വിവാഹം കുടുംബത്തിന്റെ തുടക്കമാണ്. ശാരീരികമായ ഒരു കൂട്ടായ്മയെക്കാള്‍ അത് ആത്മീയവും ചിന്താപരവും വൈകാരികവുമായ ഒരു കൂടിച്ചേരല്‍ കൂടിയാണ്. പങ്കാളിയെയും കുട്ടികളെയും സേവിക്കുമ്പോള്‍ നിസ്വാര്‍ത്ഥതയില്‍ വളരാനുള്ള അവസരവും ഇതു നല്‍കുന്നു. ദമ്പതികളുടെ രൂപീകരണത്തിനും അനന്തരഫലമായ സന്താനത്തിനും കാരണമാകുന്ന ഒരു ജീവിത സംഭവമായി വിവാഹത്തെ സൂചിപ്പിക്കാം. പക്ഷേ സമൂഹത്തിന്റെ ചിന്തയും ജീവിതരീതിയും മാറുന്നതിനനുസരിച്ച് കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകള്‍ വന്നുതുടങ്ങി. പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാനോ പരസ്പരം മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. ഇതിനു പരിഹാരമായി ഇന്നത്തെ ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന ഒരു പോംവഴിയാണ് വിവാഹമോചനം. അടിസ്ഥാനപരമായി ഇണയുടെ മരണത്തിനു മുന്‍പ് വിവാഹബന്ധം അവസാനിപ്പിക്കുന്ന നിയമപരമായ നടപടിയാണ് വിവാഹമോചനം. കുട്ടികളുടെയും ദമ്പതികളുടെയും മറ്റു കുടുംബാംഗങ്ങളുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു അനുഭവം കൂടിയാണത്. വിവാഹമോചനം നടന്നിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളില്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ കണ്ടുവരുന്നു. വൈജ്ഞാനിക, വൈകാരിക, പെരുമാറ്റ മേഖലകളില്‍ ഇവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2020-ല്‍ സംസ്ഥാനത്ത് 6379 വിവാഹങ്ങളും 315 വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 2021 മെയ് വരെ 4313 വിവാഹങ്ങളും 108 വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
വിവാഹമോചനവും സാമൂഹിക പശ്ചാത്തലങ്ങളും
പലകാരണങ്ങള്‍ വിവാഹമോചനത്തിലേക്ക് നയിക്കുന്നു. ഒരു വ്യക്തിയുടെ സാമൂഹിക പശ്ചാത്തലവും വിവാഹമോചനത്തിലേക്ക് നയിക്കാറുണ്ട് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രായം, ലിംഗഭേദം, സാമ്പത്തിക സ്ഥിതി, സാമൂഹിക മേഖല, വിദ്യാഭ്യാസം, ജോലി തുടങ്ങിയവയും വിവാഹ മോചനത്തെ സ്വാധീനിക്കുന്നു. പ്രായം ഒരു മുഖ്യഘടകമാണ്. ചെറുപ്രായത്തില്‍ വിവാഹിതരായവരില്‍ വിവാഹമോചനം കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂടുതലായും ചെറുപ്രായത്തില്‍ വിവാഹിതരായ സ്ത്രീകളാണ് വിവാഹമോചിതരാകുന്നത്. ഭര്‍ത്തൃഗൃഹത്തിലേക്ക് എത്തുന്ന സ്ത്രീകള്‍ പലപ്പോഴും തന്റെ ശീലങ്ങളും രീതികളും മാറുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത് മനസ്സിലാക്കാനോ അവരെ അംഗീകരിക്കാനോ കുടുംബാംഗങ്ങള്‍ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുവഴി ബന്ധത്തില്‍ വിള്ളലുകള്‍ വന്നുചേരുന്നു.
മുന്‍കൈയെടുക്കുന്നത് ആര്?
ആരാണ് കൂടുതലായി വിവാഹമോചനത്തിലേക്ക് മുന്‍കൈയെടുക്കുന്നത് എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. സ്ത്രീയോ? പുരുഷനോ? കേരളത്തില്‍ നടത്തിയ പല പഠനങ്ങളിലും സ്ത്രീകളാണ് മുന്‍കൈ എടുക്കുന്നതും പരാതികള്‍ സമര്‍പ്പിക്കുന്നതും എന്ന് വ്യക്തമാകുന്നു. 20 മുതല്‍ 30 വയസ്സു വരെയുള്ള സ്ത്രീകളും 31 മുതല്‍ 40 വയസ്സ് വരെയുള്ള പുരുഷന്മാരിലുമാണ് വിവാഹമോചനം നടക്കുന്നത് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന തോന്നലും, പരസ്പരം അഭിപ്രായം പങ്കു വെക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നില്ല, കൈത്താങ്ങാവുകയും ചെയ്യുന്നില്ല എന്ന തോന്നലുമാണ് ഇതിന്റെ ഒരു കാരണം.
വിവാഹമോചനവും കാരണങ്ങളും
വിവാഹമോചനത്തിലേക്ക് നയിക്കാന്‍ ചെറുതും വലുതുമായ നിരവധി കാരണങ്ങളാണ് കണ്ടുവരുന്നത്. വ്യക്തിപരവും, സാമൂഹ്യപരവും, പരസ്പര ബന്ധങ്ങളില്‍ ഉള്ള ബുദ്ധിമുട്ടുകളുമാണവ. വിശ്വാസം നഷ്ടപ്പെടുക, പരസ്പരം മനസ്സിലാക്കാന്‍ പറ്റാതാവുക, ദമ്പതികളിലൊരാള്‍ ചൂഷണത്തിന് ഇരയാവുക തുടങ്ങിയ കാരണങ്ങളും വിവാഹമോചനത്തിലേക്ക് നയിക്കാറുണ്ട്. വിവാഹമോചനത്തിലേക്ക് എത്താന്‍ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. അവയെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍, സാമൂഹികമായ കാരണങ്ങള്‍, പരസ്പര ബന്ധത്തിലെ വിള്ളലുകള്‍ എന്നിവയായി തിരിക്കാം. വിവാഹമോചനം പല രീതിയിലാണ് കുടുംബാംഗങ്ങളെ ബാധിക്കുന്നത്. വിവാഹമോചനം നടന്ന കുടുംബത്തിലെ സ്ത്രീകളിലും പുരുഷന്‍മാരിലും ഉത്കണ്ഠ, സമ്മര്‍ദം എന്നീ മാനസികപ്രശ്‌നങ്ങള്‍ കുറഞ്ഞതായും പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. എങ്കിലും ഒരുപാട് പ്രത്യാഘാതങ്ങള്‍ക്കും വിവാഹമോചനം കാരണമാകുന്നുണ്ട്. കുടുംബബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് ഒരു മുഖ്യ ഘടകമാണ് മനഃശാസ്ത്ര വിദഗ്ധന്മാരുടെ ഇടപെടല്‍ വേണ്ട സാഹചര്യങ്ങളില്‍ ലഭ്യമാകാത്തതും വിവാഹമോചനത്തില്‍ എത്തിക്കാറുണ്ട്. പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്, മാരിറ്റല്‍ കൗണ്‍സിലിംഗ്, ഡിവോഴ്‌സ് കൗണ്‍സിലിംഗ് തുടങ്ങിയവയുടെ പ്രാധാന്യം ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
വ്യക്തിപരമായ കാരണങ്ങള്‍
ഓരോ വിവാഹമോചനത്തിനും ഓരോ കാരണങ്ങള്‍ കാണുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. വിവാഹജീവിതത്തിലെ ആദ്യകാലങ്ങളില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എപ്പോഴും പ്രാധാന്യമര്‍ഹിക്കുന്നതാണ്, കുടുംബാംഗങ്ങളോടും ജീവിത സാഹചര്യങ്ങളോടും ചേര്‍ന്ന് പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഒട്ടുമിക്ക വിവാഹമോചനത്തിനും കാരണം. കുടുംബാംഗങ്ങള്‍ പെരുമാറുന്ന രീതി അവരുടെ അമിതമായ ഇടപെടല്‍ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുത്താം.
