Site icon Malabar Vision Online

ജെറിയാട്രിക് കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു


താമരശ്ശേരി രൂപത റൂബി ജൂബിലിയുടെ ഭാഗമായി ജെറിയാട്രിക് കെയര്‍ (മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രവര്‍ത്തന പദ്ധതി) ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്നവര്‍ക്ക് സന്തോഷം നല്‍കുകയെന്നത് അവര്‍ക്ക് നമ്മള്‍ നല്‍കുന്ന ഔദാര്യമല്ലെന്നും അത് അവരുടെ അവകാശമാണെന്നും ബിഷപ് ഓര്‍മിപ്പിച്ചു. ”ദൈവത്തിന്റെ കരുണ നമ്മിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്നവരെ അനുഭാവപൂര്‍ണമായി പരിഗണിക്കണം. അവര്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. പരിശുദ്ധാത്മാവിനാല്‍ നിറയുമ്പോള്‍ അത് സാധ്യമാകും.” – ബിഷപ് പറഞ്ഞു.

മുതിര്‍ന്ന പൗരന്മാരുടെ മാനസികവും ശാരീരികവും ആത്മീയവുമായ കാര്യങ്ങളില്‍ ഇടവകകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഇടവകകളില്‍ പകല്‍ വീടുകള്‍ ആരംഭിക്കുവാനുമുള്ള പദ്ധതിക്ക് സമ്മേളനത്തില്‍ തുടക്കമായി.

ലിവിങ് ലൈഫ് ട്രസ്റ്റ് ടീം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ക്കായി പകല്‍ വീട് അടക്കമുള്ള സേവനം ഒരുക്കുന്ന കല്ലാനോട് സെന്റ് മേരീസ് പള്ളിയിലെ പ്രതിനിധികളായ സിസ്റ്റര്‍ ഷീല, നിമ്മി പൊതിട്ടേല്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

റൂബി ജൂബിലി പ്രവര്‍ത്തനങ്ങളുടെ രൂപതാതല കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര, ജെറിയാട്രിക് കെയര്‍ പ്രവര്‍ത്തനങ്ങളുടെ രൂപതാതല കോ-ഓഡിനേറ്റര്‍ മാത്യു കുളത്തിങ്കല്‍, കുടുംബക്കൂട്ടായ്മ രൂപതാ പ്രസിഡന്റ് തോമസ് വലിയപറമ്പില്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് രൂപതാ സെക്രട്ടറി മാത്യു തേരകം, വിന്‍സെന്റ് ഡീ പോള്‍ രൂപതാ പ്രസിഡന്റ് തോമസ് പുലിക്കോട്ടില്‍, ഡാര്‍ലിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഇടവകകളില്‍ നിന്നായി 250ഓളം പ്രതിനിധികള്‍ പങ്കെടുത്തു.


Exit mobile version