നവംബര് 1: സകല വിശുദ്ധരുടെയും തിരുനാള്‍
കത്തോലിക്കാ സഭയില്‍ ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ആയിരക്കണക്കിന് വിശുദ്ധരുണ്ട്. വളരെ ദീര്‍ഘകാലത്തെ പ്രാര്‍ത്ഥനയ്ക്കും പരിശോധനകള്‍ക്കും ശേഷമാണ് സഭ അവരെ അനുകരിക്കാനുള്ള മാതൃകകളും ശക്തമായ മധ്യസ്ഥരുമായി വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.
വിശുദ്ധരുടെ പട്ടികയില്‍ തിരുസഭ ഔദ്യോഗികമായി പേര് ചേര്‍ത്തിട്ടുള്ള ഇവരെ പ്രത്യേക ദിവസങ്ങളില്‍ ( മരണദിവസം അല്ലെങ്കില്‍ ജനന ദിവസം) നാം അനുസ്മരിക്കുകയും ആ ദിവസം അവരുടെ തിരുനാളായി ആചരിക്കുകയും ചെയ്യുന്നുണ്ടല്ലോ. സുവിശേഷത്തെ ജീവിതമാക്കിയവരാണ് വിശുദ്ധര്‍. അതുകൊണ്ടുതന്നെ അവരുടെ ജീവിതം അനേകം പേര്‍ വായിക്കുന്ന സുവിശേഷമാണ്.
സര്‍വ്വ സ്വര്‍ഗവാസികളുടെയും തിരുനാള്‍
തിരുസഭയില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിക്കുന്ന ദിവസമാണ് നവംബര്‍ 1. തിരുസഭയില്‍ നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരായ കോടാനുകോടി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ട് എന്ന് നാം വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള സര്‍വ്വ സ്വര്‍ഗവാസികളുടെയും തിരുനാളാണ് നവംബര്‍ ഒന്നിന് ആചരിക്കുക.
തെരഞ്ഞെടുക്കെട്ടവര്‍ക്ക് ദൈവം നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ക്കും സമ്മാനത്തിനും നന്ദി പറയാനും വിവിധ സാഹചര്യങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പുണ്യപദം പ്രാപിച്ചിട്ടുള്ളവരുടെ സുകൃതങ്ങള്‍ അനുകരിക്കുന്നതിന് നമ്മളെ പ്രോത്സാഹിപ്പിക്കാനും അവര്‍ ആസ്വദിക്കുന്ന അവര്‍ണനീയമായ ആനന്ദത്തെപ്പറ്റി ചിന്തിക്കാനും നമ്മുടെ അറിവില്‍പ്പെടാത്ത വിശുദ്ധരില്‍ ദൈവത്തെ മഹത്വപ്പെടുത്താനുമാണ് സകല വിശുദ്ധരുടെയും തിരുനാള്‍ സ്ഥാപിച്ചിരിക്കുന്നത്.
വിശുദ്ധരുടെ പട്ടികയില്‍ തിരുസഭ ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളവരുടെ ഓര്‍മ ഏതെങ്കിലും സ്ഥലങ്ങളില്‍ എന്നെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍ വിശുദ്ധരെന്ന് നാമകരണം ചെയ്യപ്പെടാത്ത കോടാനുകോടി ആത്മാക്കള്‍ സ്വര്‍ഗത്തിലുണ്ടല്ലോ. അവരെ ഓര്‍ക്കുന്നതിനും തിരുസഭ ഇന്നു നമ്മളെ ആഹ്വാനം ചെയ്യുന്നു.
എന്നു മുതലാണ് ഈ തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങിയത്
രണ്ടാം നൂറ്റാണ്ടു മുതല് ക്രൈസ്തവര് വിശുദ്ധരെയും രക്തസാക്ഷികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി തെളിവുകളുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില് എഴുതിയ പോളികാര്പ്പിന്റെ രക്തസാക്ഷിത്വത്തില് ഈ വസ്തുത വ്യക്തമാണ്. പതിവുപോലെ, അതിനുശേഷം അവര് വലിയ മൂല്യമുള്ള സ്വര്ണ്ണത്തെക്കാള് പരിശുദ്ധമായ അവന്റെ അസ്ഥികള് ശേഖരിക്കുകയും ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്തു. അതുവഴി അവര് ഒന്നിച്ചു കൂടുമ്പോള് അവന്റെ രക്തസാക്ഷിത്വം ഓര്മ്മിക്കാനും അവനെ ഓര്ത്തു ആനന്ദിക്കുവാനും ശ്രദ്ധിച്ചിരുന്നു .
