ഫെബ്രുവരി 2: നമ്മുടെ കര്‍ത്താവിന്റെ കാഴ്ച്ചവെയ്പ്പ്

ക്രിസ്തുമസ് കഴിഞ്ഞ് 40-ാം ദിവസമാണ് കര്‍ത്താവിന്റെ കാഴ്ച്ചവെപ്പ്. മൂശയുടെ നിയമമനുസരിച്ച് തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂല്‍ പുത്രന്റെ കാഴ്ച്ചവെയ്പ്പിനുമായി കന്യാമറിയം ജറുസലേം ദൈവാലയത്തില്‍ എത്തുന്നു. ഒരു സ്ത്രീ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ 40 ദിവസം ശുദ്ധീകരണത്തിനായി അവള്‍ ഒരു വയസുള്ള കുഞ്ഞാടിനെ ഹോമബലിക്കും ഒരു പ്രാവിന്‍ കുഞ്ഞിനെയോ ചങ്ങാലിയെയോ പരിഹാരബലിക്കും വേണ്ടി സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് പുരോഹിതനെ ഏല്‍പ്പിക്കണമെന്നും ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ കഴിവില്ലെങ്കില്‍ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ചങ്ങാലിയേയോ കാഴ്ച്ചവെയ്ക്കണമെന്നതായിരുന്നു മൂശയുടെ നിയമം.

പരിപ്പൂര്‍ണ്ണമായും മറിയവും യൗസേപ്പും അത് അനുസരിച്ചു. ദരിദ്രരുടെ കാഴ്ച്ചയാണ് അവര്‍ നല്‍കിയത്. അഞ്ചു ഷെക്കല്‍ കൊടുത്തു കുട്ടിയെ വീണ്ടെടുത്തു. യഹോവ ആവശ്യപ്പെടുന്നതുവരെ മറിയം കുട്ടിയെ വളര്‍ത്താനുള്ള നിര്‍ദ്ദേശത്തോടെ കുട്ടിയെ പുരോഹിതന്‍ അമ്മയുടെ കൈയ്യില്‍ തന്നെ ഏല്‍പ്പിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ അനുസരണവും എളിമയും നമുക്കും അനുകരിക്കാം.

ഫെബ്രുവരി 1: വിശുദ്ധ ബ്രിജിത്താ കന്യക

യൂറോപ്യന്‍ രാജ്യമായ അയര്‍ലണ്ടിന്റെ മദ്ധ്യസ്ഥയായ വിശുദ്ധ ബ്രിജിത്താ അള്‍സ്റ്റൈറില്‍ 450 ല്‍ ജനിച്ചു. ചെറു പ്രായത്തില്‍ തന്നെ അവള്‍ തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിക്കുകയും അവള്‍ക്ക് സ്വന്തമായിയുണ്ടായിരുന്ന സമസ്തവും ദരിദ്രര്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്തു.

അതീവ സുന്ദരിയായ ബ്രിജിത്തിനെ കാമുകന്മാര്‍ പൊതിയാന്‍ തുടങ്ങിയപ്പോള്‍ തന്റെ വ്രതത്തിന് ഭംഗംവരാതിരിക്കാന്‍ വേണ്ടി തന്നെ വിരൂപയാക്കണമേയെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. അവളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒരു കണ്ണില്‍ നീരുവന്ന് മുഖം വിരൂപമായി. 20-ാമത്തെ വയസില്‍ അവള്‍ തന്റെ സമര്‍പ്പണത്തെപ്പറ്റി വിശുദ്ധ പാട്രിക്കിന്റെ സഹോദര പുത്രനായ വിശുദ്ധ മെല്ലിനോട് സംസാരിച്ചു. നിശ്ചിത ദിവസം സ്ഥലത്തെ ബിഷപ് വളരെയേറെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ബ്രിജിത്തായ്ക്ക് ഒരു വെള്ളയുടുപ്പും ശിരോവസ്ത്രവും നല്‍കി. തല്‍സമയം അവളുടെ കണ്ണ് സുഖപ്പെട്ടു. അവളുടെ സൗന്ദര്യം മുഴുവനും തിരികെവന്നു.

