങാട്, മരുതോങ്കര, കോടഞ്ചേരി, മാലാപറമ്പ്, കാളികാവ്, കൂമംകുളം എന്നീ ഇടവകകളില്‍ വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. കോടഞ്ചേരി ഇടവകയില്‍ ഒമ്പത് വര്‍ഷം വികാരിയായിരുന്നു. കോടഞ്ചേരിയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ ഈടുറ്റ സംഭാവനകള്‍ നല്‍കുവാന്‍ ചാണ്ടിയച്ചനു സാധിച്ചു. ചാണ്ടിയച്ചന്‍ വികാരിയായിരുന്ന ഇടവകകളിലെല്ലാം റോഡ് നിര്‍മ്മിക്കുന്നതിലും പാലം പണിയുന്നതിലും വലിയ തല്‍പരനായിരുന്നു.

എന്തെങ്കിലും കാരണത്താല്‍ ആരെങ്കിലുമൊരാള്‍ ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച് പരിഭവം കാണിക്കാനിടയായാല്‍ ചാണ്ടിയച്ചന്റെ മറുപടി ഇപ്രകാരമാണ് – ”ഞാനും എന്റെ ആ സഹോദരനും തമ്മില്‍ ഒരു കാര്യത്തില്‍ മാത്രമാണ് വ്യത്യാസം വന്നത്. എന്നാല്‍ ബാക്കി 99% കാര്യത്തിലും ഞങ്ങള്‍ ഏകാഭിപ്രായക്കാരാണ്. അതിനാല്‍ 99% എന്ന വലിയ ഭൂരിപക്ഷത്തെയാണ് നാം മാനിക്കേണ്ടത്.” യാതൊരു കാരണവശാലും ഒരു വ്യക്തിയും തന്റെ സൗഹൃദത്തില്‍ നിന്ന് അകന്നു പോകാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു ചാണ്ടിയച്ചന്‍.

വാക്കു പാലിക്കുകയെന്നത് വലിയൊരു ജീവിതവ്രതമായി കണ്ടിരുന്നു അദ്ദേഹം. പാലിക്കാന്‍ പറ്റുന്നവ മാത്രമേ അച്ചന്‍ പറയാറുള്ളൂ. പറഞ്ഞാല്‍ അതു പൂര്‍ണ്ണമായും നിറവേറ്റും. വാക്കും പ്രവര്‍ത്തിയും ഒന്നാകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമായി അച്ചന്‍ കണ്ടിരുന്നത്.

അക്ഷര പ്രിയനും വലിയ വായനാശീലക്കാരനുമായ ചാണ്ടിയച്ചന്‍ പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന ആശയത്തെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. അച്ചന്‍ വികാരിയായിരുന്ന ഒട്ടുമിക്ക ഇടവകകളിലും സ്‌കൂളുകള്‍ സ്ഥാപിച്ചിരുന്നു. തലശേരി രൂപതയിലെ വെള്ളരിക്കുണ്ട ് ഇടവകയില്‍ യുപി സ്‌കൂളും ഹൈസ്‌കൂളും ചാണ്ടിയച്ചന്റെ ശ്രമഫലമായി ഉണ്ടായതാണ്.നല്ലൊരു ശില്‍പനിര്‍മ്മാണ കലാകാരനുമാണ് ചാണ്ടിയച്ചന്‍. യേശുക്രിസ്തുവിന്റെ രൂപം, പരിശുദ്ധ ദൈവമാതാവിന്റെ മാതൃക, യൗസേപ്പിതാവിന്റെ പ്രതിമ, ചിരട്ട ഉപയോഗിച്ച് കാസ, പീലാസ തുടങ്ങിയവ അച്ചന്‍ നിര്‍മിച്ചിരുന്നു. ഗുഡ് ഷെപ്പേഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കവെ 2007 ആഗസ്റ്റ് 19ന് രാവിലെ 11.45ന് അച്ചനെ ദൈവം നിത്യസമ്മാനത്തിനായി വിളിച്ചു.

