കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവന്ന മദര്‍ തെരേസയോടൊപ്പം യൂത്ത് വാക്ക് – ദശദിന കാരുണ്യോത്സവം തൂവൂര്‍ ആകാശ പറവകള്‍ കേന്ദ്രത്തില്‍ സമാപിച്ചു.
താമരശ്ശേരി രൂപതയിലെ 15 അനാഥ – അഗതി മന്ദിരങ്ങളും, സ്‌പെഷ്യല്‍ സ്‌കൂളുകളും കത്തോലിക്ക കോണ്‍ഗ്രസ് അംഗങ്ങള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു.
ജീവകാരുണ്യ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മനസ്സിലാക്കുവാനും അവയെ പൊതുസമൂഹത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തുവാനും ഈ സന്ദര്‍ശനങ്ങള്‍ ഉപകാരപ്രദമായി. സമാപന സമ്മേളനം വണ്ടൂര്‍ എംഎല്‍എ എ. പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സമൂഹത്തിന് വലിയ മാതൃകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ അധ്യക്ഷനായിരുന്നു. ഈ അടുത്തകാലത്ത് വന്നിട്ടുള്ള പല നിയമ നിര്‍മ്മാണങ്ങളും കത്തോലിക്കസഭയുടെ ആതുര ശുശ്രൂഷാ മേഖലയില്‍ കടുത്ത വെല്ലുവിളി തീര്‍ക്കുന്നുണ്ട് എന്ന കണ്ടെത്തല്‍ അദ്ദേഹം വിശദീകരിച്ചു. പല സ്ഥാപനങ്ങളും അടച്ചു പൂട്ടി, പലതും മുന്‍പോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിലാണ്, ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന്റെ യാതൊരു സഹായവും ലഭിക്കുന്നില്ല ഇതുമൂലം സമൂഹത്തില്‍ പാര്‍ശ്വവത്കരക്കപ്പെടുന്നവരാണ് ദുരിതത്തില്‍ ആകുന്നത് എന്നും അദ്ദേഹം വിലയിരുത്തി.
കത്തോലിക്ക കോണ്‍ഗ്രസ് പെരിന്തല്‍മണ്ണ മേഖല ഡയറക്ടര്‍ ഫാ. ജില്‍സ് കാരികുന്നേല്‍, ഷാന്റോ തകിടിയേല്‍, ജോമോന്‍ മതിലകത്ത്, ബോബന്‍ കോക്കപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ മദര്‍ തെരേസയുടെ ഛായാ ചിത്രവും സംഭാവനയും ആകാശ പറവകളുടെ മദര്‍ സുപ്പീരിയറിന് കൈമാറി.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ട്രീസാ ലിസ് സെബാസ്റ്റ്യന്‍, പ്രിന്‍സ് തിനംപറമ്പില്‍, സെബാസ്റ്റ്യന്‍, അഖില്‍ നീതു, അലന്‍, ഷാജു നെല്ലിശ്ശേരി, വര്‍ഗീസ് പുതുശ്ശേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.