മാര്‍ റാഫേല്‍ തട്ടില്‍ നൂറുശതമാനം മിഷനറിയായ പിതാവ്: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ മാര്‍ റാഫേല്‍ തട്ടിലിന് താമരശ്ശേരി രൂപതാ കുടുംബത്തിന്റെ സ്‌നേഹാശംസകളും പ്രാര്‍ത്ഥനാമംഗളങ്ങളും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൈമാറി. സീറോ മലബാര്‍ സഭ മുഴുവനും ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന സുവര്‍ണ്ണ നിമിഷമാണിതെന്നും നല്ല ഇടയനായ ഈശോയെ അനുകരിച്ച് അജഗണങ്ങളെ മുഴുവന്‍ കരുതലോടെ പാലിക്കുന്ന അജപാലന ദൗത്യം ഏറെ സവിശേഷമായ രീതിയില്‍ നിര്‍വഹിക്കാന്‍ ദൈവം അദ്ദേഹത്തെ ശക്തനാക്കട്ടെയെന്നും ബിഷപ് ആശംസിച്ചു.

അത്ഭുതകരമായ വഴികളിലൂടെ ദൈവം കൈപിടിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ജീവിതമാണ് തട്ടില്‍ പിതാവിന്റേത്. അതിന്റെ തുടര്‍ച്ചയായാണ് അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചാവകാശിയായി പിതാവിനെ ദൈവം തിരഞ്ഞെടുത്തുയര്‍ത്തിയതും സീറോ മലബാര്‍ സഭയുടെ ഇടയനായി നിയോഗിച്ചതും. സെമിനാരികാലം മുതല്‍ത്തന്നെ മികച്ച നേതൃത്വപാടവവും സൗമ്യതയും സ്വന്തമാക്കി ദൈവജനത്തെ നയിക്കേണ്ടതിന് എല്ലാ വിധത്തിലും ഒരുങ്ങിയതിന്റെയും വൈദികനായിരിക്കുമ്പോള്‍ സമൂഹത്തിനും സഭയ്ക്കും വേണ്ടി നിസ്വാര്‍ത്ഥമായി ചെയ്ത സേവനങ്ങളുടെയും പരിസമാപ്തിയാണ് പിതാവ് ഏറ്റെടുത്ത ഈ മഹത്തായ ശുശ്രൂഷ – ബിഷപ് പറഞ്ഞു.

സഭാ നിയമത്തിലുള്ള അപാരമായി പാണ്ഡിത്യവും അതിനൊത്ത പ്രവാചക ധീരതയും പിതാവിനെ ഈ കാലഘട്ടത്തിന്റെ ജെറമിയാ പ്രവാചകനായി ദൈവമുയര്‍ത്തുന്നതിന്റെ അടയാളമായി പലപ്പോഴും തോന്നിയിട്ടുണ്ട്. സെമിനാരി പരിശീലനകാലത്ത് സെമിനാരിക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട തട്ടിലച്ചന്‍ ഇന്ന് സീറോ മലബാര്‍ സഭയുടെ അമരത്തെത്തുന്നത് സഭയുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ സഹായകരമാകും. ഭാരതത്തില്‍ പല സ്ഥലങ്ങളിലായി ചിതറിക്കിടന്ന സീറോ മലബാര്‍ വിശ്വാസികളെ ഒന്നിപ്പിച്ചതും അവര്‍ക്ക് വിശുദ്ധ കുര്‍ബാനയും വിശ്വാസ പരിശീലനവും കൂടാതെ സഭയുടെ അടിസ്ഥാനപരമായ ഘടനകളും ഭൗതികമായ ആവശ്യങ്ങളുമൊക്കെ രൂപപ്പെടുത്താന്‍ തട്ടില്‍ പിതാവ് നടത്തിയ ശ്രമങ്ങള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയാകും. നൂറു ശതമാനം മിഷനറിയായ പിതാവാണ് മാര്‍ റാഫേല്‍ തട്ടില്‍. ഫ്രാന്‍സിസ് പാപ്പ മുന്നോട്ടുവെക്കുന്ന പ്രേഷിതാഭിമുഖ്യം നമ്മുടെ സഭയിലും ആഴത്തില്‍ വേരുപാകാന്‍ ഈ മിഷണറിയായ തട്ടില്‍ പിതാവിന് സാധ്യമാകും. തൃശ്ശൂര്‍ മേജര്‍ സെമിനാരിയില്‍ തട്ടിലച്ചന്‍ ആരംഭിച്ച ആത്മീയ വിപ്ലവമായ ‘നവജീവന്‍’ എന്ന കുടുംബ നവീകരണ ശ്രമങ്ങള്‍ താമരശ്ശേരി രൂപതയിലും നടപ്പിലാക്കാന്‍ സാധിച്ചു. ഏത് പ്രതിസന്ധിയേയും കര്‍ത്താവില്‍ ആശ്രയിച്ചുകൊണ്ട് തരണം ചെയ്യാന്‍ മനോധൈര്യമുള്ള തട്ടില്‍ പിതാവിന് സത്യത്തിന്റെ പ്രകാശത്തിലേക്ക് ദൈവജനം മുഴുവനെയും നയിക്കുവാനും ദാവീദിനെപ്പോലെ ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ രീതിയില്‍ ഇടയധര്‍മ്മം നിര്‍വഹിക്കാനുമുള്ള അനുഗ്രഹം ദൈവം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ജനുവരി 13: വിശുദ്ധ ഹിലരി (മെത്രാന്‍, വേദപാരംഗതന്‍)

അക്വിറ്റെയിനില്‍ പോയിറ്റിയേഴ്സ് എന്ന സ്ഥലത്ത് വിജാതീയരില്‍ നിന്ന് ജനിച്ച ഹിലരി വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെയാണ് മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചത്. താമസിയാതെ ഭാര്യയെയും മകളെയും കൂടി മാനസാന്തരപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അധികം വൈകാതെ പൗരോഹിത്യം സ്വീകരിക്കുകയും 353-ല്‍ സ്വദേശത്തെ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയുമുണ്ടായി.

എല്ലാ പ്രവൃത്തികളും പ്രഭാഷണങ്ങളും ഏതെങ്കിലും ദൈവസ്തുതി ചെല്ലിക്കൊണ്ട് മാത്രമെ ആരംഭിക്കാവൂ എന്ന നിഷ്ഠയുണ്ടായിരുന്നു. ദൈവനിയമങ്ങളെപ്പറ്റി രാപകല്‍ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചുമാണ് അദ്ദേഹം ജീവിച്ചിരുന്നത്. സര്‍വ്വ പ്രവൃത്തികളും ദൈവസ്തുതിയെ ലക്ഷ്യമാക്കി ചെയ്തുകൊണ്ടിരുന്നു. മര്‍ദ്ദനങ്ങളെയും രക്തസാക്ഷിത്വത്തെയും സദാ സ്വാഗതം ചെയ്തുകൊണ്ടിരുന്ന ഹിലരി നിര്‍ഭയനായി സത്യത്തെ അനുധാവനം ചെയ്തു. തിരുസഭയുടെ മഹാ വേദപാരംഗതന്‍ എന്നാണ് വിശുദ്ധ അഗസ്റ്റിന്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്.

ഹിലരി എന്ന പദത്തിന് സന്തുഷ്ടന്‍ എന്നാണര്‍ത്ഥം. സന്തോഷത്തോടെ നിര്‍ഭയം തിരുസഭയെ സേവിച്ച ഹിലരി 53-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

Exit mobile version