തിരുവസ്ത്രങ്ങള്‍വിറ്റ് ദരിദ്രരെ സഹായിച്ചിരുന്ന അവളുടെ അനുകമ്പ വളരെ വലുതായിരുന്നു. ബ്രിജിത്തായുടെ അമ്പതുകൊല്ലത്തെ സമര്‍പ്പിത ജീവിതം കൊണ്ട് അയര്‍ലണ്ട് മുഴുവനും അവളുടെ സ്ഥാപനങ്ങളുടെ സമാധാനം ആസ്വദിച്ചു തുടങ്ങി. ദീര്‍ഘമായ അധ്വാനത്താല്‍ ക്ഷീണിതയായ ബ്രിജിത്താ 523 ഫെബ്രുവരി ഒന്നിന് ദിവംഗതയായി

‘അഭിലാഷ് കുഞ്ഞേട്ടന്‍’ അന്തരിച്ചു

തീയറ്റര്‍ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ് തീയറ്റര്‍ ഉടമയുമായ മുക്കം കിഴക്കരക്കാട്ട് കെ. ഒ. ജോസഫ് (അഭിലാഷ് കുഞ്ഞേട്ടന്‍) അന്തരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന്കാല്‍വഴുതി വീണാണ് മരണം. താമരശ്ശേരി രൂപതയിലെ അത്മായ പ്രമുഖനും സാമൂഹിക സേവനരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.

മൃതസംസ്‌ക്കാര ചടങ്ങുകള്‍ ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തില്‍ ആരംഭിക്കും. സംസ്‌ക്കാരം കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. മൃതദേഹം ഇന്ന് (31-01-2024-ബുധൻ) വൈകുന്നേരം മുക്കം മുത്തേരിയിലെ വസതിയിൽ പൊതുദർശനത്തിനു വെക്കും.

1979 മേയ് 25-നാണ് മുക്കത്ത് അഭിലാഷ് തീയറ്റര്‍ ആരംഭിക്കുന്നത്. ചലച്ചിത്ര താരം മധുവാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 1994-ല്‍ റോസ് എന്ന പേരില്‍ മറ്റൊരു തീയറ്റര്‍ കൂടി ആരംഭിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം മാറുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വ്യാജ സിഡികള്‍ വ്യാപകമായ കാലത്ത് തീയറ്റലേക്കുള്ള ജനത്തിന്റെ ഒഴുക്കു കുറഞ്ഞു. പ്രതിസന്ധി മറികടന്നത് വലിയ തീയറ്റര്‍ രണ്ടായി വിഭജിച്ചാണ്. പിന്നീട് ആ മാതൃക പലരും പിന്തുടര്‍ന്നു. എയര്‍ കണ്ടിഷനുകളും പുഷ്ബാക്ക് സീറ്റുകളും കഫറ്റീരിയകളും അടക്കം നഗരങ്ങളിലെ വന്‍കിട തിയറ്ററുകളുടെ ചമയങ്ങള്‍ ഒട്ടും ചോരാതെ മുക്കത്തെ തിയറ്ററുകളിലും ഒരുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

കോഴിക്കോട് നഗരത്തിലെ കോറണേഷന്‍ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍, റോസ് തീയറ്ററുകള്‍ എന്നിവയിലായി എട്ടോളം സ്‌ക്രീനുകള്‍ കെ. ഒ. ജോസഫിന്റേതാണ്.

ഭാര്യ: സിസിലി മുണ്ടത്താനത്ത്, മക്കൾ: സിജോ, സന്ദീപ്, ഡോ. സജീഷ്, ജോസീന. മരുമക്കൾ: അനിറ്റ കരിപ്പാപറമ്പൻ (മണ്ണാർക്കാട്), ഡോ. സൗമ്യ ചിരാംകുഴിയിൽ (കണ്ണൂർ), ബിജോയി നെടുമ്പുറം (ചേർപ്പുങ്കൽ – കോട്ടയം).

Exit mobile version