സമൂഹതിന്മകള്‍ക്കെതിരെ നിരന്തരപോരാട്ടം

ആഗസ്റ്റ് 17, ഫാ. ചാണ്ടി കുരിശുംമൂട്ടിലിന്റെ ചരമ വാര്‍ഷിക ദിനം

നാട്ടിലെ ധര്‍മ്മസമരങ്ങളുടെ സമാനതകളില്ലാത്ത മുന്നണി പോരാളിയായിരുന്നു കുരിശുംമൂട്ടില്‍ ചാണ്ടിയച്ചന്‍. ജാതി-മത രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്കതീതമായി നാടിന്റെ നന്മക്കായി കൈയ്യും മെയ്യും മറന്നു പോരാടുന്ന അടങ്ങാത്ത ആവേശത്തിന്റെ അമരത്തണയുന്ന ഗാന്ധിയന്‍. സമരങ്ങളുടെ ഉറ്റ പ്രണയിതാവ്. ലഹരി വിരുദ്ധ സമരങ്ങളുടെ പതാക വാഹകനും സാമൂഹ്യ നീതിയുടെ അണയാത്ത അഗ്‌നിയുമായിരുന്നു അദ്ദേഹം. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്, കെസിബിസി മദ്യവിരുദ്ധ സമിതി താമരശേരി രൂപത ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്ത ചാണ്ടിയച്ചന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഖദറിന്റെ കാവിളോഹയണിഞ്ഞ് പ്രകൃതി ചികിത്സയുമായി, നഗ്നപാദനായി കഴിഞ്ഞ ചാണ്ടിയച്ചന്‍ സ്വന്തമായി കൃഷിചെയ്തു പച്ചക്കറികള്‍ സ്വയം പാകം ചെയ്താണ് കഴിച്ചിരുന്നത്. ഹിമാലയത്തിലെ ആശ്രമത്തില്‍ കുറേക്കാലം ധ്യാന ജീവിതവും നയിച്ചു. ഒരു ജന്മം മുഴുവന്‍ ലഹരി വിരുദ്ധ പോരാളിയും പൊതുസമൂഹത്തില്‍ നീതിയുടെ കാവലാളായും സ്വയം സമര്‍പ്പിക്കപ്പെട്ട ചാണ്ടിയച്ചനു നല്‍കിയ വിടവാങ്ങല്‍ ശുശ്രുഷയില്‍ റെമീജിയോസ് പിതാവ് ചാണ്ടിയച്ചനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: സത്യമായും ചാണ്ടിയച്ചനൊരു വിശുദ്ധനായിരുന്നു.

കുടിയേറ്റകര്‍ഷക കുടുംബമായ കുരിശുംമൂട്ടില്‍ ചാണ്ടി-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1953-ല്‍ ജനനം. 1981-ല്‍ വൈദികനായി. തലശേരി രൂപതയിലെ ചെറുപുഴ, പൈസക്കരി എന്നീ ഇടവകളില്‍ അസിസ്റ്റന്റ് വികാരിയായും, താമരശേരി രൂപതയില്‍ കുപ്പായക്കോട്, തോട്ടുമുക്കം, നൂറാംതോട്, പന്തല്ലൂര്‍, കരിയാത്തുംപാറ, വാലില്ലാപ്പുഴ, കുളിരാമുട്ടി, കക്കാടംപൊയില്‍, തേക്കുംകുറ്റി എന്നീ ഇടവകളില്‍ വികാരിയായും സേവനം ചെയ്തു.

മദ്യത്തിന്റെ മാരകപിടിയിലകപ്പെട്ട് നശിച്ചുകൊണ്ടിരിക്കുന്ന നിരവധി കുടുംബങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തെ നേരിട്ടറിഞ്ഞ ചാണ്ടിയച്ചന്‍ മദ്യവിപത്തിനെതിരെ സന്ധിയില്ലാത്ത സമരമാണ് ജീവിതാവസാനം നടത്തിയത്.

യേശുവിന്റെ സഹനജീവിതം പൂര്‍ണമായും അനുകരിക്കാനാഗ്രഹിച്ച ഈ പുരോഹിതന്‍ ഭൗതിക ലോകത്തിന്റെ ആഡംബരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ കഴിവതും ശ്രദ്ധിച്ചിരുന്നു. വേഷത്തിലും, ഭക്ഷണത്തിലും, നടപ്പിലും, എടുപ്പിലും അദ്ദേഹം അസാമാന്യ ലാളിത്യം സ്വീകരിച്ചു.