യഥാര്‍ഥ്യമല്ലാത്ത വൈവാഹിക സങ്കല്‍പ്പങ്ങള്‍: യഥാര്‍ഥ്യമല്ലാത്ത വൈവാഹിക സങ്കല്‍പ്പങ്ങള്‍ എപ്പോഴും കുടുംബജീവിതത്തില്‍ ഒരു കരടാണ്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ സങ്കല്പത്തിനു ചേരാത്ത പങ്കാളി തനിക്കും തന്റെ വീട്ടുകാര്‍ക്കും ചേരാത്ത വ്യക്തിയാണ് എന്ന് പറഞ്ഞ് ഒട്ടേറെ വിവാഹമോചനങ്ങള്‍ നടക്കുന്നു.
പങ്കാളികള്‍ക്കിടയിലുള്ള മദ്യപാനം: കേരളത്തിലെ ദമ്പതികളെ സംബന്ധിച്ചിടത്തോളം വിവാഹമോചനം എന്ന ചിന്തയിലെത്തിക്കുന്ന ഒരു പ്രധാനകാരണമാണ് പങ്കാളികള്‍ക്കിടയിലുള്ള മദ്യപാനം. മദ്യപാനത്തിനും ലഹരിക്കും അടിമ പെടുന്നവര്‍ക്ക് യുക്തിപൂര്‍വ്വം ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാതെവരുന്നു അത് പലപ്പോഴും കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. തര്‍ക്കങ്ങളും വഴക്കുകളും ശാരീരിക ഉപദ്രവത്തിലേക്ക് എത്തിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ വിവാഹമോചനത്തിനു പങ്കാളിയെ നിര്‍ബന്ധിതരാക്കുന്നു.
ലൈംഗികത: ലൈംഗികബന്ധത്തിലെ അഭിപ്രായവ്യത്യാസവും പൊരുത്തക്കേടുകളും കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്, പക്ഷെ, മിക്ക ദമ്പതികളും ഇത് മറച്ചുവെക്കുകയും പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്യുന്നില്ല. ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണ, അഭിപ്രായവ്യത്യാസങ്ങള്‍, പങ്കാളിയുടെ ആവശ്യം നിഷേധിക്കുന്നത്, പരിഹാസങ്ങള്‍, ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കുന്നത്, ശാരീരിക അടുപ്പ് കുറവ്, ലൈംഗിക രോഗങ്ങള്‍ എന്നിവ വിവാഹമോചനത്തിലേക്ക് നയിക്കുന്നു.
കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി: മറ്റുകാരണങ്ങള്‍ പോലെതന്നെ പ്രധാനപ്പെട്ടതാണ്. സാമ്പത്തികപരമായി ഇടത്തരക്കാരിലും, ഉയര്‍ന്ന തരത്തിലുള്ളവരിലുമാണ് കൂടുതലായി വിവാഹമോചനം നടന്നു വരുന്നത്. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലുള്ള അഭിപ്രായവ്യത്യാസം, പങ്കാളിയില്‍ ഉത്കണ്ഠ ഉണ്ടാക്കുന്ന തരത്തിലുള്ള ധൂര്‍ത്ത്, സാമ്പത്തികപ്രതിസന്ധി, സാമ്പത്തിക തീരുമാനങ്ങള്‍ പങ്കുവെക്കാതിരിക്കുക, സ്ത്രീകളിലുള്ള സാമ്പത്തിക ഉയര്‍ച്ച, വരവു ചിലവിനെ കുറിച്ചുള്ള ധാരണയില്ലായ്മ എന്നിവ വിവാഹമോചനത്തിന് കാരണമാവുന്നു.
മാനസികപ്രശ്‌നങ്ങള്‍: മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് ദമ്പതികള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതില്‍ മാനസിക ബുദ്ധിമുട്ടാണ് പ്രധാനമായും വിവാഹമോചനത്തിലേക്ക് വഴിമാറുന്നത്. പങ്കാളിയില്‍ ഉള്ള സംശയം, ഉന്മാദ വിഷാദ രോഗം, ചിത്തഭ്രമം, അമിതമായ ഉത്കണ്ഠ, വ്യക്തിപരമായ രോഗങ്ങള്‍ ഇവയൊക്കെയാണ് വേര്‍പിരിയലിലേക്ക് എത്തിക്കുന്നത്. മാനസിക രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുന്നത്, രോഗാവസ്ഥ നിര്‍ണയിക്കാതിരിക്കുന്നത്, ചികിത്സ ഉപകാരപ്പെടുത്താതിരിക്കുന്നത്, മാനസികരോഗം നിര്‍ണയിച്ചിട്ടും ആവശ്യമായ പിന്തുണ നല്‍കാതിരിക്കുന്നതും ദമ്പതികള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ വഷളാവാന്‍ കാരണമാകുന്നു.
സാമൂഹികമായ കാരണങ്ങള്‍
തുല്യതാബോധം: സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സമ്പാദിക്കുന്ന കാലമാണ് ഇപ്പോള്‍ എങ്കിലും ആ തരത്തിലുള്ള ബഹുമാനമോ തുല്യതയോ ലഭിക്കുന്നില്ല എന്നതും പ്രധാനപ്പെട്ടതാണ്. പങ്കാളിക്ക് ലഭിക്കുന്ന സ്ഥാന കയറ്റങ്ങളില്‍ അഭിമാനിക്കതെ അതൊരു അപമാനമായി കാണുകയാണ് പലരും. അധികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും പലപ്പോഴും അവര്‍ കീഴ്‌പെട്ടുപോകുന്നു, അതുവഴി ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാവുന്നു
മത്സരബുദ്ധി: ഞാനോ നീയോ എന്ന മത്സരബുദ്ധിയിലാണ് ദമ്പതികള്‍. എന്നെക്കാള്‍ ഉയരാനോ എന്നെ നിയന്ത്രിക്കാനോ പാടില്ല എന്ന ശാഠ്യം പല കുടുംബങ്ങളിലും കണ്ടുവരുന്നു. ഇവിടെ നീ സംസാരിക്കേണ്ട ഞാന്‍ തീരുമാനിച്ചോളാം എന്ന നയം വിവാഹബന്ധം വേര്‍പിരിയുന്നതലേക്ക് നയിക്കും.
പുരുഷാധിപത്യം: പണ്ടുമുതലേ കേരള സമൂഹത്തില്‍ നിലനിന്നിരുന്ന ഭരണാധിപത്യമാണ് പുരുഷാധിപത്യം. വീട്ടുകാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും സ്ത്രീകളെ ഇറയത്ത് കാണരുത് എന്നു തുടങ്ങിയ വ്യവസ്ഥകളും നിലനിന്നിരുന്നു. മാറുമറയ്ക്കല്‍ സമരം മുതല്‍ തുല്യാവകാശ പോരാട്ടങ്ങള്‍ നിലനില്‍ക്കുമ്പോഴും മാഞ്ഞു പോവാതെ നിലനില്‍ക്കുന്ന ഒന്നാണ് പുരുഷാധിപത്യം. മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും തുല്യതാവകാശം എപ്പോഴും ദമ്പതികളുടെ ഇടയില്‍ കലഹം സൃഷ്ടിക്കാറുണ്ട്. ഒരു വശത്ത് പുരുഷാധിപത്യം ആണ് വിഷയം എങ്കില്‍ മറുവശത്ത് ഫെമിനിസവും പ്രശ്‌നമാകാറുണ്ട്. സ്ത്രീകളില്‍ ഉണ്ടാവുന്ന തുല്യതാവകാശബോധം പങ്കാളിയുമായുള്ള തര്‍ക്കത്തിലേക്ക് എത്താറുണ്ട്. ദമ്പതികള്‍ ഒന്നാണ് എന്നുള്ള ചിന്തയും രണ്ടുപേരും പരസ്പരം ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ബന്ധം വളരും. നല്ലൊരു കുടുംബം പടുത്തുയര്‍ത്താനും അവര്‍ക്ക് സാധിക്കും
സോഷ്യല്‍ മീഡിയ: വിവാഹമോചനത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണം ഉണ്ടായിരുന്നിട്ടും, പുതിയ ഘടകങ്ങള്‍ വേര്‍പിരിയലിന് കാരണമാകുന്നു. വിവാഹങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ. സമൂഹ്യമാധ്യമങ്ങള്‍ കുടുംബബന്ധങ്ങളില്‍ നല്ലതും മോശവുമായ പങ്കുവഹിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയുട അമിത ഉപയോഗവും, അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് നിരവധി പഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ തലമുറയുടെ വിവാഹജീവിതത്തിലെ താളപ്പിഴകളില്‍ സോഷ്യല്‍ മീഡിയ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയോടുള്ള അമിതമായ ആസക്തി ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് കുടുംബപരമായ ഉത്തരവാദിത്വത്തില്‍ ശ്രദ്ധ കുറയുന്നതിന് കാരണമാകുന്നു. മിക്കപ്പോഴും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്ന ദമ്പതികളില്‍ സാമൂഹിക മാധ്യമമായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ ശക്തമായ ഇടപെടലുകള്‍ കാണാന്‍ കഴിയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് മിക്കപ്പോഴും തുടങ്ങുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോസില്‍ നിന്നാണ്. കൂടുതല്‍ ലൈക്ക് കിട്ടുന്ന, അല്ലെങ്കില്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്നത് പങ്കാളികള്‍ക്ക്ക്കിടയില്‍ തര്‍ക്കങ്ങള്‍ക്കും അസൂയയ്ക്കും കാരണമാകുന്നു. ഇതു മാത്രമല്ല സോഷ്യല്‍മീഡിയ ഉപയോഗം കുടുംബപരമായ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം കൂടുന്നതിനനുസരിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ആശയവിനിമയം കുറയുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാവാറുണ്ട്. സോഷ്യല്‍ മീഡിയ വഴി ചെയ്യുന്ന ബിസിനസുകളും കുടുംബബന്ധം തകരുന്നതിന് കാരണമാവാറുണ്ട്. സോഷ്യല്‍ മീഡിയ ബിസിനസില്‍ താല്‍പര്യം കാണിക്കുന്ന അല്ലെങ്കില്‍ വലിയ വിജയം കൈവരിച്ച ദമ്പതികള്‍ക്ക് കുടുംബബന്ധത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിയാതെ പോകുന്നു. ഇത് കുടുംബബന്ധത്തില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയും തന്റെ ബിസിനസിന് കുടുംബം ഒരു തടസ്സമാണെന്നുമുള്ള തോന്നല്‍ പങ്കാളിയില്‍ ഉടലെടുക്കുന്നു. സാമൂഹ്യ മാധ്യമം ദമ്പതികളില്‍ ആത്മവിശ്വാസക്കുറവിന് കാരണമാവുന്നു. ദമ്പതികളില്‍ ഒരാളുടെ സൗന്ദര്യത്തെ മറ്റൊരു പങ്കാളി എത്രത്തോളം പ്രശംസിച്ചാലും ആത്മവിശ്വാസക്കുറവും ആത്മാഭിമാനവും സംശയവും പങ്കാളിയില്‍ തളം കെട്ടി നില്‍ക്കുന്നു. അതുപോലെതന്നെ മറ്റുള്ളവരുടെ തികഞ്ഞ ജീവിതവുമായി തന്റെ ജീവിതത്തെ താരതമ്യം ചെയ്യുകയും തല്‍ഫലമായി കുടുംബ ബന്ധത്തില്‍ പിരിമുറുക്കവും അസന്തുഷ്ടതയും ഉണ്ടാകുന്നു.
പരസ്പര ബന്ധങ്ങളിലെ വിള്ളല്‍
പൊരുത്തപ്പെടല്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ അടുപ്പകുറവ് ദമ്പതികളില്‍ അകല്‍ച്ച ഉണ്ടാകാന്‍ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. പങ്കാളിക്ക് കുടുംബാംഗങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ വരുന്നത് ഇപ്പോള്‍ ഒട്ടുമിക്ക കുടുംബങ്ങളിലും കാണാന്‍ സാധിക്കുന്നു. പങ്കാളിയുടെ മാതാപിതാക്കളും സഹോദരങ്ങളുമായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍, സ്ത്രീധനത്തിന്റെ പേരിലുള്ള വഴക്കുകള്‍, ദമ്പതികളുടെ ഇടയിലേക്ക് മാതാപിതാക്കളുടെ കടന്നുകയറ്റം തുടങ്ങിയവ പ്രധാന വിഷയങ്ങളാണ്.
സ്ത്രീധനം: സ്ത്രീധനം ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് മുദ്രാവാക്യമായി കൊണ്ട് നടക്കുന്നുണ്ടെങ്കിലും സ്വര്‍ണത്തിലോ, പണത്തിലോ കുറവ് വന്നാല്‍ അവിടെ കലഹം തുടങ്ങും.അതിന്റെ പേരില്‍ വാക്ക് തര്‍ക്കങ്ങളും ഇറക്കിവിടലുകളും ഒട്ടും കുറവല്ല.
ലൈംഗികപീഡനങ്ങള്‍: ശാരീരിക മാനസിക ലൈംഗികപീഡനങ്ങള്‍ ദമ്പതികളുടെ ഇടയില്‍ കൂടിവരുന്നതായി കാണാം. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ വരുമ്പോള്‍ അത് ശാരീരിക പീഡനത്തലേക്ക് എത്തിക്കുന്നു സ്ത്രീധനത്തിന്റെ പേരിലോ സംശയത്തിന്റെ പേരിലോ വ്യക്തിസ്വാതന്ത്ര്യം കൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പങ്കാളികള്‍ മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. പങ്കാളിക്ക് താല്‍പര്യമില്ലാത്ത രീതിയിലുള്ള ശാരീരിക ബന്ധങ്ങളും വിവാഹമോചനത്തിലേക്ക് എത്തിക്കുന്നു.
വൈവാഹിക ജീവിതത്തിനപ്പുറമുള്ള മറ്റു ബന്ധങ്ങള്‍: പങ്കാളിയില്‍ ആര്‍ക്കെങ്കിലും വൈവാഹിക ജീവിതത്തിന് പുറത്തുണ്ടാകുന്ന വൈകാരികബന്ധം വിവാഹമോചനത്തിന് ഒരു പ്രധാന കാരണമായി കാണാറുണ്ട്. താന്‍ വഞ്ചിക്കപ്പെട്ടുകയാണ് എന്ന് പങ്കാളി തിരിച്ചറിയുമ്പോള്‍ ആ ബന്ധം തുടര്‍ന്നു പോകാന്‍ ആഗ്രഹിക്കുന്നില്ല. പങ്കാളിയെക്കാള്‍ അടുപ്പം മറ്റു വ്യക്തികളോട് തോന്നുകയും ദമ്പതികളുടെ ഇടയിലുള്ള ശാരീരിക അകല്‍ച്ചയ്ക്ക് അത് കാരണമാവുകയും ചെയ്യും. പങ്കാളിയെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല, പങ്കാളിയുമായി ശാരീരിക അടുപ്പം തോന്നുന്നില്ല, ശാരീരികബന്ധത്തില്‍ സന്തോഷം കിട്ടുന്നില്ല, പങ്കാളിയില്‍ നിന്ന് സ്‌നേഹം ലഭിക്കുന്നില്ല എന്നുള്ള പ്രശ്‌നങ്ങള്‍ പ്രധാനമായും കണ്ടുവരുന്നു.
കടന്നുകയറ്റം: മാതാപിതാക്കളുടെയോ, ബന്ധുക്കളുടെയോ, സഹോദരങ്ങളുടെയോ, സുഹൃത്തുക്കളുടെയോ കടന്നുകയറ്റവും ഒരു പ്രധാന വിഷയമാണ്. കുടുംബജീവിതത്തില്‍ ദമ്പതികളുടെ അതിര്‍ത്തിയില്‍ കടന്നുകയറി അവരുടെ ജീവിത കാര്യങ്ങളില്‍ തീരുമാനം എടുക്കുകയും അതിലൂടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതും സാധാരണമാണ്. ദമ്പതികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളില്‍ (ജോലി കുട്ടികള്‍ തുടങ്ങിയവ) അഭിപ്രായങ്ങള്‍ പറയുകയും അവരുടെ കാര്യങ്ങളില്‍ നിയന്ത്രണം വയ്ക്കുകയും ചെയ്യുമ്പോള്‍ ബന്ധങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്.
