വിശുദ്ധ കുര്‍ബാനയും ആരാധനക്രമവും സഭയുടെ ആടയാഭരണങ്ങള്‍: മാര്‍ റാഫേല്‍ തട്ടില്‍

വിശുദ്ധ കുര്‍ബാനയും ആരാധനക്രമവും സഭയുടെ ആടയാഭരണങ്ങളാണെന്നും അത് പരിപാവനമായി കാത്തുസൂക്ഷിക്കണമെന്നും സഭ നിര്‍ദ്ദേശിക്കുന്നതുപോലെ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ദേവാലയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ വചന സന്ദേശം പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളികളില്‍ കുര്‍ബാന മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. കുര്‍ബാനയില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ഒരു ജനതയുണ്ട്. അവരുടെ ബാറ്ററി പവര്‍ പോയിന്റാണ് അള്‍ത്താരയും അവിടെ പങ്കുവയ്ക്കപ്പെടുന്ന വചനവും മുറിക്കപ്പെടുന്ന അപ്പവും. ജനങ്ങളുടെ ആവശ്യവും അനുസരിച്ച് കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന സംസ്‌ക്കാരം വളര്‍ന്നു വരണം. ഇന്ന് സഭ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാന കാരണം ‘ഇഷ്ടമുള്ളതുപോലെ കുര്‍ബാന ചൊല്ലണം’ എന്ന ആവശ്യമാണ്. ആദ്യത്തെ കൂടാരം എങ്ങനെ നിര്‍മ്മിക്കണമെന്ന് മോശയോടു പറഞ്ഞുകൊടുത്തത് കര്‍ത്താവാണ്. കൂടാരത്തില്‍ എന്തെല്ലാം ഉണ്ടായിരിക്കണമെന്നും ഓരോ വസ്തുക്കളും എവിടെ വയ്ക്കണമെന്നും കല്‍പ്പിച്ചത് ദൈവമാണ്. ദൈവ നിശ്ചയപ്രകാരമാണ് കൂടാരം ക്രമീകരിക്കപ്പെട്ടത്. വിശുദ്ധ കുര്‍ബാനയുടെ കാര്യത്തിലും ദൈവേഷ്ടം നിറവേറ്റണം. ഓരോരുത്തരുടെയും ഇഷ്ടവും സൗകര്യവും അനുസരിച്ച് ചൊല്ലാനുള്ളതല്ല ആരാധനക്രമം. സഭ ക്രിസ്തുവിന്റെ മൗതിക ശരീരമാണ്. ബൈബിളിലെ ഒരു വരിപോലും മാറ്റാന്‍ ആര്‍ക്കും അവകാശമില്ല. അതുപോലെ തന്നെ കുര്‍ബാന പുസ്തകത്തില്‍ തോന്നിയതു ചേര്‍ക്കാനും വെട്ടിക്കളയാനും കഴിയില്ല. അത് കര്‍ത്താവിന്റെ പെസഹാ രഹസ്യത്തിന്റെ അടയാളവും തുടര്‍ച്ചയുമാണ് – മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.

മിഷന്‍ എല്ലാവരുടെയും ഉത്തരവാദിത്വം: മാര്‍ റാഫേല്‍ തട്ടില്‍

മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഷംഷബാദ് രൂപതയെക്കുറിച്ചും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സംസാരിക്കുന്നു.

സീറോ മലബാര്‍ സഭയിലെ ഏറ്റവും വലിയ രൂപതയാണ് ഷംഷബാദ്. ഇന്ത്യയുടെ മൂന്നില്‍ രണ്ട് ഭൂപ്രദേശവും ഷംഷബാദ് രൂപതയുടെ കീഴിലാണ്. 2014-ല്‍ സീറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനപ്രകാരമാണ് രൂപത ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. സീറോ മലബാര്‍ രൂപതയ്ക്ക് പുറത്തുള്ള വിശ്വാസികളെക്കുറിച്ച് പഠിക്കാന്‍ അപ്പസ്‌തോലിക്ക് വിസിറ്റേറ്ററെ നിയമിച്ചു. സീറോ മലബാര്‍ രൂപതകളില്ലാത്തയിടങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളെക്കുറിച്ച് വ്യക്തമായും കൃത്യമായും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇത്തരത്തിലൊരു വിസിറ്റേറ്ററെ നിയമിച്ചത്. ഇതിന്റെ അന്തിമ ഫലമായാണ് ഷംഷബാദ് രൂപത നിലവില്‍ വരുന്നത്.

