‘ഈ ചാച്ചന്‍ കരയിച്ചു!’ ശാലോം ടെലിവിഷന്റെ യുട്യൂബ് ചാനലില്‍ അടുത്തിടെ അപ്‌ലോഡ് ചെയ്ത ‘ചാച്ചന്‍’ എന്ന ടെലിഫിലിം കണ്ടവരൊക്കെ കമന്റ് ബോക്‌സില്‍ ഒരുപോലെ കുറിച്ചതാണിത്. ഊട്ടി വളര്‍ത്തിയ മാതാപിതാക്കളെ അവരുടെ വാര്‍ദ്ധക്യത്തില്‍ കരുതലോടെ ചേര്‍ത്തുപിടിക്കണമെന്ന സന്ദേശം പങ്കുവച്ച ടെലിഫിലിം രണ്ടാഴ്ചകൊണ്ട് ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. ‘ചാച്ചനെ’ക്കുറിച്ച് ഡയറക്ടര്‍ ലിജോ കെ. ജോണി സംസാരിക്കുന്നു.
- രണ്ടാഴ്ചകൊണ്ട് ഒരു ലക്ഷത്തിലേറെ കാഴ്ചക്കാരിലേക്ക് ‘ചാച്ചന്‍’ എത്തിയതിനെക്കുറിച്ച് എന്തു തോന്നുന്നു? എങ്ങനെയാണ് ഇത്തരമൊരു സബ്ജക്ടിലേക്ക് എത്തുന്നത്?
‘ചാച്ചന്’ ഇത്ര വലിയ സ്വീകാര്യത ലഭിച്ചത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. മാതാപിതാക്കളുടെ വിയര്‍പ്പിന്റെ വില മറക്കുന്ന മക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞ വര്‍ഷം പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം സ്ഥിരമായി പങ്കുവച്ചിരുന്നൊരു വാര്‍ത്ത വാര്‍ദ്ധക്യത്തില്‍ അനാഥരാക്കപ്പെടുന്ന വൃദ്ധജനങ്ങളെക്കുറിച്ചായിരുന്നു. അശുപത്രികളില്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന് അവരെ അവിടെ ഉപേക്ഷിച്ചു പോകുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിരുന്നു. ഉപേക്ഷിക്കപ്പെട്ടവര്‍ പിന്നീട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമൊക്കെയായി കഴിഞ്ഞു കൂടും. ജോലിയുമായി ബന്ധപ്പെട്ട് കുറേ യാത്രകള്‍ നടത്തുന്നതുകൊണ്ടുതന്നെ ഇത്തരം കാഴ്ചകള്‍ ഞാന്‍ നിരവധി തവണ നേരിട്ടു കണ്ടിട്ടുണ്ട്. അത്തരമൊരു യാത്രയില്‍ തോന്നിയ ചിന്തയില്‍ നിന്നാണ് ‘ചാച്ചന്റെ’ കഥ നാമ്പെടുക്കുന്നത്. നാടകകൃത്തും തിരക്കഥാകൃത്തുമായ സിബി നെല്ലിക്കലിനോട് ഈ സബ്ജക്ട് പങ്കുവച്ചു. അദ്ദേഹവും ഇതുപോലൊരു സബ്ജക്ട് എഴുതിയിട്ടുണ്ടായിരുന്നു. പിന്നീട് കുറേ ദിവസങ്ങള്‍ ചെലവഴിച്ച് രൂപപ്പെടുത്തിയെടുത്തതാണ് ഇപ്പോള്‍ നാം കാണുന്ന ‘ചാച്ചന്‍’. ശാലോം ടെലിവിഷനിലാണ് ‘ചാച്ചന്‍’ ആദ്യമായി സംപ്രേഷണം ചെയ്യുന്നത്. അന്ന് പ്രോഗ്രാം ഹെഡ് ആയിരുന്ന ജിജോ ജോസഫ് (വരയന്‍ സിനിമയുടെ സംവിധായകന്‍) പച്ചക്കൊടി കാട്ടിയതുകൊണ്ടാണ് ചാച്ചന്‍ യാഥാര്‍ത്ഥ്യമായത്.
- ചാച്ചനായി അഭിനയിച്ച ശ്രീധരന്‍ പട്ടാണിപ്പാറയുടെ അഭിനയം ഏറെ പ്രശംസ നേടുന്നു… അദ്ദേഹത്തെക്കുറിച്ചും മറ്റ് അഭിനേതാക്കളെക്കുറിച്ചും എന്താണ് പങ്കുവയ്ക്കുവാനുള്ളത്?
