ഫെബ്രുവരി 27: വിശുദ്ധ ലെയാന്റര്‍ മെത്രാന്‍

സ്‌പെയിനില്‍ കാര്‍ത്തജേനയില്‍ ഒരു കുലീന കുടുംബത്തിലാണ് ലെയാന്റര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരരാണ് വിശുദ്ധ ഇസിദോറും വിശുദ്ധ ഫുള്‍ജെന്‍സിയൂസും വിശുദ്ധ ഫ്‌ളൊരെന്തീനായും. ഈ സഹോദരങ്ങളുടെ വിശുദ്ധിക്ക് ഉത്തേജകമായത് ലെയാന്ററിന്റെ മാതൃകയായിരുന്നു.

ചെറുപ്പത്തില്‍ത്തന്നെ ലെയാന്റര്‍ ഒരാശ്രമത്തില്‍ പ്രവേശിച്ചു പുണ്യത്തിലും ജ്ഞാനത്തിലും അഭിവൃദ്ധി പ്രാപിച്ചു. അതിനാല്‍ താമസിയാതെ സെവീലിലെ മെത്രാനായി നിയമിതനായി. സ്ഥാനവ്യത്യാസം അദ്ദേഹത്തിന്റെ ജീവിതരീതിക്ക് അന്തരം വരുത്തിയില്ല.

തീഷ്ണമായ പ്രാര്‍ത്ഥനയും തീവ്രമായ പ്രയത്‌നവും വഴി ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരെ അദ്ദേഹം പോരാടി. ലെയാന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അന്നത്തെ രാജാവായ ലെയോ വിജില്‍ഡിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ലെയാന്ററിനെ നാടുകടത്തി. ദൈവാനുഗ്രഹത്താല്‍ രാജാവ് തന്റെ ക്രൂരതയെ ഓര്‍ത്ത് അനുതപിച്ചു. ബിഷപ് ലെയാന്ററിനെ തിരികെ വിളിച്ചു. അനന്തരം രാജാവും ലെയാന്ററും അപ്പസ്‌തോലിക തീഷ്ണതയോടെ സത്യവിശ്വാസം പഠിപ്പിച്ചു. ലെയാന്റര്‍ ഒരു വാതരോഗിയായിരുന്നു. 596 ഫെബ്രുവരി 27-ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മാതൃവേദി കര്‍മ്മപദ്ധതി ‘ഫോര്‍സ’ പ്രകാശനം ചെയ്തു

താമരശ്ശേരി രൂപത സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ബോഡി യോഗവും, കര്‍മ്മപദ്ധതി ‘ഫോര്‍സ’ പ്രകാശനവും, പുതിയ രൂപതാ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

ടാഫ്കോസ് പ്രവര്‍ത്തനം ആരംഭിച്ചു

താമരശേരി അഗ്രികള്‍ച്ചര്‍ ഫാര്‍മേഴ്സ് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി (ടാഫ്കോസ്) ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. താമരശ്ശേരി കോരങ്ങാട് അല്‍ഫോന്‍സ ആര്‍കേഡില്‍ ആരംഭിച്ച ഓഫീസ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ കര്‍ഷകര്‍ക്കായി രൂപീകരിച്ച ടാഫ്കോസില്‍ ഒട്ടേറെകാര്യങ്ങളാണ് കര്‍ഷകര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതെന്നും കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ മാതൃകാപരമായാണ് ടാഫ്കോസ് ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകരുടെ ജീവിതത്തില്‍ വളരെ പോസറ്റീവായ മാറ്റങ്ങളുണ്ടാക്കാന്‍ ടാഫ്കോസിനു സാധിക്കുമെന്നതില്‍ സംശയമില്ലെന്നും സഹകരണ മേഖലയില്‍ താമരശ്ശേരി രൂപത ഇത്തരമൊരു സംരഭം തുടങ്ങിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്‍ ജോയി കണ്ണഞ്ചിറയില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. കോഴികോട് ജോയിന്റ് രജിസിട്രാര്‍ ജനറല്‍ ബി.സുധ ഷെയര്‍സ്വീകരിച്ചു. താമരശേരി രൂപത ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍, ദീപിക എം. ഡി. ഫാ. ബെന്നി മുണ്ടനാട്ട്, ടാഫ്കോസ് പ്രസിഡന്റ് ഫാ. സായി പാറന്‍കുളങ്ങര, കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, വാര്‍ഡ് മെമ്പര്‍ വി. എം. രാജു, താമരശേരി അസി. രജിസ്ട്രാര്‍ ജനറല്‍ വിനു, ടാഫ്കോസ് വൈസ് പ്രസിഡന്റ് പി. പി. അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

കര്‍ഷക രക്ഷ എന്ന ആശയത്തിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണക്കാരിലേക്ക് എളുപ്പത്തില്‍ എത്തിക്കുകയാണ് ടാഫ്കോസിന്റെ ലക്ഷ്യം. സൊസൈറ്റി കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും വിദേശപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ പലിശയ്ക്ക് സ്വര്‍ണ്ണവായ്പ്പയും മറ്റ് വിവിധ വായ്പാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായി നിക്ഷേപ പദ്ധതികളും ബാങ്ക് ലക്ഷ്യമിടുന്നു.

സിസ്റ്റര്‍ എല്‍സി വടക്കേമുറി എം.എസ്.എം.ഐ സുപ്പീരിയര്‍ ജനറല്‍

എം.എസ്.എം.ഐ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി വടക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ ടില്‍സി മാത്യു വികാര്‍ ജനറലായും സിസ്റ്റര്‍ തെരേസ് കുറ്റിക്കാട്ടുകുന്നേല്‍, സിസ്റ്റര്‍ റോസ് വരകില്‍, സിസ്റ്റര്‍ ദീപ ജോസ് എന്നിവര്‍ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ തെരേസ് ജോസാണ് പുതിയ ഫിനാന്‍സ് ഓഫീസര്‍. ഓഡിറ്റര്‍ സിസ്റ്റര്‍ സെലിന്‍ പോള്‍.

Exit mobile version