കത്തോലിക്ക കോണ്‍ഗ്രസ് സമുദായ നേതൃസംഗമം നാളെ

കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിക്കുന്ന സമുദായ നേതൃസംഗമം ‘ചോസണ്‍ 24’ നാളെ (13/07/2024) തിരുവമ്പാടി ബേബി പെരുമാലി നഗറില്‍ (പാരിഷ് ഹാള്‍ ഓഡിറ്റോറിയം) രാവിലെ 8.30-ന് ആരംഭിക്കും. പാറോപ്പടി, താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, തോട്ടുമുക്കം ഫൊറോനകളിലെ നാനൂറോളം അംഗങ്ങള്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സംഗമം കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, രൂപതാ ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍, പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. 2024 – 25 വര്‍ഷത്തേക്കുള്ള മാര്‍ഗ്ഗരേഖ പ്രകാശനവും, ബേബി പെരുമാലില്‍ അനുസ്മരണവും നടക്കും.

ക്രൈസ്തവ സമുദായത്തെ സംബന്ധിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ നേതൃസംഗമത്തില്‍ ചര്‍ച്ചയാകുമെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ ഷാജി കണ്ടത്തില്‍ കോഡിനേറ്റര്‍ ജോസഫ് പുലക്കുടിയില്‍ എന്നിവര്‍ പറഞ്ഞു.

പ്രധാന മന്ത്രിക്കും മന്ത്രിമാര്‍ക്കും ആശംസകള്‍ നേര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി

തുടര്‍ച്ചയായി മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്കും മറ്റു മന്ത്രിമാര്‍ക്കും കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി ആശംസകള്‍ നേര്‍ന്നു.

കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഉള്‍പ്പെടുത്തപ്പെട്ടത് സന്തോഷകരമാണെന്നും ജോര്‍ജ് കുര്യന് ന്യുനപക്ഷ ക്ഷേമ, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം ലഭിച്ചത് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും രൂപതാ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഭരണഘടനാ തത്വങ്ങള്‍ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും
രാഷ്ട്രത്തിന്റെ ബഹുസ്വരതയും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്ട്രത്തെ കൂടുതല്‍ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാന്‍ പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കട്ടെയെന്ന് പത്രക്കുറുപ്പില്‍ ആശംസിക്കുന്നു.

കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതിക്കുവേണ്ടി ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍, ജന. സെക്രട്ടറി ഷാജി കണ്ടത്തില്‍, പ്രസിഡന്റ് ഡോ. ചാക്കോ കാളംപമ്പില്‍ എന്നിവരാണ് പത്രക്കുറുപ്പിറക്കിയത്.

ഈശോയുടെ തിരുഹൃദയരൂപം മോര്‍ഫ് ചെയ്ത് പരിശുദ്ധ ത്രിത്വത്തെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടി വേണം: കത്തോലിക്കാ കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പരിശുദ്ധ ത്രിത്വത്തെയും ഈശോയുടെ തിരുഹൃദയത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിച്ചും അപമാനിച്ചും നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി.

ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ ആഴത്തില്‍ മുറിപ്പെടുത്തുന്ന വിധത്തിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലും മനപ്പൂര്‍വം ഇറക്കിയ അങ്ങേയറ്റം അപലപനീയവും ഐപിസി 295A അനുസരിച്ച് ശിക്ഷാര്‍ഹവുമായ ഈ മതനിന്ദക്കെതിരെ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടി സ്വീകരിച്ച് ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കണം.

പരിശുദ്ധ ത്രിത്വത്തോടുള്ള അനാദരവും അവഹേളനവും യേശുവിന്റെ തിരുഹൃദയത്തോടുള്ള നിന്ദയും അപമാനിക്കലും കളങ്കപ്പെടുത്തലും ക്രൈസ്തവിശ്വാസ സമൂഹത്തെ ഒന്നടങ്കം അങ്ങേയറ്റം വേദനിപ്പിക്കുന്നതും അവഹേളിക്കുന്നതുമാണ്.

മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ തുടര്‍ച്ചയായി ക്രൈസ്തവ മതനിന്ദനടത്തുന്ന റെജി ലൂക്കോസിനെയും അസീസ് കുന്നപ്പള്ളിയെയുംപോലുള്ളവര്‍ തുടങ്ങിവച്ച പ്രചാരണങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണം. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പിണിയാളുകള്‍ എന്ന് സംശയിക്കുന്ന ഇത്തരം വ്യക്തികളെ വെള്ളപൂശാനുള്ള പ്രത്യയ ശാസ്ത്രകാരുടെ ഗൂഢതന്ത്രത്തെ പൊതുജനം തിരിച്ചറിയും എന്ന് ഓര്‍ക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതി പത്രക്കുറുപ്പില്‍ പറഞ്ഞു.

ക്രിസ്ത്യന്‍ വിശ്വാസത്തെ അവഹേളിച്ചും ഈശോയുടെ തിരുഹൃദയരൂപം മോര്‍ഫ് ചെയ്തുമുള്ള ഫോട്ടോകള്‍ അപമാനകരമായ വാക്കുകള്‍ സഹിതം ഉപയോഗിച്ച് കുപ്രസിദ്ധ രാഷ്ട്രീയ നേതാവ് റെജി തന്നെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍ ന്യുനപക്ഷങ്ങളെയും മതപരമായ വിശ്വാസങ്ങളെയും തുടര്‍ച്ചയായി അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍കുറ്റകരമായ ഗൂഡാലോചനയും ഉത്തരവാദിത്തപ്പെട്ടവരുടെ നിസ്സംഗതയും സംശയിക്കുന്നു.

ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകരുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഇത്തരം നടപടികളെ തള്ളിപ്പറയുന്നില്ല എങ്കില്‍ തുടര്‍ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുമെന്നും പത്രക്കുറുപ്പില്‍ പറയുന്നു.

കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ സമിതിക്ക് പുതിയ സാരഥികള്‍

കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ പ്രസിഡന്റായി ഡോ. ചാക്കോ കാളംപറമ്പിലും ജനറല്‍ സെക്രട്ടറിയായി ഷാജി കണ്ടത്തിലും ട്രഷററായി സജി കരോട്ടും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: ഷാന്റോതകിടിയേല്‍, അനീഷ് വടക്കേല്‍, വി. അല്‍ഫോന്‍സ, ഷില്ലി സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റുമാര്‍).
പ്രിന്‍സ് തിനംപറമ്പില്‍, സാബു വടക്കേപടവില്‍, തേജസ് മാത്യു കറുകയില്‍, ജോണ്‍സണ്‍ കക്കയം, ഡോ. ജോണ്‍ കട്ടക്കയം (സെക്രട്ടറിമാര്‍). ബേബി കിഴക്കുംഭാഗം (ഗ്ലോബല്‍ പ്രതിനിധി)

തിരഞ്ഞെടുപ്പിനും സത്യപ്രതിജ്ഞക്കും ശേഷം നടന്ന പൊതുസമ്മേളത്തില്‍ ഡോ. ചാക്കോ കാളം പറമ്പില്‍ അധ്യക്ഷം വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, ഷാജി കണ്ടത്തില്‍ അഡ്വ. ജിമ്മി ജോര്‍ജ്, ട്രീസ ഞരളക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സമൂഹത്തിന് വലിയ മാതൃക: അനില്‍ കുമാര്‍ എംഎല്‍എ

കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവന്ന മദര്‍ തെരേസയോടൊപ്പം യൂത്ത് വാക്ക് – ദശദിന കാരുണ്യോത്സവം തൂവൂര്‍ ആകാശ പറവകള്‍ കേന്ദ്രത്തില്‍ സമാപിച്ചു.

താമരശ്ശേരി രൂപതയിലെ 15 അനാഥ – അഗതി മന്ദിരങ്ങളും, സ്‌പെഷ്യല്‍ സ്‌കൂളുകളും കത്തോലിക്ക കോണ്‍ഗ്രസ് അംഗങ്ങള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു.