വിവാഹമോചനവും കോടതി നടപടികളും
പരസ്പരം ഒന്നിച്ചു പോവാന്‍ കഴിയില്ല എന്ന കാരണത്താല്‍ ഭാര്യക്കോ ഭര്‍ത്താവിനോ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കുവാന്‍ അവകാശമുണ്ട്. വിവാഹമോചന കേസുകള്‍ കേള്‍ക്കാനും തീര്‍പ്പുകല്‍പ്പിക്കാനുമുള്ള അധികാരം ഭാര്യാഭര്‍ത്താക്കന്മാരായി അവസാനമായി താമസിച്ച സ്ഥലത്തെ കുടുംബക്കോടതിക്കാണ്.
പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയല്‍ (മ്യൂചല്‍ ഡിവോസ്): ദമ്പതികള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു വിവാഹമോചനമാണ് പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയല്‍ അഥവാ (മ്യൂചല്‍ ഡിവോസ്). ഭാര്യയും ഭര്‍ത്താവും പരസ്പരസമ്മതത്തോടെ ഈ വിവാഹം തുടര്‍ന്നു പോവാന്‍ കഴിയില്ല എന്ന് തീരുമാനിച്ചാല്‍ അവര്‍ക്ക് വിവാഹമോചനത്തിന് അവകാശമുണ്ട്. പരസ്പരസമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്ന ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായി വേര്‍പെട്ടു ജീവിക്കുന്നു, രണ്ടുപേരും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ല എന്ന് സമ്മതിച്ചിട്ടുണ്ട്, ഒരാള്‍ മറ്റൊരാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയല്ല പരാതി നല്‍കുന്നത് എന്നീ കാര്യങ്ങളാണ് കുടുംബകോടതിയില്‍ പരിഗണിക്കപ്പെടുന്നത്. ഇങ്ങനെ കോടതിയിലെത്തുന്ന ഒരു അപേക്ഷ കോടതി ആറുമാസ കാലത്തേക്ക് പരിഗണിക്കാതെ വെക്കുന്നു ഈ കാലയളവില്‍ ദമ്പതികള്‍ക്ക് തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഈ സമയത്ത് ദമ്പതികള്‍ കൗണ്‍സിലിംഗ് നടപടിയില്‍ കൂടി കടന്നു പോവുന്നു. വിവാഹമോചന വ്യവഹാര പ്രക്രിയ അല്ലെങ്കില്‍ നടപടിയില്‍ കൂടി കടന്നുപോകുന്ന ദമ്പതികള്‍ ഈ ഘട്ടത്തില്‍ അനുഭവിക്കുന്ന ഉത്കണ്ഠ, തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതി, നിസ്സഹായവസ്ഥ, വിവാഹമോചനത്തിനുശേഷം എങ്ങനെ അതിനെ അതിജീവിക്കാം ഈ തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൗണ്‍സിലിംഗ് സമയത്ത് മനശാസ്ത്ര വിദഗ്ധന്‍ മനസ്സിലാക്കി അതിനെ അതിജീവിക്കാനുള്ള വഴികള്‍ ശാസ്ത്രീയമായ രീതിയില്‍ നല്‍കുന്നു.
CONTESTING DIVORCE
വിവാഹമോചനത്തില്‍ ദമ്പതികള്‍ക്കിടയില്‍ കണ്ടുവരുന്ന മറ്റൊരു രീതിയാണ് പങ്കാളിയില്‍ ഒരാള്‍ വേര്‍പിരിയല്‍ ആഗ്രഹിക്കുകയും മറ്റൊരാള്‍ അതിനെ നിരസിക്കുകയും ചെയ്യുന്നത് (Contesting divorce). ഇങ്ങനെയുള്ള വിവാഹമോചന രീതിക്ക് ഒരു സമയ പരിധിയും കോടതി നിശ്ചയിക്കുന്നില്ല. എന്നാല്‍ ഈ തരത്തിലുള്ള വിവാഹമോചന രീതി സ്വീകരിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്.
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ളത്: വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്ന ദമ്പതികള്‍ ഈ പരാതി കൂടാതെ ഇതുമായി ബന്ധപ്പെട്ട് മറ്റു പരാതികളും നല്‍കുന്നു, അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ളത് (Child custody). വിവാഹമോചനം ആഗ്രഹിക്കുന്ന ദമ്പതികളുടെ കുട്ടികളുടെ ചുമതല ആര്‍ക്ക് എന്നതാണ് ഇവിടെ നിശ്ചയിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലിയുള്ള പരാതി കുടുംബകോടതിയില്‍ നല്‍കിയാല്‍ ജഡ്ജി വ്യക്തമായി പരിശോധിച്ച് മാത്രമേ വിധി പറയാറുള്ളൂ. ഇവിടെ പ്രധാനമായും കോടതി ശ്രദ്ധകേന്ദ്രീകരിക്കുന്നത് കുട്ടിക്ക് ജീവിക്കാനുള്ള നല്ല ചുറ്റുപാട്, സാമ്പത്തികം, വിദ്യാഭ്യാസം, കുട്ടിയെ നല്ല ഒരു വ്യക്തിയായി വളര്‍ത്താന്‍ ആര്‍ക്കാണ് സാധിക്കുക എന്നത് മനസ്സിലാക്കുകയും കുട്ടിയുടെ താല്‍പര്യം അറിഞ്ഞതിനു ശേഷവും മാത്രമേ വിധി പറയാറുള്ളു. ഇങ്ങനെയൊരു പരാതി കോടതിയിലെത്തുന്നത് വഴി ദമ്പതികള്‍ക്കും അവരുടെ കുട്ടികള്‍ക്കും പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈ അവസ്ഥയില്‍ മനശാസ്ത്ര കൗണ്‍സിലറുടെ പിന്തുണ അത്യാവശ്യമാണ്.
വിവാഹ മോചിതയാവുന്ന തൊഴില്‍രഹിതയായ സ്ത്രീക്കും അവരുടെ കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് ആവശ്യമായ പണം ഭര്‍ത്താവ് നല്‍കണമെന്ന് നിയമവ്യവസ്ഥയുണ്ട്. ഇതിനു വേണ്ടിയും കോടതിയില്‍ പരാതികള്‍ നല്‍കുന്നതായി കാണാറുണ്ട്. ഇങ്ങനെ നല്‍കുന്ന പരാതി ജീവനാംശത്തിന് ഉള്ളതായി കണക്കാക്കുന്നു.
വിവാഹമോചന പരാതികളുമായി കോടതിയെ സമീപിക്കുന്ന ദമ്പതികള്‍ക്ക് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കോടതിയുടെ അഭിപ്രായപ്രകാരം വേര്‍പിരിഞ്ഞു താമസിക്കാം. ഒരുവര്‍ഷ കാലാവധിയാണ് കോടതി നല്‍കുന്നത്. ഈ കാലയളവില്‍ ദമ്പതികളില്‍ മാനസാന്തരം ഉണ്ടായി യോജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിവാഹമോചനത്തിന് കോടതിയെ വീണ്ടും സമീപിക്കാവുന്നതാണ്. കുടുംബ കോടതിയില്‍ എത്തുന്ന പരാതികള്‍ കോടതിയുടെ അകത്തുനിന്ന് രമ്യമായി പരിഹരിക്കാന്‍ വേണ്ടി കോടതി തന്നെ ഇടപെട്ട് മധ്യസ്ഥ ചര്‍ച്ചകള്‍ വാഹിക്കാറുണ്ട്, അതിനൊപ്പം തന്നെ കൗണ്‍സിലിംഗ് പ്രക്രിയയില്‍ പങ്കെടുക്കുവാനും ദമ്പതികള്‍ നിര്‍ബന്ധിതരാവുന്നു.