ചാച്ചന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുമ്പോള്‍ തന്നെ ഞങ്ങളുടെ മനസില്‍ ശ്രീധരേട്ടന്റെ മുഖമായിരുന്നു തെളിഞ്ഞു നിന്നത്. വളരെ നല്ലൊരു അഭിനേതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രായത്തില്‍ ഇന്ന് അഭിനയിക്കുന്നവരില്‍ വച്ച് ഏറ്റവും കൃത്യതയോടെ മികച്ച ടൈമിങ്ങോടെ വളരെ മനോഹരമായി അഭിനയിക്കുന്ന നടന്മാര്‍ വളരെ ചുരുക്കമായിരിക്കും. സീന്‍ വിശദീകരിക്കുമ്പോള്‍ സസൂഷ്മം അത് ഉള്ളിലേക്ക് സ്വാംശീകരിക്കാന്‍ പ്രത്യേക കഴിവു തന്നെയുണ്ട് അദ്ദേഹത്തിന്. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും ഇരട്ടിയായി അദ്ദേഹം പെര്‍ഫോം ചെയ്യും. അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെയെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സുരേഷ് ഗോപിയുടെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് സമ്മാനം നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം.
മറ്റ് അഭിനേതാക്കളെല്ലാം ശാലോം ഉള്‍പ്പെടുന്ന പ്രദേശത്തെ കലാകാരന്മാരാണ്. അവര്‍ക്ക് ഒരവസരം നല്‍കുകയെന്നത് ശാലോമിന്റെ ഒരു പോളിസിയാണ്. അഭിനേതാക്കളെല്ലാം കഴിവിന്റെ പരമാവധി പുറത്തെടുത്തു എന്ന് നിസംശയം പറയാം.
- ഷൂട്ടിങ്ങിനിടെ മറക്കാന്‍ പറ്റാത്തതായ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിരുന്നോ? വിശദീകരിക്കാമോ?
മറക്കാന്‍ പറ്റാത്ത നിരവധി അനുഭവങ്ങള്‍ ഷൂട്ടിങ്ങിനിടെ ഉണ്ടായിട്ടുണ്ട്. നന്മയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ദൈവം പല വഴിയിലൂടെയും നമ്മെ സഹായിക്കും എന്നാണ് തോന്നിയിട്ടുള്ളത്. അവസാന സീനില്‍ ആ പൊലീസുകാരനൊപ്പം ചാച്ചന്‍ കോട്ടയത്തേക്ക് ബസ് കയറുകയാണ്. അത് ഷൂട്ട് ചെയ്യാന്‍ ഒരു ബസ് അത്യാവശ്യമായിരുന്നു. ചെറിയ ബഡ്ജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതുകൊണ്ട് അത്തരമൊരു ബസ് വാടകയ്‌ക്കെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അതുവഴി സര്‍വീസ് നടത്തുന്ന ഒരു ബസ് അവിടെ പാര്‍ക്ക് ചെയ്തിരുന്നു. അവരോടു കാര്യം പറഞ്ഞപ്പോള്‍ അവര്‍ സന്തോഷത്തോടെ സഹകരിച്ചു. രണ്ടു മൂന്നു തവണ ബസ് ഓടേണ്ടി വന്നെങ്കിലും നിസാരമായൊരു തുക മാത്രമേ അവര്‍ വാങ്ങിയുള്ളു. ദൈവിക ഇടപെടല്‍ അനുഭവിച്ച നിമിഷമായിരുന്നു അത്.
സെമിത്തേരിയിലിരുന്ന് ശ്രീധരേട്ടന്‍ കരയുന്നൊരു രംഗമുണ്ട്. ആദ്യമായി ഷൂട്ട് ചെയ്ത സീനായിരുന്നു അത്. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ ആ പ്രദേശത്ത് വലിയൊരു നിശബ്ദത ഉണ്ടായി. അദ്ദേഹത്തിന്റെ കരച്ചിലിന്റെ യഥാര്‍ത്ഥ ഓഡിയോ തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു നോയിസും ഉണ്ടാകാതെ ആ ഒരു കരച്ചിലിന്റെ തീവ്രത ഒപ്പിയെടുക്കാന്‍ സാധിച്ചത് ദൈവാനുഗ്രഹംകൊണ്ടു മാത്രമാണ്.
ഇതില്‍ അഭിനയിച്ചിരിക്കുന്ന നായ്ക്കുട്ടിയുടെ പ്രകടനമാണ് മറ്റൊന്ന്്. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ നായ്ക്കുട്ടിയാണ് അത്. പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കേണ്ടതായി വന്നില്ല, നായ്ക്കുട്ടി മനോഹരമായി അഭിനയിച്ചു. കര്‍ത്താവിന്റെ അനുഗ്രഹമായാണ് ഇത്തരം അനുഭവങ്ങളെ ഞാന്‍ നോക്കി കാണുന്നത്.
- പ്രേഷക പ്രതികരണം എങ്ങനെയുണ്ട്? മനസില്‍ മായാതെ നില്‍ക്കുന്ന പ്രതികരണം?
മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബിലെ കമന്റ് ബോക്‌സില്‍ ഒരു ചേച്ചി എഴുതിയത് ഇങ്ങനെയായിരുന്നു: ‘ഞാന്‍ മരിക്കുന്നതിന് മുമ്പ് എന്റെ ഭര്‍ത്താവിനെ സ്വര്‍ഗ്ഗത്തിലേക്ക് വിളിക്കേണമേ, അല്ലെങ്കില്‍ അദ്ദേഹം ഇവിടെ കിടന്ന് ഇതുപോലെ നരകിക്കുന്നത് എനിക്ക് സഹിക്കാനാകില്ല.’ എന്തു തീവ്രമായാണ് അവര്‍ പ്രണയിക്കുന്നത്!