പൊതുവായി സകല വിശുദ്ധരുടെയും തിരുനാള് ആഘോഷിക്കുന്നതിനെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് വി. എപ്രേമാണ്. വി. ജോണ് ക്രിസോസ്‌തോം പൗര്യസ്ത സഭയില് പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാള് ആഘോഷിക്കാന് തുടങ്ങി. ആ പാരമ്പര്യം ഇന്നും പൗരസ്ത്യ സഭകളില് തുടരുന്നു. ആരംഭത്തില് പാശ്ചാത്യ സഭയിലും സകല വിശുദ്ധരുടെ തിരുനാള് പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച ആയിരുന്നു പിന്നീടു അതു മെയ് പതിമൂന്നിലേക്കു മാറ്റി. എട്ടാം നൂറ്റാണ്ടില് ഗ്രിഗറി മൂന്നാമന് പാപ്പയാണ് അതു നവംബര് ഒന്നായി നിശ്ചയിച്ചത്. ജര്മ്മനിയിലാണ് നവംബര് ഒന്ന് സകല വിശുദ്ധരുടെയും തിരുനാളായി ആദ്യം ആഘോഷിച്ച പശ്ചാത്യ രാജ്യം.
വിശുദ്ധരോടുള്ള വണക്കം ദൈവം ആഗ്രഹിക്കുന്നു
നിരവധി പ്രൊട്ടസ്റ്റ്ന്റു സഭകളും പെന്തക്കോസ്താ സഭകളും വിശുദ്ധരെ വണങ്ങുന്നതു വിഗ്രഹാരാധനയായി ചിത്രീകരിക്കുന്നു. അവര് പലപ്പോഴും സകല വിശുദ്ധരുടെയും തിരുനാള് വിഗ്രഹാരാധന ദിനമായി വില കുറച്ചു കാണാറുണ്ട്. പാശ്ചാത്യ പൗരസ്ത്യ സഭകള് ദൈവത്തിനു മാത്രം നല്കുന്ന ആരാധന ലാത്രിയും (latria), വിശുദ്ധര്ക്കു നല്കുന്ന വണക്കമായ ദൂളിയും (dulia) എപ്പോഴും വേര്തിരിച്ചു പഠിപ്പിക്കുന്നുണ്ട്. സഭയില് ഏറ്റവും ശ്രേഷ്ഠമായ വണക്കം പരിശുദ്ധ കന്യകാമറിയത്തിനു നല്കുന്ന വണക്കമാണ് ഹൈപ്പര് ദൂളിയാ (hyperdulia) എന്നാണ് അത് അറിയപ്പെടുന്നത്. ദൈവത്തിനു കൊടുക്കേണ്ട ആരാധനയും സ്ഥാനവും വിശുദ്ധര്ക്കു നല്കിയാല് അതു വിഗ്രഹാരാധനയാകും . വിശുദ്ധര്ക്കു നമ്മുടെ ജീവിതങ്ങളില് സ്ഥാനമുണ്ടെന്നും അവര് നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുമെന്നതും കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാണ്. കാരണം നമ്മളെല്ലാവരും ക്രിസ്തുവുമായുള്ള ഐക്യത്തില് ഒന്നായിരിക്കുന്നു. ക്രിസ്തുവിനോടു അടുത്തിരിക്കുന്ന വിശുദ്ധര്ക്കു ഭൂമിയില് ജീവിക്കുന്ന നമുക്കു വേണ്ടി മധ്യസ്ഥത നടത്താന് എളുപ്പം സാധിക്കും. വിശുദ്ധരെ ഓര്മ്മിക്കുന്നതും അവരെ ബഹുമാനിക്കുന്നതും വിരോചിതമായ അവരുടെ വിശ്വാസത്തിന്റെ മാതൃക അനുകരിക്കുന്നതും വളരെ നല്ല കാര്യമാണ്.
ഈ തിരുനാള്‍ നല്‍കുന്ന പ്രചോദനങ്ങള്‍
1. സുവിശേഷം വായിക്കാനും ജീവിക്കാനുമുള്ളതാണ്
ഈ സ്വര്ഗ്ഗീയ വിശുദ്ധരില് പലരും ഒരുപക്ഷെ നമ്മെപോലെ ഈ ഭൂമിയില് ജീവിച്ചു മരിച്ചവരായിരിക്കാം. നമ്മളെ പോലെ ജ്ഞാനസ്‌നാനം സ്വീകരിച്ചവര്. വിശ്വാസത്തിന്റെ ബലം സിദ്ധിച്ചവര്. എന്നാല്‍ യേശുവിന്റെ പ്രബോധനങ്ങള്, ദൈവവചനം മുറുകെ പിടിച്ച് നമുക്ക് മുന്നേ സഞ്ചരിച്ച് വിജയിച്ചവരാണിവര്‍.