മധ്യസ്ഥത പ്രക്രിയ
ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുടുംബ കോടതി നല്‍കുന്ന ഒരു വഴിയാണ് മധ്യസ്ഥത പ്രക്രിയ അല്ലെങ്കില്‍ മീഡിയേഷന്‍ പ്രോസസ്. ദമ്പതികള്‍ക്കിടയില്‍ മൂന്നാമതായി ഒരാള്‍ നില്‍ക്കുന്നു ഈ വ്യക്തിയാണ് മധ്യസ്ഥത വഹിക്കുന്നത്. ഒരു വ്യത്യസ്തമായ ആശയവിനിമയവും ചില അഭിപ്രായ സമന്യയങ്ങളും ഉപയോഗിച്ച് ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. മധ്യസ്ഥത വഹിക്കുന്ന വ്യക്തി ദമ്പതികളുടെ ആവശ്യങ്ങളും, അവകാശങ്ങളും, ഇഷ്ടങ്ങളിലുമാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഈ പ്രക്രിയ തുറന്ന ഒരു ആശയവിനിമയമാണ്, ഇതില്‍ നിന്നും ഭാര്യയ്ക്കും ഭര്‍ത്താവിനും യോജിച്ചു പോവാന്‍ കഴിയുന്ന തരത്തിലുള്ള ഒരു തീരുമാനമെടുക്കാന്‍ കഴിയുന്നവര്‍ ഒരു വ്യവസ്ഥ ഉണ്ടാക്കി വേര്‍പിരിയല്‍ എന്ന തീരുമാനത്തില്‍ നിന്ന് പിന്മാറുകയും അത് കോടതിയെ ബോധിപ്പിക്കുകയും ചെയ്യുന്നു.
കൗണ്‍സിലിംഗ് പ്രക്രിയ
കുടുംബ കോടതിയുടെ ഒരു ഭാഗമാണ് കൗണ്‍സിലിംഗ് പ്രക്രിയ. പരാതിയുമായി കോടതിയെ സമീപിക്കുന്നത് ദമ്പതികള്‍ക്ക് നിര്‍ബന്ധമായും കൗണ്‍സിലിങ്ങിന് പങ്കെടുക്കുവാന്‍ ജഡ്ജി ഉത്തരവിടുന്നു. മനശാസ്ത്ര വിദഗ്ധര്‍ ദമ്പതികള്‍ക്കിടയില്‍ ഉള്ള പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി മനസ്സിലാക്കുകയും പരിഹരിക്കാന്‍ പറ്റുന്നതരത്തിലുള്ളവയാണോ എന്ന് നോക്കി കൃത്യമായി ഇടപെട്ട് ദമ്പതികളെ പരിഹരിക്കാന്‍ സഹായിക്കുകയും അവരില്‍ ഒരു ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നു.
കൗണ്‍സിലിംഗിനായി കോടതിയില്‍ നിന്നു വരുന്ന ദമ്പതികള്‍ക്ക് വ്യക്തിഗത കൗണ്‍സിലിംഗ് നല്‍കുന്നു. ഇങ്ങനെ നല്‍കുന്നതുവഴി ദമ്പതികളുടെ ഉല്‍ക്കണ്ഠയും പേടിയും സമ്മര്‍ദ്ദവും മനസ്സിലാക്കുകയും വ്യക്തിഗത പിന്തുണ നല്‍കുകയും ചെയ്യുന്നു. അതുപോലെതന്നെ ഈ വിവാഹ ബന്ധം തുടര്‍ന്നാല്‍ ജീവിത പങ്കാളിയും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുമെന്ന തരത്തില്‍ ഉള്ളതാണെങ്കില്‍ അല്ലെങ്കില്‍ പങ്കാളിയില്‍ ഒരാള്‍ മാനസിക രോഗത്തിന് അടിമയാണെങ്കില്‍ ഒന്നിച്ചു പോകാന്‍ പങ്കാളിക്ക് കഴിയാത്ത സാഹചര്യമാണെങ്കില്‍ മനശാസ്ത്ര വിദഗ്ധര്‍ അത് കോടതിയെ അറിയിക്കുകയും ഉചിതമായ ഒരു തീരുമാനം എടുക്കുകയും ചെയ്യുന്നു.
കോടതി നടപടിയും ദമ്പതികള്‍ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്‌നങ്ങളും
വേര്‍പിരിയല്‍ നടപടിയെ അഭിമുഖീകരിക്കുന്ന ദമ്പതികള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെലവ് (Expense). കോടതിയെ അഭിമുഖീകരിക്കുന്ന ദമ്പതികള്‍ അവര്‍ക്കുവേണ്ടി കോടതിയെ പ്രതിനിധാനം ചെയ്യുന്നത് അഭിഭാഷകന്‍ മുഖേനയാണ്. അഭിഭാഷകന്റെ കഴിവും, പ്രവര്‍ത്തി പരിചയവും അനുസരിച്ച് വലിയൊരു തുക അവര്‍ നല്‍കേണ്ടതായി വരുന്നു. അതുമാത്രമല്ല നിരന്തരമായി കോടതിയെ സമീപിക്കുന്നത് വഴി യാത്ര ചിലവ്, ജോലിക്കു പോവാന്‍ കഴിയാത്ത അവസ്ഥ എന്നിവ സാമ്പത്തിക ഉത്ക്കണ്ഠയ്ക്ക് വഴിവയ്ക്കുന്നു. വിവാഹമോചന നടപടിയിലേക്ക് കടക്കുന്ന ദമ്പതികള്‍ക്ക് പൊതുവേ വീട്ടുകാരില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കാറില്ല. അതുമാത്രമല്ല അവരെ സമൂഹത്തില്‍ നിന്ന് അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇത് വിവാഹമോചന പ്രക്രിയയിലൂടെ കടന്നു പോകുന്ന ദമ്പതികളെ സംബന്ധിച്ച് മാനസികമായും കൂടുതല്‍ തളരാന്‍ കാരണമാവുന്നു.
വിവാഹമോചനവും അനന്തരഫലങ്ങളും
വിവാഹമോചനം ദമ്പതികള്‍ക്കിടയില്‍ ശാരീരികവും, വൈകാരികവും, മാനസികവും, സാമ്പത്തികവും, സാമൂഹികവുമായ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ചില ദാമ്പത്യബന്ധങ്ങളില്‍ വിവാഹമോചനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്. ചില ദമ്പതികളില്‍ വിവാഹമോചനം അവരുടെ ജീവിതത്തില്‍ സന്തോഷവും വെളിച്ചവും സൃഷ്ടിക്കും. അതേസമയം അത് വേദനാജനകമായ ഒരു അനുഭവം കൂടിയാകുന്നു. വിവാഹമോചനം ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ സ്വാഗതാര്‍ഹമായി സംഭവിക്കുന്ന ഒന്നല്ല. പലതവണ ശ്രമിച്ചാലും ചില ബന്ധങ്ങളില്‍ വിവാഹമോചനം അനിവാര്യമായ ഘടകമായി മാറുന്നു. ആ വഴികളിലൂടെ കടന്നു പോകുമ്പോഴും അത് കഴിഞ്ഞു ഉണ്ടാകുന്ന വേദനകള്‍ ചില വ്യക്തികളുടെ ജീവിതത്തെ എന്നും വേട്ടയാടുന്നതാണ്.
വൈകാരിക പ്രശ്‌നങ്ങള്‍
സ്വയം വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍, കുറ്റബോധം, വിവാഹമോചനത്തിന് ഭാഗമായി കണ്ടേക്കാവുന്ന ആഘാതം എന്നീ വൈകാരിക പ്രതിഫലനങ്ങള്‍ പല ദമ്പതികളിലും കണ്ടുവരുന്നു. സ്വന്തം പങ്കാളിയില്‍ നിന്ന് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി എന്ന യാഥാര്‍ത്ഥ്യം കുറച്ചുനാളത്തേക്ക് അംഗീകരിക്കാന്‍ കഴിയാതെ വരുന്നു. ഇത് വ്യക്തിയില്‍ വളരെയധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നു. യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ മനസ്സ് തയ്യാറാവുന്നില്ല. അതിലുപരി നിങ്ങള്‍ ആ വ്യക്തിയാല്‍ വഞ്ചിക്കപ്പെട്ടതായും ഉപേക്ഷിക്കപ്പെട്ടതായും അനുഭവപ്പെടുന്നു.
