Site icon Malabar Vision Online

മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്


സീറോമലബാര്‍സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി ഷംഷാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെ സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡു തെരഞ്ഞെടുത്തു. സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള കാനോനിക ക്രമീകരണങ്ങള്‍ ചെയ്തു. പുതിയ മേജര്‍ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു വാര്‍ത്ത വത്തിക്കാനിലും സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയത്തിലും ഒരേ സമയം അറിയിച്ചു.

മുപ്പത്തിരണ്ടാമതു മെത്രാന്‍സിനഡിന്റെ ഒന്നാം സമ്മേളനമാണ് വോട്ടെടുപ്പിലൂടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുത്തത്. കാനോനിക നടപടികള്‍ പൂര്‍ത്തിയാക്കി മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുത്ത വിവരം പരിശുദ്ധ പിതാവിനെ അറിയിച്ചുകൊണ്ടു സിനഡില്‍ പങ്കെടുത്ത പിതാക്കന്മാരെല്ലാം ഒപ്പുവെച്ച കത്തും തന്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സ്വന്തം കൈപ്പടയില്‍ നിയുക്ത മേജര്‍ ആര്‍ച്ചുബിഷപ് എഴുതിയ കത്തും അപ്പസ്‌തോലിക് നുന്‍ഷ്യേച്ചര്‍വഴി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പിന് അംഗീകാരം നല്കികൊണ്ടുള്ള കത്തു ലഭിച്ചതിനെത്തുടര്‍ന്നു നിയുക്ത മേജര്‍ ആര്‍ച്ചുബിഷപ് സിനഡിനുമുന്‍പില്‍ വിശ്വാസപ്രഖ്യാപനവും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുമെന്നുള്ള പ്രതിജ്ഞയും നടത്തി.

ഇന്ന് വൈകുന്നേരം 4.30നു സഭയുടെ കേന്ദ്ര കാര്യാലയത്തിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പു സിനഡു സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു വിവരം പ്രഖ്യാപിച്ചു. തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സിനഡു സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ ചേര്‍ന്ന് ഓഡിറ്റോറിയത്തിലേക്കു ആനയിച്ചു. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പിതാവു ബൊക്കെ നല്കി ആശംസകള്‍ അര്‍പ്പിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ദൈവത്തിനും സിനഡുപിതാക്കന്മാര്‍ക്കും മറുപടി പ്രസംഗത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ കൃതജ്ഞതയര്‍പ്പിച്ചു.

തൃശ്ശൂര്‍ അതിരൂപതയിലെ വ്യാകുലമാതാവിന്റെ ബസിലിക്ക ഇടവകയില്‍ തട്ടില്‍ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളില്‍ ഇളയവനായി 1956 ഏപ്രില്‍ 21നു ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തൃശ്ശൂര്‍ അതിരൂപതയുടെ തോപ്പ് സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനത്തിനായി ചേര്‍ന്നു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍നിന്നു തത്വശാസ്ത്രദൈവശാസ്ത്ര പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1980 ഡിസംബര്‍ 21നു മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അരണാട്ടുകര സെന്റ് തോമസ് പള്ളിയില്‍ അസിസ്റ്റന്റ് വികാരി, മൈനര്‍ സെമിനാരിയില്‍ തുടര്‍ന്ന് ഉപരിപഠനത്തിനായി റോമിലേക്കു പോയി. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു കാനന്‍നിയമത്തില്‍ ഡോക്ടറേറ്റു നേടി. റോമിലെ ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം തൃശ്ശൂര്‍ അതിരൂപതയില്‍ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, ജുഡീഷ്യല്‍ വികാരി, ജഡ്ജി, സിഞ്ചെല്ലൂസ്, പ്രോട്ടോസിഞ്ചെല്ലൂസ്, ഡി. ബി. സി. എല്‍. സി. യുടെയും വിശ്വാസപരിശീലന വിഭാഗത്തിന്റെയും ഡയറക്ടര്‍, തൃശ്ശൂര്‍ മേരിമാതാ സെമിനാരിയുടെ പ്രഥമ റെക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

2010 ഏപ്രില്‍ 10നു തൃശ്ശൂര്‍ അതിരൂപതയുടെ സഹായമെത്രാനായും ബ്രൂണി രൂപതയുടെ സ്ഥാനികമെത്രാനുമായി ഫാ. റാഫേല്‍ തട്ടില്‍ നിയമിക്കപ്പെട്ടു. 2014-ല്‍ സീറോമലബാര്‍ സഭയുടെ അധികാരപരിധിക്കുപുറത്തുള്ള വിശ്വാസികളുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമതിനായി. 2017 ഒക്ടോബര്‍ 10നു ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ തട്ടിലിനെ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു. 2018 ജനുവരി 7നു സ്ഥാനമേറ്റ മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദ് രൂപതയുടെ മെത്രാനായി സേവനംചെയ്തു വരവേയാണു പുതിയ നിയമനം. മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ് അദ്ദേഹം.

പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനാരോഹണം 2024 ജനുവരി 11 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2.30നു സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും.


Exit mobile version