2. സ്വര്‍ഗ്ഗം സ്വപ്നം കണ്ടുകൊണ്ട് ജീവിക്കുക
നിത്യരക്ഷ എന്ന ലക്ഷ്യം കണ്‍മുന്നില്‍ ഉറപ്പിക്കാന്‍ നമ്മെ വിജയസഭയിലുള്ള വിശുദ്ധര്‍ ഉത്തേജിപ്പിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും വിജയലക്ഷ്യം വിശുദ്ധരായിതീരുക, സ്വര്‍ഗ്ഗത്തിലെത്തിച്ചേരുക എന്നുള്ളതാണ്. ഓരോ മനുഷ്യനും താന്‍ ആഗ്രഹിക്കുന്നിടത്തേക്കാണ് പോകുന്നതെന്ന് സിയന്നായിലെ വിശുദ്ധ കത്രീനയോട് ദൈവം പറഞ്ഞു. ‘ഞാന്‍ ശക്തിപ്പെടുത്തി കൊണ്ടിരുന്നിട്ടും സ്വയം ദുര്‍ബലരാവുകയും പിശാചിന് സ്വയം ഏല്‍പ്പിക്കുകയും ചെയ്യുന്നവരുടെ വിഡ്ഢിത്തം എത്ര വലുതാണ്. ഒരു കാര്യം നീ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ജീവിതകാലത്ത് തങ്ങളെ തന്നെ പിശാചിന് അടിമകളാക്കി. കാരണം ഞാന്‍ പറഞ്ഞതുപോലെ അവരെ നിര്‍ബന്ധിക്കുവാനാവുകയില്ല. അവര്‍ സ്വമനസ്സാ അവന്റെ കൈകളില്‍ ഏല്‍പ്പിക്കുകയായിരുന്നു. അവരുടെ മരണസമയത്ത് അവര്‍ വെറുപ്പോടെ നരകം സ്വീകരിക്കുന്നു’.
3. വിശുദ്ധരോട് നിശ്ചയമായും മാധ്യസ്ഥം യാചിക്കണം
സകല വിശുദ്ധരുടെയും തിരുനാള് ദിനം പുണ്യവാന്മാരുടെ ഐക്യം ( The Communion of Saints) എന്ന സഭാ പ്രബോധനത്തില് അധിഷ്ഠിതമാണ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വര്ഗ്ഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങള് ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. വിശുദ്ധര് ഒരിക്കലും ദൈവത്തെപ്പോലെ അതി പരിശുദ്ധരോ സര്വ്വവ്യാപികളോ സര്വ്വജ്ഞാനികളോ അല്ല. എന്നിരുന്നാലും അവരോട് നാം മാധ്യസ്ഥ്യം യാചിച്ചാല്‍ അവര്‍ക്ക് നമ്മെ നിശ്ചയമായും സഹായിക്കാനാവും.
ജറുസലേമിലെ വി. സിറില് ഇപ്രകാരമാണ് ഇതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത്: ‘മരണമടഞ്ഞവരെ നമ്മള് ഇവിടെ ഓര്ക്കുന്നു: ആദ്യം പാത്രിയര്ക്കീസുമാരെയും പ്രവാചകന്മാരെയും അപ്പസ്‌തോലന്മാരെയും രക്തസാക്ഷികളെയും അവരുടെ പ്രാര്ത്ഥനകളാലും യാചനകളാലും ദൈവം നമ്മുടെ അപേക്ഷകള് സ്വീകരിക്കും …’ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശുദ്ധരെകുറിച്ച് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. ‘സ്വര്ഗത്തില് ക്രിസ്തുവിനോടു കൂടുതല് ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് സഭയെ മുഴുവനും കൂടുതല് ദൃഢമായി വിശുദ്ധിയില് ഉറപ്പിക്കുന്നു. … ദൈവത്തിനും മനുഷ്യര്ക്കും ഇടയ്ക്കുള്ള ഏക മധ്യസ്ഥനായ യേശു ക്രിസ്തു വഴി അവര് നേടിയ യോഗ്യതകള് പ്രദര്ശിപ്പിച്ചു കൊണ്ട് പിതാവിന്റെ പക്കല് നമുക്കായി മാധ്യസ്ഥും വഹിക്കുന്നതില് നിന്ന് അവര് വിരമിക്കുന്നില്ല.( CCC 956)
4. സഭയിലുള്ള എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു.
2018 ഏപ്രില്‍ ഒമ്പതാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച തന്റെ മൂന്നാമത്തെ അപ്പസ്‌തോലിക പ്രബോധനമായ Gaudete et exsultate (ആനന്ദിച്ചാഹ്ലാദിക്കുവിന്‍ – Rejoice and be Glad) യില്‍ വിശുദ്ധി സഭയുടെ ഏറ്റവും സുന്ദരമായ മുഖമാണെന്ന് പഠിപ്പിക്കുന്നു. സഭ സുന്ദരിയാകുന്നത് സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധി മൂലമാണ്. സഭാംഗങ്ങള്‍ എല്ലാവരും ഈ ആന്തരിക വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. വിജയ സഭയില്‍ ഒരുകാലത്ത് വിശുദ്ധരായി പ്രശോഭിക്കേണ്ടവരാണ് നാമെല്ലാവരും എന്നുള്ള വലിയ ബോധ്യം സകല വിശുദ്ധരുടെയും തിരുനാള്‍ നമുക്ക് നല്‍കുന്നു.
തയ്യാറാക്കിയത്: ഫാ. രാജേഷ് പള്ളിക്കാവയലില്‍