ചില ദമ്പതികളില്‍ വിവാഹമോചനത്തിനുശേഷം ഏറ്റവും കാണപ്പെടുന്ന ഒരു മാനസികഭാവമാണ് കുറ്റബോധം. തന്റെ തെറ്റുകൊണ്ടാണ് വിവാഹം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത് എന്ന തോന്നല്‍ അവരില്‍ കുറ്റബോധത്തിന് തുടക്കം കുറിക്കുന്നു. വിവാഹമോചനം പലരിലും ഹൃദയം തകര്‍ക്കുന്ന ഒരു അനുഭവമായിരിക്കും ഒരുമിച്ചുണ്ടായിരുന്ന നാളുകളെ കുറിച്ചുള്ള ചിന്തകള്‍ സന്തോഷകരവും വേദനാജനകവുമായ ഓര്‍മ്മകള്‍ അവരുടെ മനസ്സിനെ അലട്ടുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമായിരിക്കും. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനും അതില്‍ നിന്ന് കരകയറാനും ഒരുപാട് കാലം എടുത്തെന്നിരിക്കും.
ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. വിവാഹമോചിതരായ ഒരു വ്യക്തിക്ക് കുറച്ചുകാലം ജീവിതത്തില്‍ കോപം, നീരസം, സങ്കടം, ആശ്വാസം, ഭയം, ആശയകുഴപ്പം എന്നീ നിരവധി വൈരുദ്ധ്യാത്മക വികാരങ്ങള്‍ അനുഭവപ്പെടുന്നു. ഈ വികാരങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതിന് പകരം പലപ്പോഴും ഈ വേദനാജനകമായ വികാരത്തെ അടിച്ചമര്‍ത്തുകയും അവഗണിക്കുവാനും ശ്രമിക്കുന്നു. ഇത് ദീര്‍ഘകാല വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
മാനസിക പ്രശ്‌നങ്ങള്‍
വിവാഹമോചനത്തിന് ശേഷമുള്ള ആദ്യനാളുകളില്‍ വ്യക്തികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് വിഷാദരോഗത്തിന് ചില വ്യക്തമായ ലക്ഷണങ്ങളാണ്. ഒരുപാട് പ്രതീക്ഷകളോടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീക്കും പുരുഷനും അവരുടെ ദാമ്പത്യം ഒരു പരാജയമായിരുന്നു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു. ജീവിതത്തിലുടനീളം സന്തോഷത്തിലും ദുഃഖത്തിലും കൂടെ ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്ന വ്യക്തി മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഇല്ല എന്ന യാഥാര്‍ത്ഥ്യം അവരെ വിഷാദരോഗത്തിന് അടിമയാക്കിയേക്കാം. എന്നാല്‍ ചിലരില്‍ പ്രതീക്ഷയില്ലാത്ത മുന്നോട്ടുള്ള ജീവിതം അവരെ ആത്മഹത്യാപ്രവണതയുണ്ടാക്കുന്നു. ഒറ്റപ്പെടല്‍, താല്പര്യമില്ലായ്മ, സന്തോഷ കുറവ്, വ്യക്തിത്വ പ്രശ്‌നങ്ങള്‍, ഉത്കണ്ഠ എന്നീ മാനസിക പ്രശ്‌നങ്ങളും അവരില്‍ കണ്ടുവരുന്നുണ്ട്. വിവാഹമോചനത്തിനു ശേഷം താന്‍ പങ്കാളിയാല്‍ ചതിക്കപ്പെട്ടു എന്ന തോന്നല്‍ അവരില്‍ ദേഷ്യം അല്ലെങ്കില്‍ വെറുപ്പ് എന്ന വികാരം രൂപപ്പെടാന്‍ കാരണമാകുന്നു. ചിലര്‍ അവരെക്കാള്‍ കൂടുതല്‍ കുട്ടികളുടെ ഭാവിയെകുറിച്ച് ഓര്‍ത്ത് വ്യാകുലതപെടും അത് പിന്നീട് ഉത്കണ്ഠ എന്ന മാനസിക രോഗത്തിലേക്ക് വഴിമാറും.
സാമ്പത്തിക പ്രശ്‌നങ്ങള്‍
സമ്പത്ത് കെട്ടിപ്പടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉള്ള ഏറ്റവും നല്ല വഴികളിലൊന്നാണ് സ്ഥിരതയുള്ള ദാമ്പത്യം. എന്നാല്‍ വിവാഹമോചനം വളരെ ചിലവേറിയതാകുന്നു. വിവാഹമോചനത്തിനുശേഷം സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കാരണം ഇന്നും കേരള സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം ഇല്ലാതെ അവള്‍ വിവാഹം ചെയ്ത അവളുടെ ഭര്‍ത്താവിനെ സാമ്പത്തികമായി ആശ്രയിക്കുന്നത് സാധാരണമാണ്. വിവാഹമോചനത്തിന് ശേഷം തങ്ങളുടെ ആവശ്യത്തിനായി അവര്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിക്കുന്നു. എന്നാല്‍ വിവാഹമോചനം ലഭിച്ചതിനുശേഷം ചില പുരുഷന്മാര്‍ കൂടുതല്‍ സമ്പാദിക്കേണ്ടതായി വരുന്നു. നിയമപരമായി ബന്ധം വേര്‍പെടുത്തുമ്പോള്‍ പുരുഷന്‍ അവന്റെ പങ്കാളിക്കും മക്കള്‍ക്കും ജീവനാംശം കൊടുക്കേണ്ടതായി വരുന്നു. പിന്നീട് പുരുഷന്‍ മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് സാമ്പത്തിക ചെലവുകള്‍ വര്‍ധിച്ചുവരുന്നതിന് കാരണമാവുന്നു. പല പിതാക്കന്മാരും കുട്ടികളുടെ പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെടുന്നു അതിനാല്‍ അതിജീവനത്തിനായി സ്ത്രീകള്‍ ഒന്നിലധികം ജോലികള്‍ ചെയ്യുന്നത് അസാധാരണമല്ല. പല കുട്ടികളും അത്യാവശ്യ കാര്യങ്ങള്‍ പോലും നിറവേറ്റാതെ ജീവിക്കുന്നു എന്നതും വേദനാജനകമാണ്.
സാമൂഹിക പ്രശ്‌നങ്ങള്‍
മുന്‍കാലങ്ങളില്‍ വിവാഹമോചനം നിയമപരമാണെങ്കിലും അത് തെറ്റായി കാണപ്പെട്ടിരുന്നു. ഈ തെറ്റിദ്ധാരണയാണ് മിക്ക വ്യക്തികളുടെയും വിവാഹമോചനത്തിനുശേഷമുള്ള അവരുടെ സാമൂഹ്യജീവിതം കുറഞ്ഞു വരാന്‍ കാരണമാകുന്നത്. വേര്‍പിരിയലിന് ശേഷമുള്ള ആദ്യനാളുകളില്‍ അവര്‍ മറ്റുള്ളവരോട് ഇടപെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നു, ഇതിന്റെ പ്രധാന കാരണം മറ്റുള്ളവരുടെ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളുമാണ്. വിവാഹമോചനത്തിന്റെ കാരണം താനാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുമോ എന്ന് ഉത്ക്കണ്ഠ അവരില്‍ ഉടലെടുക്കുന്നു. വിവാഹമോചിതരായവരെ സമൂഹം മാറ്റിനിര്‍ത്തുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.
വിവാഹമോചനത്തിന്റെ പ്രതിഫലനങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു
മാതാപിതാക്കള്‍ വിവാഹമോചനം നേടുമ്പോള്‍ അതിന്റെ അനന്തരഫലം അനുഭവിക്കുന്നത് അവരുടെ കുട്ടികളും കൂടിയാണ്. വിവാഹമോചനം നേടിയ ദമ്പതികളുടെ കുട്ടികളില്‍ നിഷേധാത്മക വികാരങ്ങള്‍, ആത്മാഭിമാനമില്ലായ്മ, പെരുമാറ്റ പ്രശ്‌നങ്ങള്‍, വിഷാദം, മാനസിക വൈകല്യങ്ങള്‍ എന്നിവ കാണപ്പെടുന്നു. വിവാഹമോചനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലതരത്തിലുള്ള സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ കുട്ടികളാണ് ഇതില്‍ കൂടുതലും കഷ്ടതകള്‍ അനുഭവിക്കുന്നത്. ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് പോകാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്ന കുട്ടികളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അവസ്ഥ ഒറ്റപ്പെടലാണ്. തന്നെ ആര്‍ക്കും വേണ്ടെന്ന തോന്നല്‍ അവരെ നിരന്തരം വേട്ടയാടുന്നു. ഈ കാരണത്താല്‍ പല കുട്ടികളും കുടുംബത്തിനു പുറത്ത് അവര്‍ക്ക് പ്രാധാന്യപെട്ട വൈകാരിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നു.
