സ്‌പെയിനില്‍ കാര്‍ത്തജേനയില്‍ ഒരു കുലീന കുടുംബത്തിലാണ് ലെയാന്റര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരരാണ് വിശുദ്ധ ഇസിദോറും വിശുദ്ധ ഫുള്‍ജെന്‍സിയൂസും വിശുദ്ധ ഫ്‌ളൊരെന്തീനായും. ഈ സഹോദരങ്ങളുടെ വിശുദ്ധിക്ക് ഉത്തേജകമായത് ലെയാന്ററിന്റെ മാതൃകയായിരുന്നു.
ചെറുപ്പത്തില്‍ത്തന്നെ ലെയാന്റര്‍ ഒരാശ്രമത്തില്‍ പ്രവേശിച്ചു പുണ്യത്തിലും ജ്ഞാനത്തിലും അഭിവൃദ്ധി പ്രാപിച്ചു. അതിനാല്‍ താമസിയാതെ സെവീലിലെ മെത്രാനായി നിയമിതനായി. സ്ഥാനവ്യത്യാസം അദ്ദേഹത്തിന്റെ ജീവിതരീതിക്ക് അന്തരം വരുത്തിയില്ല.
തീഷ്ണമായ പ്രാര്‍ത്ഥനയും തീവ്രമായ പ്രയത്‌നവും വഴി ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരെ അദ്ദേഹം പോരാടി. ലെയാന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അന്നത്തെ രാജാവായ ലെയോ വിജില്‍ഡിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ലെയാന്ററിനെ നാടുകടത്തി. ദൈവാനുഗ്രഹത്താല്‍ രാജാവ് തന്റെ ക്രൂരതയെ ഓര്‍ത്ത് അനുതപിച്ചു. ബിഷപ് ലെയാന്ററിനെ തിരികെ വിളിച്ചു. അനന്തരം രാജാവും ലെയാന്ററും അപ്പസ്‌തോലിക തീഷ്ണതയോടെ സത്യവിശ്വാസം പഠിപ്പിച്ചു. ലെയാന്റര്‍ ഒരു വാതരോഗിയായിരുന്നു. 596 ഫെബ്രുവരി 27-ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.