ജീവകാരുണ്യ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മനസ്സിലാക്കുവാനും അവയെ പൊതുസമൂഹത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തുവാനും ഈ സന്ദര്‍ശനങ്ങള്‍ ഉപകാരപ്രദമായി. സമാപന സമ്മേളനം വണ്ടൂര്‍ എംഎല്‍എ എ. പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സമൂഹത്തിന് വലിയ മാതൃകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ അധ്യക്ഷനായിരുന്നു. ഈ അടുത്തകാലത്ത് വന്നിട്ടുള്ള പല നിയമ നിര്‍മ്മാണങ്ങളും കത്തോലിക്കസഭയുടെ ആതുര ശുശ്രൂഷാ മേഖലയില്‍ കടുത്ത വെല്ലുവിളി തീര്‍ക്കുന്നുണ്ട് എന്ന കണ്ടെത്തല്‍ അദ്ദേഹം വിശദീകരിച്ചു. പല സ്ഥാപനങ്ങളും അടച്ചു പൂട്ടി, പലതും മുന്‍പോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിലാണ്, ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന്റെ യാതൊരു സഹായവും ലഭിക്കുന്നില്ല ഇതുമൂലം സമൂഹത്തില്‍ പാര്‍ശ്വവത്കരക്കപ്പെടുന്നവരാണ് ദുരിതത്തില്‍ ആകുന്നത് എന്നും അദ്ദേഹം വിലയിരുത്തി.

കത്തോലിക്ക കോണ്‍ഗ്രസ് പെരിന്തല്‍മണ്ണ മേഖല ഡയറക്ടര്‍ ഫാ. ജില്‍സ് കാരികുന്നേല്‍, ഷാന്റോ തകിടിയേല്‍, ജോമോന്‍ മതിലകത്ത്, ബോബന്‍ കോക്കപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ മദര്‍ തെരേസയുടെ ഛായാ ചിത്രവും സംഭാവനയും ആകാശ പറവകളുടെ മദര്‍ സുപ്പീരിയറിന് കൈമാറി.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ട്രീസാ ലിസ് സെബാസ്റ്റ്യന്‍, പ്രിന്‍സ് തിനംപറമ്പില്‍, സെബാസ്റ്റ്യന്‍, അഖില്‍ നീതു, അലന്‍, ഷാജു നെല്ലിശ്ശേരി, വര്‍ഗീസ് പുതുശ്ശേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മദ്യത്തിനും മയക്കു മരുന്നിനുമെതിരെ പ്രതിഷേധം ശക്തമാക്കണം: ബിഷപ്

തിരുവമ്പാടി: മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ശക്തമായി പ്രതികരിക്കണമെന്നും അത് ദൗത്യമായി ഏറ്റെടുക്കണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കര്‍ഷക നേതാവ് ബേബി പെരുമാലിയിലിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

”മദ്യ – മയക്കുമരുന്ന് ലഹരിയിലായിരുന്നവരാണ് ബേബി പെരുമാലിയിലിന്റെ മരണത്തിന് കാരണമായ അപടകടത്തിന്റെ ഉത്തരവാദികള്‍. സമൂഹത്തില്‍ തുറന്നു വരുന്ന ലഹരിയുടെ വഴികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണം. മറ്റുള്ളവരെ സഹായിക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു ബേബി പെരുമാലില്‍. താലന്തുകളെ മണ്ണില്‍ കുഴിച്ച് മൂടാതെ വര്‍ദ്ധിപ്പിക്കുക എന്നതാണ് സ്വജീവിതത്തിലൂടെ അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചത്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. തിരുവമ്പാടിയേയും കത്തോലിക്കാ കോണ്‍ഗ്രസിനെയും ഇന്‍ഫാമിനേയും അദ്ദേഹം ശക്തമായി സ്‌നേഹിച്ചു.”- ബിഷപ് പറഞ്ഞു.