കുട്ടികള്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാതൃകയാണ് മാതാപിതാക്കള്‍, അതിനാല്‍ തന്നെ കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ പെരുമാറ്റം അനുകരിക്കുന്നത് സ്വാഭാവികമാണ്. മാതാപിതാക്കള്‍ പരസ്പരം നടത്തുന്ന ഇടപെടലുകള്‍ കുട്ടികള്‍ക്ക് ആത്മബന്ധങ്ങളെകുറിച്ചുള്ള ധാരണ സംബന്ധിച്ച് മോശം അനുഭവമാകും ഉണ്ടാവുക. ഇത് അവരുടെ സ്വഭാവ രൂപവത്കരണത്തിന് സ്വാധീനിക്കുകയും അതുവഴി ഭാവിയില്‍ അവര്‍ ഉണ്ടാക്കുന്ന ബന്ധങ്ങളില്‍ അവര്‍ മാതാപിതാക്കളുടെ പെരുമാറ്റം അനുകരിക്കാനും സാധ്യത കൂടുതലാണ്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് വലുതാകുമ്പോള്‍ വേര്‍പിരിയനോട് അടുപ്പം കാണിക്കുകയും എല്ലാവരില്‍ നിന്നും അകന്നു നില്‍ക്കാനും ശ്രമിക്കും.
മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങള്‍ കുട്ടികളുടെ മനസ്സില്‍ എന്നും ഒരു വേദനയായി അവശേഷിക്കും. കുട്ടികളുടെ മുന്നില്‍ വെച്ച് പരസ്പരം വഴക്കിടുന്ന മാതാപിതാക്കള്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം കുട്ടികളുടെ ജീവിതം ആഴത്തിലുള്ള കുഴിയിലേക്ക് വലിച്ചെറിയുകയാണ്. അവരുടെ മനസ്സില്‍ പ്രകാശത്തിന്റെ തിരി തെളിയിക്കേണ്ടവര്‍ തന്നെ അങ്ങനെ ചെയ്യുമ്പോള്‍ അത് കുഞ്ഞുങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പിന്നീട് കുട്ടികള്‍ക്ക് അവരുടെ വികാരങ്ങളെ ആവശ്യമായ രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. മറ്റുള്ളവരുമായി സംസാരിക്കാനോ, ഇടപെടാനോ അവര്‍ തയ്യാറാവില്ല. സമൂഹത്തില്‍നിന്ന് ഈ രീതിയില്‍ അവര്‍ പിന്‍വലിക്കുമ്പോള്‍ നല്ല ഒരു സാമൂഹിക അന്തരീക്ഷം അവര്‍ക്ക് നഷ്ടമാകുന്നു. ചില കുട്ടികള്‍ അവരുടെ പഠന കാര്യത്തിലും വളരെ പിന്നോട്ട് പോവുന്നതായി നമുക്ക് കാണാന്‍ കഴിയും.
മാതാപിതാക്കള്‍ വേര്‍പിരിയുമ്പോള്‍ അതിന്റെ ഉത്തരവാദി താനാണെന്ന് കുട്ടികള്‍ കരുതുന്നു. ജീവിതത്തിലെ വൈകാരികവും വികാസപരവുമായ ഘട്ടങ്ങള്‍ കാരണം ഈ പ്രായത്തിലുള്ള കുട്ടികള്‍ വിവാഹമോചനത്തിനു തങ്ങള്‍ കാരണക്കാരാണെന്ന് കരുതുന്നത് സാധാരണമാണ്. മിക്കപ്പോഴും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള കടമകളുണ്ട്. മാതാപിതാക്കള്‍ കുട്ടിയെ പരിപാലിക്കുന്നു, കുട്ടി വളര്‍ച്ചയിലും വികാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഈ റോളുകള്‍ വിപരീതമായി സംഭവിക്കാം ഒരു കുട്ടി സ്വയം ഒരു പരിചാരകനായി പ്രവര്‍ത്തിക്കുന്നു അവര്‍ ചെറുപ്പത്തില്‍ വീട് വൃത്തിയാക്കുകയോ കുടുംബകലഹങ്ങളില്‍ ഇടപെടുക പോലുള്ള മുതിര്‍ന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തേക്കാം. ഈ റോള്‍ റിവേഴ്‌സല്‍ Parentification എന്നറിയപ്പെടുന്നു. ഇത് ദീര്‍ഘകാല വൈകാരികവും മാനസികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കും. രണ്ടുതരത്തിലാണ് Parentification ഉള്ളത്. Instrumental parentification അല്ലെങ്കില്‍ emotional parentification. പ്രായത്തിന് അനുയോജ്യമല്ലാത്ത ഉത്തരവാദിത്വങ്ങള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോഴാണ് Instrumental parentification സംഭവിക്കുന്നത്. ഇത് കൂടുതലായും കണ്ടുവരുന്നത് ആണ്‍കുട്ടികളിലാണ്. പ്രതിവാര പലചരക്ക് സാധനങ്ങള്‍ വാങ്ങുക, ബില്ലുകള്‍ അടയ്ക്കുക, കുടുംബത്തിന് ഭക്ഷണം പാകം ചെയ്യുക,അല്ലെങ്കില്‍ രോഗിയായ ഒരു സഹോദരനെ പരിപാലിക്കുക തുടങ്ങിയ ജോലികള്‍ ഇതിനര്‍ത്ഥം. മാതാപിതാക്കളുടെ പ്രത്യേക വൈകാരിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു കുട്ടി നീങ്ങുമ്പോള്‍ Emotional parentification സംഭവിക്കുന്നു. ഇത് കൂടുതലായും കാണുന്നത് പെണ്‍കുട്ടികളിലാണ്. മാതാപിതാക്കളുടെ വൈകാരിക ആവശ്യങ്ങള്‍ മനസ്സിലാക്കാനും ആവശ്യത്തോട് പ്രതികരിക്കാനും പിന്തുണ നല്‍കാനും ഈ തരത്തിലുള്ള കുട്ടികള്‍ ആഗ്രഹിക്കുന്നു.
വിവാഹമോചനം കുടുംബാംഗങ്ങളെ എങ്ങനെ ബാധിക്കുന്നു
വിവാഹമോചനം കുട്ടികളിലെന്നപോലെ കുടുംബാംഗങ്ങളെയും പലരീതിയില്‍ ബാധിക്കുന്നു. കുടുംബങ്ങളില്‍ വിവാഹമോചനം നടക്കുമ്പോള്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് അവര്‍ പലപ്പോഴും ഒരു ബാധ്യതയായി മാറുന്നു. ഇതില്‍ കൂടുതലായും ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകളുടെ കുടുംബങ്ങള്‍ക്കാണ്. സ്വന്തം പങ്കാളിയില്‍ നിന്ന് വേര്‍പിരിഞ്ഞതിനുശേഷം അവര്‍ കുട്ടിയുമായോ അല്ലെങ്കില്‍ തനിച്ചോ സ്വന്തം വീട്ടില്‍ വന്നു നില്‍ക്കുന്നു ഇത് മാതാപിതാക്കളില്‍ മാനസികസമ്മര്‍ദ്ദവും ഉത്ക്കണ്ഠയും ഉണ്ടാക്കുന്നു. എന്നാല്‍ ചില വിവാഹമോചനത്തില്‍ സ്ത്രീകള്‍ സ്വന്തമായി എന്തും നേരിടാനുള്ള കഴിവുകള്‍ ഉള്ളവരായിരിക്കും. അവരുടെ സാമ്പത്തിക ചെലവുകള്‍ അവര്‍ സ്വയം വഹിക്കുകയും കുടുംബത്തില്‍ നിന്നു മാറി താമസിക്കുകയും ചെയ്യുന്നു.