മാണ്ഡ്യാ രൂപതാ അതിര്‍ത്തിക്കപ്പുറം, കര്‍ണ്ണാടകയുടെ ബാക്കി ഭാഗങ്ങളും മറ്റു രൂപതകളില്‍പ്പെടാത്ത എല്ലാ സംസ്ഥാനങ്ങളെയും കൂട്ടിച്ചേര്‍ത്താണ് ഷംഷബാദ് രൂപത രൂപീകരിക്കപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ മുഴുവന്‍ സീറോ മലബാര്‍ സഭയ്ക്ക് അധികാര പരിധിയുണ്ടായി. രൂപത സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രിയില്‍ മാര്‍പാപ്പ പറഞ്ഞത് ഇന്ത്യയിലെ മറ്റു 30 രൂപതകളുടെ അധികാര പരിധിക്ക് പുറത്തുള്ള എല്ലാ പ്രദേശങ്ങളും ഷംഷബാദ് രൂപതയുടെ അധീനതയിലായിരിക്കും എന്നാണ്.
പുതിയ രൂപതയുടെ കീഴില്‍ ഇത്ര വലിയ ഭൂപ്രദേശത്ത് എങ്ങനെ അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നത് വലിയൊരു ചോദ്യമായിരുന്നു. എന്നാല്‍ അപ്പസ്‌തോലിക് വിസിറ്റേറ്ററായി എല്ലായിടങ്ങളും സന്ദര്‍ശിച്ച അനുഭവത്തില്‍ മനസിലായത് വലിയ രൂപതയുടെ സഹകരണത്തോടെ മാത്രമേ കാര്യക്ഷമമായ രീതിയില്‍ ഇവിടെ അജപാലന പ്രവര്‍ത്തനം നടത്താന്‍ കഴിയു. അതുകൊണ്ട് വിവിധ ഭൂപ്രദേശങ്ങളെ വിവിധ രൂപതകള്‍ക്ക് എല്‍പ്പിക്കുകയാണ് ആദ്യമായി ചെയ്തത്.

ഇറ്റാവ മിഷനും രാജസ്ഥാന്‍ മുഴുവനും ചങ്ങനാശ്ശേരി രൂപതയുടെ സഹകരണത്തോടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്‌കോട്ട് ഒഴികെ ഗുജറാത്തിലെ മുഴുവന്‍ ഭൂപ്രദേശങ്ങളിലും പാലാ രൂപതയുടെ സഹകരണത്തോടെയാണ് അജപാലന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിശാഖപട്ടണം മിഷന്‍ തൃശൂര്‍ രൂപത ഏറ്റെടുത്തു. കൂടാതെ മറ്റു രൂപതകളെല്ലാം ഷംഷബാദ് രൂപതയോടു സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഇവിടുത്തെ അജപാലന പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നു.

സഭ വ്യാപിക്കുന്നത് കുടിയേറ്റത്തിലൂടെയാണ്. കുടിയേറ്റക്കാര്‍ മിഷനറിമാരാണ്. ഈ വലിയൊരു കാഴ്ചപ്പാടോടെയാണ് ഷംഷബാദ് രൂപത പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സന്യാസ സഭകളെയും രൂപതകളെയും സഹകരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ എല്ലായിടത്തും ഷംഷബാദ് രൂപത അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഓരോ രൂപതകളും മിഷന്‍ പ്രദേശങ്ങള്‍ ഏറ്റെടുക്കുകയും അതത് രൂപതകളുടെ ഒരു ഫൊറോന പോലെ ആ പ്രദേശത്തെ പരിഗണിക്കുകയും ചെയ്താല്‍ വലിയ മാറ്റങ്ങള്‍ക്ക് അത് വഴിവയ്ക്കും. മിഷന്‍ ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ല. അത് ക്രൈസ്തവരായ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച് മിഷന്‍ പ്രദേശങ്ങളിലാകെ ഭയങ്കര കുഴപ്പമാണെന്നതരത്തില്‍ പലപ്പോഴും അവതരിപ്പിച്ച് കണ്ടിട്ടുണ്ട്. അത് ശരിയല്ലെന്നാണ് അഭിപ്രായം. മിഷനിലാകെ അപകടമാണ് എന്ന തരത്തിലാണ് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. പ്രതിസന്ധികളില്ലാതെ മിഷന്‍ പ്രവര്‍ത്തനമില്ല.

ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ഭരണത്തിലേറുമ്പോള്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതിസന്ധി ഉയരുന്നുണ്ട്. പക്ഷെ, പ്രതിസന്ധി കണ്ട് മാറി നില്‍ക്കാതെ ഭരണഘടന നല്‍കുന്ന സാധ്യതകളെ പരമാവധി വിനിയോഗിക്കാന്‍ കഴിയണം.

മിഷന്‍ പ്രദേശങ്ങള്‍ക്ക് വേണ്ടിയും മിഷനറിമാര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. കൂടാതെ മിഷനറിമാരെ പ്രോത്സാഹിപ്പിക്കണം. സാധിക്കുന്ന സാമ്പത്തിക സഹായം നല്‍കണം. വിശ്രമ ജീവിതം നയിക്കുന്ന ആരോഗ്യമുള്ളവര്‍ക്കും മിഷനില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനാകും.

മാര്‍ റാഫേല്‍ തട്ടില്‍ നൂറുശതമാനം മിഷനറിയായ പിതാവ്: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ മാര്‍ റാഫേല്‍ തട്ടിലിന് താമരശ്ശേരി രൂപതാ കുടുംബത്തിന്റെ സ്‌നേഹാശംസകളും പ്രാര്‍ത്ഥനാമംഗളങ്ങളും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൈമാറി. സീറോ മലബാര്‍ സഭ മുഴുവനും ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന സുവര്‍ണ്ണ നിമിഷമാണിതെന്നും നല്ല ഇടയനായ ഈശോയെ അനുകരിച്ച് അജഗണങ്ങളെ മുഴുവന്‍ കരുതലോടെ പാലിക്കുന്ന അജപാലന ദൗത്യം ഏറെ സവിശേഷമായ രീതിയില്‍ നിര്‍വഹിക്കാന്‍ ദൈവം അദ്ദേഹത്തെ ശക്തനാക്കട്ടെയെന്നും ബിഷപ് ആശംസിച്ചു.

അത്ഭുതകരമായ വഴികളിലൂടെ ദൈവം കൈപിടിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ജീവിതമാണ് തട്ടില്‍ പിതാവിന്റേത്. അതിന്റെ തുടര്‍ച്ചയായാണ് അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചാവകാശിയായി പിതാവിനെ ദൈവം തിരഞ്ഞെടുത്തുയര്‍ത്തിയതും സീറോ മലബാര്‍ സഭയുടെ ഇടയനായി നിയോഗിച്ചതും. സെമിനാരികാലം മുതല്‍ത്തന്നെ മികച്ച നേതൃത്വപാടവവും സൗമ്യതയും സ്വന്തമാക്കി ദൈവജനത്തെ നയിക്കേണ്ടതിന് എല്ലാ വിധത്തിലും ഒരുങ്ങിയതിന്റെയും വൈദികനായിരിക്കുമ്പോള്‍ സമൂഹത്തിനും സഭയ്ക്കും വേണ്ടി നിസ്വാര്‍ത്ഥമായി ചെയ്ത സേവനങ്ങളുടെയും പരിസമാപ്തിയാണ് പിതാവ് ഏറ്റെടുത്ത ഈ മഹത്തായ ശുശ്രൂഷ – ബിഷപ് പറഞ്ഞു.