ബേബി പെരുമാലിയിലിന്റെ അനുസ്മരണാര്‍ത്ഥം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയം ഏര്‍പ്പെടുത്തിയ പ്രഥമ കര്‍ഷക അവാര്‍ഡ് ജോസ് റാണിക്കാട്ടിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനിച്ചു. 10,001 രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. ബേബി പെരുമാലിയുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കണമെന്നത് ദൈവിക പദ്ധതിയാണെന്നും തിരുവമ്പാടി ഫൊറോന പാരിഷ് കമ്മറ്റി ഇത്തരമൊരു തീരുമാനമെടുത്തത് ദൈവിക നിയോഗമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫാ. സബിന്‍ തൂമുള്ളില്‍, ഡോ. ചാക്കോ കാളംപറമ്പില്‍, അഗസ്റ്റിന്‍ പുളിക്കക്കണ്ടം, തോമസ് വലിയപറമ്പില്‍, തോമസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

രക്ഷാപ്രവര്‍ത്തനം നടത്തിയ അഖില്‍ ചന്ദ്രന്‍, പി. കെ. പ്രജീഷ, എം. കെ. ജംഷീര്‍ എന്നിവരെ ആദരിച്ചു.

ബേബി പെരുമാലിയിലിന്റെ അനുസ്മരണാര്‍ത്ഥം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയം ഏര്‍പ്പെടുത്തിയ പ്രഥമ കര്‍ഷക അവാര്‍ഡ് ജോസ് റാണിക്കാട്ടിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനിക്കുന്നു

കുറഞ്ഞ പലിശയില്‍ വിവിധ വായ്പകളുമായി കെഎസ്എംഡിഎഫ്‌സി

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വിവിധ ആവശ്യങ്ങള്‍ക്കായി ലോണുകള്‍ നല്‍കുന്നു. കോഴിക്കോട് ചക്കോരത്തുകുളത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ഉള്‍പ്പടെ വിവിധ ജില്ലകളില്‍ കോര്‍പ്പറേഷന് ശാഖകളുണ്ട്.
താരതമ്യേന കുറഞ്ഞ പലിശനിരക്കില്‍ സ്വയംതൊഴില്‍ വായ്പ, ബിസിനസ് ഡെവലപ്‌മെന്റ് വായ്പ, വിദ്യാഭ്യാസ വായ്പ, പ്രവാസി വായ്പ തുടങ്ങിയവയാണ് കോര്‍പ്പറേഷന്‍ നല്‍കിവരുന്ന സേവനങ്ങള്‍. വായ്പയ്ക്കുള്ള അപേക്ഷ ഫോം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നേരിട്ടപേക്ഷിക്കാവുന്നതാണ്.
വായ്പയ്ക്ക് അപേക്ഷിക്കാന്‍ സഹായം വേണ്ടവര്‍ക്കായി താമരശ്ശേരി രൂപതയുടെ സാമൂഹിക സമ്പര്‍ക്ക സ്ഥാപനമായ എയ്ഡര്‍ ഫൗണ്ടേഷനും സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസും സംയുക്തമായി അവസരമൊരുക്കുന്നു. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. https://www.aiderfoundation.org/service/ksmdfc-loan-denied-application
കുടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 9446788884, 8086442992. (പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ)

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ തിരുവമ്പാടിയില്‍ ഐക്യദാര്‍ഢ്യ സദസ്

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 9, വെള്ളി) വൈകുന്നേരം 4.30ന് തിരുവമ്പാടി അങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കും.

തിരുവമ്പാടി: ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 9, വെള്ളി) വൈകുന്നേരം 4.30ന് തിരുവമ്പാടി അങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കും.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ അകാല മരണത്തില്‍ കെസിവൈഎം താമരശ്ശേരി രൂപതാ സമിതി അനുശോചനം രേഖപ്പെടുത്തി. ആത്മഹത്യയെ തുടര്‍ന്ന് കോളജിനെതിരെ ചില സംഘടനകള്‍ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങളെയും വിദ്വേഷ പ്രചരണങ്ങളെയും കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം രൂപതാ ഭാരവാഹികള്‍ ശക്തമായി അപലപിച്ചു.
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയും വിനിയോഗിക്കുന്നത് ക്രൂരമായ നിലപാടാണ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരത ഇനിയും അനുവദിക്കാന്‍ കഴിയില്ല. ചില പ്രസ്ഥാനങ്ങളുടെ അത്തരം നിലപാടുകള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്നതാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം രൂപതാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Exit mobile version