ഞാന്‍ തൃശ്ശൂര്‍കാരനാണ്. അമ്പു പെരുനാള്‍ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ അമ്പു പെരുനാളിന് ഞാന്‍ പുത്തന്‍പീടികയിലുള്ള എന്റെ പെങ്ങളുടെ വീട്ടില്‍ പോയി. അവിടെ അളിയന്റെ സുഹൃത്തുക്കളും പെരുനാള്‍ കൂടാന്‍ വന്നിരുന്നു. ഞങ്ങളെല്ലാം ഒരുമിച്ചിരുന്ന് ടിവിയില്‍ ‘ചാച്ചന്‍’ കണ്ടു. അതിഥികളായെത്തിയ നാലുപേരില്‍ മൂന്നു പേരും നിറകണ്ണുകളോടെയാണ് ടെലിഫിലിം കണ്ടു കഴിഞ്ഞ് എഴുന്നേറ്റത്.
തൃശ്ശൂരിലെ എറവ് കപ്പല്‍ പള്ളിയാണ് എന്റെ ഇടവക. ഞങ്ങളുടെ വികാരിയച്ചന്‍ ഫാ. റോയി വടക്കന്‍ ‘ചാച്ചന്‍’ കണ്ട് അഭിനന്ദിക്കുകയും ഇടവകയുടെ സ്വന്തം മകന്‍ എന്ന പേരില്‍ ഇടവകയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ എന്നെക്കുറിച്ച് ഒരു ലേഖനം എഴുതുകയും ചെയ്തത് വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്.
- വിഷ്വല്‍ മീഡിയ രംഗത്തേക്ക് എത്തുന്നത് എങ്ങനെയാണ്? പഠനം, മറ്റു വര്‍ക്കുകള്‍…
സി.എം.ഐ സഭയുടെ കീഴിലുള്ള ചേതനാ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. മീഡിയാ രംഗത്ത് ദൈവത്തിന് സാക്ഷ്യമാകാനാണ് ഞാന്‍ ആഗ്രഹിച്ചത്. ശാലോമില്‍ ജോലി നേടുന്നത് അങ്ങനെയാണ്. ശാലോമിന് ഒരു ക്യാമറ പോലും സ്വന്തമായി ഇല്ലാതിരുന്ന കാലത്താണ് ഞാന്‍ ഇവിടെ ജോയിന്‍ ചെയ്യുന്നത്. 20 വര്‍ഷത്തോളമായി ശാലോമില്‍ ജോലി ചെയ്യുന്നു. പ്രമുഖ സംവിധായകനായിരുന്ന സിബി യോഗ്യാവീടനൊപ്പം നിരവധി പ്രോജക്ടുകള്‍ ചെയ്യാന്‍ സാധിച്ചു. അദ്ദേഹം റാണി മരിയയെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററിയുടെ ക്യാമറ കൈകാര്യം ചെയ്തത് ഞാനായിരുന്നു. റാണി മരിയയുടെ ഘാതകന്‍ സമുദര്‍ സിങ് പുല്ലുവഴിയിലെ വീട്ടിലെത്തി റാണി മരിയയുടെ അമ്മയുടെ കയ്യില്‍ നിന്ന് ചോറു വാങ്ങി തിന്നുന്നത് ഷൂട്ട് ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നു. ആ ദൃശ്യങ്ങള്‍ ഒരു വിറയലോടെയാണ് ഞാന്‍ പകര്‍ത്തിയത്.
സിബി യോഗ്യാവീടന്‍ ചെയ്ത അല്‍ഫോന്‍സാമ്മ സീരിയിലിന് ഛായാഗ്രഹണം ചെയ്തത് ഞാനായിരുന്നു. സിനിമാ താരങ്ങളായ മിയ, നിഖില എന്നിവര്‍ ആദ്യമായി അഭിനയിക്കുന്നത് ആ സീരിയലിലാണ്. മികച്ച സീരിയലിനുള്ള സംസ്ഥാന അവാര്‍ഡും ആ സീരിയലിന് ലഭിച്ചിരുന്നു. എവുപ്രാസ്യ, മറിയം ത്രേസ്യ തുടങ്ങിയ സീരിയലുകളിലും സഹകരിച്ചു.
തൃശ്ശൂര്‍ അരിമ്പൂരിലെ ഏറവ് കപ്പല്‍ പള്ളി ഇടവകാംഗമായ ജോണി – ലില്ലി ദമ്പതികളുടെ മകനാണ് ലിജോ. ഭാര്യ: ആതിര ജോസ്. മക്കള്‍: എസ്സ മരിയ ലിജോ, എല്‍വിസ് ലിജോ, ഇവാനിയ ലിജോ.
ചാച്ചന്‍ ടെലിഫിലിം കാണാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചാച്ചനെ വാർത്തയാക്കിയതിന്,
ദൈവനാമത്തിൽ നന്ദി