സഭാ നിയമത്തിലുള്ള അപാരമായി പാണ്ഡിത്യവും അതിനൊത്ത പ്രവാചക ധീരതയും പിതാവിനെ ഈ കാലഘട്ടത്തിന്റെ ജെറമിയാ പ്രവാചകനായി ദൈവമുയര്‍ത്തുന്നതിന്റെ അടയാളമായി പലപ്പോഴും തോന്നിയിട്ടുണ്ട്. സെമിനാരി പരിശീലനകാലത്ത് സെമിനാരിക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട തട്ടിലച്ചന്‍ ഇന്ന് സീറോ മലബാര്‍ സഭയുടെ അമരത്തെത്തുന്നത് സഭയുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ സഹായകരമാകും. ഭാരതത്തില്‍ പല സ്ഥലങ്ങളിലായി ചിതറിക്കിടന്ന സീറോ മലബാര്‍ വിശ്വാസികളെ ഒന്നിപ്പിച്ചതും അവര്‍ക്ക് വിശുദ്ധ കുര്‍ബാനയും വിശ്വാസ പരിശീലനവും കൂടാതെ സഭയുടെ അടിസ്ഥാനപരമായ ഘടനകളും ഭൗതികമായ ആവശ്യങ്ങളുമൊക്കെ രൂപപ്പെടുത്താന്‍ തട്ടില്‍ പിതാവ് നടത്തിയ ശ്രമങ്ങള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയാകും. നൂറു ശതമാനം മിഷനറിയായ പിതാവാണ് മാര്‍ റാഫേല്‍ തട്ടില്‍. ഫ്രാന്‍സിസ് പാപ്പ മുന്നോട്ടുവെക്കുന്ന പ്രേഷിതാഭിമുഖ്യം നമ്മുടെ സഭയിലും ആഴത്തില്‍ വേരുപാകാന്‍ ഈ മിഷണറിയായ തട്ടില്‍ പിതാവിന് സാധ്യമാകും. തൃശ്ശൂര്‍ മേജര്‍ സെമിനാരിയില്‍ തട്ടിലച്ചന്‍ ആരംഭിച്ച ആത്മീയ വിപ്ലവമായ ‘നവജീവന്‍’ എന്ന കുടുംബ നവീകരണ ശ്രമങ്ങള്‍ താമരശ്ശേരി രൂപതയിലും നടപ്പിലാക്കാന്‍ സാധിച്ചു. ഏത് പ്രതിസന്ധിയേയും കര്‍ത്താവില്‍ ആശ്രയിച്ചുകൊണ്ട് തരണം ചെയ്യാന്‍ മനോധൈര്യമുള്ള തട്ടില്‍ പിതാവിന് സത്യത്തിന്റെ പ്രകാശത്തിലേക്ക് ദൈവജനം മുഴുവനെയും നയിക്കുവാനും ദാവീദിനെപ്പോലെ ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ രീതിയില്‍ ഇടയധര്‍മ്മം നിര്‍വഹിക്കാനുമുള്ള അനുഗ്രഹം ദൈവം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: മാര്‍ റാഫേല്‍ തട്ടില്‍

അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം ഓര്‍മ്മിപ്പിക്കുന്നതെന്നു മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധിപേരുടെ പ്രാര്‍ത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ പിതാവും തലവനായി ദൈവം തന്നെ ഉയര്‍ത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ദൈവഹിതപ്രകാരം തന്നെ മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുത്ത സിനഡ് പിതാക്കന്മാര്‍ക്കും സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ക്രമീകരണങ്ങളൊരുക്കിയ കൂരിയാ അംഗങ്ങള്‍ക്കും തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന വിശ്വാസിസമൂഹത്തിനും മാര്‍ റാഫേല്‍ തട്ടില്‍ കൃതജ്ഞതയറിയിച്ചു.

ദൈവാലയത്തില്‍നിന്ന് ആരംഭിച്ച പ്രദിക്ഷണത്തോടെയാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് തുടക്കമായത്. സഭാ സിനഡ് തെരഞ്ഞെടുത്ത മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു. സ്ഥാനാരോഹണതിരുകര്‍മ്മങ്ങള്‍ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനചിഹ്നങ്ങളായ അംശവടിയും മുടിയും സ്വീകരിച്ച് ഔദ്യോഗിക പീഠത്തില്‍ ഇരുന്നതോടെ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സീറോമലബാര്‍സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു.

തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ കെ.സി.ബി.സി. പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ, സി.ബി.സി.ഐ. പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കണ്ണൂര്‍ ബിഷപ് അലക്‌സ് വടക്കുംതല, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ഔഗിന്‍ കുര്യാക്കോസ്, എറണാകുളം-അങ്കമാലി അതിരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

സന്യസ്ത വൈദികരുടെ പ്രതിനിധിയായി സി.എം.ഐ. പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തംപറമ്പില്‍, സന്യാസിനിമാരുടെ പ്രതിനിധിയായി സി.എം.സി. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് തെരേസ്, സമര്‍പ്പിത സഹോദരന്മാരുടെ പ്രതിനിധിയായി സി.എസ്.റ്റി. സുപ്പീരിയര്‍ ജനറല്‍ ബ്ര. വര്‍ഗീസ് മഞ്ഞളി, അല്മായ സംഘടനകളെ പ്രതിനിധീകരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, മാതൃവേദി ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു, എസ്.എം.വൈ.എം. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി.

മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്

സീറോമലബാര്‍സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി ഷംഷാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെ സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡു തെരഞ്ഞെടുത്തു. സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള കാനോനിക ക്രമീകരണങ്ങള്‍ ചെയ്തു. പുതിയ മേജര്‍ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു വാര്‍ത്ത വത്തിക്കാനിലും സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയത്തിലും ഒരേ സമയം അറിയിച്ചു.