ഡിവോഴ്‌സ് കൗണ്‍സിലിംഗിന്റെ ആവശ്യകത
വിവാഹമോചനത്തിനോടനുബന്ധിച്ചുള്ള കൗണ്‍സിലിംഗ് അഥവാ ഡിവോഴ്‌സ് കൗണ്‍സിലിംഗ് എന്നത് വിവാഹ മോചന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവരുടെ കുട്ടികള്‍ക്കുമുള്ളതാണ്. ഇത് സ്വകാര്യമോ കോടതിയുടെ ഉത്തരവോ മൂലം ആയിരിക്കും. വേര്‍പിരിയലിന് ശേഷമുള്ള എല്ലാവിധ പ്രയാസങ്ങളും മറികടക്കാന്‍ വേണ്ടി ഒരു സൈക്കോളജിസ്റ്റിന്റെ പ്രൊഫഷണല്‍ സഹായം തേടുന്നു. ചില സാഹചര്യങ്ങളില്‍ വിവാഹ മോചന പ്രക്രിയയില്‍ രണ്ടു വ്യക്തികളും അവരുടെ സ്വന്തം ജീവിതത്തിലേക്ക് സന്തോഷമായി മുന്നോട്ടു പോകുന്നത് നമുക്ക് കാണാം. എന്നാല്‍ ചിലരില്‍ ദമ്പതികളില്‍ ഒരാള്‍ക്കോ അല്ലെങ്കില്‍ രണ്ടുപേര്‍ക്കും നഷ്ടബോധം, ഭയം, ആശയക്കുഴപ്പം, ഉത്ക്കണ്ഠ, സ്വയം സംശയം, വിഷാദം ദേഷ്യം എന്നിവ അനുഭവപ്പെടാം. ഈ തരത്തിലുള്ള വികാരങ്ങള്‍ സ്വയം വിനാശകരമായ പെരുമാറ്റങ്ങള്‍ക്ക് വഴിതെളിയിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഭാവിയെ കുറിച്ചോര്‍ത്ത് അവര്‍ വ്യാകുലപ്പെടുന്നതായും കാണാം. വിവാഹമോചനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ആത്മീയവും മാനസികവും ശാരീരികവുമായിട്ടുള്ള കഴിവിനെ മരവിപ്പിക്കും. മാനസിക സുഖം പ്രാപിക്കാനും, മുന്നോട്ടുപോകാനും ഈ അനുഭവത്തില്‍നിന്ന് വളരാനും ഡിവോഴ്‌സ് കൗണ്‍സിലിംഗ് ആവശ്യമായി വരുന്നു.
ഡിവോഴ്‌സ് കൗണ്‍സിലിംഗില്‍ വ്യക്തിയില്‍ ശക്തിയുടേയും, പ്രത്യാശയുടെയും ഒരു നവോന്മേഷം നല്‍കിക്കൊണ്ട് അവരുടെ ദുഃഖം,നഷ്ടം, നാണക്കേട് അല്ലെങ്കില്‍ കായ്പ്പ് എന്നിവയില്‍ അവര്‍ക്ക് സ്വന്തമായി നേരിടാനുള്ള പ്രാപ്തി ഉണ്ടാക്കാന്‍ ഓരോ മനശാസ്ത്ര കൗണ്‍സിലറും നിങ്ങളെ സഹായിക്കുന്നു. സ്വന്തമായി സന്തോഷം കണ്ടെത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കാര്യങ്ങളില്‍ തീരുമാനമെടുക്കാനും മുന്നോട്ടുള്ള ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനും വിവാഹമോചന കൗണ്‍സിലിംഗ് വളരെ പ്രധാനപെട്ടതാകുന്നു.
ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ Behavioural marital therapy, Insight oriented marital therapy, Emotionally focused couple therapy, Self control therapy തുടങ്ങിയവ ഫലപ്രദമായ ഇടപെടലുകളായി തെളിയിക്കപ്പെട്ടിട്ടുണ്ട്. Behavioural marital therapy ഒരുവശത്ത് ആശയവിനിമയത്തിനും പ്രശ്‌നപരിഹാരനൈപുണ്യത്തിനും ഉപകരിക്കുന്നു മറുവശത്ത് ഈ സമീപനത്തിലേക്ക് ഒരു വൈജ്ഞാനിക ഘടകം ചേര്‍ക്കുമ്പോള്‍ വിനാശകരമായ വിശ്വാസങ്ങള്‍, അനുമാനങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെ വെല്ലുവിളിക്കാന്‍ ദമ്പതികളെ സഹായിക്കുന്നു.
Insight oriented marital therapy, Emotionally focused couple therapy എന്നീ തെറാപ്പികള്‍ ദാമ്പത്യബന്ധത്തില്‍ ദുര്‍ബലതയുടെയും നിറവേറ്റാത്ത ആവശ്യങ്ങളുടെയും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ദമ്പതികളെ സഹായിക്കുകയും ഈ വികാരങ്ങളും ആവശ്യങ്ങളും ബന്ധത്തിനുള്ളിലെ മോശമായ അവസ്ഥയ്ക്ക് അടിവരയിടുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ ദമ്പതികളെ സഹായിക്കുകയും ചെയ്യും.
Self Control therapyഎന്നാല്‍ ദാമ്പത്യ ബന്ധത്തിനുള്ളിലെ വിള്ളലുകള്‍ക്ക് കാരണമാകുന്ന അവരുടെ വ്യക്തിപരമായ സംഭാവന എന്താണെന്ന് തിരിച്ചറിയാനും, അത് മാറ്റാന്‍ ഓരോ വ്യക്തിയേയും പ്രാപ്തരാക്കുന്നതിലൂടെ ദാമ്പത്യ ബന്ധത്തിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു.
ഫലപ്രദമായ couple therapy ഏകദേശം 20 സെക്ഷനുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ രണ്ടു പങ്കാളികളും ഉള്‍പ്പെട്ടിരിക്കണം. Couple Therapy ഒരു പങ്കാളിയുടെ മേല്‍ ആനുപാതികമല്ലാത്ത കുറ്റം ചുമത്താതെ അതില്‍ രണ്ടു പേര്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു. ഗാര്‍ഹിക പീഡനത്തിന്റെ കാര്യത്തില്‍ ശാരീരികമായി ആക്രമണകാരിയായ പങ്കാളി അവരുടെ അക്രമത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കണം. ഈ പങ്കിട്ട ധാരണ പങ്കാളികളെ പരസ്പരം സഹാനുഭൂതി കാണിക്കാന്‍ അനുവദിക്കുകയും അവര്‍ ഇരുവരും ഒരു വിനാശകരമായ പ്രശ്‌നവ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്നത് കാണുകയും വേണം. ഫലപ്രദമായ Couple Therapy ആശയവിനിമയത്തിന്റെയും പ്രശ്‌നപരിഹാര നൈപുണ്യത്തിന്റെയും വികസനം പ്രോത്സാഹിപ്പിക്കും. അതുവഴി ദമ്പതികള്‍ക്ക് പരസ്പരം ആവശ്യമുള്ള അടുപ്പത്തിനും സ്വയംഭരണത്തിന്നും വേണ്ടിയുള്ള ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാമെന്ന് ചര്‍ച്ച ചെയ്യാനും അതിനുള്ള പ്രായോഗിക പദ്ധതികള്‍ വികസിപ്പിക്കാനും കഴിയും. ആശയവിനിമയവും പ്രശ്‌നപരിഹാര കഴിവുകളും കുടുംബജീവിതത്തിന്റെ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്തില്‍ ദമ്പതികളെ പരസ്പരം പിന്തുണയ്ക്കാന്‍ അനുവദിക്കുന്നു.
ഡോ. അനീഷ് തടത്തില്‍
(ചീഫ് കണ്‍സള്‍ട്ടന്റ് & ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് CAMP വേനപ്പാറ)
തയ്യാറാക്കിയത്: വി. അഞ്ജന, എല്‍. ആര്‍. അഞ്ജന, അഞ്ജലി ബാബു, ഫാത്തിമ ഫെര്‍നാസ്
(കോണ്‍സല്‍ടെന്റ് സൈക്കോളജിസ്‌റ്‌സ് CAMP വേനപ്പാറ)