കുലീന കുടുംബജാതനായ എല്‍റെഡ് ജീവിതമാരംഭിച്ചത് സ്‌കോട്ട്‌ലന്റിലെ ഭക്തനായ ഡേവിഡ് രാജാവിന്റെ ഒരു സേവകനായാണ്. കൊട്ടാരത്തില്‍ അദ്ദേഹം എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. ഹൃദയശാന്തതയായിരുന്നു ഇതിന് നിദാനം. ഒരിക്കല്‍ രാജാവിന്റെ മുമ്പില്‍ വച്ച് ഒരാള്‍ അദ്ദേഹത്തിന്റെ കുറ്റം വെളിപ്പെടുത്തിക്കൊടുത്തതിന് അദ്ദേഹം അയാള്‍ക്ക് നന്ദി പറയുകയാണ് ചെയ്തത്.
കൊട്ടാരവാസികളോടുള്ള സ്‌നേഹം കുറെനാള്‍ ലൗകിക സന്തോഷങ്ങളില്‍ അദ്ദേഹത്തെ ബന്ധിച്ചിട്ടെങ്കിലും മരണത്തെപ്പറ്റിയുള്ള ചിന്ത ആ ബന്ധത്തെ വിഛേദിച്ചു യോര്‍ക്കുഷയറിലെ സിസ്‌റ്റേഴ്‌സ്യന്‍ ആശ്രമത്തിലേക്ക് അദ്ദേഹത്തെ ആനയിച്ചു. ദൈവസ്‌നേഹത്തിന്റെ തീഷ്ണതയില്‍ ആശാനിഗ്രഹം അദ്ദേഹത്തിനു മധുരമായിരുന്നു.
‘എന്റെ നല്ല ഈശോ, അങ്ങയുടെ സ്വരം എന്റെ ചെവിയില്‍ പതിയട്ടെ. അങ്ങയെ എങ്ങനെ സ്‌നേഹിക്കാമെന്ന് എന്റെ ഹൃദയം പഠിക്കട്ടെ. അങ്ങയെ സ്‌നേഹിക്കുന്നവര്‍ അങ്ങേ ഹൃദയം സ്വായത്തമാക്കുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചിന്ത. തുഛമായ ഭക്ഷണവും കഠിനമായ അധ്വാനവും മൗനവുമായിരുന്നു ദിനചര്യ. കടുത്ത പലകയായിരുന്നു ശയ്യ. ‘എല്ലാറ്റിലും ക്രിസ്തുവിന്റെ പീഡാനുഭവത്തോട് നാം യോജിച്ചിരുന്നലേ യഥാര്‍ത്ഥ ദൈവസ്‌നേഹം ലഭിക്കുകയുള്ളു.’ എന്നു പറഞ്ഞ എല്‍റെഡ് 58-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായി.