ആദം പാപം ചെയ്ത് സ്വര്‍ഗരാജ്യം നഷ്ടപ്പെടുത്തിയതിന് ശേഷം ദൈവം വാഗ്ദാനം ചെയ്ത രക്ഷകനായ യേശു ക്രിസ്തുവിന്റെ ജന്മദിനം – ക്രിസ്തുമസ്. സമയത്തിന്റെ പൂര്‍ണ്ണതയില്‍ അഗസ്റ്റസ് സീസറിന്റെ കല്പന പ്രകാരം ജനസംഖ്യ എടുത്ത അവസരത്തില്‍ താന്താങ്ങളുടെ നഗരത്തില്‍ പേരു ചേര്‍ക്കണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ വിശുദ്ധ യൗസേപ്പും കന്യാകാമറിയവും ബദ്‌ലഹേമിലെത്തി. ആരും അവര്‍ക്ക് താമസിക്കാന്‍ സ്ഥലം കൊടുക്കാത്തതിനാല്‍ മറിയം ഒരു കാലിത്തൊഴുത്തില്‍ പ്രസവിച്ചു. കുട്ടിയെ പുല്‍ത്തൊട്ടിയില്‍ കിടത്തി. ആ പ്രദേശത്തെ പുല്‍തകിടികളില്‍ ആട്ടിടയന്മാര്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ഒരു ദൈവദൂതന്‍ അവരുടെ അടുത്തെത്തി പറഞ്ഞു: ഭയപ്പെടേണ്ട, ഇതാ ലോകത്തിനു മുഴുവന്‍ ആനന്ദദായകമായ ഒരു സദ് വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ ഭവനത്തില്‍ നിങ്ങള്‍ക്ക് ഒരു രക്ഷകന്‍ കര്‍ത്താവായ മിശിഹാ ജനിച്ചിരിക്കുന്നു. പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുല്‍തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. ഉടനെ ഒരു ഗണം മാലാഖമാര്‍ പ്രത്യക്ഷപ്പെട്ട് ”അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം” എന്നു പാടി.