ഉപവി പ്രവര്‍ത്തനങ്ങളുടെ ഉപാസകന്‍

ഒക്ടോബര്‍ 7: ഫാ. മാണി കണ്ടനാട്ട് അനുസ്മരണ ദിനം

പ്രക്ഷുബ്ദ അന്തരീക്ഷങ്ങളെ ശാന്തതകൊണ്ട് കീഴടക്കിയ സൗമ്യശീലനായിരുന്നു ഫാ. മാണി കണ്ടനാട്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാനിധ്യവും വേറിട്ട ശബ്ദവുമായിരുന്നു അദ്ദേഹം. ആരോരുമില്ലാതെ, ആളും അര്‍ത്ഥവുമില്ലാതെ, മാറാ രോഗങ്ങളും തീരാദുഃഖങ്ങളുമായി സര്‍ക്കാര്‍ ആശുപത്രി തിണ്ണകളില്‍ കഴിയുന്ന നിരാലംബരായ രോഗികള്‍ക്ക് ഔഷധമായും അന്നമായും വസ്ത്രമായും അഭയമായും ക്രൈസ്തവ സാക്ഷ്യമേകുവാന്‍ മാണിയച്ചനിലൂടെ അനേകര്‍ക്ക് പ്രചോദനവും പരിശീലനവും ലഭിച്ചു.

ക്രിസ്തുജയന്തി മഹാജൂബിലി വര്‍ഷത്തില്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ അന്നവും ഔഷധവുമില്ലാതെ നിരാലംബരായ രോഗികള്‍ക്ക് തന്റെ അലവന്‍സ് ഉപയോഗിച്ച് തുടങ്ങിയ അന്നദാന ശുശ്രൂഷ പിന്നീട് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി ഏറ്റെടുത്തു എന്നതും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് സാന്ത്വനമേകുന്ന ബൃഹദ് ശുശ്രൂഷയായി അത് മാറിയെന്നതും ചരിത്രം.

വിശക്കുന്നവന്റെ മുഖത്ത് നിഴലിക്കുന്ന ദൈന്യത അദ്ദേഹത്തെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. പൗരോഹിത്യ ശുശ്രൂഷയില്‍ ഉപവിയുടെ ഉപാസകനും മുന്നണിപ്പോരാളിയുമായിരുന്നു മാണിയച്ചന്‍. താതന്റെ നിത്യമായ ഭവനത്തിലേക്കുള്ള മടക്കയാത്രയ്ക്ക് ആവശ്യമായ സുകൃതങ്ങളുടെ വലിയ സമ്പാദ്യം സ്വരുക്കൂട്ടുവാന്‍ ഈ ലോക ജീവിതത്തിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു.

രണ്ട് പതിറ്റാണ്ടിലധികം നീളുന്ന വൈദിക വിദ്യാര്‍ത്ഥികളുടെ ഗുരു എന്ന പദവിയില്‍ ഭൗതിക വിജ്ഞാനത്തെ അതിശയിപ്പിക്കുന്ന ആത്മജ്ഞാനം മാണിയച്ചന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സുകൃതസമ്പന്നമായ ഗുരുകൃപയുടെ വറ്റാത്ത ഉറവയാണ് അദ്ദേഹം. ജീവിതത്തിലെ വന്‍ പ്രതിസന്ധികളെ നിര്‍മ്മലമായ പുഞ്ചിരികൊണ്ട് കീഴടക്കുവാന്‍ മാണിയച്ചനു കഴിഞ്ഞു.

പാലായിലെ നെല്ലിയാനിയില്‍ കണ്ടനാട്ട് ചാണ്ടിയുടെയും റോസമ്മയുടെയും ഏഴു മക്കളില്‍ രണ്ടാമനായി 1942 ഡിസംബര്‍ 12ന് ജനനം. സെമിനാരി പഠനത്തിനു ശേഷം തലശേരി രൂപതയ്ക്കായി 1969 ഡിസംബര്‍ 20ന് പൗരോഹിത്യം സ്വീകരിച്ചു.
തലശേരി രൂപതയിലെ ആലക്കോട് അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് ഈരൂട്, രയരോം, മാവൂര്‍, വിളക്കാംതോട്, ഉരുപ്പുംകുറ്റി, കരുവാരകുണ്ട്, പാതിരിക്കോട്, വാലില്ലാപുഴ, ചമല്‍, കുപ്പായക്കോട് എന്നീ ഇടവകകളില്‍ വികാരിയായി.

ഇംഗ്ലീഷിലും മലയാളത്തിലും ബിരുദാനന്തര ബിരുദം നേടി. 1988 മുതല്‍ 21 വര്‍ഷം താമരശേരി മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലകനായി. ന്യായാധിപന്റെ നീതിബോധവും അമ്മയുടെ ആര്‍ദ്രതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ സമ്മേളിച്ചിരുന്നു.

76 വര്‍ഷത്തെ ലോക ജീവിതത്തില്‍ സുന്ദരമായ പൗരോഹിത്യ ജീവിതത്തിന്റെ 48 വര്‍ഷങ്ങളില്‍ താമരശേരി രൂപതയിലെ അനേകം വൈദികരുടെ ഗുരുഭൂതനായി.

വേദനിക്കുന്നവന്‍ നിലവിളിക്കുന്നതിന് മുമ്പു തന്നെ അവന്റെ നേരെ കരുണയുടെ കരങ്ങള്‍ നീട്ടണമെന്നത് അദ്ദേഹത്തിന് വളരെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു. പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ഒരു വ്യക്തിയെ സഹായിക്കാതെ കടന്നു പോകുന്നത് അച്ചന് തീര്‍ത്തും അപരിചിതമായിരുന്നു. നിസഹായതയോടു കൂടിയുള്ള ഒരു നേട്ടമല്ല അവന് സഹായമായി നിന്നുകൊടുക്കുക എന്നതായിരുന്നു രീതി. തന്റെ സഹായം സ്വീകരിക്കുന്നവര്‍ ദൈവം നേരിട്ടു നല്‍കിയ ഒരു നിധിപോലെ മാത്രമെ അതിനെ വരവു വെയ്ക്കാവൂ എന്ന നിര്‍ബന്ധവുമുണ്ടായിരുന്നു.

അരോരുമറിയാത്ത ദാനം അനശ്വരമാണെന്നും കര്‍തൃസന്നിധിയില്‍ ഏറെ ശ്രേഷ്ഠമാണെന്നും അച്ചന്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചിരുന്നു. കൈയില്‍ വരുന്നതൊക്കെയും സ്വന്തം കീശയില്‍ വീഴാതെ അവ വരുന്ന വഴിക്കുതന്നെ ആവശ്യക്കാരില്‍ അതിവേഗമെത്തിക്കാന്‍ അച്ചന്‍ അതീവ ശ്രദ്ധാലുവായിരുന്നു. താന്‍ നല്‍കുന്ന ധനസഹായം അനുദിന ചെലവുകള്‍ക്ക് അതീതമായി അത്യാപത്തിനെ നേരിടാനുള്ള നിധിയായിട്ടാണ് അച്ചന്‍ നല്‍കിയിരുന്നത്. നല്‍കുന്നതിലുള്ള ആത്മസുഖത്തേക്കാള്‍ സ്വീകരിക്കുന്നവന്റെ ആത്മാഭിമാനത്തിന് കാവലാളാകുകയെന്നതായിരുന്നു അച്ചന്റെ ഉപവി പ്രവര്‍ത്തനങ്ങളുടെ ആത്മചൈതന്യം.

Exit mobile version