ചാണ്ടിയച്ചന്‍ അവസാന നാളുകള്‍ ചെലവഴിച്ചത് കക്കാടംപൊയിലിലെ തോട്ടപ്പള്ളിയെന്ന സ്ഥലത്ത് ‘സ്ലീവാ ജ്യോതിഭവന്‍’ എന്ന് അദ്ദേഹം പേരുവിളിച്ച ലിറ്റില്‍ ഫ്‌ളവര്‍ കുരിശുപള്ളിയുടെ വികാരിയായിട്ടാണ്. അവിടെ അദ്ദേഹം ലോകതാല്‍പര്യങ്ങളും വെടിഞ്ഞ് താപസനായി സഹന ജീവിതം നയിക്കുകയായിരുന്നു. ചാണ്ടിയച്ചന്റെ 37 വര്‍ഷത്തെ വൈദിക ജീവിതം അനീതിക്കും, സാമൂഹ്യതിന്മകള്‍ക്കെതിരെയുമുള്ള പോരാട്ടമായിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച മദ്യവിരുദ്ധ സമരം കുടിയേറ്റ കര്‍ഷകരുടെ പിതാവായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയോടൊപ്പം മദ്യവര്‍ജന പോരാട്ടമായി വളര്‍ന്ന് പ്രഫ. എം. പി. മന്മഥന്റെ നേതൃത്വത്തിലുള്ള മദ്യ നിരോധനസമിതിയിലൂടെ പൂര്‍ണത നേടി. സംസ്ഥാനത്താകെ ശ്രദ്ധയാകര്‍ഷിച്ച 1989 ലെ ചാരായ ലേലം തടഞ്ഞുകൊണ്ട് കോഴിക്കോട് കലക്ടറേറ്റില്‍ നടത്തിയ ഉജ്ജ്വല സമരവും അറസ്റ്റും, ജയില്‍ വാസവും കുരിശുപള്ളി മദ്യഷാപ്പിനെതിരെ 68 ദിവസം നീണ്ടുനിന്ന സഹന സമരവും ജയിലിലെ നിരാഹാര സത്യാഗ്രഹവും, പേരാമ്പ്രയിലെ ബാര്‍ സമരവും, നൂറാംതോട്ടിലെ കള്ള് ഷാപ്പ് സമരവും ചാണ്ടിയച്ചന്റെ മദ്യവിരുദ്ധ പോരാട്ടങ്ങളില്‍ ചിലത് മാത്രം.

തോട്ടപ്പള്ളിയിലെ താപസ ജീവിതം പുരോഹിത സമൂഹത്തിന് പുതിയ മാതൃകയാകുന്നതായിരുന്നു! ദരിദ്രരോട് പക്ഷം ചേരുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. ആശ്രമത്തിനു ചുറ്റും താമസിച്ചിരുന്ന പാവപ്പെട്ടകുടുംബങ്ങളുടെ ദാരിദ്രത്തില്‍ പങ്കു ചേര്‍ന്നും കഴിയുന്ന രീതിയിലുമെല്ലാം അവരെ സഹായിച്ചുകൊണ്ടുമുള്ളതായിരുന്നു.

നാടിന്റെ നാനാഭാഗത്തുനിന്നും ചാണ്ടിയച്ചനെ കാണുവാനും പ്രാര്‍ത്ഥനകള്‍ തേടാനും, അനുഗ്രഹങ്ങള്‍ സ്വീകരിക്കാനും
ജനങ്ങള്‍ തോട്ടപ്പള്ളിയില്‍ എത്തിക്കൊണ്ടിരുന്നു. വലിയ നോമ്പാചരണത്തില്‍ 50 ദിവസവും നടത്തുന്ന പീഡാസഹന കുരിശിന്റെ വഴി ചാണ്ടിയച്ചന്റെ വിശുദ്ധ ജീവിതത്തിന്റെ അംഗീകാരമായിരുന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലടക്കമുള്ള നിരവധി വിശിഷ്ഠ വ്യക്തികള്‍ ചാണ്ടിയച്ചനോടൊപ്പം കുരിശിന്റെ വഴിയിലൂടെ യാത്ര നടത്തിയിട്ടുണ്ട്. തികഞ്ഞ ഗാന്ധിയനായ ചാണ്ടിയച്ചന്‍ അഹിംസയുടെ പ്രചാരകനായി പൂര്‍ണ്ണ സസ്യഭുക്കായി മാറി.

2018 ആഗസ്റ്റ് 12-ന് ദൈവജനത്തിനായി ബലിയര്‍പ്പിച്ച ചാണ്ടിയച്ചന്‍ ചൂടുപനിയെത്തുടര്‍ന്ന് വിളക്കാംതോട്ടിലുള്ള സഹോദരന്റെ ഭവനത്തില്‍ എത്തി. 17-ന് താമരശേരി ചാവറ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലുമണിയോടെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചത് സഹപാഠിയും മാനന്തവാടി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പൊരുന്നേടമായിരുന്നു. ചരമ സന്ദേശത്തില്‍ ചാണ്ടിയച്ചന്റെ ജീവിതം സമൂഹത്തിലെ നേതൃനിരയിലുള്ളവര്‍ക്ക് മാതൃകയാണെന്ന് അനുസ്മരിച്ചു. ചാണ്ടിയച്ചനെ ദൈവം വിശുദ്ധരുടെ ഗണത്തിലേക്കു ചേര്‍ക്കുമെന്നും അങ്ങനെ നമുക്കായ് സ്വര്‍ഗത്തില്‍ ഒരു മധ്യസ്ഥന്‍ ജനിച്ചിരിക്കുന്നുവെന്നും ബിഷപ് അന്ന് പറഞ്ഞു.

Exit mobile version