ചാവറ കുടുംബത്തില്‍ കുര്യാക്കോസിന്റെയും മറിയത്തിന്റെയും മൂന്നാമത്തെ സന്താനമായി 1805 ഫെബ്രുവരി 10-ന് കുര്യാക്കോസ് ഏലിയാസ് കൈനകരിയില്‍ ജനിച്ചു. 1811-ല്‍ പ്രാഥിക വിദ്യാഭ്യാസം ആരംഭിച്ചതു മുതല്‍ ആ കുരുന്നു മനസില്‍ അറിവിന്റെ ദീപശിഖ ആളിപ്പടരാന്‍ തുടങ്ങി. അഞ്ചു വര്‍ഷത്തെ നിരന്തര പരിശ്രമ ഫലമായി തമിഴും മലയാളവും സ്വായത്തമാക്കി. 1816-ല്‍ തന്റെ പതിനൊന്നാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു. 1829-ല്‍ പൗരോഹിത്യം സ്വീകരിച്ചു. പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മാത്രം ഒതുങ്ങിക്കഴിയാതെ, നിര്‍ദ്ധനരുടെയും നിരാലംബരുടെയും ഇടയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1831 മേയ് 31-ന് സിഎംഐ സന്യാസ സഭ സ്ഥാപിതമായി. 1844-ല്‍ അദ്ദേഹം രൂപതയുടെ മല്‍പ്പാനായി നിയമിക്കപ്പെട്ടു. വിജ്ഞാനദാഹിയായ അദ്ദേഹം വിദ്യാഭ്യാസപരമായ പദ്ധതികള്‍ നടപ്പിലാക്കി. 1846-ല്‍ മാന്നാനത്ത് ക്രൈസ്തവര്‍ക്കായി ഒരു സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചു.
1871 ജനുവരി മൂന്നിന് കൂനമ്മാവില്‍ നിര്യാതനായ കുര്യാക്കോസ് ഏലിയാസച്ചന്റെ ഭൗതികാവശിഷ്ടം മാന്നാനത്തേക്ക് മാറ്റപ്പെട്ടു. 1986 ഫെബ്രുവരി എട്ടിന് പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിച്ച അവസരത്തില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ത്തു. 2014 നവംബര്‍ 23-ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചാവറയച്ചനെ വിശുദ്ധന്‍ എന്ന് നാമകരണം ചെയ്തു.