മുപ്പത്തിരണ്ടാമതു മെത്രാന്‍സിനഡിന്റെ ഒന്നാം സമ്മേളനമാണ് വോട്ടെടുപ്പിലൂടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുത്തത്. കാനോനിക നടപടികള്‍ പൂര്‍ത്തിയാക്കി മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുത്ത വിവരം പരിശുദ്ധ പിതാവിനെ അറിയിച്ചുകൊണ്ടു സിനഡില്‍ പങ്കെടുത്ത പിതാക്കന്മാരെല്ലാം ഒപ്പുവെച്ച കത്തും തന്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സ്വന്തം കൈപ്പടയില്‍ നിയുക്ത മേജര്‍ ആര്‍ച്ചുബിഷപ് എഴുതിയ കത്തും അപ്പസ്‌തോലിക് നുന്‍ഷ്യേച്ചര്‍വഴി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പിന് അംഗീകാരം നല്കികൊണ്ടുള്ള കത്തു ലഭിച്ചതിനെത്തുടര്‍ന്നു നിയുക്ത മേജര്‍ ആര്‍ച്ചുബിഷപ് സിനഡിനുമുന്‍പില്‍ വിശ്വാസപ്രഖ്യാപനവും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുമെന്നുള്ള പ്രതിജ്ഞയും നടത്തി.

ഇന്ന് വൈകുന്നേരം 4.30നു സഭയുടെ കേന്ദ്ര കാര്യാലയത്തിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പു സിനഡു സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു വിവരം പ്രഖ്യാപിച്ചു. തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സിനഡു സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ ചേര്‍ന്ന് ഓഡിറ്റോറിയത്തിലേക്കു ആനയിച്ചു. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പിതാവു ബൊക്കെ നല്കി ആശംസകള്‍ അര്‍പ്പിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ദൈവത്തിനും സിനഡുപിതാക്കന്മാര്‍ക്കും മറുപടി പ്രസംഗത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ കൃതജ്ഞതയര്‍പ്പിച്ചു.

തൃശ്ശൂര്‍ അതിരൂപതയിലെ വ്യാകുലമാതാവിന്റെ ബസിലിക്ക ഇടവകയില്‍ തട്ടില്‍ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളില്‍ ഇളയവനായി 1956 ഏപ്രില്‍ 21നു ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തൃശ്ശൂര്‍ അതിരൂപതയുടെ തോപ്പ് സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനത്തിനായി ചേര്‍ന്നു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍നിന്നു തത്വശാസ്ത്രദൈവശാസ്ത്ര പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1980 ഡിസംബര്‍ 21നു മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അരണാട്ടുകര സെന്റ് തോമസ് പള്ളിയില്‍ അസിസ്റ്റന്റ് വികാരി, മൈനര്‍ സെമിനാരിയില്‍ തുടര്‍ന്ന് ഉപരിപഠനത്തിനായി റോമിലേക്കു പോയി. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു കാനന്‍നിയമത്തില്‍ ഡോക്ടറേറ്റു നേടി. റോമിലെ ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം തൃശ്ശൂര്‍ അതിരൂപതയില്‍ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, ജുഡീഷ്യല്‍ വികാരി, ജഡ്ജി, സിഞ്ചെല്ലൂസ്, പ്രോട്ടോസിഞ്ചെല്ലൂസ്, ഡി. ബി. സി. എല്‍. സി. യുടെയും വിശ്വാസപരിശീലന വിഭാഗത്തിന്റെയും ഡയറക്ടര്‍, തൃശ്ശൂര്‍ മേരിമാതാ സെമിനാരിയുടെ പ്രഥമ റെക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

2010 ഏപ്രില്‍ 10നു തൃശ്ശൂര്‍ അതിരൂപതയുടെ സഹായമെത്രാനായും ബ്രൂണി രൂപതയുടെ സ്ഥാനികമെത്രാനുമായി ഫാ. റാഫേല്‍ തട്ടില്‍ നിയമിക്കപ്പെട്ടു. 2014-ല്‍ സീറോമലബാര്‍ സഭയുടെ അധികാരപരിധിക്കുപുറത്തുള്ള വിശ്വാസികളുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമതിനായി. 2017 ഒക്ടോബര്‍ 10നു ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ തട്ടിലിനെ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു. 2018 ജനുവരി 7നു സ്ഥാനമേറ്റ മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദ് രൂപതയുടെ മെത്രാനായി സേവനംചെയ്തു വരവേയാണു പുതിയ നിയമനം. മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ് അദ്ദേഹം.

പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനാരോഹണം 2024 ജനുവരി 11 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2.30നു സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും.

Exit mobile version