വിശുദ്ധ റൊമാനൂസും ലൂപ്പിസിനോസും രണ്ടു ഫ്രഞ്ചു സഹോദരന്മാരാണ്. റൊമാനൂസ് 35-ാമത്തെ വയസില്‍ ലിയോണ്‍സില്‍ ഒരാശ്രമത്തില്‍ താമസിക്കാന്‍ തുടങ്ങി. പിന്നീട് ജൂറാ പര്‍വ്വതമധ്യേ കോണ്ടേറ്റ് എന്ന സ്ഥലത്തേക്ക് പാര്‍പ്പിടം മാറ്റി അവിടെ പ്രാര്‍ത്ഥനയിലും വായനയിലും ഉപജീവനത്തിനുവേണ്ടി അധ്വാനത്തിലും സമയം ചെലവഴിച്ചു.
താമസിയാതെ അനുജന്‍ ലൂപ്പിസിനൂസും ജ്യേഷ്ടന്റെ കൂടെ താമസിക്കാന്‍ തുടങ്ങി. ഇവര്‍ ചെയ്ത അത്ഭുതപ്രവര്‍ത്തികള്‍ കണ്ട് അനേകരും അവിടെ വന്നുകൂടി. ലൂപ്പിസിനൂസ് ഒരു കസേരയോ പലകയോ ആണ് ശയ്യയായി ഉപയോഗിച്ചിരുന്നത്. കുറേക്കാലം വേനല്‍ മുഴുവനും കുതിര്‍ത്ത റൊട്ടി മാത്രമായിരുന്നു അവരുടെ ആഹാരം. തോല്‍വസ്ത്രവും മരച്ചെരുപ്പുമാണ് ഉപയോഗിച്ചിരുന്നത്.
ഭക്ഷണത്തിലും ശയ്യയിലുമുള്ള പ്രായശ്ചിത്തം വിശുദ്ധിയില്‍ മുന്നേറുവാന്‍ അനേകരെ സഹായിച്ചിട്ടുണ്ട്. 460-ലാണ് റൊമാനൂസിന്റെ മരണം എന്ന് കരുതപ്പെടുന്നു. ഇരുപതുവര്‍ഷം കൂടി കഴിഞ്ഞാണ് ലൂപ്പിസിനൂസ് ദിവംഗതനായത്. പ്രായശ്ചിത്ത പ്രവര്‍ത്തികളിലൂടെ പുണ്യത്തില്‍ വളരുവാന്‍ നമുക്കും പരിശ്രമിക്കാം.